UPDATES

കല

മനുഷ്യനെന്ന പ്രിവിലേജ് പോലും കിട്ടാത്ത വിനായകന്മാര്‍…

പണവും രാഷ്ട്രീയബലവും ഇല്ലെങ്കില്‍ പോലും ഉമയ്ക്കും രാഹുലിനുമൊക്കെ കിട്ടുന്ന സ്വീകാര്യത വിനായകന്മാര്‍ക്ക് കിട്ടില്ല

                       

‘സഖാവായതിന്റെ പ്രിവിലേജിലാണോ, ലഹരിക്കടിമായി പേക്കൂത്ത് നടത്തിയ വിനായകനെ വിട്ടയച്ചതെ’ന്നാണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ചോദ്യം.

വിനായകന്‍ ലഹരിക്കടിമയിരുന്നുവെന്ന് ഉമ തോമസ് എന്തടിസ്ഥാനത്തിലാണ് പറയുന്നത്? ‘പ്രതി ഏതോ ലഹരിക്ക് അടിമപ്പെട്ട് സ്വയം നിയന്ത്രിക്കാനാകാതെ….’ എന്നാണ് എഫ് ഐ ആറിലുള്ളത്. പൊലീസിന് ഉറപ്പില്ല. വിനായകന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതുവരെ വിനായകന്റെ മേലുള്ളത് വെറും ആരോപണമാണ്. സോഷ്യല്‍ അകൗണ്ടബിലിറ്റിയുള്ള ഒരു എംഎല്‍എ പൊലീസിന്റെ ആരോപണം ഏറ്റെടുക്കുകയാണോ?

അവിടെയാണ് ജാതിയുടെ ഒന്നാമത്തെ കളി,

തന്റെ തറവാട് വാങ്ങാന്‍ തയ്യാറായിരിക്കുന്ന, കുഞ്ഞിന്റെ കൈയില്‍ നിന്നും മദ്യവും വാങ്ങി കുടിച്ചിട്ട്, അയാളെയും തല്ലി, ഇവിടെ മുഴുവന്‍ നമ്മുടെ അമ്മയാണ്, ഇവന് അമ്മയുടെ മുന്നിലിക്കാന്‍ പറ്റുമോയെന്ന് അനിയന്‍ ഗോപനോട് ചോദിക്കുന്ന തിങ്കളാഴ്ച്ച നല്ല ദിവസത്തിലെ നാരായണന്‍ കുട്ടിയെ പോലെ, ആയിരം രൂപ കൂടുതല്‍ തന്ന് നിങ്ങളുടെ വസ്തു എടുത്തോട്ടെ എന്നു ചോദിക്കുന്ന അദ്രുമാന്റെ മോനോട്, നിന്റെ ബാപ്പ പണ്ട് ഈ പടിപ്പുരയുടെ അകത്ത് കയറില്ലെന്ന് വീരസ്യം വിളമ്പുന്ന ദേവാസുരത്തിലെ നീലകണ്ഠനെ പോലെ, തന്നെക്കാള്‍ ജാതിയില്‍ താണവരെ അവരെത്ര സമ്പത്തും സ്ഥാനവും കൊണ്ട് മുകളില്‍ എത്തിയാലും അംഗീകരിക്കാന്‍ മടിക്കുന്ന തറവാട്ടുമഹിമക്കാരും മാടമ്പിയുമൊക്കെയാണ് ഇന്നും സമൂഹം. അതുകൊണ്ടാണ്, നീ ആരാടാ എന്നു വിനായകനോട് പൊലീസുകാരന്‍ ചോദിക്കുന്നത്. മരിച്ചാല്‍ ഔദ്യോഗിക ബഹുമതിക്ക് അര്‍ഹനായൊരു കലാകാരനാണ് വിനായകന്‍. എന്നാലും ആ പൊലീസുകാരനും, ഉമ തോമസിനും രാഹുല്‍ മാങ്കൂട്ടത്തിനുമൊക്കെ കുഞ്ഞിനെയും അദ്രുമാന്റെ മകനെയും പോലെ ഒരുത്തന്‍ മാത്രമാണ് വിനായകനും.

അങ്ങനെയൊരുത്തന് എന്തു പ്രവിലേജ്?

എന്തൊക്കെ പ്രിവിലേജാണ് നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും വിനായകന് കിട്ടിയതായി ആ വീഡിയോയില്‍ കണ്ടത്? ജാതി/ സമ്പത്ത്/അധികാരം; ഇവയിലേതിന്റെയെങ്കിലും പ്രിവിലേജ് വിനായകന് കിട്ടിയോ?

