പ്രമുഖ അന്വേഷണാത്മക ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ജോസി ജോസഫ് ‘ എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്; ദ ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ(കഴുകന്മാരുടെ വിരുന്ന്) എന്ന പുസ്തകത്തിന് ശേഷം എഴുതിയ രണ്ടാമത്തെ പുസ്തകമായ ‘ദ സൈലന്റ് കൂ, എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ്’-ന്റെ മലയാള വിവര്‍ത്തനമാണ് അഴിമുഖം ബുക്സ് പ്രസിദ്ധീകരിച്ച ‘നിശബ്ദ അട്ടിമറി; ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’. നൂറു ദിവസങ്ങളിലേറെയായി കലാപം ആളിക്കത്തുന്ന മണിപ്പൂരില്‍ ഭരണകൂടവും സുരക്ഷ സേനയും എങ്ങനെയെല്ലാമാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നിരന്തരം നടത്തിക്കൊണ്ട് ആ ജനതയെ ദുരിതത്തിലാക്കി കൊണ്ടിരിക്കുന്നതെന്ന് പുസ്തകത്തില്‍ വിശദീകരിക്കുന്നതിന്റെ ഒരു ഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. (‘നിശബ്ദ അട്ടിമറി’ എന്ന പുസ്തകം വാങ്ങിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക https://rzp.io/l/yI1igYDqPk)
സുരക്ഷ സേനയ്ക്കുള്ളില്‍ ഉദയം കൊണ്ടിരുന്ന ഒരു ഇരുണ്ട വശത്തെക്കുറിച്ച് ശരിയായി മനസിലാക്കാന്‍ മണിപ്പൂരിനെ നമ്മള്‍ കൂടുതല്‍ അടുത്ത് നിരീക്ഷിക്കണം. പ്രത്യേകിച്ച് 2000-ന്റെ ആദ്യകാലങ്ങളില്‍. കോണ്‍ഗ്രസ് നേതാവ് ഒക്‌റോം ഇബോബി സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായിരുന്നു അക്കാലത്ത്. വടക്കന്‍ അയര്‍ലണ്ടില്‍ തീവ്രവാദ വിരുദ്ധ തന്ത്രങ്ങള്‍ പരിശീലിക്കാന്‍ പോയിരുന്ന, കശ്മീരില്‍ കലാപകാലങ്ങളില്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട, യുംനാംജോയ് കുമാര്‍ എന്ന മുതിര്‍ന്ന ഐ പി എസുകാരന്‍ അക്കാലത്ത് സംസ്ഥാനത്ത് തിരിച്ചെത്തി. ഏതാണ്ട് 50 ശതമാനത്തോളം അംഗസംഖ്യ വര്‍ദ്ധിപ്പിച്ച്, മണിപ്പൂരിലെ പൊലീസ് സേനയെ അതിവിപുലമാക്കാന്‍ അക്കാലത്ത് തീരുമാനിച്ചു. യാതൊരു മടിയും കൂടാതെ തിരിച്ചടിക്കാനുള്ള ഉത്തരവും പൊലീസിന് നല്‍കി. ക്ഷമയോടെയുള്ള പൊലീസ് നടപടികള്‍ എന്ന കഠിന യത്‌നവും ക്ഷമ നശിപ്പിക്കും വിധം മന്ദഗതിയിലായ കോടതി നടപടികളും പുതിയ മണിപ്പൂര്‍ നേതൃത്വത്തിന് പഥ്യമായിരുന്നില്ല. അസം റൈഫിള്‍സും മറ്റ് കേന്ദ്ര സുരക്ഷാ സേനകളും കൂടുതല്‍ ബലവും നല്‍കി.
