ഒരു തലമുറയുടെ ബാക്കിപത്രങ്ങളായി നമുക്കിടയില്‍ ജീവിക്കുന്ന ഒരുപറ്റം ആളുകളുടെ നഷ്ടസ്വപ്‌നങ്ങളുടെ കഥ പറയുകയാണ് ഷീബ ഇ.കെ യുടെ മഞ്ഞനദികളുടെ സൂര്യന്‍ എന്ന പുതിയ നോവല്‍
എഴുപതുകളിലെയും എണ്‍പതുകളിലെയും സാംസ്‌കാരിക വിപ്ലവത്തിലൂടെ കടന്നുപോയ, വരാതെ പോയ വസന്തത്തിന്റെ അസ്വാസ്ഥ്യങ്ങളില്‍ ജീവിതം ഹോമിച്ചു തീര്‍ത്ത, മനഃസാക്ഷി നഷ്ടപ്പെടാത്ത ഒരു തലമുറയുടെ ബാക്കിപത്രങ്ങളായി നമുക്കിടയില്‍ ജീവിക്കുന്ന ഒരുപറ്റം ആളുകളുടെ നഷ്ടസ്വപ്‌നങ്ങളുടെ കഥ പറയുകയാണ് ഷീബ ഇ.കെ യുടെ മഞ്ഞനദികളുടെ സൂര്യന്‍ എന്ന പുതിയ നോവല്‍.
ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുമെന്നും ഭരണകൂടങ്ങള്‍ തകര്‍ന്നുവീഴുമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ക്കെല്ലാം പീന്നീടെന്താണ് സംഭവിച്ചത്? ആഹൂതി ചെയ്യപ്പെട്ട ചില യൗവ്വനങ്ങളും തടവറയില്‍ നിന്നും തടവറയിലേക്ക് വലിച്ചിഴക്കപ്പെടുകയും തീവ്രമായ മര്‍ദ്ദനമുറകള്‍ കാരണം ഭ്രാന്തുപിടിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത ഒരുപാട് മനുഷ്യരും നമുക്കിടയിലുണ്ടായിരുന്നു. ഭരണകൂടഭീകരതയുടെയും ജന്മിത്തത്തിന്റെയും ഉന്മൂലനത്തിനായി കച്ചകെട്ടിയിറങ്ങിയ ഒരുപറ്റം മനുഷ്യരുടെ ധീരസാഹസികതകള്‍ ഒരുകാലത്ത് കേരളക്കരയെ അപ്പാടെ പിടിച്ചുലച്ചിരുന്നെങ്കിലും വിപ്ലവത്തിലെന്നപോലെ ജീവിതത്തിലും പരാജിതരായ ആ മനുഷ്യരുടെ അന്തരാളങ്ങളിലെ വിങ്ങലുകളിലേക്ക് നാമാരും അത്രയധികം ചൂഴ്ന്നിറങ്ങിയിട്ടുണ്ടാവില്ല. ധീരയൗവ്വനത്തിന്റെ ഉദാത്ത മാതൃകകളായി ജീവിതത്തിലേക്കിറങ്ങി വരുമ്പോഴും അവരഭിമുഖീകരിക്കേണ്ടിവരുന്ന ഭയവും ഏകാന്തതയും മോഹഭംഗവും നിരാശയും ഒറ്റപ്പെടലുമെല്ലാം രഞ്ജനെന്ന കഥാപാത്രത്തിലൂടെ എഴുത്തുകാരി കോറിയിടുന്നുണ്ട്.
അപ്രതീക്ഷിതമായി ലഭിച്ച ഒരു ഇമെയില്‍ സന്ദേശത്തെ പിന്തുടര്‍ന്ന് ചിറക്കല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ എത്തിപ്പെടുന്ന നിരുപമക്ക് പരിചയമുള്ള ആരുമുണ്ടായിരുന്നില്ല അവിടെ. അതിനുമുമ്പ് അവളവിടെ ഒരിക്കല്‍പോലും പോയിട്ടുമില്ലായിരുന്നു. തനിക്കു കിട്ടിയ സന്ദേശത്തിന് ഭാവനാപരമായ ആവിഷ്‌കാരങ്ങള്‍ കൊടുക്കാതെ അതിന്റെ പൊരുള്‍ അന്വേഷിച്ചറിഞ്ഞ് സര്‍ഗ്ഗാത്മകമായ സൃഷ്ടി നടത്താനുള്ള ശ്രമത്തിലാണ് എഴുത്തുകാരിയായ നിരുപമ. അവളെ നിരന്തരം വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന മുറിവുകളില്‍ നിന്ന് ഒരു രക്ഷപ്പെടല്‍ കൂടിയായിരുന്നു ആ യാത്ര.
