UPDATES

പിന്നെയാരാണ് റിയാസ് മൗലവിയെ കൊന്നത്?

ശരീരത്തില്‍ നിരവധി കുത്തേറ്റും കഴുത്ത് മുറിഞ്ഞുമാണ് മൗലവി കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞതാണ്‌

                       

2017 മാര്‍ച്ച് 21 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണു റിയാസ് മൗലവി എന്ന 27 കാരനെ കഴുത്തറുത്ത് കൊന്നത്. ചൂരി ഇസ്ലത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയുടെ കൊലപാതകം കാസര്‍ഗോഡ് മാത്രമല്ല, കേരളം ഒട്ടാകെ വലിയ ഞെട്ടലാണുണ്ടാക്കിയത്. ഒരു മുസ്ലിം മതാധ്യാപകന്‍ പള്ളിയോട് ചേര്‍ന്നുള്ള സ്വന്തം കിടപ്പുമുറിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ടതു നാടിനെ ആകെ സമ്മര്‍ദ്ദത്തിലാക്കി. പ്രതികള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്നു. മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ തക്കശേഷിയുള്ള കൊലപാതകം വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകുമായിരുന്നു. എങ്കിലും ഈ നാട് സംയമനം പാലിച്ചു.

മൗലവിയുടെ കൊലപാതകികളെ പെട്ടെന്നു പിടികൂടാന്‍ പൊലീസിന് സാധിച്ചതും, സാഹചര്യങ്ങള്‍ മയപ്പെടുത്തി. പ്രതികള്‍ക്ക് കിട്ടുന്ന ശിക്ഷയായിരുന്നു മൗലവിക്ക് ലഭിക്കുന്ന നീതി; കേരളത്തിനും. എന്നാല്‍ പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നവരെയെല്ലാം നിരാശരാക്കിയാണ് ഏഴ് വര്‍ഷത്തിനിപ്പുറം കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നുണ്ടായത്. കുറ്റക്കാരല്ലെന്ന് കണ്ട് മൂന്നു പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ജഡ്ജി കെ കെ ബാലകൃഷ്ണന്‍ വിധി പ്രസ്താവിച്ചത്.

കോടതി വിധി കേട്ട് റിയാസ് മൗലവിയുടെ ഭാര്യ സയീദ പൊട്ടിക്കരഞ്ഞു. പൊതുസമൂഹവും ഞെട്ടി.

പൊലീസിന് വീഴ്ച്ച പറ്റിയോ?

കേസില്‍ ഒരിടത്തുപോലും പാളിച്ച പറ്റിയിട്ടില്ലെന്നാണു പ്രോസിക്യൂഷനും പൊലീസും പറയുന്നത്. കൊല നടന്ന് മൂന്നാം ദിവസം മൂന്നു പ്രതികളെയും പൊലീസ് പിടികൂടി. 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. കഴിഞ്ഞ ഏഴു വര്‍ഷമായി പ്രതികള്‍ പരോള്‍ പോലും ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നു. വിചാരണക്കിടയില്‍ സാക്ഷികളാരും കൂറുമാറിയതുമില്ല. എന്നിട്ടും അവസാന വിധിയില്‍ പ്രതികള്‍ കുറ്റവിമുക്തര്‍. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയതായി ആരോപണങ്ങളില്ല. മാത്രമല്ല, കൈവിട്ടുപോകാവുന്ന സാഹചര്യത്തെ കര്‍ത്തവ്യബോധത്തോടെ നേരിട്ട കേരള പൊലീസ് മോശമായ ഒരു വാര്‍ത്തയും കേള്‍പ്പിക്കാന്‍ അവസരമൊരുക്കിയില്ല. മാധ്യമങ്ങളോട് പോലും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷ്മതയോടെയാണ് പങ്കുവച്ചത്.

മൗലവിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസറഗോഡ് മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് പരക്കെ അക്രമങ്ങളാണ് നടന്നത്. പ്ലസ് ടു പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കാത്ത അവസ്ഥവരെയുണ്ടായി. പലയിടത്തും ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ പൊലീസുമായി ഏറ്റുമുട്ടലുകള്‍ നടന്നു. ജില്ലയില്‍ ഒരാഴ്ച നിരോധാനാജ്ഞ പ്രഖ്യാപിച്ചു. അവിടെ നിന്നും വലുതായി പ്രശ്‌നങ്ങള്‍ മാറാന്‍ പൊലീസ് ഇടയൊരുക്കിയില്ല. അക്കാര്യത്തില്‍ മുസ്ലിം സമുദായത്തോടും കേരളം കടപ്പെട്ടിരിക്കുന്നു.

രാഷ്ട്രീയാരോപണങ്ങള്‍

മൗലവിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള വലിയ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ശക്തമായ കരുതല്‍ നടപടികളാണു പൊലീസ് കൈക്കൊണ്ടത്. പ്രദേശത്ത് രാത്രികാല ബൈക്ക് സര്‍വീസുകള്‍ നിരോധിച്ചു. വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങി സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കി. കുറ്റകരവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതികളെ പിടികൂടാനും കഴിഞ്ഞതോടെ പൊലീസിന് സാഹചര്യം അവരുടെ കൈപ്പിടിയില്‍ നിര്‍ത്താനും കഴിഞ്ഞു.

കൊലപാതകം നടന്ന പഴയ ചൂരി മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബിജെപിക്കു ശക്തമായ സ്വാധീനമുണ്ട്. മൗലവിയുടെ കൊലപാതകത്തിനു പിന്നില്‍ ബിജെപി ആണെന്നായിരുന്നു ലീഗ് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണം തള്ളിക്കളഞ്ഞ ബിജെപി, വിഷയത്തെ വര്‍ഗീയവത്കരിച്ചു നാടിന്റെ സമാധാനാന്തരീക്ഷം കളയാനാണു ലീഗ് ശ്രമിക്കുന്നതെന്നു പ്രതിവാദം പറഞ്ഞു. ബിജെപി നേതാവ് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താസമ്മേളനം വിളിച്ച് കൊല്ലപ്പെട്ട അധ്യാപകന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നഗരത്തില്‍ നടന്ന അക്രമത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതും വാര്‍ത്തയായി.

പ്രതികള്‍ക്കെതിരേ പൊലീസ് ചുമത്തിയത് കൊലപാതകം (ഐപിസി302), മതസൗഹാര്‍ദം തകര്‍ക്കല്‍, വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കല്‍ (ഐപിസി153) കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് വീട് അതിക്രമിച്ചു കടക്കല്‍ (ഐപിസി450), ആക്രമിക്കാന്‍ സംഘടിക്കല്‍ (ഐപിസി34), തെറ്റിദ്ധരിപ്പിച്ച് കുറ്റംമറച്ചുവയ്ക്കല്‍ (ഐപിസി201) എന്നീ വകുപ്പുകളായിരുന്നു. സംഭവത്തില്‍ ഗൂഡാലോചനയുടെ സാധ്യതയില്ലെന്നതു ചൂണ്ടിക്കാട്ടി 120ബി ചേര്‍ത്തിട്ടില്ലായിരുന്നു. തുടര്‍ നടപടികളില്‍ ആവശ്യമാകുന്ന പക്ഷം ഗൂഢാലോചന വകുപ്പ് ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു അന്വേഷണസംഘം കോടതിയില്‍ അറിയിച്ചത്.

മൗലവിക്ക് ഭീഷണിയുണ്ടായിരുന്നോ?

