കെ.ജെ ജേക്കബ്
വലിയ വിജയത്തിന്റെ 56 ഇഞ്ച് നെഞ്ചളവുമായി നില്‍ക്കുന്ന നരേന്ദ്ര മോദിയുടെ അമാനുഷ ആകാരത്തിനു മുന്‍പില്‍ കൂഞ്ഞി നില്ക്കുന്ന മഹേന്ദ്ര രാജപക്ഷേയുടെ ഇല്ലസ്‌ട്രെഷനോടെയാണ് ശ്രീലങ്കന്‍ പത്രമായ ‘ഡെയിലി മിറര്‍’ ഇന്ത്യന്‍ തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് എഡിറ്റോറിയല്‍ എഴുതിയത്. പാകിസ്ഥാനിലാവട്ടെ ‘ഡോണ്‍’ പത്രം മോദിയുടെ വിവാദ ചരിത്രം മുഴുവന്‍ വാരി പുറത്തിട്ടു. ഒരു കണക്കില്‍ പറഞ്ഞാല്‍ ഇതിനുമുന്‍പ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കും ഉണ്ടായിട്ടില്ലാത്ത ഇമേജുമായാണ് നരേന്ദ്ര മോദി ആ സ്ഥാനത്തേയ്ക്ക് എത്തുന്നത് എന്ന കാര്യം ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഒരസ്വസ്ഥത പരത്തിയിരുന്നു. ഗുജറാത്ത് കൂട്ടക്കൊലയും വ്യാജ ഏറ്റുമുട്ടലുകളും സുപ്രീം കോടതി ഇടപെടലുകളും പോലുള്ള സംഭവങ്ങള്‍ ഇതിനുമുന്‍പുണ്ടായിരുന്ന ഒരു പ്രധാനമന്ത്രിയുടെയും രാഷ്ട്രീയ ജീവിതത്തില്‍ നിഴല്‍ വീഴ്ത്തിയിരുന്നിട്ടില്ല. ആറെസ്സെസ്സിന്റെ പിന്തുണയോടെ സ്വന്തം പാര്‍ട്ടിയിലെത്തന്നെ മുതിര്‍ന്ന നേതാക്കളെയൊന്നാകെ മൂലയ്ക്കിരുത്തിയാണ് മോഡി പ്രധാനമന്ത്രിയായത്. ചുരുക്കത്തില്‍ കടുപ്പക്കാരനായ അധികാരി എന്ന ഇമേജ് അദ്ദേഹം പദവിയേല്‍ക്കുന്നതിനു മുന്‍പ് തന്നെ ഉണ്ടായിരുന്നു എന്നര്‍ത്ഥം. ഇന്ത്യയുടെ അയല്‍വക്ക രാജ്യങ്ങളിലും ആ ഇമേജ് എത്തിയിരുന്നു എന്ന് വേണം കരുതാന്‍.
സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചപ്പോള്‍ ആ ചടങ്ങിനെ ഒരു മാധ്യമ സംഭവം ആക്കി മാറ്റുക മാത്രമല്ല അദ്ദേഹം ചെയ്തത്. ഈ ഇമേജ് മാടിയെടുക്കുക കൂടിയാണ്. താരതമ്യേന ചെറിയ രാജ്യങ്ങളായ അയല്‍വക്കക്കാര്‍ക്ക് സൌഹൃദത്തിന്റെ ഒരു സന്ദേശം കൊടുക്കുകയായിരുന്നു ആ നടപടി. അവരെയൊക്കെ അംഗീകരിക്കുന്നു എന്നും, ഇന്ത്യയെ പേടിവേണ്ട എന്നുമുള്ള ഒരുറപ്പ്. പങ്കെടുത്തവരെല്ലാം ജനാധിപത്യ ഭരണകൂടങ്ങളെ പ്രതിനിധികരിക്കുന്നു എന്നത് അധികമായി ശ്രദ്ധിക്കപ്പെടേണ്ട ഒരു പ്രത്യേകതയായിരുന്നു. നാല് മുസ്ലിം രാഷ്ട്രത്തലവന്മാരെ സാക്ഷിനിര്‍ത്തി അധികാരത്തിലേറാന്‍ തീരുമാനിച്ചപ്പോള്‍ ദക്ഷിണേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ സൈനിക ശക്തിയുടെ അമരക്കാരന്‍ കടുംപിടുത്തക്കാരനായ മതവാദിയാണ് എന്ന തോന്നലിനെയാണ് മോദി ഇല്ലായ്മ ചെയ്തത്. ഭാവിയിലേക്ക് കണ്ണ് വെയ്ക്കുന്ന, സാമ്പത്തിക അഭിവൃദ്ധിയിലൂടെ തന്റെ നാടിന്റെ ചരിത്രത്തില്‍ സവിശേഷമായ ഇരിടം പിടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു നേതാവിന് ആഗ്രഹിക്കാവുന്നതില്‍ ഏറ്റവും മികച്ച തുടക്കം. പാകിസ്ഥാനിലെയും ശ്രീലങ്കയിലെയും ഭരണാധികാരികള്‍ പഴയകാല പട്ടാഭിഷേക കഥകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ (നിരപരാധികളായ) കുറച്ചു ഇന്ത്യക്കാരെ തടവില്‍നിന്നു വിട്ടയച്ചുകൊണ്ടു പരിപാടിയ്ക്ക് നിറം പകരുകയും ചെയ്തു.
എന്നാല്‍ അയല്‍ക്കാരെ ക്ഷണിക്കാന്‍ കാണിച്ച ബുദ്ധി അവരോടു ഇടപെടുന്നതില്‍ കാണിച്ചില്ല എന്ന് വേണം കരുതാന്‍. പ്രത്യേകിച്ച് പാകിസ്ഥാനോട്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാരുടെ വിചാരണയിലുള്ള മെല്ലപ്പോക്കും അതിര്‍ത്തിയ്ക്കപ്പുറത്തുനിന്നുമുള്ള നുഴഞ്ഞുകയറ്റവും ചൂണ്ടിക്കാട്ടി പാകിസ്ഥാനുമായുള്ള ഒരു ചര്‍ച്ചയ്ക്കും യു പി എ ഭരണകാലത്ത് ബി ജെ പി സമ്മതം മൂളിയിരുന്നില്ല. യു എന്‍ സമ്മേളന വേദിയില്‍ വച്ച് ഡോ. മന്‍മോഹന്‍ സിംഗും നവാസ് ഷരീഫും കണ്ടതിനെപ്പോലും ബി ജെ പി എതിര്‍ത്തിരുന്നു. ആ നിലപാട് തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് മോദി ഒന്നുകൂടെ കടുപ്പിക്കുകയും ചെയ്തിരുന്നു.
ആ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ഏതു ചര്‍ച്ചയും ഒരു ദേശീയ അഭിപ്രായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നടത്തേണ്ടതാണ്. എന്നാല്‍ മോദി ചെയ്തത് എന്താണ്? സത്യപ്രതിജ്ഞയ്ക്കു പിറ്റേദിവസം തന്നെ സന്ദര്‍ശിക്കാനെത്തിയ ഷരീഫിനോട് ഇന്ത്യയുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഇക്കാര്യം വിദേശകാര്യ സെക്രട്ടറി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഷരീഫാകട്ടെ ഇത് കേട്ടതായിപ്പോലും നടിച്ചില്ല. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ ഇക്കാര്യമൊന്നും പറഞ്ഞില്ല എന്ന് മാത്രമല്ല, പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു സന്ദര്‍ശനം എന്ന് പാകിസ്ഥാനിലെ പത്രക്കാരോടു പറയുകകൂടി ചെയ്തു അദ്ദേഹം.
