UPDATES

പ്രവാസം

ഖത്തര്‍ എക്‌സിറ്റ് പെര്‍മിറ്റ് ഉടന്‍ എടുത്തുകളയും

ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതിന്റെ ഏറ്റവും നല്ല തെളിവായാണ് എക്‌സിറ്റ് വിസ സംവിധാനം വിമര്‍ശിക്കപ്പെട്ടിരുന്നത്

                       

ജോലിക്കാര്‍ക്ക് രാജ്യം വിട്ടുപോകാന്‍ തൊഴിലുടമകളുടെ അനുമതി ആവശ്യമായ എക്‌സിറ്റ് വിസ സംവിധാനം ഖത്തര്‍ എടുത്തുകളഞ്ഞേക്കും. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐഎല്‍ഒ) ഓഫീസ് തുടങ്ങിയതോടെയാണ് ചരിത്രപരമായ ഈ കരാര്‍ സാധ്യമാകുന്നത്.

എക്‌സിറ്റ് വിസയെക്കുറിച്ചുള്ള അന്തിമ വിവരങ്ങള്‍ തങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഈ കരാര്‍ പ്രബല്യത്തില്‍ വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന കോണ്‍ഫഡറേഷന്‍ ജനറല്‍ സെക്രട്ടറിയും ഖത്തറിലെ തൊഴില്‍ നിയമങ്ങളുടെ കടുത്ത വിമര്‍ശകയുമായ ഷാരണ്‍ ബര്‍റോ അറിയിച്ചു.

ഇതുസംബന്ധിച്ച് ഒരു കരാര്‍ ഉടന്‍ പ്രതീക്ഷിക്കുമെന്ന് മറ്റ് ചില കേന്ദ്രങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതിന്റെ ഏറ്റവും നല്ല തെളിവായാണ് എക്‌സിറ്റ് വിസ സംവിധാനം വിമര്‍ശിക്കപ്പെട്ടിരുന്നത്. ഏകദേശം 20 ലക്ഷം പ്രവാസി തൊഴിലാളികളാണ് രാജ്യത്തുള്ളത്. 2022ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവകാശം നേടിയെടുത്തതോടെ ഈ സംവിധാനത്തിനം നിര്‍ത്തലാക്കണമെന്ന് കടുത്ത സമ്മര്‍ദ്ദമാണ് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഖത്തര്‍ നേരിടുന്നത്. ലോകകപ്പിനോട് അനുബന്ധിച്ച അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി പ്രതിവാരം 500 ദശലക്ഷം ഡോളര്‍ ചെലവഴിക്കുമെന്നാണ് ഖത്തര്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

ആഗോള തലത്തില്‍ മികച്ച തൊഴില്‍ സംവിധാനം ഉറപ്പുവരുത്താനുള്ള മറ്റൊരു നീക്കം കൂടി ഖത്തര്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ഐഎല്‍ഒ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് തൊഴില്‍ മന്ത്രി ഇസ്സ സാദ് അല്‍-ജഫാലി അല്‍-നുവാമി അറിയിച്ചു. ഞങ്ങളുടെ അതിഥികളായ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇപ്പോള്‍ ഖത്തര്‍ സര്‍ക്കാരിന് ഒരു പങ്കാളിയെക്കൂടി ലഭിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം ഐഎല്‍ഒ ഓഫീസ് ആരംഭിച്ചതിനെക്കുറിച്ച് പറഞ്ഞത്.

 

Share on

മറ്റുവാര്‍ത്തകള്‍