ഗാസയില്‍ നടക്കുന്ന ക്രൂരതകളുടെ ഞെട്ടിക്കുന്ന തെളിവുകള്‍
എല്ലാ മനുഷ്യാവകാശങ്ങളും, അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന ക്രൂരതകളാണ് പലസ്തീനികള്‍ക്കെതിരേ ഇസ്രയേലികള്‍ നടത്തുന്നതെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍. തടവിലാക്കിയ ഗാസ നിവാസികളെ നഗ്നരാക്കിയും, ബന്ധിച്ചും, കണ്ണുമൂടിക്കെട്ടിയുമൊക്കെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്, അവ ഓണ്‍ലൈനില്‍ ഇസ്രയേല്‍ സൈനികര്‍ തന്നെ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ പച്ചയായ ലംഘനം. തടവുകാരെ അനാവശ്യമായി അപമാനിക്കുകയോ അവരെ പൊതുമധ്യത്തില്‍ അവതരിപ്പിക്കുകയോ ചെയ്യരുതെന്നാണ് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നത്. മൂന്നാം ജനീവ കണ്‍വഷന്‍ കരാറിന്റെ ചട്ടം 13 പ്രകാരം തടവുകാര്‍ എല്ലായിപ്പോഴും സംരക്ഷിക്കപ്പെടണമെന്നും അക്രമങ്ങള്‍ക്കോ ഭീഷണികള്‍ക്കോ, അപമാനങ്ങള്‍ക്കോ പൊതുമധ്യത്തില്‍ പരസ്യമാക്കപ്പെടുത്തുന്നതിനോ അവരെ വിധേയരാക്കരുതെന്നും പറയുന്നു. ഇസ്രയേലി സൈന്യത്തിന് അതൊന്നും ബാധകമല്ലാത്തപോലെ.
ബിബിസി പറയുന്നത്, 2023 നവംബര്‍ മുതലിങ്ങോട്ട് ഇസ്രയേലി സൈനികര്‍ പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിച്ച നൂറോളം വീഡിയോകള്‍ കണ്ടുവെന്നാണ്, അതില്‍ എട്ടെണ്ണം തടവുകാരുടെതായിരുന്നുവെന്നു സ്ഥിരീകരിക്കാനായിട്ടുണ്ടെന്നും അവര്‍ പറയുന്നു. വീഡിയോകള്‍ പുറത്തുവിട്ടതിന്റെ ഉത്തരവാദികളെ പിരിച്ചുവിട്ടിട്ടുണ്ടെന്നും, ഇത്തരം വീഡിയോകള്‍ തങ്ങളുടെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും പറഞ്ഞതല്ലാതെ, കൂടുതല്‍ വിവരങ്ങള്‍ക്കോ വിശദീകരണത്തിനോ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്(ഐഡിഎഫ്) തയ്യാറായില്ലെന്നാണ് ബിബിസി പറയുന്നത്.
സൈനിക നീക്കം നടത്തുന്നതിന്റെയും പലസ്തീനികള്‍ ഒഴിഞ്ഞുപോയ ശൂന്യമായ വീടുകളില്‍ പരിശോധന നടത്തുകയും, അവിടെ വച്ച് പീസ കഴിക്കുകയും, ദിനോസറിന്റെ രൂപത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയുമൊക്കെ ചെയ്യുന്ന വീഡിയോകള്‍ക്കൊപ്പമുള്ള എട്ട് വീഡിയോകളാണ് ഇസ്രയേലി സൈനികര്‍ എത്ര ക്രൂരമായാണു പലസ്തീനികളോട് പെരുമാറുന്നതെന്നതിന്റെ തെളിവുകളെന്ന് അന്താരാഷ്ട്ര നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ആ ക്രൂരതയുടെ വീഡിയോകളില്‍ കാണാവുന്ന ഇസ്രയേലി സൈനികര്‍ അവരുടെ ഐഡന്റിറ്റി മറച്ചുവയ്ക്കാന്‍ പോലും ശ്രമിച്ചിട്ടില്ല. കഴിഞ്ഞാഴ്ച്ച യൂട്യൂബില്‍ വൈറലായ ഒരു പലസ്തീന്‍ തടവുകാരന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് ഇസ്രയേലി സൈനികനായ യോസി ഗംസൂ ലെറ്റോവയാണെന്ന് സാങ്കേതിക അന്വേഷണത്തിലൂടെ സ്ഥിരീകരിക്കാനായെന്നു ബിബിസി പറയുന്നു. ഐഡിഎഫിന്റെ നഹാല്‍ ബ്രിഗേഡിന്റെ ഭാഗമായ ഗ്രാനൈറ്റ് ബറ്റാലിയന്‍ 932 ലെ അംഗമായ ലെറ്റോവ ഇതുപോലുള്ള നിരവധി വീഡിയോകള്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 2023 ഡിസംബര്‍ 24 ന് അപ്‌ലോഡ് ചെയ്‌തൊരു വീഡിയോയില്‍ പൂര്‍ണ നഗ്നനാക്കി കൈകള്‍ പിന്നില്‍ കെട്ടി കസേരയില്‍ ഇരുത്തിയിരിക്കുന്ന ഒരു പലസ്തീനിയെ ചോദ്യം ചെയ്യുന്ന വീഡിയോയുമുണ്ട്.
