Continue reading “മൊട്ടക്കുന്നുകളെ വനമാക്കാം; വരൂ പാമ്പാടുംചോലയിലേക്ക്”

" /> Continue reading “മൊട്ടക്കുന്നുകളെ വനമാക്കാം; വരൂ പാമ്പാടുംചോലയിലേക്ക്”

"> Continue reading “മൊട്ടക്കുന്നുകളെ വനമാക്കാം; വരൂ പാമ്പാടുംചോലയിലേക്ക്”

">

UPDATES

മൊട്ടക്കുന്നുകളെ വനമാക്കാം; വരൂ പാമ്പാടുംചോലയിലേക്ക്

Avatar

                       

അജു ചിറക്കല്‍

ഓരോ യാത്രയും നല്‍കുന്നത് പുതിയ ഓരോ അനുഭവങ്ങളാണ്. ആ അനുഭവങ്ങളിലൂടെയാണ് നാം ജീവിക്കുക. എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ തിരുമേനി സര്‍ പാമ്പാടും ചോലയില്‍ ആണ് ഇത്തവണ നേച്ചര്‍ ക്യാംപ്‌ എന്ന് പറഞ്ഞപ്പോള്‍ തന്നെ ഇത് വ്യത്യസ്തമാകും എന്നുറപ്പിച്ചതാണ്. കഴിഞ്ഞ തവണ ഇവിടേക്ക് ക്യാംപിനു ശ്രമിച്ചിട്ട് കിട്ടിയില്ല. ചിമ്മിണിയോ, ചിന്നാറോ നല്‍കാമെന്ന് പറഞ്ഞിട്ടും  കിട്ടുകയാണെങ്കില്‍ അത് പാമ്പാടും ചോല മതിയെന്ന് പറഞ്ഞത് സര്‍ ആണ്. ഒരു വര്‍ഷം കാത്തിരുന്നാലും ഇവിടേയ്ക്ക് കിട്ടിയല്ലോ.

തലേ ദിവസം സഞ്ചാരികളുടെ മീറ്റും പുലര്‍ച്ചെ കൊളുക്കുമല യാത്രയും കഴിഞ്ഞു ഞാന്‍ ഉച്ചയോടെ മുന്നാര്‍ ടൌണില്‍ കാത്തുനിന്നു. എറണാകുളത്തു നിന്നും ബസ്സില്‍ മുപ്പതു കുട്ടികളെയും കൊണ്ട് തിരുമേനി സര്‍ എത്തി. അവരോടൊപ്പം അതേ ബസ്സില്‍ പാമ്പാടും ചോലയിലേക്ക്. ഇടയ്ക്ക് മാട്ടുപ്പെട്ടി ഡാമിനോട് ചേര്‍ന്ന് ബസ്‌ നിര്‍ത്തി കാഴ്ചകള്‍ കാണുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. മാട്ടുപ്പെട്ടി ഡാമും പരിസരവും നല്ല തിരക്കാണ്. ബോട്ടിങ്ങിനും കാഴ്ചകള്‍ കാണാനും നിറയെ ആള്‍ക്കാര്‍. ടോപ്പ് സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങളുടെ നീണ്ട നിരയ്ക്കൊപ്പം ഞങ്ങളും കൂടി. അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞു കുറഞ്ഞു വന്നു, ബസ്സിലെ ജനാലകളിലൂടെ തണുത്ത കാറ്റ് അകത്തേക്ക് എത്തിക്കൊണ്ടിരുന്നു. വൈകുന്നേരം നാല് മണിയോടെ കോടയില്‍ കുളിച്ച ടോപ് സ്റ്റേഷന്‍ മലനിരകളും പിന്നിട്ടു ഞങ്ങള്‍ പാമ്പാടും ചോല ചെക്ക്‌ പോസ്റ്റില്‍ എത്തി. ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞാല്‍ ഇരു വശവും യൂക്കാലിയും മറ്റു മരങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്നു.

