UPDATES

ജയ് ഷെട്ടിയുടെ ചെമ്പ് വെളിയിലായി

രചന മോഷണങ്ങളും വ്യാജ ജീവിതാനുഭവങ്ങളും

                       

സമൂഹ മാധ്യമങ്ങളില്‍ 15 മില്യണ്‍ ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ബ്രോഡ് കാസ്റ്ററും  ആത്മീയ ഗുരുവുമായ ജയ് ഷെട്ടിക്കെതിരേ ഗുരുതര ആരോപണങ്ങള്‍. സാഹിത്യമോഷണം(പ്ലേജറിസം) മുതല്‍ വ്യാജ ജീവിതാനുഭവങ്ങള്‍ വരെ ഉയര്‍ന്നിരിക്കുകയാണ്. ഹോളിവുഡ് ദമ്പതിമാരായ ബെന്‍ അഫ്ലെക്ക്-ജെന്നിഫര്‍ ലോപ്പസ് വിവാഹ ചടങ്ങിലെ ജയ്‌യുടെ സാന്നിധ്യമൊക്കെ അയാളുടെ താരമൂല്യം വലുതായി ഉയര്‍ത്തിയിരുന്നു.

മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കോപ്പിയടിച്ച് സ്വന്തമെന്ന നിലയില്‍ പങ്കുവച്ച് പ്രശസ്തി നേടിയെന്നാണ് ഷെട്ടിക്കെതിരേ ഉയരുന്ന ആക്ഷേപം. ജയ് പ്രശസ്തിയാര്‍ജിച്ചത് തന്റെ ജീവിതത്തില്‍ നടന്ന ചില സുപ്രധാന നിമിഷങ്ങള്‍ പങ്കുവച്ചതിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ താരപദവിയിലേക്ക് എത്തുന്നതിനായി തന്റെ ജീവിതത്തിലെ പ്രധാന വശങ്ങളെക്കുറിച്ച് കള്ളം പറഞ്ഞുവെന്നും അദ്ദേഹത്തിനെതിരേ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

അറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് എഴുത്തുകാരന്‍, മുന്‍ സന്യാസി, പ്രചോദനാത്മക പ്രഭാഷകന്‍ തുടങ്ങിയ നിലകളിലൊക്കെ ജയ് ഷെട്ടിക്ക് ലക്ഷകണക്കിന് ആരാധകരുണ്ട്. യൂട്യൂബ് , ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രചോദനാത്മക വീഡിയോകളിലൂടെയും ഉള്ളടക്കത്തിലൂടെയുമാണ് ജയ് ഷെട്ടി ജനപ്രീതി നേടുന്നത്. വ്യക്തിപരമായ വികസനം, മനസിന്റെ ഏകാഗ്രത, സന്തോഷം കണ്ടെത്താനുള്ള വഴികള്‍ എന്നിവയെക്കുറിച്ചുള്ള അറിവുകളാണ് പങ്കുവക്കാറുള്ളത്. പുരാതന ജ്ഞാനത്തെ ആധുനിക ജീവിതവുമായി സംയോജിപ്പിച്ച് കൂടുതല്‍ സംതൃപ്തവും ലക്ഷ്യബോധമുള്ളതുമായ ജീവിതം നയിക്കാന്‍ ആളുകളെ സഹായിക്കുകയെന്നതാണ് തന്റെ ജോലിയെന്നാണ് ഷെട്ടി സ്വയം അടയാളപ്പെടുത്താറുള്ളത്.

ഇപ്പോള്‍ പുറത്തുവരുന്ന ആരോപണങ്ങള്‍ ജയ് ഷെട്ടിയുടെ പ്രശസ്തിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ്.

‘തിങ്ക് ലൈക്ക് എ മോങ്ക്’, ‘8 റൂള്‍സ് ഓഫ് ലവ്’ തുടങ്ങിയ പ്രശസ്തമായ പുസ്തകങ്ങളുടെ രചയിതാവായ ജയ് ഷെട്ടി മൂന്ന് വര്‍ഷത്തോളം ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ ചെലവഴിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ കള്ളമാണെന്ന് അന്താരാഷ്ട്ര വാര്‍ത്താമാധ്യമമായ ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ‘ഓണ്‍ പര്‍പ്പസ്’ എന്ന പ്രശസ്ത പോഡ്കാസ്റ്റിന്റെ അവതാരകനായ ജയ് ഷെട്ടി, ഹരേ കൃഷ്ണ വിഭാഗം എന്ന ഗ്രൂപ്പുമായുള്ള തന്റെ മുന്‍ പങ്കാളിത്തം മറച്ചുവെച്ചതായും പ്രസ്തുത റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ശിക്ഷിക്കുകയും ചെയ്തുവെന്ന ആരോപണങ്ങള്‍ നേരിടുന്ന ഗ്രൂപ്പാണ് ഹരേ കൃഷ്ണ.