ചൊവ്വാഴ്ച്ച രാത്രി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കണ്ടത് ഒരു സഖാവിന്റെയോ സിനിമാതാരത്തിന്റെയോ പ്രിവിലേജ് അനുഭവിക്കുന്ന വിനായകനെയായിരുന്നില്ല.’ നീ ആരാടാ..’ എന്നലറുന്ന പൊലീസ് വിനായകന്‍ എന്ന സൗത്ത് ഇന്ത്യന്‍ സാറ്റാറിന് ഒരു പൗരന്റെ പ്രവിലേജ് പോലും നല്‍കിയില്ലെന്നതാണ് വാസ്തവം.

ഒരുപക്ഷേ, അയാള്‍ ജനമറിയുന്നൊരു നടന്‍ അല്ലാതിരിക്കുകയും, കമ്മട്ടിപ്പാടത്തെ വെറുമൊരു വിനായകന്‍ മാത്രമാണെന്നുമിരിക്കട്ടെ. എന്തെങ്കിലുമൊരു പ്രവിലേജ് അയാള്‍ക്ക് കിട്ടുമായിരുന്നോ? 2017-ല്‍ തൃശൂര്‍ പാവറട്ടിയില്‍ പൊലീസുകാരുടെ മാനസിക-ശാരീരിക പീഢനങ്ങളേറ്റ 19 കാരനായ മറ്റൊരു വിനായകനെ ഓര്‍ക്കുന്നില്ലേ? റോഡരികില്‍ സംസാരിച്ചു നിന്ന വിനായകനെ പൊലീസ് പിടിച്ചുകൊണ്ടുപോയതിന് കാരണം, അവന്റെ മുടിയായിരുന്നു. മുടി നീട്ടിവളര്‍ത്തിയവന്‍ കഞ്ചാവ് വലിക്കാരനും മാല മോഷ്ടാവുമാണെന്ന് പൊലീസിന് ഉറപ്പായിരുന്നു. കാരണം അവന്റെ ജാതിയും അവന്‍ പാര്‍ക്കുന്ന കോളനിയും. അതുകൊണ്ടവരവനെ തല്ലി, അവന്റെ ജാതിയെ അപമാനിച്ചു. മുടി മുറിക്കാന്‍ അച്ഛനെ ഭീഷണിപ്പെടുത്തി. മനസും ശരീരവും ഒരുപോലെ തകര്‍ന്ന ആ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു.

പാവറട്ടിയിലെ വിനായകന്‍, കോട്ടയത്തെ കെവിന്‍, വാഗമണ്ണിലെ രാജ്കുമാര്‍, വരാപ്പുഴയിലെ ശ്രീജിത്ത് തുടങ്ങി എത്രയോ ദളിത്, പിന്നാക്ക ജാതിക്കാരുടെ മരണത്തിന്റെ പാപക്കറ പറ്റിയിട്ടുണ്ട് കേരള പൊലീസിന്റെ കൈകളില്‍.

വിനായകനോടുള്ള രാഷ്ട്രീയ വിദ്വേഷമായിരിക്കും ഉമ തോമസിനും രാഹുല്‍ മാങ്കൂട്ടത്തിനുമൊക്കെ അയാളെ പരിഹസിക്കാനും കുറ്റപ്പെടുത്താനുമൊക്കെ കാരണമാകുന്നത്. കേരളത്തില്‍ പൊലീസ് അതിക്രമത്തിന് ഏറ്റവുമധികം ഇരകളായി തീര്‍ന്നിട്ടുള്ള ദളിത് വിഭാഗത്തിന്റെ പ്രതിനിധിയാണ് വിനായകനും. നാളെയും അവര്‍ക്കത് തുടരാന്‍ ബലം നല്‍കുകയാണ് ഉമയും രാഹുലുമൊക്കെ ചെയ്യുന്നതെന്ന് പറയാതിരിക്കാന്‍ വയ്യാ.

അധികാരമുള്ളിടത്ത് ജാതി അതിന്റെ എല്ലാ സ്വഭാവവും കാണിക്കും. പണവും രാഷ്ട്രീയബലവും ഇല്ലെങ്കില്‍ പോലും ഉമയ്ക്കും രാഹുലിനുമൊക്കെ കിട്ടുന്ന സ്വീകാര്യത വിനായകന്മാര്‍ക്ക് കിട്ടില്ല. അതാണ് ജാതി. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ്, തിരുവനന്തപുരത്ത് ഒരു വാദ്യകലാകാരന് പൊലീസ് പിഴയിട്ടു. പൊതുസ്ഥലത്ത് പുകവലിച്ചു എന്ന കുറ്റം അയാള്‍ ചെയ്തിരുന്നു. പിഴത്തുകയായ 200 രൂപ അപ്പോള്‍ അടയ്ക്കാനില്ലെങ്കില്‍ സ്റ്റേഷനിലോ കോടതിയോ കൊണ്ടുപോയി അടയ്ക്കാമെന്നിരിക്കിലും, ആ കലാകാരന് പൊലീസിന്റെ മാനസികമായ പീഢനം നേരിടേണ്ടി വന്നു. അതിനൊരൊറ്റ കാരണമായിരുന്നു ഉണ്ടായിരുന്നത്; അയാളുടെ ജാതി. ഗിന്നസ് റെക്കോര്‍ഡുള്ള വാദ്യ കലാകാരനായിരുന്നിട്ടും രാജാജി നഗറിലെ സതീഷിന് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിവസ്ത്രത്തില്‍ നില്‍ക്കേണ്ടി വന്ന അനുഭവത്തെക്കുറിച്ചാണ് പറഞ്ഞത്. രാജാജി നഗര്‍ എന്നാല്‍ ചെങ്കല്‍ചൂള മാത്രമാണ് പൊലീസിന്, ജാതി ചോദിച്ചാല്‍ സാംബവന്‍ എന്നു പറഞ്ഞാലും പോരാ, പറയന്‍ എന്നു തന്നെ പറഞ്ഞിരിക്കണം.

