UPDATES

അശ്ലീല വീഡിയോകളും അറപ്പുള്ള പാരമര്‍ശങ്ങളും; ശൈലജ ടീച്ചര്‍ ഒറ്റപ്പെട്ട സംഭവമല്ല

ലൈംഗീക അശ്ലീലത ആഘോഷിക്കുന്ന കേരള രാഷ്ട്രീയം

                       

അറപ്പ് തോന്നുന്ന പരാമര്‍ശങ്ങളും വാക്കുകളുമാണ് സോഷ്യല്‍ മീഡിയ പേജിലെ കമന്റ് ബോക്‌സിലേക്ക് വരുന്നത്, കുടുംബ ഗ്രൂപ്പുകളിലേക്ക് അശ്ലീല വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നു, എന്നെ ആക്രമിക്കുന്നേ എന്ന് നിലവിളിക്കാന്‍ ഞാനില്ല, എന്നാല്‍ തെളിവുകളുമായി നിയമനടപടി സ്വീകരിക്കുക തന്നെ ചെയ്യും, തെരഞ്ഞെടുപ്പ് വരുമ്പോള്‍ പരസ്പര വാഗ്വാദങ്ങള്‍ സ്വാഭാവികമാണ്. പ്രത്യേകിച്ച് വടകര പോലുള്ള നിര്‍ണായക മണ്ഡലങ്ങളില്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഉണ്ടാവും. പക്ഷെ ഇവിടെ നടന്നത് ഇതിനെല്ലാം അപ്പുറമാണ്. പറയുന്നത് മുന്‍മന്ത്രിയും കൊവിഡ് കാലത്ത് മികച്ച ഭരണം കാഴ്ച വച്ച് ജനകീയ നേതാവുമായ കെ കെ ശൈലജ ടീച്ചറാണ്. വനിത സംവരണ ബില്‍ പാസാക്കപ്പെടുകയും വരും വര്‍ഷങ്ങളില്‍ വനിത നേതാക്കളെ വളര്‍ത്തി കൊണ്ടുവരുന്നതില്‍ ശ്രദ്ധിക്കേണ്ടിയും ഇരിക്കുന്ന കാലത്തും ഈ അവസ്ഥ ഉണ്ടാവുമ്പോള്‍ മനസിലാക്കേണ്ടത് ഈ പറയുന്ന പാര്‍ട്ടികള്‍ക്കൊ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കോ അതൊരു വലിയ തെറ്റായി തോന്നാറില്ല എന്നത് തന്നെയാണ്. ലോക ശ്രദ്ധ നേടിയ ആരോഗ്യമന്ത്രിയായിരിക്കെ ശൈലജ ടീച്ചറെ കൊവിഡ് റാണിയെന്നും നിപ്പ രാജകുമാരിയെന്നും വിളിച്ച മുല്ലപ്പള്ളി മാപ്പ് പറഞ്ഞത് ഉദാഹരണം, അപ്പോളജി…നത്തിങ് ഡൂയിങ് എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. തിരുവനന്തപുരം മേയര്‍ ആര്യരാജേന്ദ്രന്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ കെ മുരളീധരന്റെ സോറി പറയലും സമാനമായിരുന്നു, സൗന്ദര്യമുണ്ടെന്ന് പറഞ്ഞതില്‍ തെറ്റില്ല, എന്നാല്‍ മേയര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ ഖേദിക്കുന്നു. നേതാവെന്നും മന്ത്രിയെന്നും എല്‍എഎയെന്നുമെല്ലാം ഒരുപാട് മേലങ്കികള്‍ അണിഞ്ഞ് കേരളത്തിലെ പൊതുജീവിതത്തിന്റെ ഭാഗമായ വനിത നേതാക്കളെല്ലാം ഒരിക്കലെങ്കിലും ടീച്ചറുടെ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടാവും. കാലം കാണിച്ച് തന്നിട്ടുള്ളതും അത് തന്നെയാണ്. പൊതുരംഗത്ത് നില്‍ക്കുന്ന സ്ത്രീകള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ആക്രമിക്കപ്പെടാന്‍ തുടങ്ങിയതിന് കേരളപിറവിയോളം തന്നെ പഴക്കമുണ്ടാവും.

മച്ചിപ്പെണ്ണേ വിളികേട്ട ഗൗരിയമ്മ

കേരള രാഷ്ട്രീയത്തിലെ വിപ്ലവ പോരാളിയെന്ന പേരുള്ള ഗൗരിയമ്മയാണ് അശ്ലീല രാഷ്ട്രീയത്തിന്റെ അതിജീവിത. അത്തരം പരാമര്‍ശങ്ങള്‍ കൊണ്ടൊന്നും അവരെ പൊതുരംഗത്ത് നിന്ന് അകറ്റി നിര്‍ത്താന്‍ എതിരാളികള്‍ക്കായില്ല. പകരം കേരം തിങ്ങും കേരള നാട്ടില്‍, കെ ആര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം അണികളെ കൊണ്ട് അവര്‍ വിളിപ്പിക്കുന്നത് കേള്‍ക്കേണ്ടിയും വന്നു.