18-ാം വയസ്സില്‍ ഒരു സന്യാസിയുടെ പ്രഭാഷണം കേട്ടതിലൂടെ തന്റെ ജീവിതം മാറിമറഞ്ഞതായി ഷെട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഈ ജീവിതകഥയും കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപമുണ്ട്. ഷെട്ടിയുടെ ബയോഡാറ്റയില്‍ ബിസിനസ് സ്‌കൂളില്‍ നിന്നുള്ള ബിഹേവിയറല്‍ സയന്‍സില്‍ ബിരുദം നേടിയതായി പറയുന്നുണ്ട്, എന്നാല്‍ ആ സ്‌കൂള്‍ യഥാര്‍ത്ഥത്തില്‍ ബിഹേവിയറല്‍ സയന്‍സില്‍ ബിരുദം നല്‍കുന്നില്ല.

റിപ്പോര്‍ട്ട് അനുസരിച്ച്, ജയ് ഷെട്ടിയുടെ ലൈഫ് കോച്ചിംഗ് സ്‌കൂളായ, ജയ് ഷെട്ടി സര്‍ട്ടിഫിക്കേഷന്‍ സ്‌കൂള്‍, ആയിരക്കണക്കിന് ഡോളറാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത്. സ്‌കൂളില്‍ ചേരുന്നത് ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ തുടര്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുമെന്നും സ്‌കൂള്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം ഷെട്ടിയുടെ സ്‌കൂളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സര്‍വകലാശാലകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ‘വൈദിക സന്യാസി’ ആയാണ് ജയ് ഷെട്ടി സ്വയം അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസില്‍ (ഇസ്‌കോണ്‍) താന്‍ വളര്‍ന്നതിനെ കുറിച്ച് അദ്ദേഹം എവിടെയും പരാമര്‍ശിച്ചിട്ടില്ല. ആത്മീയ പ്രബുദ്ധത തേടുന്നതിനായി അനുയായികള്‍ മയക്കുമരുന്ന്, മദ്യം, കാഷ്വല്‍ സെക്സ് തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കുന്ന ഒരു പ്രസ്ഥാനമാണ് ഇസ്‌കോണ്‍. 1970 കളിലും 80 കളിലും, പ്രസ്ഥാനം നടത്തുന്ന യുഎസിലെയും ഇന്ത്യയിലെയും ബോര്‍ഡിംഗ് സ്‌കൂളുകളിലേക്ക് അയച്ച കുട്ടികള്‍ വ്യാപകമായി ശാരീരികവും വൈകാരികവും ലൈംഗികവുമായ ദുരുപയോഗത്തിന് വിധേയരായതായി റിപ്പോര്‍ട്ടുണ്ട്. മയക്കുമരുന്ന്, കാഷ്വല്‍ സെക്സ് തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കുന്ന ഇസ്‌കോണ്‍ എന്ന ആത്മീയ ഗ്രൂപ്പില്‍ വളര്‍ന്നതിനെ കുറിച്ച് ജയ് ഷെട്ടി അധികം വെളുപ്പെടുത്തിയിട്ടില്ലെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം, മുഖ്യധാരാ മനഃശാസ്ത്രത്തില്‍ നിന്നുള്ള ആശയങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പൊതുവായ രീതിയിലാണ് അദ്ദേഹം തന്റെ ആത്മീയ വളര്‍ച്ചയെ കുറിച്ചു സംസാരിക്കാറുള്ളത്.