അങ്ങനെയവര്‍ കൊലപാതകങ്ങള്‍ ആരംഭിച്ചു. 2000-ന്റെ ആദ്യകാലത്തോടെ ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ദൈനംദിന സംഭവങ്ങളായി തീര്‍ന്നു. 2004 ജൂലായില്‍ മണിപ്പൂരിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമായിരുന്നുവെന്ന് ആരോപിച്ച് താങ്ജം മനോരമയെ അറസ്റ്റ് ചെയ്ത് കൊലപ്പെടുത്തിയതോടെയാണ് ഇത് ദേശീയ ശ്രദ്ധയില്‍ പെട്ടത്. ഡെപ്യൂട്ടേഷനില്‍ ആയിരുന്ന കരസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അസം റൈഫിള്‍സ് റെയ്ഡ് നടത്തി മനോരമയെ അറസ്റ്റ് ചെയ്യുകയും പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വെടിവെച്ച് കൊല്ലുകയും ചെയ്തത്. ഫോറന്‍സിക് പരിശോധനയില്‍ എട്ട് വെടിയുണ്ടകള്‍ മനോരമയുടെ ശരീരത്തില്‍ നിന്ന് കണ്ടുകിട്ടി. ഒന്ന് അവരുടെ ജനനേന്ദ്രിയത്തിനുള്ളില്‍ നിന്നാണ് ലഭിച്ചത്. അവരുടെ പാവാടയില്‍ ശുക്ലത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. മനോരമയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അസം റൈഫിള്‍സിന്റെ ഇപ്പോഴത്തെ ആസ്ഥാനവും നേരത്തെ മെയ്തായ് രാജവംശത്തിന്റെ ചരിത്രപരമായ സങ്കേതവുമായിരുന്ന കാങ്‌ല കോട്ടയ്ക്ക് മുന്നില്‍ ഒരു സംഘം പ്രായമായ മണിപ്പൂരി സ്ത്രീകള്‍ പ്രതിഷേധവുമായി എത്തി. പൂര്‍ണ നഗ്നരായ അവര്‍ ഒരു വെളുത്ത ബാനര്‍ ഉയര്‍ത്തിപിടിച്ചിരുന്നു. ആ ബാനറില്‍ രക്ത ചുവപ്പില്‍ ഇങ്ങനെ എഴുതിരുന്നു. ”ഇന്ത്യന്‍ സൈന്യം ഞങ്ങളെ ബലാസംഗം ചെയ്യുന്നു’. മണിപ്പൂരിന്റെ സ്ഥിതിഗതികളെ സമൂഹത്തിന്റെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാന്‍ ഇതുപകരിച്ചു. പക്ഷേ അതുകൊണ്ടൊന്നും അവിടുത്തെ അതിക്രമങ്ങള്‍ അവസാനിച്ചില്ല.
അപ്പോഴേയ്ക്കും രക്തത്തിന്റെ രുചിയറിയാവുന്ന, വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള ഒരു പോലീസ് കമാന്‍ഡോ സേന, സംസ്ഥാനത്തിന് സ്വന്തമായി ഉണ്ടായിരുന്നു. അത്തരത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള കമാന്‍ഡോകളില്‍ ഒരാളായിരുന്നു താരജാം ഹെറോജിത്, 2009 ജൂലായ് 21ന് തീവ്രവാദിയാണെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ പിന്തുടര്‍ന്ന് ഇംഫാലിലെ തിരക്കേറിയ ഒരു തെരുവില്‍ അയാളെത്തി. ഹെറോജിത് ആ മനുഷ്യനെ ഒരു ഫാര്‍മസിക്കകത്ത് വച്ച് വെടിവെച്ച് വീഴ്ത്തി. എന്തായാലും ഈ മുഴുവന്‍ പ്രവര്‍ത്തിയും ഒരു ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. തീവ്രവാദിയാണെന്ന് ആരോപിച്ച് വെടിവെച്ച് കൊന്നയാളെ, പോലീസാണ് ശരിക്കും അവിടെ കൊണ്ടുവന്നതെന്നും തെരുവിന്നകത്തേയ്ക്ക് പോലീസ് തന്നെ കൂട്ടിക്കൊണ്ടു പോയി കൊല്ലുകയായിരുന്നുവെന്നും യാതൊരു സംശയം പോലുമില്ലാതെ ഈ ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകും. ആ തിരക്കില്‍പ്പെട്ട് ഗര്‍ഭിണിയായ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റ് അഞ്ചു പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. മണിപ്പൂരില്‍ സമാധാനസ്ഥാപനത്തിന് നിര്‍ണായക പങ്ക് വഹിച്ച് പോന്നിരുന്ന മനുഷ്യാവകാശ അഭിഭാഷകനായ ബാബ്ലൂ ലോയ്‌കോങ്ബിന് ഈ ചിത്രങ്ങള്‍ ലഭിച്ചു. അദ്ദേഹം ഡല്‍ഹി ആസ്ഥാനമായുള്ള തെഹല്‍ക്ക എന്ന പ്രസിദ്ധീകരണത്തിലെ റിപ്പോര്‍ട്ടര്‍ക്ക് ഈ ഫോട്ടാകള്‍ നല്‍കി. അവര്‍ ആ വാര്‍ത്ത കവര്‍ സ്റ്റോറിയായി നല്‍കി മണിപ്പൂരില്‍ പൊടുന്നനെ കലാപ വിസ്‌ഫോടനമുണ്ടായി.
