UPDATES

വിദേശം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന് ആവേശപ്പോര്

മറിച്ചൊരു വിധി ഉണ്ടായാല്‍, അവസാന മത്സരത്തില്‍ എവര്‍ട്ടനെതിരേ ആര്‍സനലിന് ജയിച്ചുകയറാന്‍ സാധിക്കരുത്

                       

ലോക കായികരംഗത്തെ ഏറ്റവും കോംപറ്റിറ്റീവ് ആയ ലീഗ് ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരേമയുള്ളൂ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്… കിരീടത്തിന് അവകാശവാദമുന്നയിക്കാന്‍ കെല്‍പുള്ള നിരവധി ടീമുകള്‍ അണിനിരക്കുന്നതിനാല്‍ തന്നെ ഇ.പി.എല്‍. എല്ലാ സീസണിലും കടുകട്ടിയായിരിക്കും. ഇത്തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ത്രസിപ്പിക്കുന്ന ഫിനിഷിലേക്കാണ്. ലണ്ടന്‍ ക്ലബ് ആര്‍സനലും നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലാണ് ഇത്തവണ ലീഗ് ടൈറ്റിലിനായി പോരടിക്കുന്നത്. ലീഗില്‍ ഒരു മത്സരം മാത്രം ബാക്കിയിരിക്കെ ആര്‍സനല്‍ 86 പോയിന്റുമായി ഒന്നാമതാണെങ്കിലും 85 പോയിന്റുള്ള പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ടു മത്സരം ബാക്കിയുണ്ട് എന്നത് ഗണ്ണേഴ്‌സിനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. 19നു രാത്രി ഇന്ത്യന്‍ സമയം 8.30നാണ് എല്ലാ ടീമുകളും അവസാന മത്സരത്തിനിറങ്ങുന്നതെങ്കിലും ഇന്നു രാത്രി (ബുധന്‍ പുലര്‍ച്ചെ 12.30) തന്നെ കിരീടം ആര്‍ക്കെന്ന കാര്യത്തില്‍ ഏകദേശചിത്രം ലഭിക്കും. ഇന്ന് നിര്‍ണായക മത്സരത്തില്‍ ലണ്ടനിലെ മറ്റൊരു അതികായരായ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ തട്ടകത്തില്‍ നേരിടാനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. കരുത്തരായ ടോട്ടനം ഹോട്‌സ്പര്‍ തങ്ങളുടെ സ്വന്തം സ്‌റ്റേഡിയത്തില്‍ അലറിവിളിക്കുന്ന അറുപതിനായിരത്തിനു മുകളില്‍ വരുന്ന ആരാധകര്‍ക്കു മുന്നില്‍ സിറ്റിയെ ജയിക്കാന്‍ വിടരുതേയെന്ന പ്രാര്‍ത്ഥനയിലാണ് മികേല്‍ ആര്‍ട്ടേറ്റയും സംഘവും. 2004ല്‍ ലജന്‍ഡറി മാനേജര്‍ ആര്‍സന്‍ വെംഗറുടെ കീഴില്‍ ലീഗ് കിരീടമുയര്‍ത്തിയശേഷമുള്ള നീണ്ട കാത്തിരിപ്പിനു വിരാമമിടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആര്‍സനല്‍.