കുറച്ചു ദൂരം യാത്ര ചെയ്തതിനു ശേഷം ബസ് മൂന്ന് നാല് കെട്ടിടങ്ങള്‍ ഉള്ള ഒരിടത്ത് നിന്നു. നേച്ചര്‍ എജുക്കേഷന്‍ സെന്റര്‍, ഷോല നാഷണല്‍ പാര്‍ക്ക്‌ വട്ടവട എന്നെഴുതിയ പച്ച കളര്‍ ബോര്‍ഡ്‌ അവിടെക്കണ്ടു. ബസ്‌ നിര്‍ത്തിയതിനു തൊട്ടടുത്ത്‌ മരങ്ങള്‍ മുറിച്ചു മാറ്റിയതിന്റെ കുറ്റികള്‍ കാണാം. അതിനുമപ്പുറത്തു ചതുപ്പാണ്. അത് കഴിഞ്ഞാല്‍ ചോലക്കാടുകള്‍.

പാമ്പാടും ചോലയില്‍  ഡോര്‍മിട്രി സൌകര്യമാണ് ഉള്ളത്. പത്തു മുപ്പതു പേര്‍ക്ക് താമസിക്കാം. ഒരാള്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പടെ 300 രൂപയാണ്. അതല്ലാതെ കാടിനോട് ചേര്‍ന്ന് കുടിലുകളും ഉണ്ട്. കോടമൂടിയ കുളിരണിഞ്ഞ കാലാവസ്ഥയില്‍ രണ്ടു പേര്‍ക്ക് ഒരു രാത്രി താമസിക്കാന്‍ അവിടെ 3500 രൂപയാണ്. കാടിന് നടുവിലെ മലമുകളില്‍ രണ്ടു കുടിലുകള്‍. മൃഗങ്ങള്‍ കയറാതെ ഇരിക്കാന്‍  നാല് വശത്തും കിടങ്ങുകള്‍ തീര്‍ത്തിട്ടുണ്ട്. അതിനോട് ചേര്‍ന്ന് അവിടെ താമസിക്കുനവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും കാവലിനും വരുന്നവര്‍ക്ക് വേണ്ടി മറ്റൊരു കുടില്‍. സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി ബുക്ക്‌ ചെയ്താല്‍ ഡോര്‍മെട്രി ഫ്രീ ആണ്.  

മൂന്നു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ വട്ടവടയാണ്. കാരറ്റും മറ്റു പച്ചക്കറികളും സ്ട്രോബെറിയും വിളയുന്ന വട്ടവട. പോകുന്ന വഴിയില്‍ കാടാകെ കോടയില്‍ മുങ്ങി നില്‍ക്കുന്നു. അകലെയുള്ള മല നിരകളില്‍ കോടയിറങ്ങുന്ന കാഴ്ച. കുന്നിന്‍ ചെരിവുകള്‍ തട്ട് തട്ടായി കൃഷി ചെയ്യുന്ന വട്ടവട ഗ്രാമം വൈകുന്നേരത് കൂടുതല്‍ ഭംഗിയായി തോന്നി. ഒരു ചെറിയ ടൌണ്‍, കടകളില്‍ അവിടെ വിളഞ്ഞ പച്ചകറികള്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നു. എറണാകുളത്തേക്ക് ഇവിടെ നിന്നും ആന വണ്ടികളും പ്രൈവറ്റ് ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ടൌണില്‍ നിന്നും ഉള്ളിലേക്ക് നിറയെ വീടുകള്‍, തെരുവുകള്‍.ഒരു ചെറിയ കറക്കത്തിനു ശേഷം എല്ലാരും ബസ്സില്‍ ക്യാംപിലേക്കു തിരിച്ചു.