നിയമവിരുദ്ധമായി പോലീസ് കൊലചെയ്തവരുടെ കുടുംബാംഗങ്ങളുടെ സംഘടന (ഇ.ഇ.വി.എഫ്.എ.എം) നല്‍കിയ ഹര്‍ജിയുടെ ഫലമായി 2013-ല്‍ മണിപ്പൂര്‍ കൊലപാതകങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെട്ടു. മണിപ്പൂരില്‍ ഈ സംഘടനയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം നയിച്ചിരുന്നത് ബാബ്ലുവായിരുന്നു. അദ്ദേഹം ചെറിയൊരു സംഘത്തിന്റെ സഹായത്തോടെ 1528 ആളുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തി. ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ആറു കേസുകള്‍ അന്വേഷിക്കാന്‍, 2013 ജനവരി നാലിന് സുപ്രീം കോടതി ഉത്തരവിട്ടു. റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി സന്തോഷ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷനായിരുന്നു അതിന്റെ ചുമതല. ഈ അവകാശവാദങ്ങളെ തൃപ്തിപ്പെടുത്താന്‍ എളുപ്പമാണെന്ന് സുപ്രീം കോടതി കണ്ടെത്തി. മുറിവുണക്കല്‍ ആരംഭിക്കുന്നതിന് സ്വതന്ത്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് എന്ത് പങ്കുവഹിക്കാനാണുള്ളത് എന്നതിന്റെ തെളിവ് കൂടിയായിരുന്നു അത്.
ആറു കേസുകളില്‍ ആദ്യത്തേത് ആസാദ് ഖാന്റേതായിരുന്നു. ഫൗബാക് ചാര മഹാലേയ്ക്കായി ഗ്രാമത്തില്‍ നിന്നുള്ള ആസാദ് 2009 മാര്‍ച്ച് നാലിനാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട സകലരേയും, കരസേനയിലെ മേജര്‍ വിജയ് സിങ്ങ് ബെല്‍ഹാര നയിക്കുന്ന സുരക്ഷ സേനയിലെ പല അംഗങ്ങളേയും അടക്കം, ചോദ്യം ചെയ്യുകയും അന്വേഷിക്കുകയും ചെയ്തതിന് ശേഷം ആസാദ് ഖാന്റെ കൊലപാതകം ഒരു ഏറ്റുമുട്ടല്‍ ആയിരുന്നില്ല എന്നും കൊടും ക്രൂരമായ കൊലപാതകമായിരുന്നുവെന്നും കമ്മീഷന്‍ കണ്ടെത്തി. ആസാദിനെ പിടിക്കാനോ കീഴടക്കാനോ സുരക്ഷ സേന മെനക്കെട്ടില്ല. കുടുംബാംഗങ്ങള്‍ പറയുന്നത് ആസാദും ഒരു സുഹൃത്തും വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്നുവെന്നാണ്. ആസാദിന്റെ മാതാപിതാക്കളും അമ്മായിയും ഒരു ബന്ധത്തിലുള്ള സഹോദരിയും അപ്പോള്‍ അവിടെയുണ്ടായിരുന്നു. 11.50 ന് മുപ്പതോളം സുരക്ഷ ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടിലെത്തി. നിലത്ത് കൂടി ഏതാണ്ട് എഴുപത് മീറ്ററോളം വലിച്ചിഴച്ച ശേഷം വരാന്തയുടെ വടക്കേ മൂലയില്‍ കൊണ്ടുപോയി യാതൊരു കരുണയുമില്ലാതെ മര്‍ദ്ദിക്കാനരംഭിച്ചു. ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ, അവരേയും ആസാദിന്റെ ബന്ധുവിനേയും ഒരു മുറിയില്‍ തള്ളിക്കയറ്റി പുറത്ത് നിന്ന് വാതിലടച്ചു. ആ മുറിയുടെ ജനാലയിലുടെ നോക്കിയാല്‍ പറമ്പില്‍ ആസാദിനെ മര്‍ദ്ദിക്കുന്നത് കാണാമായിരുന്നു. ബന്ധുക്കളും സുഹൃത്തും നോക്കി നില്‍ക്കേ ആസാദ് നിലത്ത് കുഴഞ്ഞ് വീണു. അതിന് ശേഷം സുരക്ഷ ഉദ്യോഗസ്ഥര്‍ അവന് നേരെ തുരു തുരാ വെടിയുതിര്‍ത്തു. എന്നിട്ട് പിസ്റ്റള്‍ അവന്റെ മൃതദേഹത്തിനരികില്‍ ഉപേക്ഷിച്ച് പോയി. ആസാദിന് വെറും പന്ത്രണ്ട് വയസായിരുന്നു പ്രായം.
കമ്മീഷന് സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരം അക്കാലത്ത് 21 അസം റൈഫിള്‍സിലുണ്ടായിരുന്ന മേജര്‍ ബല്‍ഹാര പ്രാദേശിക പോലീസ് കമാന്‍ഡോ സംഘത്തിലെ ഒരു ഹവീല്‍ദാരെ വിളിച്ച് ആസാദിന്റെ ഗ്രാമത്തിന് ചുറ്റും തീവ്രവാദികള്‍ സഞ്ചരിക്കുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട് എന്ന് അറിയിച്ചു. എവിടെ നിന്നാണ് മേജര്‍ ബല്‍ഹാരത്ക്ക് അങ്ങനെയൊരു വിവരം ലഭിച്ചത്? പത്തുമണിയോടെ, ഗ്രേഡ് എ-വണ്‍ സോഴ്‌സില്‍ നിന്നുള്ള വിവരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ആരാണ് ഈ ഗ്രേഡ് എ വണ്‍ സോഴ്‌സ്? സൈനികോദ്യോഗസ്ഥന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നില്ല. ഇത് തുടരുന്ന രീതിയാണ്. ഓരോ ഓപറേഷനും ആരംഭിക്കുന്നത് പേര് വെളിപ്പെടുത്താന്‍ പറ്റാത്ത ഒരു സോഴ്‌സില്‍ നിന്നാണ്. അവസാനിക്കുന്നതാകട്ടെ മിക്കവാറും ഏതെങ്കിലും നിരപരാധികളുടെ മരണത്തില്‍ അല്ലെങ്കില്‍ ഭീകരവാദിയുടെ, ചിലപ്പോഴെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ. സുരക്ഷ ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ള, എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനായ രഹസ്യാന്വേഷണ വിശകലന വിദഗ്ധന്‍ പറയുന്നത്, എല്ലായ്‌പ്പോഴും സോഴ്‌സില്‍ നിന്നുള്ള വിവരങ്ങളാണ് ഇതിലേയ്ക്ക് നയിച്ചത് എന്നാണ്. യാതൊരുതരത്തിലുമുള്ള പരിശോധനകള്‍ക്കും വിധേയമാക്കാത്ത വിവരസ്രോതസുകളുടെ, സോഴ്‌സുകളുടെ, ഒരു വ്യവസായം നടത്തുന്ന സംവിധാനത്തിനുള്ളില്‍ അന്തര്‍ലീനമായ പ്രശ്‌നങ്ങളിലേയ്ക്കാണ് നമ്മള്‍ വീണ്ടും എത്തിച്ചേരുന്നത്.