വാടീ ഗൗരീ ചായ കുടി,

കേറിയിരുന്നൊരു ബീഡി വലീ…

ഗൗരിച്ചോത്തിയെ മടിയിലിരുത്തി

നാടുഭരിക്കും നമ്പൂരീ…

അറുപതാണ്ട് മുന്‍പ് മുന്നേ പാടി നടന്ന ഈ മുദ്രാവാക്യത്തില്‍ ഗൗരിയമ്മയ്‌ക്കൊപ്പം അവര്‍ ചേര്‍ത്ത് വച്ചിരിക്കുന്ന നമ്പൂരി പേര് ഇഎംഎസ് നമ്പൂതിരിപ്പാടിന്റേതാണ്. അവര്‍ വിവാഹിതയായപ്പോള്‍ പങ്കാളിയെയും ചേര്‍ത്തായിരുന്നു ആക്ഷേപം

അരിവാളെന്തിന് തോമാച്ചാ

ഗൗരിച്ചോത്തിയെ ചൊറിയാനോ…

ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു

റൗഡിത്തോമാ സൂക്ഷിച്ചോ

എമ്മനും ഗൗരിയുമൊന്നാണേ

തോമാ അവരുടെ വാലാണേ…

മക്കളില്ലാത്തതിന്റെ പേരിലും അവര്‍ ആക്രമിക്കപ്പെട്ടു. ഒപ്പം ജാതിയുടെ പേരിലും ഉണ്ടായി ആക്രമണം. 1987ല്‍ മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ താന്‍ അര്‍ഹയായിരുന്നുവെന്ന് മരണം വരെ അവര്‍ വിശ്വസിച്ചിരുന്നു. താഴ്ന്ന ജാതിക്കാരി ആയതിനാല്‍ ആണ് അന്ന് ആ പദവി കിട്ടാതിരുന്നതെന്നും അവര്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ

മക്കടെ വേദനയറിയില്ലേ…

ഗൗരീ നീയൊരു പെണ്ണല്ലേ

പുല്ലുപറിക്കാന്‍ പൊയ്ക്കൂടേ…

നാടുഭരിക്കാന്‍ അറിയില്ലെങ്കില്‍

വാടീ ഗൗരീ കയറുപിരിക്കാന്‍…

നാടുഭരിക്കാനറിയില്ലെങ്കില്‍

ചകിരി പിരിക്കൂ ഗൗരിച്ചോത്തി

അവര്‍ പുല്ലുപറിക്കാന്‍ വിളിച്ച ഗൗരിയമ്മ, ഈഴവ സമുദായത്തിലെ ആദ്യ വനിത അഭിഭാഷക കൂടിയായിരുന്നു. ഒടുവില്‍ പ്രായാധിക്യത്തിന്റെ നടുവിലും രാഷ്ട്രീയത്തില്‍ സജീവമായ അവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നു. അധിക്ഷേപിച്ചത് പിസി ജോര്‍ജ്ജാണ്. ആംബുലന്‍സുമായി വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നു, അവരുടെ കൈയിലിരുപ്പ് മോശമാണ്, ഇതൊക്കെയായിരുന്നു പിസിയുടെ നാവില്‍ നിന്ന് വന്നത്. ഇതിനെതിരേ ഗൗരിയമ്മ പ്രതികരിച്ചപ്പോള്‍ 95 വയസുള്ള കിളവി എന്ന വിളിയായിരുന്നു ജോര്‍ജിന്റെ തുടര്‍ മറുപടി.

വീണ മുതല്‍ രമ്യാഹരിദാസ് വരെ

മന്ത്രിയാകാന്‍ യോഗ്യതയില്ല, സിനിമ നടിയാക്കാം- പിസി മന്ത്രി വീണാ ജോര്‍ജിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ. ചാനലിലെ രാഷ്ട്രീയ ചര്‍ച്ചയ്ക്കിടെ അണ്ടിയാപ്പീസില്‍ പോയിക്കൂടേ എന്ന ചോദ്യം നേരിട്ടത് മേഴ്സിക്കുട്ടിയമ്മ ആണ്. അവിടെ പോയികൊണ്ടിരിക്കുന്ന വ്യക്തി തന്നെയാണ് താന്‍ എന്ന മറുപടിയും അവര്‍ നല്‍കി. ഭര്‍ത്താവിന്റെ മരണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പഴി കേട്ടതും ഇപ്പോഴും കേള്‍ക്കുന്നതുമായ നേതാവാണ് കെകെ രമ. യുഡിഎഫ് നേതാവായ കുഞ്ഞാലികുട്ടിയെ കാണാന്‍ പോയതിന്റെ പേരിലാണ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രമ്യാഹരിദാസ് എല്‍.ഡി.എഫിലെ എ. വിജയരാഘവന്റെ അധിക്ഷേപത്തിന് ഇരയായത്. പാണക്കാട് തങ്ങളെ കണ്ട ശേഷം രമ്യ ഓടിയത് കുഞ്ഞാലികുട്ടിയെ കാണാനാണെന്നായിരുന്നു ആ വാക്കുകള്‍. വി.എസ് അച്യുതാനന്ദന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നേരിട്ടവരാണ് സിന്ധു ജോയിയും, ലതികാ സുഭാഷും.

കേരള പിറവിയ്ക്ക് ശേഷം എത്ര സര്‍ക്കാരുകള്‍ മാറി മാറി വന്നു, പാര്‍ട്ടികള്‍ ലയിച്ചു, വിഭജിച്ചു. സാക്ഷര കേരളം, നവോത്ഥാന കേരളം എന്നൊക്കെ പുകളുകളും കേട്ടു. അപ്പോഴും പൊതുസമൂഹത്തിനോ ജനപ്രതിനിധികള്‍ക്കോ ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി എന്ന് അവബോധം ഉണ്ടായിട്ടില്ലെന്നതാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