ഇലക്ഷന്‍ വരുമ്പോള്‍ കൂട്ടുകക്ഷി മുന്നണി രൂപീകരിക്കുക കാലങ്ങളായി നമ്മുടെ രാജ്യത്ത് കണ്ടുവരുന്ന ഒരു കീഴ്‌വഴക്കമാണ്. ഒറ്റക്കക്ഷിക്ക് രാജ്യം ഭരിക്കുവാന്‍ സാധിക്കുന്നില്ല എന്നുള്ള സാഹചര്യം വന്നതു മുതലാണ് ഈ കൂട്ടുകക്ഷി എന്ന രീതി രാജ്യത്ത് നടപ്പായത്. വ്യത്യസ്ത ആശയങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കുന്ന ഈ പ്രക്രിയ വന്‍ വിജയമായിട്ടുണ്ട്. കൂട്ടുകക്ഷി മുന്നണി പല അവസരങ്ങളിലും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലാണ് മുന്നണി രാഷ്ട്രീയം ആദ്യം പരീക്ഷിച്ചതും വിജയിച്ചതും. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പു തന്നെ സഖ്യകക്ഷി പരീക്ഷണം നടന്ന ഇടമാണ് കേരളം. 1951 മുതലിങ്ങോട്ട് ചെറുതും വലുതുമായ സഖ്യക്ഷികളുടെ സാന്നിധ്യം കാണാം. 1951 തിരുക്കൊച്ചി തെരഞെടുപ്പു കാലം. കമ്യൂണിസ്റ്റ് പാര്‍ട്ടി, ആര്‍എസ്പി, കെഎസ്പി, പിഎസ്പി എന്നീ കക്ഷികള്‍ ഐക്യമുന്നണിയുണ്ടാക്കുന്നത് ഈ തെരഞ്ഞെടുപ്പ് കാലത്താണ്. കോണ്‍ഗ്രസും ഡെമാക്രാറ്റിക് കോണ്‍ഗ്രസും പരസ്പരം ലയിച്ചാണ് ഈ മുന്നണിയെ അന്ന് നേരിട്ടത്.
നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ എല്‍ഡിഎഫ് പ്രവേശന ശ്രമം
ഇന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം കൂട്ടുകക്ഷി മുന്നണി രീതി അനുവര്‍ത്തിച്ചു വരുന്നു എന്ന് കാണുവാന്‍ സാധിക്കും. ഒരു പാര്‍ട്ടി തന്നെ പല ഭാഗങ്ങളായി മാറി പ്രവര്‍ത്തിക്കുന്ന ഒരു പ്രവണതയും നമ്മുടെ രാജ്യത്ത് പലയിടങ്ങളിലും കാണാം. കേരളത്തില്‍ കേരള കോണ്‍ഗ്രസ് ആണെങ്കില്‍ ദേശീയ തലത്തില്‍ ജനതാദള്‍ അത്തരം ഒരു സ്ഥിതിവിശേഷം ഉള്ളവരാണ് എന്ന ഉദാഹരണം നമുക്ക് ചൂണ്ടി കാണിക്കാം. ജനതാദളില്‍ നിന്ന് വേര്‍തിരിഞ്ഞു പോയി നിരവധി ഗ്രൂപ്പുകള്‍ ആയി ദേശീയതലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. അതില്‍ പ്രശസ്തമാണ് മുലായം സിംഗിന്റെ സമാജ് വാദി പാര്‍ട്ടി, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, റാംവിലാസ് പസ്വാന്‍ തുടക്കം കുറിച്ച ലോക് ജനശക്തി പാര്‍ട്ടി. ജനതാദള്‍ പിളര്‍ന്നുണ്ടായ ഇവരെല്ലാം തന്നെ യുപിയുടെ ഭാഗമായിരുന്നു എന്നുള്ളതാണ് ശ്രദ്ധേയം.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജി ഹരി ഇത് വിഷയമാക്കി സൗദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തില്‍ വരച്ച കാര്‍ട്ടൂണ്‍ വളരെ രസകരമാണ്. കോണ്‍ഗ്രസിന്റെ ചിഹ്നമാണമല്ലോ കൈപ്പത്തി. കോണ്‍ഗ്രസിന്റെ നേത്യത്വത്തിലാണല്ലോ യു.പി.ഐ മുന്നണി. കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയില്‍ സോണിയാ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനും ഇടയിലായി ഓരോ വിരലിലും ജനതാദളിന്റെ ഓരോ ഗ്രൂപ്പുകള്‍ സ്ഥാനം പിടിച്ചതാണ് ഇവിടെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പുകളും പരസ്പരം യോജിക്കാത്തവരാണ് എന്നുള്ളത് കൊണ്ടാണല്ലോ അവര്‍ വ്യത്യസ്ത പേരുകളില്‍ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ യുപിഐ ഭരണം അവരെ ഒരു കുടക്കീഴില്‍ ആക്കിയിരിക്കുന്നു എന്നുള്ളതാണ് രസകരം. അധികാരത്തിന്റെ ശീതളച്ഛായയില്‍ ഇവരെല്ലാം ഒന്നിക്കുന്ന രസകരമായ കാഴ്ചയാണ് ജി ഹരി അവതരിപ്പിച്ചിരിക്കുന്നത്.
കാര്‍ട്ടൂണ്‍ കടപ്പാട്: മലയാളം ന്യൂസ്