ഹോളി അലന്‍ (സ്ലേറ്റ്)
എന്റെ വീട്ടില്‍ എന്നെക്കൂടാതെ ഭര്‍ത്താവും രണ്ടുകുട്ടികളുമാണ് ഉള്ളത്. ഞങ്ങള്‍ക്ക് സുഖകരമായ ഒരു കിംഗ്‌സൈസ് കട്ടിലുണ്ട്. എന്നാല്‍ എന്റെ ഭര്‍ത്താവിനു സുഖമില്ലാതിരുന്നതിനാല്‍ ഒരു ദിവസം ഞാന്‍ ഗസ്റ്റ് റൂമിലെ കട്ടിലിലാണ് ഉറങ്ങിയത്.
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ നന്നായി ഉറങ്ങിയ ഒരു രാത്രിയായിരുന്നു അത്.
എനിക്ക് ഉറങ്ങാന്‍ ഏറ്റവും ഇഷ്ടമുള്ള രീതിയില്‍ ഞാന്‍ ഉറങ്ങി- കമിഴ്ന്നു, കയ്യും കാലും വിടര്‍ത്തി സുഖമായി. പുതപ്പിന് വേണ്ടി പിടിവലിയുണ്ടായില്ല. എന്റെ കൂര്‍ക്കം വലി നിറുത്തിക്കാന്‍ ആരും എന്നെ തട്ടിയില്ല, ഇളകിമറിയുന്ന ഒന്നോ രണ്ടോ കുട്ടികളുടെ ശല്യമില്ല. ഒരു അസ്വസ്ഥതകളുമില്ലാതെ തടസ്സമില്ലാത്ത ഉറക്കം. സത്യം പറയാമല്ലോ, സ്വപ്നം പോലെ ഒരു രാത്രിയായിരുന്നു അത്.
ഇത്ര സുഖമായി ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു, എന്തുകൊണ്ട് നമുക്കെല്ലാവര്‍ക്കും തനിച്ചുറങ്ങിക്കൂടാ?
ആളുകളോട് ചോദിച്ചപ്പോള്‍ പലരും എന്റെ തോന്നല്‍ ശരിവെച്ചു.
“അതെ, ഞാനും എപ്പോഴും ഇതാലോചിക്കാറുണ്ട്!”
“വെവ്വേറെ കട്ടിലുകള്‍ തിരികെ കൊണ്ടുവരിക.”
“ഒരിക്കല്‍ ഒരുമിച്ചുറങ്ങുന്നത് ഇഷ്ടപ്പെട്ടിരുന്ന ഒരു സമയമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒന്‍പതുവര്‍ഷത്തിനുശേഷം ഞാന്‍ ആലോചിക്കുന്നത് ‘എന്റെ മുഖത്തേയ്ക്ക് ശ്വസിക്കാതിരിക്കൂ’ എന്നാണ്.”
“മനുഷ്യര്‍ക്ക് വല്ലാത്ത ചൂടാണ്. ഒരാളുടെ കൂടെ ഉറങ്ങുക എന്നാല്‍ ഒരു റേഡിയേറ്ററിന്റെയൊപ്പം ഉറങ്ങുന്നതുപോലെയാണ്. എനിക്കൊരു കാമുകി ഉണ്ടെങ്കില്‍ കെട്ടിപ്പിടിച്ചുറങ്ങാന്‍ ഒരു സമയമുണ്ട്. അതിനുശേഷം ഞങ്ങള്‍ രണ്ടാളും മാറിക്കിടന്ന് സുഖമായി ഉറങ്ങാറാനു പതിവ്. എന്നാല്‍ ഞങ്ങളുടെ ബന്ധം വളരെ റൊമാന്റിക് ആണുതാനും.”
അപ്പോള്‍ പിന്നെ ഇരട്ടക്കട്ടില്‍ വിറ്റുകളഞ്ഞു രണ്ട് ഒറ്റക്കട്ടിലുകള്‍ വാങ്ങുന്നതില്‍ നിന്നും എന്നെ പിടിച്ചുമാറ്റുന്നതെന്താണ്? സമൂഹം!
അതേ. കട്ടില്‍ പങ്കിടുന്നത്, കട്ടില്‍ പങ്കിടുന്നതിന്റെ പ്രേമസംബന്ധിയായ കാരണങ്ങള്‍ക്ക് നല്ലതാണ്, പക്ഷെ ഉറങ്ങാന്‍ അത്ര നല്ലതല്ല. എല്ലാവര്‍ക്കും ഉറക്കത്തിന്റെ പ്രാധാന്യം അറിയുകയും ചെയ്യാം. എന്നിട്ടുമെന്തിനാണ് നമ്മള്‍ സ്നേഹിക്കുന്ന ഈ തൊഴിക്കല്‍കാരെയും കൂര്‍ക്കംവലിക്കാരെയും മനുഷ്യഅടുപ്പുകളെയും നമ്മള്‍ കൂടെക്കിടത്തുന്നത്?
“ചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യന്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്, ഒന്നുകില്‍ മൃഗത്തൊലിയോ പച്ചിലകളോ നിരത്തി മെത്തയുണ്ടാക്കിയിരുന്നു,” സ്ലീപ് വിദഗ്ധനായ ഡോക്ടര്‍ നീല്‍ സ്റ്റാന്‍ലി പറയുന്നു. “ആദ്യകാലത്ത് മനുഷ്യര്‍ തറയില്‍ ഒരുമിച്ചാണ് ഉറങ്ങിയിരുന്നത്. വേറെയെവിടെയും സുരക്ഷയും ചൂടും കിട്ടാത്തതുകൊണ്ടാവാം ഇത്”
സുരക്ഷയും ചൂടുമോ? അതിന് നമുക്കിന്നു കട്ടിക്കുപ്പായങ്ങളും ഉറപ്പുള്ള പൂട്ടുകളുമുണ്ട്.
ഉറക്കത്തിന്റെ ചരിത്രത്തില്‍ ദമ്പതികള്‍ കട്ടില്‍ പങ്കിടാത്ത കാലവുമുണ്ട്. പുരാതനറോമാക്കാര്‍ തങ്ങളുടെ വ്യത്യസ്തവീടുകളിലാണ് ഉറങ്ങിയിരുന്നത്.
വെവ്വേറെ രണ്ടുബെഡുകളും രണ്ടിനും ഓരോ സൈഡ്ടേബിളും ഉണ്ടാകുന്നതാണ് എനിക്കിഷ്ടം. സ്വന്തമായി ഒരു കട്ടിലുണ്ടാവുക എന്നത് ഒരു സുഖം തന്നെയാണ്.
പിന്നെന്താണ് പ്രശ്നം? സമൂഹം തന്നെ. വേറെ വേറെ കട്ടില്‍ എന്ന് പറഞ്ഞാല്‍ മതി, ആളുകള്‍ ദാമ്പത്യപ്രശ്നങ്ങളുടെ കഥ പറഞ്ഞുതുടങ്ങും.
“നമ്മുടെ സംസ്കാരത്തില്‍ ഒരു കട്ടില്‍ പങ്കിടുക എന്നത് ഒരു അടുപ്പത്തിന്റെ ലക്ഷണമാണ്. ഒരു ബന്ധത്തിന്റെ ആരോഗ്യവും അതിലൂടെ അറിയാം”, സ്ലീപ് എക്സ്പര്‍ട്ട് ആയ ആനി ഡി ബര്‍ടോലുചി പറയുന്നു. “മറ്റൊരാളുടെ കൂടെ ഉറങ്ങുമ്പോള്‍ നമ്മള്‍ ഒരു നിസഹായാവസ്ഥയിലാണ്. വലിയൊരളവ് വിശ്വാസം ഉണ്ടെന്നാണ് അത് കാണിക്കുന്നത്. വെറുതെയല്ല സെക്സിന് കിടക്ക പങ്കിടല്‍ എന്നും കൂടി പറയുന്നത്. മാത്രമല്ല അതൊരു ബന്ധത്തെ ദൃഢമാക്കുകയും ചെയ്യും. ഒരു കട്ടില്‍ പങ്കിടുന്ന ദമ്പതികള്‍ കൂടുതല്‍ നന്നായി പരസ്പരം ആശയവിനിമയം നടത്തുകയും അവര്‍ക്ക് കൂടുതല്‍ അളവില്‍ ഓക്സിടോസിന്‍ ലഭിക്കുകയും ചെയ്യും.”
എന്നാല്‍ എനിക്ക് ഉറക്കം ശരിയാകാറില്ല. ഉറക്കം ശരിയാകാതെവന്നാല്‍ സ്ട്രോക്കും ഹൃദ്രോഗവും ഒക്കെയുണ്ടാകാം. ഒപ്പം ഡയബറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളും പോണ്ണത്തടിയും ഉണ്ടാകാം. ആകാംക്ഷ, ഡിപ്രഷന്‍, ഹൈപര്‍ ആക്റ്റിവിറ്റി, ശ്രദ്ധക്കുറവ് എന്നിങ്ങനെ മാനസികപ്രശ്നങ്ങള്‍ വേറെ. അപ്പോള്‍ പിന്നെ സന്തുഷ്ട കുടുംബജിവിതം ഉണ്ടെന്ന് മറ്റുള്ളവരെ കാണിക്കാന്‍ മാത്രം എന്തിന് റിസ്ക് എടുക്കണം? നമുക്ക് ആരോഗ്യവും സന്തോഷവുമുള്ള ദമ്പതികളായിക്കൂടെ?
എങ്കിലും ഈ ആശയം പറഞ്ഞപ്പോഴേ ഭര്‍ത്താവ് അതിനോട് യോജിച്ചപ്പോള്‍ എനിക്കല്‍പ്പം വിഷമം തോന്നി എന്ന് പറയാതെ വയ്യ.
Holly Allen is a Slate Web designer.