ഇന്ത്യയില്‍ 14-18 വയസ് പ്രായത്തിലുള്ള പകുതിയിലധികം പേര്‍ക്കും പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കുന്ന ലളിതമായ കണക്കുകള്‍ പോലും അറിയില്ലെന്ന് പഠന റിപ്പോര്‍ട്ട്. മൂന്ന്, നാല് ക്ലാസുകളില്‍ പഠിപ്പിക്കുന്ന മൂന്നക്ക സഖ്യയുടെ ഹരണം പോലുള്ള അടിസ്ഥാന ഗണിത പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനുള്ള അറിവ് കൗമാരക്കാര്‍ക്കില്ലെന്നാണ് വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ട് (ASER -Annual Status of Education Reptor) വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ കൗമാരത്തിനിടയില്‍ പ്രകടമായ വൈദഗ്ദ്ധ്യമില്ലായ്മയിലേക്കാണ് വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. ദിനം പ്രതി മത്സരം വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ മാത്രം അകലെയുള്ള കുട്ടികളാണ് ഇവരെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളില്‍ എത്തിയതിനു ശേഷം പോലും ഇന്ത്യയിലെ കുട്ടികള്‍ അടിസ്ഥാന കാര്യങ്ങളായ ഭാഷ ജ്ഞാനം, ഗണിതം എന്നിവയില്‍ ബുദ്ധിമുട്ടുന്നുവെന്നാണ് 2023-ലെ വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
റിപ്പോര്‍ട്ട് പ്രകാരം 14-18 വയസ് പ്രായമുള്ള കുട്ടികളില്‍ നാലിലൊന്ന് പേര്‍ക്ക് (26.5%) ക്ലാസ് 2 ലെവലിലുളള പാഠപുസ്തകം അവരുടെ മാതൃഭാഷയില്‍ പോലും വായിക്കാന്‍ കഴിയുന്നില്ല. 42.7% ശതമാനം പേര്‍ക്ക് ഇംഗ്ലീഷില്‍ അക്ഷരങ്ങള്‍ കൂടി വായിക്കാന്‍ കഴിയുന്നില്ല. വായിക്കാന്‍ സാധിച്ച കുട്ടികളില്‍ നാലിലൊന്ന് പേര്‍ക്ക്, അതായത് 26.5% ശതമാനത്തിന് വായിച്ച വാക്കുകളുടെ അര്‍ഥം മനസിലാക്കാന്‍ സാധിക്കുന്നില്ല. അതോടൊപ്പം അടിസ്ഥാന ഗണിതശാസ്ത്രം ഏവര്‍ക്കും വലിയ വെല്ലുവിളിയായി തുടരുന്നു. വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ടിന്റെ സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ക്കും, കൃത്യമായി പറഞ്ഞാല്‍ 56.7% ശതമാനം പേര്‍ക്കും മൂന്നക്ക സംഖ്യയെ ഒരക്ക സംഖ്യകൊണ്ട് ഹരിക്കാന്‍ (ഡിവിഷന്‍) സാധിച്ചില്ല. ഒരു കുട്ടിക്ക് ഹരിക്കാനുള്ള കഴിവ് അടിസ്ഥാന ഗണിത പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കഴിവിന്റെ മാനദണ്ഡമായാണ് കണക്കാക്കുന്നത്.
കൂടാതെ, ദൈനംദിന കണക്കുകൂട്ടലുകള്‍, വായന, നല്‍കപ്പെടുന്ന നിബന്ധനകള്‍ മനസിലാക്കിയെടുക്കുക, സാമ്പത്തിക കണക്കുകൂട്ടലുകള്‍ എന്നിവയില്‍ അടിസ്ഥാന ഗണിതവും വായന വൈദഗ്ധ്യവും പ്രയോഗിക്കാനുള്ള സര്‍വേയില്‍ പങ്കെടുത്തവരുടെ കഴിവ് ആന്വല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട് 2023 വിലയിരുത്തിയത്. ആശങ്കാജനകമായ വസ്തുത പങ്കെടുത്തവരില്‍ പകുതിയില്‍ താഴെ പേര്‍ക്ക് മാത്രമാണ്(ഏകദേശം 45%) ഒരു കുട്ടി ഉറങ്ങാന്‍ കിടന്ന മണിക്കൂറുകള്‍ എത്രയാണെന്ന്, രാത്രി ഉറങ്ങാന്‍ കിടന്ന സമയവും രാവിലെ എഴുന്നേറ്റ സമയവും അടിസ്ഥാനമാക്കി കണക്ക് കണക്ക് കൂട്ടി ശരിയായ ഉത്തരം നല്‍കാന്‍ കഴിഞ്ഞത്.