ഏഴുമണി ആയപ്പോള്‍ സുമേഷ്‌ സര്‍ എത്തി എല്ലാവരോടും ക്യാംപ്‌ ഹാളിലേക്ക് വരാന്‍ പറഞ്ഞു. പുറത്തു നല്ല തണുപ്പ്, ഒരു ചെറിയ ക്ലാസ്, തുടര്‍ന്ന് ഒരു ഡോകുമെന്ററി പ്രദര്‍ശനം. ഇത്രയുമാണ് പ്ലാന്‍. സാധാരണ എല്ലാ നേച്ചര്‍ കാംപിലും ഇതാണ് പതിവ്. പക്ഷെ ഇവിടെ ഡി എഫ് ഒ സ്ഥലത്തില്ല, ക്ലാസ്സ്‌ എടുക്കാന്‍ വേറെ ആരും ഇല്ലാഞ്ഞതിനാല്‍ സുമേഷ്‌ സര്‍ പാമ്പാടും  ചോല നാഷണല്‍ പാര്‍ക്കിനെ കുറിച്ച് ഒരു ലഘു വിവരണം തന്നു. മുന്നാര്‍ വൈല്‍ഡ്‌ ലൈഫ് ഡിവിഷന്‍റെ കീഴിലുള്ളതാണ് പാമ്പാടും ചോല നാഷണല്‍ പാര്‍ക്ക്‌. കേരളത്തില്‍ അഞ്ചു നാഷണല്‍ പാര്‍ക്കുകളാണുള്ളത് സിംഹവാലന്‍ കുരങ്ങുകള്‍ ഉള്ള സൈലന്‍റെ വാലി, വരയാടുകളും നീല കുറിഞ്ഞിയുമുള്ള ഇരവികുളം പിന്നെ ആനമുടിച്ചോല, മതികെട്ടാന്‍ ചോല, പാമ്പാടും ചോല. വര എന്നതിന് പാറയില്‍ ഓടുന്നതു എന്നാണ് തമിഴില്‍ അര്‍ഥം അങ്ങനെയാണ് വരയാട് എന്ന നാമം വന്നത്. 2003 ല്‍ ആണ് അവസാനത്തെ മൂന്നു നാഷണല്‍ പാര്‍ക്ക്‌കളും നിലവില്‍ വന്നത്.

ഇവിടെയുള്ളത് ഷോല വനങ്ങളാണ്, വളരെയധികം പ്രാധാന്യം ഉള്ള ഇത്തരം വനങ്ങള്‍ക്ക് മുന്നൂറു മുതല്‍ നാനൂറു വര്ഷം വരെ പഴക്കം ഉണ്ട്. വട്ടവട ഗ്രാമത്തിന് വെള്ളം നല്‍കുന്നത് ഈ ഷോലയില്‍ നിന്നാണ്. സര്‍ക്കാരിന്റെ ജലനിധി പദ്ധതി പ്രകാരം വെള്ളം കൊണ്ടുപോകാനുള്ള പൈപ്പിന്‍റെ പണികള്‍ പുരോഗമിക്കുന്നു. 1970 വരെ ഇവിടെ ഷോലക്കാടുകളും പുല്‍മേടുകളും മാത്രമായിരുന്നു. തുകല്‍ ഊറയിടുന്നതിനുള്ള ടാരന്‍ നിര്‍മ്മിക്കുന്നതിനായി  വറ്റല്‍, യൂക്കാലിപ്സ് തുടങ്ങിയ മരങ്ങള്‍ ഇവിടെ വെച്ച് പിടിപ്പിച്ചു. പുല്‍മേടുകള്‍ വെട്ടി നശിപ്പിച്ചിട്ടാണ്  ഇത്തരം മരങ്ങള്‍ ഇവിടെ വെച്ച് പിടിപ്പിച്ചത്. ഇത്തരം മരങ്ങള്‍ അടിക്കാടുകളും പുല്‍മേടുകളും വളരാന്‍ അനുവദിക്കാറില്ല. അക്കാരണത്താല്‍ മൃഗങ്ങള്‍ ഇവിടെ നിന്നും അകന്നു തുടങ്ങി. മാത്രമല്ല ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. ഇതിനൊരു പരിഹാരം എന്ന നിലയില്‍ വകുപ്പ് ഈ മരങ്ങളെ നശിപ്പിക്കാന്‍ തുടങ്ങി. തല്‍ഫലമായി പുല്‍മേടുകള്‍ ഉണ്ടായി, മൃഗങ്ങള്‍ വന്നു തുടങ്ങി. ഏകദേശം ഒരു വര്ഷം മുന്‍പ് ഇതിനെക്കുറിച്ച്‌ പത്രത്തില്‍ വാര്‍ത്ത വന്നത് എനിക്കോര്‍മ്മ വന്നു.