ചര്‍ച്ചയില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ ഉന്നയിച്ചതുകൊണ്ട് എന്ത് മെച്ചമുണ്ടായി എന്ന് മോദി സര്‍ക്കാര്‍ പുനര്‍വിചിന്തനം ചെയ്യണം. പാകിസ്ഥാന്‍ പട്ടാളത്തിന്റെയും, യാഥാസ്ഥിതികരുടെയും ഭീകരന്മാരുടെയും എതിര്‍പ്പിനെ മറികടന്നാണ് ഷരീഫ് ഇന്ത്യയിലെത്തിയത് എന്നത് പരസ്യമായ കാര്യമാണ്. പാകിസ്ഥാനിലെ ജനാധിപത്യ ഭരണകൂടം എന്നും ദുര്‍ബലമാണെന്നും, അതിനെ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് ഇന്ത്യയുടെ താല്‍പ്പര്യത്തിന് മെച്ചം എന്നതും ഇന്ത്യ-പാക് ബന്ധത്തിന്റെ ബാലപാഠമാണ്. ക്ഷണം സ്വീകരിച്ച് വന്നതിനു നന്ദിയും നല്ല വാക്കും പറഞ്ഞും, വീണ്ടും കാണണം, അന്ന് ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്നും പറഞ്ഞു വിട്ടിരുന്നെങ്കില്‍ ഷരീഫ് കുറച്ചുകൂടെ ശക്തനായി ഇവിടെനിന്നും തിരിച്ചു പോയേനെ. വീണ്ടുമൊരു ചര്‍ച്ചയ്ക്കു വിളിക്കാന്‍ ഷരീഫിനും അപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മോദിയ്ക്കും സാധിച്ചേനെ.
പക്ഷെ ഇപ്പോള്‍ സംഭവിച്ചത് മറിച്ചാണ്. ഇന്ത്യന്‍ ആവശ്യങ്ങളുടെ ലിസ്റ്റുമായി മടങ്ങിയെത്തിയ ഷരീഫ് പട്ടാളത്തിനു മുന്‍പില്‍ പരിഹാസ്യനായി. ‘മോദിയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ വന്നു, മോദി കൊടുത്ത ഷോകോസ് നോട്ടീസുമായി മടങ്ങി’ എന്നാണ് ഷരീഫിന്റെ ഇന്ത്യ സന്ദര്‍ശനത്തെപ്പറ്റി ഒരു പത്രം എഴുതിയത്. ഒരു വലതുപക്ഷ പാകിസ്ഥാന്‍ പ്രധാനമന്ത്രി, അതും പഞ്ചാബില്‍നിന്നു വരുന്നയാള്‍ എന്ന നിലയില്‍ ഷരീഫിനു ഇന്ത്യയോടു ആത്മവിശ്വാസത്തോടെ ഇടപെടാന്‍ ആകുമെന്നും, ഇന്ത്യയിലെ പുതിയ വലതുപക്ഷ സര്‍ക്കാരിന് അതിനോട് ഭാവാത്മകമായി പ്രതികരിക്കാനാവുമെന്നും, ഭീകരരുടെ റോള്‍ കുറയ്ക്കാനാവുമെന്നും കരുതിയ പാകിസ്ഥാനിലെ മിതവാദികള്‍ സന്ദര്‍ശനത്തിനു പ്രതീക്ഷിച്ച ഫലം കിട്ടിയില്ല എന്ന നിരാശയിലാണ്.
