UPDATES

ഓഫ് ബീറ്റ്

പ്രസവം തൃശൂരിലും പിരിമുറുക്കം എകെജി ഭവനു മുന്നിലും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-25

                       

2007 മെയ് 25 രാവിലെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ നിന്ന് ഫോണ്‍ വന്നു.

ഭാര്യയാണ് മറുവശത്ത്; ‘ഡോക്ടര്‍ അഡ്മിറ്റാകാന്‍ പറഞ്ഞിട്ടുണ്ട്.’

‘ഇന്ന് പ്രസവം നടക്കുമോ…. ഇക്കുറി മോള് തന്നെ’.

ഭാര്യ ചിരിച്ചു.

ദില്ലിയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കുള്ള താമസം. മകനും നാട്ടില്‍ തന്നെ. അമ്മയോടൊപ്പം അവനും പോയിരിക്കുകയാണ്. പത്രവായന കഴിഞ്ഞ് നേരെ എ.കെ.ജി ഭവനിലേയ്ക്കായിരുന്ന അന്നത്തെ യാത്ര. കാരണമുണ്ട്. അന്ന് രണ്ടിലൊന്ന് സംഭവിക്കും ഒന്നുകില്‍ വി എസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും, അല്ലെങ്കില്‍ പിണറായിയെ പുറത്താക്കും. രണ്ടു പേരെയും പുറത്താക്കുമെന്ന് വേറെ ചിലര്‍. തരം താഴ്ത്തുമെന്ന് മറ്റൊരു കൂട്ടര്‍. സി.പി.എം കേന്ദ്ര കമ്മറ്റി കേരളത്തിലെ ശക്തമായ വിഭാഗീയത ചര്‍ച്ച ചെയ്യുന്ന ദിവസം കൂടിയാണ് അന്ന്. രാവിലെ അവിടെ പോകാന്‍ കാരണമുണ്ട്. രാഷ്ട്രീയ ചൂട് ഒരു കാരണം. കാര്‍ട്ടൂണ്‍ വരയ്ക്കാനുള്ള വിഷയം അനായാസം ലഭിക്കാന്‍, അതില്‍ നിന്ന് ശക്തമായ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ ഇത്തരം വാര്‍ത്താ ഉറവിടങ്ങളില്‍ പോകുന്നത് നന്നായിരിക്കുമെന്ന് അനുഭവത്തില്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. മറ്റൊരു കാര്യം കാര്‍ട്ടൂണില്‍ വരയ്ക്കപ്പെടുന്നവരെ നേരില്‍ കാണുവാന്‍ ലഭിക്കുന്ന അവസരമായിയിരിക്കും എന്നതു തന്നെ. പത്ര സമ്മേളനങ്ങളിലും, പാര്‍ലമെന്റിലും നിയമസഭയിലും പോകുന്നതിന് എനിക്ക് പ്രേരണയായത് ഈ രംഗത്തേയ്ക്ക് എന്നെ കൊണ്ടെത്തിച്ച കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ തന്നെ. അദ്ദേഹം അങ്ങിനെ പോകുമായിരുന്നു. അത് പിന്തുടര്‍ന്നാണ് ഞാനും ആ പോക്ക് ആരംഭിച്ചത്. അത്തരത്തിലുള്ള പോക്കാണ് എ.കെ.ജി ഭവനിന് മുന്നിലേയ്ക്കുണ്ടായത്.
ഞാന്‍ അവിടെ എത്തിയപ്പോള്‍ കാണുന്ന കാഴ്ച ചാനലുകളുടെ ഒ ബി വാനുകളും ക്യാമറകളും കൊണ്ട് ഉത്സവാന്തരീക്ഷം നല്‍കുന്ന എ.കെ.ജി ഭവന്റെ മുറ്റമാണ്. മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളെ പലരേയും കാണാമായിരുന്നു. ചുറ്റിനും മറ്റ് യുവ പത്രപ്രവര്‍ത്തകരും. ഞാനും അവരോടൊപ്പം കൂടി. നേതാക്കള്‍ ഓരോന്നായി വന്നുകൊണ്ടിരുന്നു. ആരും ഒന്നും പ്രതികരിക്കാതെ പോകുകയാണ്.