അന്വേഷണ പരിധിയില്‍ പെട്ട ആറു കേസുകളിലെ മരണങ്ങളും സുരക്ഷ ഉദ്യോഗസ്ഥന്മാര്‍ നടത്തിയ കൊലപാതകങ്ങളാണ് എന്ന് ജസ്റ്റിസ് ഹെഗ്‌ഡെ കമ്മീഷന്‍ കണ്ടെത്തി. ”പതിറ്റാണ്ടുകളായി മണിപ്പൂരില്‍ അഫ്‌സ- പ്രത്യേക സൈനികാവകാശ നിയമം- തുടര്‍ച്ചയായി പ്രയോഗത്തിലുണ്ടായിട്ടും സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതിന് അത് പ്രയോജനപ്പെട്ടിട്ടില്ല എന്നത് വ്യക്തമാണ്. അതേ സമയം, ഈ ആറുകേസുകളും, ഇതിലൊന്നും യാതൊരു ഏറ്റുമുട്ടലും യഥാര്‍ത്ഥത്തില്‍ നടന്നിട്ടില്ല, അഫ്‌സയുടെ ഹീനമായ ദുരുപയോഗത്തിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാവുന്നതാണ്’- കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ നിലവിലുള്ള സാഹചര്യത്തിന്റെ മാറ്റൊലി പോലുള്ള മറ്റൊരു അമ്പരപ്പിക്കുന്ന കണ്ടെത്തലിനും കമ്മീഷന്റെ അന്വേഷണം വഴിയൊരുക്കി. ”മണിപ്പൂരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2713 കേസുകളില്‍ പതിമൂന്നെണ്ണത്തില്‍ മാത്രമേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളൂ”.
തങ്ങളുടെ അതിക്രമങ്ങള്‍ നിറഞ്ഞ ഭൂതകാലവും വര്‍ത്തമാനകാലവുമായി സമരസപ്പെടാനുള്ള ശ്രമങ്ങളായിരുന്നു മണിപ്പൂര്‍ നടത്തിക്കൊണ്ടിരുന്നത്. മുപ്പത് ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ആ ചെറിയ സംസ്ഥാനത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ തന്നെയാണ് പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരുന്നത്. 2014-ലെ ക്രിസ്തുമസ് ദിനത്തില്‍ സര്‍വ്വരേയും ഞെട്ടിച്ചുകൊണ്ട്, ഇംഫാലിലെ തോംബി സാന ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ മനുഷ്യരെ കുഴിച്ചിട്ടിരുന്നതായി കണ്ടെത്തി. ഏഴ് തലയോട്ടികളും അസ്ഥികൂടത്തിന്റെ വിവിധ ഭാഗങ്ങളും കുറച്ച് ആഭരണങ്ങളുമാണ് കണ്ടെത്തിയത്. ഈ സ്‌കൂള്‍ ഗ്രൗണ്ട് നേരത്തേ സൈനികത്താവളമായിരുന്നു.
2016-ല്‍ മറ്റൊരു നാടകീയ സംഭവമുണ്ടായി. ഒരു രഹസ്യ താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ഹെറോജിത്, 2009-ല്‍ ഫാര്‍മസിക്കുള്ളില്‍ വച്ച് നിരായുധനായ ഒരാളെയാണ് താന്‍ വെടിവെച്ച് കൊന്നതെന്ന് സമ്മതിച്ചു. അടുത്ത ഏതാനും മാസങ്ങളില്‍ മാധ്യമപ്രവര്‍കരേയും ബാബ്ലൂ പോലുള്ള ആക്ടിവിസ്റ്റുകളേയും പോലീസ് സംവിധാനത്തിന്റെ ജീര്‍ണത എത്രമാത്രമുണ്ടെന്ന് മനസിലാക്കാന്‍ റോജിത സഹായിച്ചു. കാരണം അയാള്‍ നടത്തിയ ഒരോ കൊലപാതകങ്ങളുടേയും സര്‍വ്വ രേഖകളും ഒരു ഡയറിയില്‍ ഹെറോജിത് സുക്ഷിച്ചിരുന്നു. നൂറിലധികം കൊലപാതകങ്ങള്‍ താന്‍ ചെയ്തതായി ഹെറോജിത സമ്മതിച്ചു. ഇവയെല്ലാം മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ചെയ്തതെന്നും അയാള്‍ പറഞ്ഞു.