ബ്രിട്ടീഷ്-ഇന്ത്യക്കാരനായ ജയ് ഷെട്ടി ബിസിനസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു കോര്‍പ്പറേറ്റ് കരിയര്‍ പിന്തുടരാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഒരു സന്യാസിയുടെ പ്രഭാഷണത്തില്‍ പങ്കെടുത്ത ശേഷം, ജീവിതത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആ പാത ഉപേക്ഷിച്ച് മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യയില്‍ ലളിതവും ആത്മീയവുമായ ജീവിതം നയിക്കാന്‍ തീരുമാനിക്കുന്നത്. മുംബൈയ്ക്കടുത്തുള്ള ഒരു ആശ്രമത്തില്‍ ആയിരുന്ന കാലത്ത്, തനിക്കുണ്ടായ അഗാധമായ ആത്മീയ അനുഭവങ്ങള്‍, മറ്റുള്ളവരുമായി പങ്കിടണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായും പറയുന്നു. ഈ പ്രേരണയാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം 1.5 കോടി ഫോളോവേഴ്സുള്ള ഇന്‍ഫ്‌ളുവെന്‍സറായി മാറ്റിയെടുത്തത്.

ഷെട്ടിയുടെ മുന്‍ കാമുകി ഈ അവകാശവാദങ്ങളില്‍ കഴമ്പില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ആ മൂന്ന് വര്‍ഷങ്ങളില്‍ ഭൂരിഭാഗവും ഷെട്ടി ലണ്ടന് പുറത്തുള്ള വാട്ട്ഫോര്‍ഡില്‍ സന്യാസിയായി ചെലവഴിച്ചുവെന്നും വല്ലപ്പോഴും മാത്രമേ ഇന്ത്യ സന്ദര്‍ശിക്കാറുള്ളൂവെന്നും അവര്‍ ഗാര്‍ഡിയനോട് പറഞ്ഞു. 2010 മെയ് മാസത്തില്‍ വാറ്റ്‌ഫോര്‍ഡിലെ ഭക്തിവേദാന്ത മനോറിലേക്ക് താമസം മാറിയതോടെയാണ് സന്യാസജീവിതം ആരംഭിച്ചതെന്ന് ഷെട്ടിയുടെ അഭിഭാഷകര്‍ ഗാര്‍ഡിയനോട് പറഞ്ഞു. മൂന്ന് മാസത്തിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മാറിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും വ്യക്തമാക്കി.

ഷെട്ടി തന്റെ കൂടുതല്‍ സമയവും ഇന്ത്യയില്‍ ചെലവഴിച്ചിട്ടുണ്ടെന്നും എന്നാല്‍ ഭക്തിവേദാന്ത മനോറിലേക്ക് തിരികെ യാത്രകള്‍ നടത്തിയെന്നും ഷെട്ടിയുടെ അഭിഭാഷകര്‍ പറഞ്ഞു. താന്‍ വളര്‍ന്ന സമൂഹത്തില്‍ സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതായി അവര്‍ പരാമര്‍ശിച്ചു. സന്യാസിയായിരുന്ന കാലത്ത് ഷെട്ടി ഇന്ത്യ, യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നു. ബ്ലോഗുകള്‍, വീഡിയോകള്‍, സോഷ്യല്‍ മീഡിയകള്‍ എന്നിവ ഉപയോഗിച്ച് കൃഷ്ണാവബോധം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും സര്‍വകലാശാലകളില്‍ പ്രഭാഷണങ്ങള്‍ നടത്തിയതിനെക്കുറിച്ചും ഷെട്ടി സംസാരിക്കുന്ന അഭിമുഖം ഗാര്‍ഡിയന്‍ അവരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ആളുകളെ കൃഷ്ണാവബോധത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഷെട്ടിയുടെ ലക്ഷ്യമെന്ന കാര്യം ഷെട്ടിയുടെ അഭിഭാഷകര്‍ നിഷേധിച്ചു. ഇസ്‌കോണിലെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചതിലൂടെയാണ് ഷെട്ടി ഫേസ്ബുക്കിലും യൂട്യൂബിലും ധാരാളം ഫോളോവേഴ്സിനെ സ്വന്തമാക്കിയകത്. എന്നാല്‍ ഇത്തരം അനുഭവങ്ങളില്‍ ഭൂരിഭാഗവും യഥാര്‍ത്ഥത്തില്‍ രചിച്ചത് ഷെട്ടി ക്രെഡിറ്റ് കൊടുക്കാത്ത ഇസ്‌കോണിലെ അംഗങ്ങളായ മറ്റു ചില യുവാക്കളാണെന്നാണ് പരാതി. ജോലിക്ക് പ്രതിഫലം വാങ്ങാത്ത ഇസ്‌കോണ്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കവും ഷെട്ടിയുടെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