പാമ്പാടും ചോലയുടെ ഭാഗമായുള്ള പട്ടിയാങ്കല്‍ എന്നയിടത് കഴിഞ്ഞ വര്ഷം ഉണ്ടായ കാട്ടുതീയില്‍ 39 ഹെക്ടര്‍ കാട് കത്തി നശിച്ചു, നശിച്ചവയെല്ലാം അക്വേഷ്യ (വറ്റല്‍ ) വിഭാഗത്തില്‍ പെട്ട മരങ്ങള്‍ ആയിരുന്നു. പക്ഷെ മരങ്ങള്‍ കത്തി നശിച്ച മൊട്ട കുന്നുകളിലെ മേല്‍ മണ്ണ് അടുത്ത മഴയില്‍ കുത്തി ഒലിച്ചു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ ഫലഭൂയിഷ്ടമായ മേല്‍മണ്ണ് നഷ്ടപെട്ടാല്‍ മൊട്ടകുന്നുകള്‍ മരുഭൂമിക്കു തുല്യമാകും. അത്തരം ഒരവസ്ഥ ഇല്ലാതിരിക്കാന്‍ വനം വകുപ്പ് പൊതുജനങ്ങളും, നേച്ചര്‍ ക്ലബ്‌കളും യാത്രാ കൂട്ടങ്ങളും, സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളുമായും ചേര്‍ന്ന്  കത്തി നശിച്ച മരക്കഷണങ്ങള്‍ തടയണവെച്ച്  മണ്ണ്‍ ഒഴുകുന്നത്‌ തടയാനും, വളര്‍ന്നു വരുന്ന വറ്റല്‍ ചെടികളെ പിഴുതു കളയാനും തുടങ്ങിയിട്ടുണ്ട്. നാളെ രാവിലെ 8 മണി മുതല്‍ 12 മണി വരെ ഞങ്ങള്‍ക്ക് അവിടെയാണ് ഡ്യൂട്ടി.

തുടര്‍ന്ന് എര്‍ത്ത് എന്ന ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങി. തണുപ്പ് കൂടുന്നതുകൊണ്ടാണോ എന്നറിയില്ല വിശപ്പ്‌ കൂടി വന്നു. കഞ്ഞി റെഡി, എന്നുള്ള വിളി വന്നതും എല്ലാരും കൂടി കാന്റീനിലേക്ക്. പയറും പപ്പടവും അച്ചാറും കൂട്ടി കഞ്ഞി കുടിച്ചിട്ട് എല്ലാരും കമ്പിളിയുടെ ഉള്ളിലേക്ക് വലിഞ്ഞു. കാട്ടുപോത്തുകളെ വളരെ അടുത്ത് നിന്ന് കാണാം എന്നുള്ളതാണ് പാമ്പാടും ചോലയുടെ പ്രത്യേകത. പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ ഡോര്‍മിട്രിക്ക് വെളിയില്‍ പലപ്പോഴും കാട്ടു പോത്തുകളെ കാണാറുണ്ട്‌ എന്ന് ഭക്ഷണം ഉണ്ടാക്കുന്ന ചേട്ടന്‍മ്മാര്‍ പറഞ്ഞു. ഉറങ്ങും മുന്നേ കുറച്ചു നേരം  വിശാലമായ മുറ്റത്തിരുന്നു ആകാശത്തേക്ക് നോക്കി, ചുറ്റും കൂരിരുട്ട്, പോരാത്തതിന് ശക്തിയേറിയ തണുപ്പും. പക്ഷെ ആകാശത്ത്‌ ആയിരം കാന്താരി പൂത്തിറങ്ങിയപോലെ നക്ഷത്ര കൂട്ടം. കുട്ടിയായിരുന്നപ്പോള്‍ കണ്ടതിനു ശേഷം ഇത്രയും നക്ഷത്രങ്ങളെ കണ്ടിട്ടേ ഇല്ല.

ഉറക്കത്തിലേക്ക് പോയത് എങ്ങനെയെന്നു പോലും അറിഞ്ഞില്ല, പുലര്‍ച്ചെ ആരെക്കെയോ ഉണര്‍ന്ന ശബ്ദം കേട്ടപ്പോള്‍ പതുക്കെ തലപൊക്കി നോക്കി. സൂര്യനും ഞങ്ങളെപ്പോലെ പകുതിയുണര്‍ന്നതേയുള്ളൂ. ഒട്ടും മലിനമല്ലാത്ത ഈ കാലാവസ്ഥയില്‍  പ്രഭാതം കാണുക ഒരു മനോഹരമായ അനുഭവമായത് കൊണ്ട് എഴുന്നേറ്റു പല്ല് തേച്ചു വെളിയിലേക്കിറങ്ങി. അകലെയുള്ള മലമുകളില്‍ നിന്നും അരിച്ചിറങ്ങുന്ന സൂര്യപ്രകാശം മുറ്റത്ത്‌ നിഴല്‍ വരയ്ക്കുന്നു. ക്യാമറയുമായി ഇറങ്ങിയ എനിക്ക് നയന മനോഹരമായ കാഴ്ചകളാണ് അതു നല്‍കിയത്. അകലത്തെ മലനിരകളില്‍ കൂടി തെന്നി മാറുന്ന കോടമഞ്ഞിന്‍റെ നേര്‍ത്ത പാളികള്‍. പല തരത്തിലുള്ള പക്ഷികളുടെ ശബ്ദമുഖരിതമായ അന്തരീക്ഷം. അതിനു അകമ്പടി സേവിക്കാന്‍ നനുത്ത കാറ്റ്.