നാല്‍ക്കാലികളുടെ അറവിനും മറ്റും പോകുന്ന റിയാസ് മൗലവിക്കെതിരേ നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിനു പിന്നിലെ കാരണം ഇതായിരിക്കുമെന്ന ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നു. പഴയ ചൂരി ഇസ്ലാം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അതിനു ചുറ്റുമുള്ള കേളുഗുഡ്ഡെ പോലുള്ള പ്രദേശങ്ങള്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ്. മുമ്പും ഇവിടെ മുസ്ലിം മതത്തില്‍ പെട്ടവര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്കു സ്വാധീനമുള്ള മധൂര്‍ പഞ്ചായത്തിലെ ബട്ടംപാറയില്‍ ഇര്‍ഷാദ്, മീപ്പുഗിരിയില്‍ സാബിത്ത് എന്നിവര്‍ കൊല്ലപ്പെട്ടതിനു പിന്നിലും ഇതേ രീതിയിലുള്ള ആസൂത്രണങ്ങള്‍ നടന്നിട്ടുണ്ടാകാമെന്ന സംശയവും അന്നു പലരും ഉന്നയിച്ചിരുന്നു. ബിജെപി കേരളത്തില്‍ തങ്ങളുടെ ശക്തികേന്ദ്രമായി കാണുന്ന പ്രധാന ജില്ലയാണ് കാസര്‍ഗോഡ്.

കൊലപാതകം മദ്യലഹരിയിലോ?

റിയാസ് മൗലവിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് അമിതമായ മദ്യലഹരിയില്‍ ഉണ്ടായ തോന്നലിന്റെ പുറത്തോ? എന്നൊരു ചോദ്യവും അന്ന് ഉയര്‍ന്നിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെടുത്തി പൊലീസിനെ ഉദ്ധരിച്ച് ആ ദിവസങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഇപ്രകാരമാണ്. മാര്‍ച്ച് 20 ന് താളപ്പടപ്പില്‍ പ്രതികളായ അജേഷും നിധിനും അഖിലേഷും ചേര്‍ന്ന് അമിതമായി മദ്യപിച്ചു. മദ്യലഹരിയില്‍ ഉന്മാദവസ്ഥയിലെത്തിയ പ്രതികളില്‍ അജേഷിന് ആരെയെങ്കിലും കൊല്ലണമെന്ന തോന്നല്‍ ഉണ്ടാവുകയും താളിപ്പടപ്പില്‍ നിന്നും നേരെ ഒരു കത്തിയുമായി നടക്കുകയും ചെയ്തു. നിധിനും അഖിലേഷും ബൈക്കില്‍ ഇയാളെ പിന്തുടര്‍ന്നു. രണ്ടു കിലോമീറ്ററോളം ചെന്നു കഴിഞ്ഞപ്പോള്‍ പഴയ ചൂരിയിലെ പള്ളിയുടെ മുന്നില്‍ ഇവരെത്തി. പള്ളിയിലെത്തിയ അജേഷ് നേരെ മദ്രസയിലേക്ക് പോയി. അവിടെ ആരും ഉണ്ടായിരുന്നില്ല. അജേഷിനു പിറകെ നിധിനും ഉണ്ടായിരുന്നു. ഇയാളുടെ കൈയില്‍ കല്ലുകളുണ്ടായിരുന്നു. അഖിലേഷ് റോഡില്‍ ബൈക്കില്‍ തന്നെയിരുന്നു. അജേഷ് മദ്രസയില്‍ നിന്നും റിയാസ് മൗലവി താമസിക്കുന്നിടത്തേക്കു പോയി. ഗേറ്റ് അനങ്ങുന്ന ശബ്ദം കേട്ട് റിയാസ് മൗലവി വാതില്‍ തുറന്നു. ഈ സമയം അദ്ദേഹത്തിനുനേരെ കല്ലേറുണ്ടായി. ഉടന്‍ തന്നെ അജേഷ് കത്തിയുമായി മൗലവിയുടെ മുറിയിലേക്ക് ഓടിക്കയറി. ഈ സമയം മൗലവിയുടെ നിലവിളി കേട്ട് അടുത്ത മുറിയില്‍ താമസിക്കുന്ന അബ്ദുള്‍ അസീസ് വഹാബി പുറത്തിറങ്ങി നോക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിനുനേരെയും കല്ലേറുണ്ടായി. ഉടന്‍ തന്നെ അദ്ദേഹം അകത്തു കടന്ന് വാതിലടച്ചു വിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചു. പക്ഷേ ഈ സമയം അജേഷ് മൗലവിയെ കുത്തിയും കഴുത്തറത്തും കൊലപ്പെടുത്തിയിരുന്നു.