കിരീടസാധ്യതകള്‍ ഇങ്ങനെ

ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനത്തോട് പരാജയപ്പെട്ടാല്‍ അവസാന റൗണ്ടില്‍ സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ എവര്‍ട്ടനെതിരേ വിജയമുറപ്പിച്ച് കിരീടത്തിലേക്കെത്താമെന്നാണ് പീരങ്കിപ്പടയുടെ കണക്കുകൂട്ടല്‍. സിറ്റിയും ടോട്ടനവും സമനിലയില്‍ പിരിഞ്ഞാലും ആര്‍സനലിനു മികച്ച ഗോള്‍ ആവറേജിന്റെ മുന്‍തൂക്കം ലഭിക്കും. ഗോള്‍ ആവറേജില്‍ മൂന്നു ഗോളിന്റെ മുന്‍തൂക്കമാണ് നിലവില്‍ ആര്‍സനലിനുള്ളത്. അങ്ങനെയെങ്കില്‍ 19നു വെസ്റ്റ്ഹാമിനെതിരേ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഈ ഗോള്‍ വ്യത്യാസം മറികടക്കുംവിധത്തില്‍ വന്‍ മാര്‍ജിനില്‍ ജയിക്കാതിരിക്കുകയും ആര്‍സനല്‍ എവര്‍ട്ടനെ കീഴടക്കുകയും ചെയ്താലും ആര്‍സനലിന് കിരീടമുയര്‍ത്താം. നിലവില്‍ 63 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ടോട്ടനത്തിനും ഇത് നിര്‍ണായക മത്സരമാണ്. 67 പോയിന്റുള്ള ആസ്റ്റന്‍ വില്ലയെ മറികടന്ന് പോയിന്റ് ടേബിളില്‍ നാലാമതായാല്‍ അടുത്ത സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാന്‍ സ്പര്‍സിനാവും. അതിനാല്‍ സിറ്റിക്കെതിരേ ജയത്തില്‍ കുറഞ്ഞതൊന്നും ടോട്ടനം ലക്ഷ്യമിടുന്നില്ല. സിറ്റിക്കും ആര്‍സനലിനും പുറമേ കിരീടപ്രതീക്ഷകള്‍ അസ്തമിച്ച ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു.
അതേസമയം സിറ്റിക്ക് കാര്യങ്ങള്‍ എളുപ്പമാകണമെങ്കില്‍ ഇന്ന് ടോട്ടനത്തെ തകര്‍ത്തേ പറ്റൂ. മറിച്ചൊരു വിധി ഉണ്ടായാല്‍, അവസാന മത്സരത്തില്‍ എവര്‍ട്ടനെതിരേ ആര്‍സനലിന് ജയിച്ചുകയറാന്‍ സാധിക്കരുത്. എന്നാല്‍ നിലവിലെ ഫോം കണക്കിലെടുത്താല്‍ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ അര്‍ട്ടേറ്റയുടെ കുട്ടികള്‍ക്ക് എവര്‍ട്ടന്‍ വഴിമുടക്കിയാവാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിക്കുക മാത്രമാണ് കിരീടത്തിലേക്ക് സിറ്റിക്കു മുന്നിലുള്ള വഴി. എവര്‍ട്ടന്‍ ആര്‍സനലിനെ കീഴടക്കിയാല്‍ ശേഷിക്കുന്ന രണ്ടു കളികളില്‍ ഒരു ജയം നേടിയാലും സിറ്റി ചാമ്പ്യന്‍മാരാകും. ആര്‍സനല്‍ തോല്‍ക്കുകയും സിറ്റി ശേഷിക്കുന്ന രണ്ടു കളികളും സമനിലയില്‍ തളയ്ക്കപ്പെടുകയും ചെയ്താലും സിറ്റിക്ക് കിരീടമുയര്‍ത്താം. ആര്‍സനല്‍ അവസാന കളി തോല്‍ക്കുകയും സിറ്റി ശേഷിച്ചതില്‍ ഒരു കളി പരാജയപ്പെടുകയും ഒന്നു സമനിലയില്‍ കലാശിച്ചാലും ഇരു ടീമിനും ഒരേ പോയിന്റാകും. അതോടെ മെച്ചപ്പെട്ട ഗോള്‍ ആവറേജുള്ള പീരങ്കിപ്പട കിരീടം നേടും. ആര്‍സനല്‍ അവസാന മത്സരവും സിറ്റി ശേഷിച്ച രണ്ടു കളിയും തോറ്റാലും ആര്‍സനലിനു കിരീടം.

 

English summary; English Premier League predictions

Share on

മറ്റുവാര്‍ത്തകള്‍