കൊണ്ടുപോകാന്‍ വേണ്ടി സുമേഷ്‌ സര്‍ ആന്‍ഡ്‌ ടീം എത്തി. വളരെ പെട്ടെന്ന് ഭക്ഷണം കഴിച്ചു പണിക്കിറങ്ങാനുള്ള വസ്ത്രങ്ങളും ധരിച്ച് എല്ലാരും എത്തിച്ചേര്‍ന്നു. പോകും മുന്നേ എല്ലാരോടും കൂടി ചില നിര്‍ദ്ദേശങ്ങള്‍. തുടര്‍ന്ന് ഞങ്ങള്‍ വന്ന ബസില്‍ പട്ടിയാങ്കല്‍ വരെ യാത്ര. അവിടെ നിന്ന് മുകളിലേക്ക് യൂക്കാലി തോട്ടങ്ങള്‍ തണല്‍ വിരിച്ച വഴിയിലൂടെ ചെറിയ കയറ്റം. കുറച്ചു കഴിഞ്ഞപ്പോള്‍ യൂക്കാലി തോട്ടങ്ങള്‍ തീര്‍ന്നുവെങ്കിലും കയറ്റം തീര്‍ന്നിട്ടുണ്ടായിരുന്നില്ല. വെളുത്തു കിടക്കുന്ന കുന്നുകള്‍, ഞങ്ങള്‍ കയറ്റം കയറികൊണ്ടിരുന്നു. വെള്ളവും കുറച്ചു പഴവും കരുതിയിരുന്നു.

മുകളിലെത്തിയപ്പോള്‍ കണ്ടത് പാതി കരിഞ്ഞ മരങ്ങളാണ്. കാട്ടുതീയില്‍ പെട്ടതിന്‍റെ ബാക്കി പത്രം, ശ്മശാനത്തിനു സമാനമായ അന്തരീക്ഷം. അവിടെ ഇവിടെയായി തല നീട്ടുന്ന വറ്റല്‍ മരത്തിന്‍റെ തൈകള്‍. പോയവര്‍ രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞു. ഒരു ഗ്രൂപ്പ്‌ തൈകള്‍ പിഴുതെടുക്കാനും മറ്റൊരു ഗ്രൂപ്പ്‌ പാതി കരിഞ്ഞ മരങ്ങള്‍ തട്ട് തട്ടായി വെക്കാനും തുടങ്ങി. സമയം പോയിക്കൊണ്ടിരിക്കും തോറും ചൂടിന്‍റെ കാഠിന്യം കൂടി വന്നു. 

ഏകദേശം ഒരു മണി ആയപ്പോള്‍ ജോലി അവസാനിപ്പിച്ചു. മല ഇറങ്ങി റൂമിലെത്തി, കുളിച്ചു ഭക്ഷണം കഴിച്ച് ഒരു ചെറിയ വിശ്രമത്തിനു ശേഷം ട്രക്കിങ്ങിനു പുറപ്പെട്ടു. ബസ്സില്‍ ഷോല പാര്‍ക്കിന്‍റെ ഗസ്റ്റ് ഹൌസ് വരെ, അവിടെ നിന്നും ഗൈഡിനെ കൂട്ടി കാടിനുള്ളിലേക്ക്. 