ശരിയ്ക്കും ഇന്ത്യ-പാക് ബന്ധം ചര്‍ച്ച ചെയ്യാനാണോ ഷരീഫിനെ വിളിച്ചത്? എന്റെ വിശ്വാസം അല്ല എന്നാണ്. നടക്കാന്‍ സാധ്യതയുള്ള ചര്‍ച്ചെയപ്പറ്റി കുത്തുവാക്ക് പറഞ്ഞ കോണ്‍ഗ്രസിനോട് ‘ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അയല്‍ക്കാരെ ക്ഷണിക്കുന്നു’ എന്നാണ് ബി.ജെ.പി വക്താവ് പറഞ്ഞത്. ഇതിനു വിരുദ്ധമായി അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത് ആര്‍ എസ് എസ്സിനെയും മോദിയ്ക്ക് പിന്തുണയുമായി നടക്കുന്ന ഉല്‍സാഹക്കമ്മിറ്റിക്കാരെയും തൃപ്തിപ്പെടുത്താനായിരിക്കണം എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. മോദി ശക്തനായ പ്രധാനമന്ത്രി ആണെന്നും പാക് പ്രധാനമന്ത്രിയെ ആദ്യ കൂടിക്കാഴ്ച്ചയില്‍ത്തന്നെ വിരട്ടി എന്നും പറഞ്ഞുനടക്കാന്‍ ഒരു കാരണം കിട്ടി. ഇനി അതല്ല, അഗ്രസീവ് ആയ അജണ്ട പിന്തുടരാനാണ് മോദിയുടെ ശരിയായ ഭാവമെങ്കില്‍ ഫലമെന്തായിരിക്കും എന്നതിന്റെ ടെസ്റ്റ് ഡോസ് ആണ് ഷരീഫിന്റെ സന്ദര്‍ശനം എന്ന് കരുതേണ്ടിയിരിക്കുന്നു.
ചാര്‍ജെടുത്ത ആദ്യ ദിവസം തന്നെ ഭരണഘടനയുടെ 370-ആം വകുപ്പിനെച്ചൊല്ലിയുള്ള വിവാദം കുത്തിപ്പോക്കിയ മന്ത്രി ജിതേന്ദ്ര സിംഗിന്റെ നടപടിയും ഏകദേശം ഇതേ ഫലം ഉളവാക്കും. പൊതുവെ നാട്ടില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നു ബി ജെ പി തന്നെ അംഗീകരിക്കുന്ന ഈ വിഷയത്തില്‍ ഒന്നാം ദിവസം തന്നെ ചര്‍ച്ച തുടങ്ങണം എന്ന് മോദി വിചാരിക്കും എന്ന് കരുതാന്‍ വയ്യ. ഭരണപരമായ നടപടികളിലൂടെ ജനസാമാന്യത്തിന്റെ വിശ്വാസം ആര്‍ജ്ജിച്ചതിനു ശേഷം ഈ വിഷയങ്ങളിലേയ്ക്ക് കടക്കുക എന്നതായിരിക്കും ബുദ്ധിമാനായ ഒരു ഭരണാധികാരി ചെയ്യുക. എന്നാല്‍ ഒന്നുകില്‍ ഉല്‍സാഹക്കമ്മിറ്റിയുടെ കൈയ്യടിയ്ക്ക് വേണ്ടി ആദ്യ ദിവസം തന്നെ ഇത് കുത്തിപ്പൊക്കി. അല്ലെങ്കില്‍ തന്റെ വഴി ഏറ്റുമുട്ടലിന്റെ തന്നെയാണ് എന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ മോദി തീരുമാനിച്ചു. രണ്ടായാലും അത്ര ഗുണകരമായ പ്രതികരണം അല്ല ജിതേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്ക് ലഭിച്ചത്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മാത്രമല്ല, അവിടത്തെ പ്രധാന പ്രതിപക്ഷ കഷിയായ പി ഡി പി യും ഇക്കാര്യത്തില്‍ തങ്ങളുടെ അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നു. ബി ജെ പി യുടെ ഏറ്റവും പഴയ സഖ്യ കക്ഷികളിലൊന്നായ അകാലി ദളും, പിന്നീട് മായാവതിയും ഇക്കാര്യത്തില്‍ തങ്ങളുടെ എതിരഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു.
മോദി വാജ്‌പേയി ഒന്നുമല്ല. എങ്കിലും ഉല്‍സാഹക്കമ്മിറ്റിയുടെ അജണ്ടകള്‍ നടപ്പാക്കുന്നത് തനിക്കും നാടിനും എത്ര ഗുണം ചെയ്യും എന്ന് പുതിയ പ്രധാനമന്ത്രി ആലോചിക്കേണ്ടി വരും.