വിഎസ്സിന്റെ ലക്ഷ്മണ രേഖ

പത്ത് മണിയായി. തൃശ്ശൂരിലേയ്ക്ക് ഒന്ന് വിളിച്ചുനോക്കാം. എന്തായി അവിടെ എന്നറിയാം. ‘ഡോക്ടറിപ്പം വരും’ എന്ന മറുപടി ലഭിച്ചു. വീണ്ടും ഞാന്‍ പത്രപ്രവര്‍ത്തകരുടെ ഇടയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം കണ്ടെത്തി. സമയം പത്ത് പത്ത്. ഏതോ ഒരു നേതാവ് എ.കെ.ജി ഭവന് പുറത്തിറങ്ങി കാറിലേയ്ക്ക് കയറാന്‍ നടന്നു. പത്ത് മിനിറ്റില്‍, കേന്ദ്ര കമ്മറ്റിയില്‍ നടന്ന ചര്‍ച്ചയുടെ വല്ല വിവരവും കിട്ടുമോ എന്നറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈച്ച പൊതിയും പോലെ പൊതിയുന്നു. തൃശൂരില്‍ നിന്ന് ഫോണ്‍ വന്നു.

‘ലേബര്‍ റൂമിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.’ മറുതലയ്ക്കല്‍ അനുജനാണ്. സ്വാഭാവിക പ്രസവത്തിന് മരുന്ന് കൊടുത്തിട്ടുണ്ടെന്ന് നേഴ്‌സ് പറഞ്ഞു. അനുജന്‍ ലേറ്റസ്റ്റ് വിവരം നല്‍കി. കേന്ദ്രകമ്മറ്റിയില്‍ നടന്ന ചര്‍ച്ചയുടെ ലേറ്റസ്റ്റ് വിവരം കിട്ടാതെ മാധ്യമ പ്രവര്‍ത്തകര്‍ അപ്പോഴും അവിടെ വട്ടംകൂടി ചര്‍ച്ച നടത്തുന്നുണ്ട്. എന്തായിരിക്കും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതെന്നും ആരൊക്കെ എന്തൊക്കെ പറയുമെന്നും ഭാവനയില്‍ പലരും വെച്ചുകാച്ചി.

തൃശൂര്‍ അശ്വനിയില്‍നിന്ന് അനിയന്റെ ഫോണ്‍ ‘പ്രസവിച്ചു… പെണ്‍കുട്ടി, ഓപ്പറേഷനായിരുന്നു…’ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു. എന്റെ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം. സുഹൃത്തുക്കളായ പത്രപ്രവര്‍ത്തകരുമായി ഗോള്‍ മാര്‍ക്കറ്റിലെ ബംഗാളി സ്വീറ്റ്‌സില്‍ നിന്ന് ഒരു ചിന്ന മധുരപാര്‍ട്ടി…(മിഠായി വിതരണം എ.കെ.ജി ഭവന് മുമ്പില്‍ നടത്തിയാല്‍ പിന്നെ അതായി പുലിവാല്). ഉച്ചയ്ക്ക് നേതാക്കളില്‍ ചിലര്‍ (പിണറായിയും വി.എസ്സും അടക്കം) ഉച്ചഭക്ഷണത്തിന് കേരള ഹൗസിലേക്ക് പോയി. ഒന്നും മിണ്ടിയില്ല. പത്രക്കാര്‍ വീണ്ടും കഥകള്‍ മെനഞ്ഞു. പിറ്റേന്നും ചര്‍ച്ച തുടരും എന്നതുമാത്രമായിരുന്നു വാര്‍ത്ത. വൈകീട്ട് വ്യക്തിപരമായ സന്തോഷത്താല്‍ മനസ്സു നിറഞ്ഞ് കാര്‍ട്ടൂണ്‍ വരയ്ക്കാനിരുന്നു. പല പല ആശയങ്ങള്‍ കുമിളകളായി വന്നുകൊണ്ടിരുന്നു. അങ്ങ് കിലോമീറ്ററുകള്‍ക്ക് അപ്പുറം ഭാര്യയെ പ്രസവ വാര്‍ഡില്‍ കയറ്റുന്നതും പ്രസവ വേദനയ്ക്കുള്ള മരുന്ന് നല്‍കിയതും. പുറത്തുവന്നതും… ശേഷം സ്‌ക്രീനില്‍ എന്നപോലെ കാര്‍ട്ടൂണ്‍ കാണുക.

സി.പി.എം പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിനെ ഡോക്ടറാക്കി പോളിറ്റ് ബ്യൂറോ അംഗവും ഭാര്യയുമായ വൃന്ദ കാരാട്ടിനെ നഴ്‌സാക്കി… തൃശൂര്‍ അശ്വനിയില്‍ ഓപ്പറേഷനിലൂടെ എന്റെ ഭാര്യ പ്രസവിച്ചില്ലായിരുന്നെങ്കില്‍ എന്റെ അന്നത്തെ കാര്‍ട്ടൂണ്‍ മറ്റൊന്നായേനെ.

Share on

മറ്റുവാര്‍ത്തകള്‍