ഇതിനു മുന്നേ നിരവധി എന്‍ എസ് എസ് ക്യാംപുകള്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കൂടെ വന്നിട്ടുള്ള കുട്ടികള്‍ ആരും തന്നെ ഒരു നേച്ചര്‍ ക്യാംപില്‍ പങ്കെടുത്തിട്ടില്ല. അതിനാല്‍ അവരുടെ സംസാരവും ബഹളവും കൂടുതല്‍ ആയിരുന്നു. അതുകൊണ്ട് മൃഗങ്ങളെ കാണാന്‍ ഉള്ള ഭാഗ്യം കിട്ടിയില്ല. എങ്കിലും കാട് മുഴുവന്‍ ചുറ്റി നടന്നു കണ്ടു. വീണു കിടക്കുന്ന നിരവധി വന്‍ മരങ്ങള്‍ അഴുകി മണ്ണിനോട് ചേരാറായി കിടക്കുന്നു. പഴകിയ ആന പിണ്ടങ്ങള്‍ , നിരവധി പുതിയ തരം ചെടികളും പ്രാണികളും. മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന നിരവധി ചെറിയ വെള്ളചാലുകള്‍. അതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന തടയണകള്‍. കയറ്റങ്ങളും ഇറക്കങ്ങളും കടന്നു ഞങ്ങള്‍ കാടിന് വെളിയിലേക്കിറങ്ങുന്നിടത്തെത്തി. ഇറങ്ങി വരുന്നവരുടെ ബഹളം കേട്ട് കരിങ്കുരങ്ങുകള്‍ കൂട്ടത്തോടെ ചാടി നാലുപാടും ഓടി. ക്യാമറ റെഡിയാക്കി വരും മുന്നേ മലയണ്ണാന്‍ ഇളിച്ചു കാണിച്ചിട്ടും പോയി. 

ഇത്ര ദൂരം യാത്ര ചെയ്തിട്ടും ആര്‍ക്കും ക്ഷീണമോ പരാതിയോ ഇല്ലായിരുന്നു. തിരിച്ചു സന്ധ്യയോടെ റൂമിലെത്തി, ചായയും പഴം പൊരിയും കഴിച്ചു. എല്ലാരേയും പരിചയപ്പെടുത്തിക്കൊണ്ടും നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞു കൊണ്ടും വനം വകുപ്പിന്‍റെ ഒരു ക്ലാസ്സ്‌. പിന്നീട് നമ്മുടെ സംസ്ഥാന പക്ഷിയായ മല മുഴക്കി വേഴാമ്പലിന്‍റെ ജീവിത കാലത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി. തുടര്‍ന്ന് കഞ്ഞി കുടിച്ച് ഉറക്കത്തിലേക്ക്. പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണവും കഴിഞ്ഞു അവരോടു നന്ദിയും പറഞ്ഞു. ബസില്‍ കയറുമ്പോള്‍ രണ്ടു ദിവസം ജീവിച്ചത് സ്വപ്നത്തില്‍ ആയിരുന്നില്ല എന്നുറപ്പിക്കാന്‍ വേണ്ടി ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി. ഇനിയും വരാനുള്ള അതിഥികളെയും കാത്തു ഷോല നാഷണല്‍ പാര്‍ക്ക്‌ പിന്നില്‍.. 

അടികുറിപ്പ് : വനത്തിലേക്ക് യാത്ര പോകുന്നവര്‍, സഞ്ചാരികള്‍ പരിസ്ഥിതിയെകുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍, ഫോട്ടോ എടുക്കാന്‍ വേണ്ടി കാട് കയറുന്നവര്‍, നിങ്ങള്‍ക്കൊക്കെ ഒരവസരമാണിത്. വന പുനര്‍ നിര്‍മാണത്തില്‍ പങ്കെടുക്കാന്‍ ഒരവസരം. വര്‍ഷങ്ങള്‍ക്കു ശേഷം ഈ മൊട്ടകുന്നുകള്‍ പുല്‍മേടുകളായി മാറുമ്പോള്‍. കാട്ടുപോത്തും മാനും ആനയും മേയുമ്പോള്‍ അഭിമാനത്തോടെ നമുക്കും പറയാം ‘ഞാന്‍ കൂടി അദ്ധ്വാനിച്ചാണ് ഇവയുണ്ടായത്’ എന്ന്.

ബുക്കിംഗിനു വിളിക്കേണ്ട നമ്പര്‍: 8301024187, 04865231587

കൂടുതല്‍ ചിത്രങ്ങള്‍ 

(ഗവേഷക വിദ്യാര്‍ഥിയാണ് അജു)

 

Share on

മറ്റുവാര്‍ത്തകള്‍