ആധികളും ശൂന്യതകളും ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയുടെ നൈരന്തര്യങ്ങളുമായി ഏറ്റുമുട്ടി സ്വയം രൂപപ്പെടുത്തിയ ചിപ്പിക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന രഞ്ജന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥിയെപ്പോലെയാണ് നിരുപമ കടന്നു വരുന്നത്. അവളുടെ സാന്നിദ്ധ്യം രഞ്ജന് പ്രദാനം ചെയ്യുന്നത് സഹവര്‍ത്തിത്വത്തിന്റേതായ അപൂര്‍വ്വമായ അനുഭൂതിയാണ്. ജീവിതലക്ഷ്യം നഷ്ടപ്പെട്ട മനസിന് ഒരത്താണി കൂടിയാണ് അത്.
എഴുപതുകളിലും എണ്‍പതുകളിലും കേരളത്തെ ആകമാനം ത്രസിപ്പിച്ചിരുന്ന വിപ്ലവ പ്രസ്ഥാനങ്ങളിലും സാംസ്‌കാരിക മുന്നേറ്റത്തിലും ഭാഗഭാക്കായിത്തീര്‍ന്ന ഒരുപറ്റം ആളുകളുടെ ജീവിതത്തിന്റെ അടിവേരുകള്‍ തിരിച്ചറിയാനും അവരുടെ ജീവിതങ്ങള്‍ സാമൂഹ്യമാറ്റത്തിനു നല്‍കിയ ഊര്‍ജ്ജത്തെ അടയാളപ്പെടുത്താനുമുള്ള ശ്രമമാണ് നിരുപമയെന്ന എഴുത്തുകാരിയിലൂടെ ഗ്രന്ഥകര്‍ത്താവ് നടത്തുന്നത്. എഴുപതുകളിലും എണ്‍പതുകളിലും യഥാര്‍ത്ഥ ജനകീയ പ്രസ്ഥാനമെന്ന പേരിലാണ് രാഷ്ടീയ- ധൈഷണിക ചിന്തകളെ പിടിച്ചുലച്ച ഒരു പ്രസ്ഥാനം കേരളത്തില്‍ ആവിര്‍ഭവിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്നതിനാല്‍ ഭരണകൂടം ശക്തമായി അതിനെ നേരിടുകയും ചെയ്തിരുന്നു. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ അധികാരങ്ങളുപയോഗിച്ച് ഗവണ്‍മെന്റ് പോലീസിനെ ആയുധമണിയിക്കുകയും ഏറ്റുമുട്ടലുകളെന്ന് വിശേഷിപ്പിക്കുന്ന സ്വയം സൃഷ്ടികളായ സംഭവങ്ങളിലൂടെ വിപ്ലവ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തുപോന്നു. സംസ്‌കാരത്തിന്റെയും നൈതികതയുടെയും അവകാശങ്ങളുടെയും പേരില്‍ ഇന്നും ഈ ഏറ്റുമുട്ടലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും എഴുത്തുകാരി പറഞ്ഞുവെയ്ക്കുന്നുണ്ട്.