പുറത്തു കേട്ട കഥകള്‍

ബിജെപി ശക്തികേന്ദ്രമായ കേളുഗുഡ്ഡെയിലെ അയ്യപ്പനഗറില്‍ അയ്യപ്പ ഭജനമന്ദിരത്തിനടത്തു താമസിക്കുന്ന എസ്. അജേഷ് (20), മാതായിലെ നിധിന്‍ റാവു(20), ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ്(25) എന്നിവരായിരുന്നു മൗലവിയുടെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍. വഹാബി മൈക്കിലൂടെ സഹായം തേടിയതോടെ പ്രതികള്‍ ബൈക്കില്‍ കയറി സ്ഥലം വിട്ടു. കേളുഗുഡ്ഡയിലുള്ള ഒരു അംഗന്‍വാടിയിലേക്കാണ് ഇവര്‍ പോയത്. ഇവിടെയെത്തിയശേഷം അജേഷ് കത്തിയിലും ശരീരത്തും ഉണ്ടായിരുന്ന രക്തക്കറ അവിടെയുണ്ടായിരുന്ന ഒരു ടാങ്കിലെ വെള്ളത്തില്‍ കഴുകി കളഞ്ഞു. കത്തി സമീപത്തുള്ള കവുങ്ങിന്‍ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. അന്നു രാത്രി മൂവരും സുഹൃത്തുക്കളുടെ വീട്ടിലാണു കഴിഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്തെ ഒരു കേസില്‍ വാറന്റ് വന്നിട്ടുണ്ടെന്നും പൊലീസ് തിരക്കിവരാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു കാരണം പറഞ്ഞത്. പിറ്റേദിവസം രാവിലെ എഴുന്നേറ്റു പോവുകയും ചെയ്തു.

അഖിലേഷ് സ്വകാര്യബാങ്കില്‍ കുടിശ്ശിക തിരിച്ചു പിടിക്കുന്ന വിഭാഗത്തിലെ ജോലിക്കാരനായിരുന്നു. ഇയാള്‍ രാവിലെ ബാങ്കിലേക്കു പോയി. അജേഷ് കൂലിപ്പണിക്കാരനും നിധിന്‍ എസി മെക്കാനിക്കുമാണ്. ഇവര്‍ രണ്ടുപേരും കേളുഗുഡ്ഡെ വയലിലെ ഒരു ഷെഡില്‍ ഒളിവില്‍ ഇരുന്നു. രാത്രിയില്‍ മാത്രം വീട്ടില്‍ പോയി ഭക്ഷണം കഴിക്കും. രണ്ടു ദിവസം ഇവര്‍ ഇവിടെ തന്നെ ഒളിച്ചു കഴിഞ്ഞു. എന്നാല്‍ അജേഷിനെയും നിധിനെയും നാട്ടില്‍ കാണാതായതിനെ തുടര്‍ന്നുണ്ടായ സംസാരം പൊലീസില്‍ എത്തിയതോടെയാണ് പൊലീസ് ഇവരെ അന്വേഷിക്കാന്‍ തുടങ്ങിയതും പിടിയിലാകുന്നതും.