നിന്റെ നിറം കണ്ടാല്‍, മുടി കണ്ടാല്‍ വേഷം കണ്ടാല്‍ തന്നെ അറിയാടാ നീയാരാണെന്ന് എന്നലറുന്ന പൊലീസിന്റെ ജാതിബോധത്തിന്റെ സ്വരം തന്നെയാണ് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും കേട്ടത്. ഞങ്ങളോട് ഇങ്ങനെയൊന്നും പൊലീസ് പറയില്ല’ എന്നായിരിക്കും ഉമ തോമസിന് തോന്നിയിട്ടുണ്ടാവുക. പറയില്ലെങ്കില്‍, അതാണ് പ്രിവിലേജ്. അതിന് എംഎല്‍എ ആകണമെന്നോ, എംഎല്‍എയുടെ ഭാര്യയാകണമെന്നോ നിര്‍ബന്ധിമില്ല, ജാതിയടയാളം മതിയാകും.

രാഹുല്‍ മാങ്കൂട്ടത്തിന് വിനായകന്റെ ഭാഷയാണ് പ്രശ്നം. ഏഷ്യാനെറ്റിന്റെ അഭിമുഖത്തില്‍ വിനായകന്‍ പറയുന്നുണ്ട്, ‘എന്റെ വീടിനു മുന്നില്‍ വെളിക്കിരിക്കുന്നവനോട് സംസ്‌കൃതമോ ബുദ്ധിജീവിഭാഷയോ അല്ല പറയേണ്ടത്, വിനായകന്റെതായ ഭാഷയാണ്. അതുകൊണ്ടേ കാര്യമുള്ളൂ’ എന്ന്. അമ്മയെ കാണുമ്പോള്‍ കൊച്ചിന്‍ ഹനീഫയെ അനുകരിച്ച്, ‘കുത്തികൊന്നുകളയും’ എന്നു പറയാനേ അയാള്‍ക്ക് തോന്നൂ. കാരണം, അങ്ങനെയാണ് ആ അമ്മയ്ക്കും മകനുമിടയിലെ സന്തോഷം രൂപപ്പെട്ടിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തെ, ഏതെങ്കിലും പ്രതിഷേധ നടുവില്‍വച്ചാണെങ്കില്‍ പോലും ഒരു പൊലീസുകാരന്‍ നീ എന്നോ എടാ എന്നോ വിളിച്ചാല്‍, പൊളിറ്റിക്കല്‍ കറക്റ്റന്‍സും സംസ്‌കാരവും ഭാഷശുദ്ധിയുമൊക്കെ നോക്കിയാകുമോ തിരിച്ചുള്ള പ്രതികരണം? ചാനല്‍ ചര്‍ച്ചകള്‍ കാണുന്ന മലയാളിക്ക് അറിയാത്തയാളല്ലല്ലോ മാങ്കൂട്ടം!

എല്ലാത്തിലും ജാതി കലര്‍ത്തുകയോ, വിനായകന്‍ മാത്രമാണ് ശരിയെന്നോ അല്ല പറയുന്നത്. വിനായകനോട് ചെയ്തത് ശരിയായില്ലെന്നാണ്. അത് പറയേണ്ടതും പ്രതികരിക്കേണ്ടതുമായ കാര്യം തന്നെയാണ്. ആനക്കൊമ്പ് കേസിലെ കുറ്റാരോപിതനും, റേപ്പ് കേസിലെ കുറ്റാരോപിതര്‍ക്കുമൊക്കെ കിട്ടിയ പ്രിവിലേജുകളെ കുറിച്ച് നമ്മള്‍ നിശബ്ദരായിരുന്നു. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരല്ലാത്ത കാലത്ത്, വിനായകന്മാര്‍ നേരിടുന്ന ഏറ്റവും ചെറിയ അവകാശനിഷേധം പോലും സമരപ്രഖ്യാപനത്തിനുള്ള കാരണമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