ആരോഗ്യനില മോശമായി ആശുപത്രിയിൽ തുടരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ തൽസ്ഥാനത്തു നിന്ന് നീക്കി വിക്കിപീഡിയ. നിലവിൽ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് പോകുമെന്ന് ഊഹാപോഹങ്ങൾ പരക്കുന്ന മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ഇതിനകം തന്നെ ബിജെപിയിലെത്തിയിട്ടുണ്ട് വിക്കിപീഡിയ പറയുന്നതു പ്രകാരം. ഇന്ന് രാവിലെ 10.22നാണ് ഈ എഡിറ്റിങ് ഭാഗങ്ങൾ ചേർത്തിട്ടുള്ളതെന്ന് എഡിറ്റ് ഹിസ്റ്ററി പറയുന്നു.
പരീക്കർ മരിച്ചതായി പറയുന്ന ഭാഗത്തിന് സൈറ്റേഷൻ കൊടുത്തിരിക്കുന്നത് 2012ല്‍ കാമത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിരമിച്ച വാർത്തയാണ്.
മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ വിക്കിപീഡിയ പേജിലും സമാനമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കാലയളവ് കാണിക്കുന്ന ‘ഇൻ ഓഫീസ്’ എന്ന ഭാഗത്ത് 14 March 2017 മുതൽ 17 March 2019 വരെ എന്നാണ് കാണിക്കുന്നത്. ഇന്ന് രാവിലെ 10.13നാണ് ഈ എഡിറ്റിങ് നടന്നിരിക്കുന്നത്.
ഈ ലേഖനത്തിന്റെ മൂന്നാമത്തെ ഖണ്ഡികയിൽ മനോഹർ പരീക്കർ പാൻക്രിയാറ്റിക് കാൻസർ മൂലം ഡല്‍ഹി എഐഐഎംഎസ്സില്‍ വെച്ച് 2019 മാർച്ച് 17ന് അന്തരിച്ചതായി പറയുന്നുണ്ട്. ഇതിന് സൈറ്റേഷൻ കൊടുത്തിരിക്കുന്നത് 2018 ഒക്ടോബർ 27ന് ദി ഹിന്ദുവിൽ വന്ന ഒരു വാർത്തയ്ക്കാണ്. പരീക്കറിന് കാൻസറുണ്ടെന്ന് സ്ഥിരീകരിക്കുന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ ആധാരമാക്കിയുള്ള വാര്‍ത്തയാണിത്.
മനോഹർ പരീക്കറുടെ ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്സ് നിലവിലെ സർക്കാരിനെ പിരിച്ചുവിടണമെന്നും പുതിയ സർക്കാർ രൂപീകരിക്കാൻ തങ്ങളെ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയിട്ടുണ്ട്.
ബിജെപി ക്യാമ്പ് പുതിയ മുഖ്യമന്ത്രിയെ തേടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇക്കഴിഞ്ഞദിവസം നടന്ന നിയമസഭാ കക്ഷി യോഗം വിളിച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം തങ്ങളുടെ ദൂതരെ സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്.
കോൺഗ്രസ്സ് നേതാവ് ദിഗംബർ കാമത്ത് ബിജെപിയിലേക്ക് മാറുമെന്ന ഊഹാപോഹങ്ങളും നടക്കുന്നുണ്ട്.