ചില മാധ്യമങ്ങള്‍ കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതായി റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരമായിരുന്നു; ഷട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നടത്തേക്ക് മദ്യലഹരിയില്‍ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞതിനു പകരമായി പ്രതികള്‍ക്കു നേരെയുണ്ടായ കല്ലേറില്‍ നിധിനും അജേഷിനും പരിക്കേറ്റു. ഇതിനു പ്രതികാരം ചെയ്യാനായാണു കൊലപാതകം ആസൂത്രണം ചെയ്തത്. മാര്‍ച്ച് 18 നാണ് ഈ സംഭവം നടന്നത്. 20-ആം തീയതി രാത്രിവരെ ഈ ഉദ്ദേശവുമായി പ്രതികള്‍ കറങ്ങി നടന്നെങ്കിലും കൊലപാതകം നടത്താന്‍ കഴിഞ്ഞില്ല. മൗലവിയെ കൊലപ്പെടുത്തിയ ദിവസം കഞ്ചാവും മദ്യവും കഴിച്ച് അമിതമായ ലഹരിക്ക് അടിപ്പെട്ടു വീണ്ടും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഒരാള്‍ സ്‌കൂട്ടറില്‍ പോകുന്നതു കണ്ടു. ഇയാളെ പിന്തുടര്‍ന്നു. പിന്നീട് ഈ സ്‌കൂട്ടര്‍ പള്ളിക്കു സമീപം നിര്‍ത്തിയ നിലയില്‍ കണ്ടു. ഈ സമയം പള്ളിക്കു സമീപത്തെ മുറിയില്‍ വെളിച്ചം കണ്ടു. പള്ളിയിലേക്കു കടന്ന അജേഷ് ആദ്യം പോയത് മദ്രസയിലേക്കായിരുന്നു. അവിടെ ആരുമില്ലായിരുന്നു. ഈ സമയം ശബ്ദം കേട്ട് മൗലവി വാതില്‍ തുറന്നപ്പോള്‍ അജേഷ് കത്തിയുമായി ഓടിക്കയറുകയുമായിരുന്നു. മൗലവിയുടെ ശരീരത്തില്‍ അജേഷ് 28 തവണ കുത്തുകയും കഴുത്തറക്കുകയും ചെയ്തിരുന്നു.

എന്തുകൊണ്ട് റിയാസ് മൗലവി?

ഈ രണ്ടു വിശദീകരണങ്ങളിലും ഉയര്‍ന്നൊരു ചോദ്യം, ആരെയെങ്കിലും കൊല്ലണമെന്ന് തോന്നിയ പ്രതികള്‍ക്ക് അവരുടെ ഉദ്ദേശം നടപ്പാക്കാന്‍ റിയാസ് മൗലവിയെന്ന മദ്രസ അധ്യാപകനെ തന്നെ തെരഞ്ഞുപിടിക്കാന്‍ തോന്നിയത് എന്തുകൊണ്ടാണ് എന്നതായിരുന്നു. താളിപ്പടപ്പില്‍ നിന്നും കൊലവിളിയുമായി നീങ്ങിയ അജേഷ് പഴയ ചൂരിയിലെ പള്ളി വരെ എത്തിയപ്പോള്‍ ഇവിടെ തന്നെ തന്റെ ഇരയെന്ന് ഉറപ്പിക്കാനും തോന്നിയത് എന്തുകൊണ്ട്? പള്ളിയില്‍ കയറിയ അജേഷ് നേരെ മദ്രസയിലേക്ക് പോയത് എന്തുകൊണ്ട്? കൈയില്‍ കല്ലുകളുമായി ഒരാള്‍ ഒപ്പം നിങ്ങിയതും? മറ്റൊരാള്‍ രക്ഷപ്പെടാനുള്ള തയ്യാറെടുപ്പുമായി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയയിരുന്നതും എന്തിന്? വെറും മദ്യലഹരിയില്‍ തോന്നിയ കൊലവിളിയാണെങ്കില്‍ ഇത്രയൊക്കെ തയ്യാറെടുപ്പുകള്‍ നടത്തുമായിരുന്നോ? കഞ്ചാവും മദ്യവുമെല്ലാം ഒരുമിച്ചുപയോഗിച്ച് മദോന്മത്തമായ അവസ്ഥയിലെത്തിയെന്നു പറയുന്നവര്‍ക്ക് ബോധപൂര്‍വമുള്ള ഇത്രയും തയ്യാറെടുപ്പുകള്‍ നടത്തുക അസാധ്യം. ആരെയെങ്കിലും കൊല്ലുകയായിരുന്നോ അതോ റിയാസ് മൗലവിയെ തന്നെ കൊല്ലുകയായിരുന്നോ പ്രതികളുടെ ഉദ്ദേശം? അതല്ലെങ്കില്‍ ആരെയെങ്കിലും കൊല്ലുമ്പോള്‍ അതൊരു മുസ്ലിമിനെ തന്നെയായിരിക്കണം എന്നു തീര്‍ച്ചപ്പെടുത്തിയിരുന്നോ?

Share on

മറ്റുവാര്‍ത്തകള്‍