UPDATES

ഓഫ് ബീറ്റ്

ബീൻ ഈസ് ബാക്ക്

മിസ്റ്റര്‍ ബീന്‍ ആനിമേറ്റഡ് സീരീസ് 2025-ല്‍ ഏറ്റവും പുതിയ സീസണുമായി എത്തും

                       

നിങ്ങളൊരു മിസ്റ്റര്‍ ബീന്‍ ആരാധകാനാണോ? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. മിസ്റ്റര്‍ ബീന്‍ ആനിമേറ്റഡ് സീരീസ് 2025 ല്‍ നിങ്ങള്‍ക്കു മുന്നിലെത്തും. അതെ, മിസ്റ്റര്‍ ബീന്‍ ആനിമേറ്റഡ് സീരീസ് 2025-ല്‍ ഏറ്റവും പുതിയ സീസണുമായി മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ്. വാര്‍ണര്‍ ബ്രദേഴ്സ്, ഡിസ്‌കവറി, ഐടിവി(ബ്രിട്ടീഷ് പിന്തുണയുള്ള വീഡിയോ-ഓണ്‍-ഡിമാന്‍ഡ് സ്ട്രീമിംഗ് സേവനമാണ് ഐടിവി) എന്നിവയുടെ പങ്കാളിത്തത്തോടെ ബനിജയ്യുടെ ടൈഗര്‍ ആസ്പെക്റ്റ് കിഡ്സ് & ഫാമിലിയാണ് ജനപ്രിയ ആനിമേറ്റഡ് സീരീസ് അതിന്റെ നാലാം സീസണ്‍ ലോകത്തിനു മുന്നില്‍ എത്തിക്കുന്നത്. ആനിമേറ്റഡ് സീരീസിന്റെ പുതിയ സീസണായ സീസണ്‍ നാലില്‍ ഏകദേശം 11 എപ്പിസോഡുകള്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഉടനീളം കാര്‍ട്ടൂണിറ്റോ, എച്ച്ബിഒ മാക്സ് എന്നിവയിലും സംപ്രേഷണം ചെയ്യുന്നതിനോടൊപ്പം തെക്കുകിഴക്കന്‍ ഏഷ്യയിലും ദക്ഷിണേഷ്യയിലുടനീളം വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറിയുടെ കിഡ്സ് ചാനലുകളില്‍ ചാനലുകളിലുമായിരിക്കും മിസ്റ്റര്‍ ബീന്‍ ആനിമേറ്റഡ് സീരീസിന്റെ നാലാം സീസണ്‍ സ്ട്രീം ചെയ്യുന്നത്.

മിസ്റ്റര്‍ ബീന്‍ ആനിമേറ്റഡ് സീരീസിന്റെ ആദ്യ തത്സമയ-ആക്ഷന്‍ എപ്പിസോഡ് ഇറങ്ങിയതിന്റെ 35ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് നാലാം സീസണ്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. 2025-ല്‍ പുറത്തിറങ്ങുന്ന നാലാം സീസണോടൊപ്പം മറ്റെല്ലാ സീസണുകളും പ്രേക്ഷകര്‍ക്ക് കാണാന്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. മിസ്റ്റര്‍ ബീനിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങുന്നത് 1990 കളിലാണ്. ആനിമേറ്റഡ് സീരീസ് പുറത്തിറങ്ങുന്നത് 2002-ലും. ഇതുവരെ മൂന്നു സീസുകളാണ് ആനിമേറ്റഡ് സീരീസിനുണ്ടായിരുന്നത്. റോവന്‍ അറ്റ്കിന്‍സണ്‍ തന്നെ ആയിരിക്കും ജനപ്രിയ കഥാപാത്രത്തിന് നാലാം സീസണിലും ശബ്ദം നല്‍കുകയെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹം തന്നെയാണ് പുതിയ സീരിസിന്റെ നിര്‍മാതാവും. മിസ്റ്റര്‍ ബീനിന്റെ ഔദ്യോഗിക പേജിലൂടെയാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഡേവ് ഓസ്‌ബോണാണ് നാലാം സീസണ്‍ സംവിധാനം ചെയ്യുന്നത്. 1990-ല്‍ ഒരു ബ്രിട്ടീഷ് സിറ്റ്കോമായി വന്ന മിസ്റ്റര്‍ ബീന്‍ വലിയ പ്രേക്ഷക സ്വീകാര്യത നേടിയതോടെ എല്ലാ രാജ്യങ്ങളിലും വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്യപ്പെടുകയായിരുന്നു.

പലരുടെയും കുട്ടിക്കാലം മനോഹരമാക്കിയ ഒരു കഥാപാത്രമാണ് മിസ്റ്റര്‍ ബീന്‍. കാലമിത്ര കഴിഞ്ഞിട്ടും മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിനെ ആരും മറന്നിട്ടില്ല എന്നുമാത്രമല്ല ഇപ്പോഴും ആ കഥാപാത്രത്തെ ഒരുപാട് സ്‌നേഹിക്കുകയും ചെയുന്നുണ്ട്. കുട്ടിക്കാലത്തിന്റെ ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മകളില്‍ ഒന്നാണ് ഇന്നും മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രം. ഒറ്റക്കുള്ള ജീവിതം ഇത്ര മനോഹരമായി ആസ്വദിക്കാന്‍ സാധിക്കും എന്ന് കാണിച്ച കൊടുത്ത കഥാപാത്രം കൂടിയാണ് മിസ്റ്റര്‍ ബീന്‍. കുട്ടികളെയും വലിയവരെയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്ത ബീനിന് ലോകമെമ്പാടും ലക്ഷകണക്കിന് ആരാധകരുമുണ്ട്. കാര്‍ട്ടൂണില്‍ മിസ്റ്റര്‍ ബീന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോവന്‍ സെബാസ്റ്റ്യന്‍ അറ്റ്കിന്‍സന്‍ തന്നെയാണ് കഥാപാത്രത്തെ സൃഷ്ടാവ്. തന്റെ അഭിനയ മോഹത്തിന് വില്ലനായ വിക്ക് എന്ന അവസ്ഥയെ മനോഹരമായി അവതരിപ്പിച്ചു കൊണ്ടുതന്നെ തനിക്ക് ചുറ്റും വലിയ ആരാധക വൃന്ദം സൃഷ്ടിക്കുകയായിരുന്നു റോവന്‍. ഒരക്ഷരം പോലും ഉരിയാടാതെ സ്വന്തം ശരീര ചലനങ്ങള്‍ മാത്രം ഉപയോഗിച്ചു കൊണ്ടാണ് റോവന്‍ മിസ്റ്റര്‍ ബീന്‍ എന്ന തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. ഒറ്റക്കുള്ള ജീവിതത്തില്‍ മിസ്റ്റര്‍ ബീനിന്റെ സന്തത സഹചാരി ടെഡി എന്ന് വിളിക്കുന്ന പാവയാണ്. ടെഡി, ഇര്‍മ ഗോബ്, മിസിസ് വിക്കറ്റ് ഓമനിച്ച് വളര്‍ത്തുന്ന പൂച്ചയായ സ്‌ക്രാപ്പര്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ആനിമേറ്റഡ് സീരീസ്.

Share on

മറ്റുവാര്‍ത്തകള്‍