ഒരു റൂളര്‍ ഉപയോഗിച്ച് ഒരു വസ്തുവിനെ അളക്കുക എന്ന മറ്റൊരു ടാസ്‌കില്‍, സര്‍വേയില്‍ പങ്കെടുത്ത 85% പേര്‍ക്കു മാത്രമാണ് നല്‍കിയ വസ്തുവിന്റെ നീളം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ അതെ റൂളര്‍ ‘0’ എന്ന പോയിന്റില്‍ നിന്ന് മാറ്റി സ്ഥാപിച്ചപ്പോള്‍ ശരിയായ ഉത്തരം കണ്ടെത്തിയത് 40% ല്‍ താഴെ കുട്ടികള്‍ മാത്രമാണ്. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേര്‍ക്ക്, അതായത് 65.1% ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഒആര്‍എസ് ലായനിയുടെ പാക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ വായിക്കാന്‍ കഴിഞ്ഞത്.
അടിസ്ഥാന സംഖ്യാശാസ്ത്രവും വായന വൈദഗ്ധ്യവും എത്രത്തോളമുണ്ടെന്ന കഴിവ് പരിശോധിക്കുന്ന പരീക്ഷണത്തിലും പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് മികവ് പുലര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഉദാഹരണത്തിന്, 14-18 പ്രായത്തിലുള്ള 45% ആണ്‍കുട്ടികള്‍ക്ക് ഗണിതത്തിലെ ഹരണം ചെയ്യാന്‍ സാധിച്ചപ്പോള്‍, 41.8% പെണ്‍കുട്ടികള്‍ക്ക് മാത്രമേ അതിനു കഴിഞ്ഞുള്ളു. കൂടാതെ സമയം കണ്ടെത്തുന്ന ഒരു പരീക്ഷണത്തില്‍ 50.5% ശതമാനം ആണ്‍കുട്ടികള്‍ കൃത്യമായി ഉത്തരം നല്‍കിയപ്പോള്‍ 41.1% പെണ്‍കുട്ടികള്‍ മാത്രമാണ് ശരിയായ ഉത്തരം നല്‍കിയത്.
14 നും 18 നും ഇടയില്‍ പ്രായമുള്ള 86.8 ശതമാനം കൗമാരക്കാരും മുന്‍കാലങ്ങളിലേതിനേക്കാള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ടെങ്കിലും പലരുടെയും അടിസ്ഥാന കഴിവുകള്‍ പരിതാപകരമാണ്. ഉപജീവനത്തിന് ഭീഷണി യുണ്ടാകുമ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു പോകുന്ന പ്രവണതയാണു കാണുന്നത് എന്നും വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ട് 2023 പുറത്തു വിട്ട കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
”അക്കാദമിക് മേഖലകളില്‍ മികവ് പുലര്‍ത്താന്‍ മാത്രമല്ല ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും, ചില മേഖലകളില്‍ ഇന്ത്യക്ക് നല്ല പുരോഗതിയുണ്ടെകിലും അതെ നിലവാരത്തിലേക്ക് വിദ്യാഭ്യാസ രംഗവും വളര്‍ത്തിക്കൊണ്ട് വരണം. എങ്കില്‍ മാത്രമേ യുവജനങ്ങള്‍ അവരുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ കൂടുതല്‍ പ്രയത്‌നിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച പ്രക്രിയയില്‍ ഉല്‍പ്പാദനപരമായി പങ്കാളികളാകുകയും ചെയ്യുകയുള്ളൂ. എന്ന് ASER സെന്റര്‍ ഡയറക്ടര്‍ വിലിമ വധ്വ പറഞ്ഞു.
14 നും 18 നും പ്രായത്തിലുള്ള യുവാക്കളില്‍ പകുതിയിലേറെയും (55.7%) ആര്‍ട്‌സ്/ഹ്യുമാനിറ്റീസ് എന്നീ സ്ട്രീമില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്, തുടര്‍ന്ന് സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) (31.7%), കൊമേഴ്സ് (9.4%). ‘സ്ത്രീകളേക്കാള്‍ (28.1%) കൂടുതല്‍ ആണ്‍കുട്ടികളാണ് STEM സ്ട്രീമില്‍ (36.3%) എന്റോള്‍ ചെയ്യുന്നതായാണ് ASER റിപ്പോര്‍ട്ട് വെളിവാക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത കുട്ടികളില്‍ 89% പേര്‍ക്കും വീടുകളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെന്നും 92% പേര്‍ അത് എങ്ങനെ ഉപയോഗിക്കണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും പറയുകയുണ്ടായി. ഇത് കോവിഡ് മഹാമാരി വര്‍ഷങ്ങളിലും അതിനുശേഷവും ശക്തി പ്രാപിച്ച ഒരു മാറ്റമായി റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. 26 സംസ്ഥാനങ്ങളിലായി 28 ജില്ലകളില്‍ 14-18 വയസ്സിനിടയിലുള്ള 34,745 കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ASER സര്‍വേ നടത്തിയത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രണ്ട് ജില്ലകൾ വീതവും മറ്റ് സംസ്ഥാനങ്ങളിൽ ഓരോ റൂറൽ ജില്ലകളിലുമായാണ് സര്‍വേ നടത്തിയത്.