കുരുടന്‍മാര്‍ കൊമ്പനാനയെ തപ്പിനോക്കുന്നതുപോലെ വിപ്ലവപ്രവര്‍ത്തനങ്ങളുടെ വള്ളിപ്പടര്‍പ്പുകളില്‍ അടിക്കുന്നതിനു പകരം സ്വന്തം ജീവനും ജീവിതവും അതിനായി ഹോമിക്കുകയും ഭരണകൂടത്തിന്റെ ക്രൂരമായ പീഢനങ്ങള്‍ക്ക് ഇരയായി ജീവിതകാലം മുഴുവന്‍ യാതനകള്‍ അനുഭവിച്ച് ജീവിക്കേണ്ടിവരികയും ചെയ്ത ചില വ്യക്തികളുടെ ജീവിതങ്ങളിലൂടെ മാത്രം കടന്നുപോയി, ആ കാലഘട്ടം എത്രമാത്രം ഭയാനകമായിരുന്നു എന്നു ചിത്രീകരിക്കാനുള്ള ആഖ്യാതാവിന്റെ കരവിരുത് ശ്ലാഘനീയമാണ്. ഈ വിഷയത്തെക്കുറിച്ച് കേരളത്തിലെ പ്രബുദ്ധരായ ആളുകള്‍ക്കെല്ലാം സാമാന്യ ജ്ഞാനമുണ്ടായിരിക്കും എന്നതുകൊണ്ടുതന്നെ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ഇതിവൃത്തത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഈ ആഖ്യാനം. നമ്മെ ആപാദചുഢം മൂടിനില്‍ക്കുന്ന വര്‍ത്തമാനകാലത്തിന്റേതായ അഴകൊഴമ്പന്‍ സാമൂഹ്യ രാഷ്ടീയ ധാര്‍മ്മികതകളുടെ വിലക്കുകളെ മറികടക്കാനും ഭരണകൂടത്തിന്റെ കാര്‍ക്കശ്യങ്ങളോട് പൊരുതാനുള്ള ശ്രമങ്ങളും എഴുത്തുകാരിയുടെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ട്.
വിപ്ലവകാരികളുടെ പട്ടികയിലൊന്നും കാണാത്ത പേരായിരിക്കും ഒരുപക്ഷെ പത്മസേനന്‍ മാഷിന്റേത്. പോരാട്ടങ്ങളിലൂടെ ഓടിത്തളര്‍ന്ന ജീവിതം. പാവപ്പെട്ടവരോടുള്ള ആര്‍ദ്രതയും ആഭിമുഖ്യവും കൊണ്ടുമാത്രം നക്‌സലൈറ്റായിത്തീര്‍ന്ന അദ്ദേഹത്തെ കാത്തിരുന്നത് കൊടിയ മര്‍ദ്ദനങ്ങളും പീഢനങ്ങളും മാത്രം. മരണത്തെ മുഖാമുഖം കണ്ടു സെല്ലുകളില്‍ നിന്നും സെല്ലുകളിലേക്കും ജയിലുകളില്‍ നിന്നും ജയിലുകളിലേക്കും ആട്ടിയോടിക്കപ്പെട്ട ആ ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ, അസ്വസ്ഥമാക്കും വിധം അവതരിപ്പിച്ചതിനു പിന്നില്‍ ഒരുപാടുകാലത്തെ തീവ്രമായ പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. പത്മസേനന്‍ മാഷും സുബൈറും രഞ്ജനുമെല്ലാം നമുക്കിടയില്‍ത്തന്നെ ജീവിക്കുന്നുണ്ട്. അതോടൊപ്പം കേരളം മറന്നുപോയി എന്നു വിശ്വസിക്കാന്‍ ശ്രമിക്കുന്ന ചില സംഭവങ്ങളിലേക്കും കഥാഗതി പലപ്പോഴും വഴിമാറുന്നുണ്ട്. മഠത്തില്‍ മത്തായി വധവും ധീരരക്തസാക്ഷി അങ്ങാടിപ്പുറം ബാലകൃഷ്ണനും അടിയന്തിരാവസ്ഥയും വര്‍ഗ്ഗീസും രാജനും സാംസ്‌കാരിക വേദിയുമെല്ലാം ഒരിക്കല്‍ക്കൂടെ നമ്മുടെ സ്മൃതിമണ്ഡലത്തിലേക്ക് വായനയ്ക്കിടയില്‍ കടന്നുവരാതിരിക്കില്ല.
