UPDATES

സയന്‍സ്/ടെക്നോളജി

മലമ്പനി കൊതുകുകളെ കൊല്ലാൻ ജനിതകമാറ്റം വരുത്തിയ ഫംഗസ്

ബുർക്കിന ഫാസോയിൽ 6,500 ചതുരശ്ര വിസ്തീര്‍ണ്ണത്തില്‍ ഒരു കൃതൃമ ഗ്രാമംതന്നെ അവര്‍ സൃഷ്ടിച്ചു. സസ്യങ്ങൾ, ചെറു കുടിലുകൾ, ജലസ്രോതസ്സുകൾ എന്നിവയടക്കം കൊതുകുകള്‍ക്കുള്ള ഭക്ഷണങ്ങള്‍വരെ അവിടെ സജ്ജീകരിച്ചു.

                       

മലേറിയ പടർത്തുന്ന കൊതുകുകളെ കൊന്നൊടുക്കാന്‍ ഫംഗസിനു കഴിയുമെന്ന് പഠനം. ബുർക്കിനാ ഫാസോയിൽ നടത്തിയ പരീക്ഷണത്തില്‍ 45 ദിവസത്തിനുള്ളിൽതന്നെ 99% കൊതുകുകളേയും ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞുവെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരം കൊതുകുകളെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കുക എന്നതല്ല, മലേറിയ പടരുന്നത് തടയുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ഗവേഷകര്‍ പറഞ്ഞു.

പെൺ കൊതുകുകള്‍ രക്തം കുടിക്കുമ്പോഴാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. പ്രതിവർഷം 400,000 പേര്‍ മലേറിയമൂലം മരണപ്പെടുന്നുവെന്നാണ് കണക്ക്. കീടനാശിനികളെപ്പോലും അതിജീവിക്കാന്‍ ഇത്തരം കൊതുകുകള്‍ക്ക് സാധിക്കും. അതുകൊണ്ട് അതിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ നവീനമായ ആശയങ്ങള്‍ വേണമായിരുന്നു.

അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും, ബുർക്കിന ഫാസോയിലെ ഐ.ആർ.എസ്.എസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. മലേറിയ പടർത്തുന്ന ‘അനോഫിലിസ്’ ജെനുസ്സിൽ പെടുന്ന കൊതുകുകളെ പ്രതികൂലമായി ബാധിക്കുന്ന ‘Metarhizium pingshaense’ എന്ന ഫംഗസിനെ കണ്ടെത്തുക എന്നതായിരുന്നു ആദ്യഘട്ടം. അതിന്‍റെ തീവ്രത വർദ്ധിപ്പിക്കല്‍ ആയിരുന്നു അടുത്തഘട്ടം. ‘രൂപമാറ്റം എളുപ്പത്തില്‍ നടത്താന്‍ കഴിയുന്ന ഫംഗസായതിനാല്‍ വളരെ അനായാസമായി ജനിതകമാറ്റം നടത്താന്‍ കഴിഞ്ഞുവെന്ന്’ മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. റെയ്മണ്ട് ലെഗെർ പറഞ്ഞു.

ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ‘ഫണല്‍-വെബ് ചിലന്തി’കളില്‍ നിന്നുള്ള വിഷമാണ് കൊതുകകളിലെ ജനിതക കോഡുകളിലേക്ക് പകര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട്, ഫംഗസ് കൊതുകുകളിലേക്ക് പടര്‍ന്നു കഴിഞ്ഞാല്‍ വിഷപദാർത്ഥം ഉല്‍പ്പാദിപ്പിക്കാൻ തുടങ്ങും. ജനിതകമാറ്റം വരുത്തിയ ഫംഗസുകള്‍ക്ക് കൊതുകുകളെ അതിവേഗം കൊല്ലാൻ സാധിക്കുമെന്ന് ലബോറട്ടറി പരിശോധനകൾ വ്യക്തമാക്കുന്നു. അതിന് കുറഞ്ഞ അളവില്‍ ഫംഗി ബീജങ്ങള്‍ മതിയെന്നതാണ് മറ്റൊരു ഗുണം. ലബോറട്ടറിക്കു പുറത്ത് യഥാര്‍ത്ഥ ലോകത്ത് പരീക്ഷിച്ചു നോക്കുക എന്നതായിരുന്നു കൂടുതല്‍ ശ്രമകരം.

അതിനായി ബുർക്കിന ഫാസോയിൽ 6,500 ചതുരശ്ര വിസ്തീര്‍ണ്ണത്തില്‍ ഒരു കൃതൃമ ഗ്രാമംതന്നെ അവര്‍ സൃഷ്ടിച്ചു. സസ്യങ്ങൾ, ചെറു കുടിലുകൾ, ജലസ്രോതസ്സുകൾ എന്നിവയടക്കം കൊതുകുകള്‍ക്കുള്ള ഭക്ഷണങ്ങള്‍വരെ അവിടെ സജ്ജീകരിച്ചു. ആ ഗ്രാമത്തെ രണ്ടു ലയറുകളുള്ള കൊതുകുവല ചുറ്റി കൊതുകുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പടരില്ലെന്ന് ഉറപ്പുവരുത്തി. 1,500 കൊതുകുകളുമായാണ് ഗവേഷകർ ഈ പരീക്ഷണം തുടങ്ങിയത്. ഒടുവില്‍, 45 ദിവസം കഴിയുമ്പോള്‍ 13 കൊതുകുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ചത്തൊടുങ്ങിയിരുന്നു. ഈ ഫംഗസ് ഇത്തരം കൊതുകുകളെ മാത്രമേ ബാധിക്കുകയൊള്ളൂ എന്നും മറ്റൊരു ജീവജാലങ്ങള്‍ക്കും ഭീഷണിയല്ലെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

Share on

മറ്റുവാര്‍ത്തകള്‍