മുനമ്പിന്റെ വടക്കേയറ്റത്തുള്ള ഗാസ കോളേജ് എന്നറിയപ്പെടുന്നൊരു സ്‌കൂളിലാണ് ക്രൂരമായ ഈ ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് ബിബിസി പറയുന്നത്. വീഡിയോയില്‍ സ്ഥാപനത്തിന്റെ എംബ്ലം വ്യക്തമായിരുന്നു. സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് അക്കാര്യം ബിബിസിക്കു സ്ഥിരീകരിക്കാനായി. ഇതേ വീഡിയോയില്‍ കാണുന്ന ഗാസ നിവാസിയെ ഗാസ തെരുവിലൂടെ നഗ്നപാദനാക്കി നടത്തിക്കൊണ്ടു പോകുന്ന മറ്റൊരു വീഡിയോയും പുറത്തു വന്നിരുന്നു. അതൊരു ഫീല്‍ഡ് എന്‍ക്വയറിയുടെ ഭാഗം മാത്രമായിരുന്നുവെന്നും, തടവുകാരനെ ഒരുതരത്തിലും പരിക്കേല്‍പ്പിച്ചിരുന്നില്ലെന്നുമാണ് ഈ വീഡിയോയ്ക്കുള്ള ഐഡിഎഫിന്റെ പ്രതികരണം. വീഡിയോ പരസ്യപ്പെടുത്തിയ സൈനികനെ പുറത്താക്കിയിട്ടുണ്ടെന്നും സേന വക്താവ് പറയുന്നു.
അതേ ദിവസം തന്നെ നൂറു കണക്കിന് പലസ്തീനികളെ ഒരു മൈതാനത്ത് തടവിലാക്കി വച്ചിരിക്കുന്നതിന്റെ വീഡിയോയും ലെറ്റോവ യൂട്യൂബില്‍ പങ്കുവച്ചിരുന്നു. ഗാസയിലെ യര്‍മുക് സ്റ്റേഡിയത്തിലാണ് തടവുകാരുള്ളതെന്ന് ബിബിസിക്ക് സ്ഥിരീകരിക്കാനായി. ഈ വീഡിയോയിലുള്ള തടവുകാരില്‍ ഭൂരിഭാഗവും അടിവസ്ത്രം പോലും ധരിച്ചിട്ടില്ലാത്ത നിലയിലാണുള്ളത്. ക്രമീകരിച്ചിരിക്കുന്ന വരികളില്‍ അവര്‍ കണ്ണു മൂടിക്കെട്ടപ്പെട്ട് കാല്‍മുട്ട് കുത്തിയിരിക്കുന്നു, ഇവരെ വീക്ഷിച്ചുകൊണ്ട് സമീപത്ത് ഇസ്രയേലി സൈനികരുമുണ്ട്. ഒരു ഘട്ടത്തില്‍ മൂന്ന് സ്ത്രീകള്‍ അടക്കമുള്ള പലസ്തീനികള്‍ സ്റ്റേഡിയത്തിലെ ഗോള്‍ പോസ്റ്റിനു മുന്നിലായി കണ്ണുകള്‍ മൂടിക്കെട്ടിയ നിലയില്‍ കാല്‍മുട്ടിലൂന്നി നിലത്തിരിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം. സൈനികവേഷത്തിലുള്ള ഒരാള്‍ ഇതെല്ലാം കാമറയില്‍ പകര്‍ത്തുന്നുണ്ട്. അയാള്‍ ധരിച്ചിരിക്കുന്ന സൈനിക വേഷം പരിശോധിച്ചതില്‍ നിന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ യൂണിഫോം ആണതെന്നും ആ വ്യക്തി സൈന്യത്തിലെ കേണലോ ബറ്റാലിയന്‍ കാമന്‍ഡറോ ആയിരിക്കാമെന്നും ബിബിസി പറയുന്നു.
ടിക് ടോക്കിലും ഇത്തരം വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ഒപ്പം ചിത്രങ്ങളും. കണ്ണു മൂടി കെട്ടിയ തടവുകാരുടെയും തോക്ക് പ്രദര്‍ശിപ്പിച്ചുകൊണ്ട് നില്‍ക്കുന്ന ഇസ്രയേലി സൈനികരുടെയും ചിത്രങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പിക്ക് അപ്പ് ട്രക്കിനടുത്ത് കണ്ണുമൂടി കെട്ടിയ തടവുകാരെ നിരത്തിയിരുത്തിക്കൊണ്ട് അവര്‍ക്കരികില്‍ നിന്നും ഇരുകൈകളും വിരിച്ച് വിജയാഹ്ലാദ സൂചകമായി തള്ളവിരലുകള്‍ ഉയര്‍ത്തി നില്‍ക്കുന്നൊരു സൈനികന്റെ ചിത്രവും 2023 ഡിസംബര്‍ 14 ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ അകൗണ്ട് പരിശോധിച്ചതില്‍ നിന്നും പ്രസ്തുത സൈനികന്‍ ഇല്യ ബ്ലാങ്ക് എന്നയാളാണെന്നു മനസിലാക്കാന്‍ സാധിച്ചെന്നാണ് ബിബിസി പറയുന്നത്. ഒരു തറയില്‍ കണ്ണുകെട്ടിയിരുത്തിയിരിക്കുന്ന തടവുകാരന്റെ ചുറ്റും നില്‍ക്കുന്ന മൂന്നു ഇസ്രയേലി സൈനികരുടെ മറ്റൊരു ഫോട്ടോയും ബ്ലാങ്കിന്റെ അകൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പല ചിത്രങ്ങളും വന്നിരിക്കുന്നത് വടക്കന്‍ ഗാസയില്‍ നിന്നാണെന്നും മനസിലായിട്ടുണ്ടെന്നു ബിബിസി പറയുന്നു. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടായതിനു പിന്നാലെയാണു യൂട്യൂബില്‍ നിന്നും ടിക് ടോക്കില്‍ നിന്നുമൊക്കെ പല വീഡിയോകളും പിന്‍വലിക്കുന്നത്.