ഇതിവൃത്തത്തിന്റെ മര്‍മപ്രധാനമായ ആശയത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ നിരുപമയെന്ന കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷങ്ങളെയും കഥാകാരി മനോഹരമായി ചിത്രീകരിക്കുന്നുണ്ട്. അനാഥയാണ് താനെന്ന തെറ്റിദ്ധാരണയിലൂടെ സാമ്പ്രദായികത്വത്തിന്റെ അടിവേരുകള്‍ ഛേദിച്ചുകൊണ്ട്, അരാജകജീവിതം ആഘോഷമാക്കിയിരുന്ന ആദിയെന്ന ചിത്രകാരനുമൊത്തുള്ള ഹ്രസ്വമായ ദാമ്പത്യം, അയാളുടെ ആകസ്മികമായ മരണം, എഴുത്തുനല്‍കുന്ന ഒരായിരം അസ്വാസ്ഥ്യങ്ങള്‍. ആത്മസംഘര്‍ഷങ്ങളില്‍ അകപ്പെട്ടിരുന്ന നിരുപമക്ക് രഞ്ജനിലേക്ക് എത്തിച്ചേരാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. വിപ്ലവകരമായ എടുത്തു ചാട്ടം കാരണം യൗവ്വനാരംഭത്തില്‍ കൂടെ കൂട്ടേണ്ടിവന്ന സ്ത്രീയുമായി മാനസികവും ശാരീരികവും ചിന്താപരവുമായി വേര്‍പ്പെട്ട് ഏകാന്തവാസം നയിക്കുകയും ചുറ്റുമുള്ളവരുടെ വിശ്വാസവഞ്ചനകള്‍ കൊണ്ട് ജീവിതം മടുക്കുകയും ചെയ്തിരുന്ന രഞ്ജനും ആ കൂട്ട് അനിവാര്യമായിരുന്നു. പരിഭവങ്ങളുടെയും മോഹഭംഗങ്ങളുടെയും അനുഭവപ്രഭാവത്തില്‍ ചില സാന്നിധ്യങ്ങള്‍ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഇടങ്ങളായിത്തീരുന്നത് ഇവരുടെ ആത്മബന്ധത്തിലൂടെ നമുക്ക് മനസ്സിലാക്കാനാവുന്നുണ്ട്. കഥാപാത്രങ്ങളുടെ ആന്തരികമായ ഒന്നിച്ചുചേരലും സമാനമായ മനസ്സുകള്‍ താദാത്മ്യം പ്രാപിക്കുന്നതും ചില ആന്ദോളനങ്ങളിലൂടെ പൊട്ടിപ്പോവാതെ ഭംഗിയായി ആവിഷ്‌കരിക്കുന്നുമുണ്ട്.
നമ്മുടെ നോവല്‍ സാഹിത്യം ഒന്നുകില്‍ മസ്തിഷ്‌കത്തോടോ അല്ലെങ്കില്‍ ഹൃദയത്തോടോ ആണ് സാധാരണയായി സംവേദിക്കാറുള്ളത്. എന്നാല്‍ രണ്ടിനോടും ഒരേപോലെ സംവേദിക്കുന്ന രീതിയാണ് ഷീബ തന്റെ സൃഷ്ടിയില്‍ അവലംബിക്കുന്നത്. വാക്കുകളെ സാമൂഹിക നിയമത്തിന്റെ ഉപകരണങ്ങളാക്കുമ്പോഴാണ് സര്‍ഗ്ഗാത്മകത ഉദയം ചെയ്യുന്നത്. സാഹിത്യത്തിന്റെ സൗന്ദര്യാനുഭൂതിയെ തെല്ലും നിരാകരിക്കാതെ, ഭാഷയിലും ഇതിവൃത്തത്തിലും വ്യത്യസ്തത പുലര്‍ത്തി, ചിന്തകളെ പ്രചോദിപ്പിക്കുന്നതിനും, ഹൃദയങ്ങളെ ആര്‍ദ്രമാക്കുന്നതിനും ഷീബയ്ക്കു കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളെ അവരുടെ സാമൂഹികാന്തരീക്ഷത്തില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട്, ചുട്ടുപഴുത്ത യാഥാര്‍ത്ഥ്യങ്ങളില്‍ വെന്തുരുകിയ ജീവിതങ്ങള്‍, അവരുടെ നെടുവീര്‍പ്പുകള്‍ മനസ്സിനെ അലോസരപ്പെടുത്തുന്ന രീതിയില്‍ ഉള്‍ക്കരുത്തും തന്റേടവും നഷ്ടമാവാതെ അനായാസേന കഥ പറഞ്ഞുഫലിപ്പിക്കാന്‍ രചനയിലുടനീളം നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്.
മഞ്ഞനദികളുടെ സൂര്യന്‍(നോവല്‍)
ഷീബ ഇ.കെ
ഡി സി ബുക്ക്‌സ്
വില 120 രൂപ
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)