അതിനിടെ, മണിപ്പൂരില്‍ 1528 നിയമവിരുദ്ധ കൊലപാതകങ്ങള്‍ സുരക്ഷ സേന നടത്തിയിട്ടുണ്ട് എന്ന ഇ.ഇ.വി.എഫ്.എ.എമ്മിന്റെ ആരോപണങ്ങളെ കുറിച്ച് സി.ബി.ഐയോട് അന്വേഷിക്കാന്‍, 2017 ജൂലായ് 14-ന് സുപ്രിം കോടതി ഉത്തരവിട്ടു. സി.ബി.ഐ 95 കേസുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ ആരംഭിച്ചുവെങ്കിലും ആരേയും പേരെടുത്ത് പറഞ്ഞില്ല. പല കേസുകളിലും കൊല്ലപ്പെട്ട ആളുകള്‍ക്കെതിരെ സംസ്ഥാന പോലീസ് എഫ്.ഐ.ആറുകളില്‍ ഉള്ളത് നേരാണെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആരോപണങ്ങള്‍ അതേപടി പകര്‍ത്തിവച്ചു. അവസാനം സുപ്രീം കോടതി തന്നെ രംഗത്തിറങ്ങി സി.ബി.ഐയെ അവര്‍ ചെയ്യുന്ന കള്ളപ്പണിയുടെ പേരില്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. അതിന് പൊടുന്നനെ ഫലമുണ്ടായി.
‘ഡോ.നാര്‍കോ’യും ഇന്ത്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിലെ ഇരുണ്ട രഹസ്യങ്ങളും
ആസാദ് ഖാന്റെ കൊലപാതകം അന്വേഷിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സി.ബി.ഐ. ആ പന്ത്രണ്ട് കാരന്റെ കൊലപാതകത്തിലെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി. അതില്‍ കുറ്റക്കാരായി പേരുള്ളവരില്‍ ഒരാള്‍ മേജര്‍ വിജയ് സിങ് ബെല്‍ഹാറയായിരുന്നു. ഈ സമയം ആയപ്പോഴേയ്ക്കും ബല്‍ഹാറ 26 മെക്കന്‍സ്ഡ് ഇന്‍ഫെന്റി ബറ്റാലിയ
ന്റെ കേണലായിട്ടുണ്ടായിരുന്നു. ഈ എഫ്.ഐ.ആറിനെ തുടര്‍ന്ന് സൈനികര്‍ക്കെതിരെയുള്ള കേസുകളില്‍ അന്വേഷണം തള്ളണമെന്നും ഇതു സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുമെന്നും ചൂണ്ടിക്കാണിച്ച് നൂറുകണക്കിന് സൈനികോദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നല്‍കി. ബല്‍ഹാറയുടെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ചുരുങ്ങിയത് 739 ഉദ്യോഗസ്ഥരാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്. അതില്‍ 107 സൈനികരും അയാള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവരായിരുന്നു.
പൊടുന്നനെ കുന്നുകൂടിയ ഈ ഹര്‍ജികളില്‍ തങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്നാണ് സൈനിക ആസ്ഥാനം അവകാശപ്പെടുന്നത്. കോടതിയെ അവലംബിക്കാനുള്ള അവകാശം സൈനികര്‍ക്ക് ഉള്ളതാണെന്നും അവര്‍ പറയുന്നു. എന്തായാലും തൊഴില്‍ സംഘടനാ രീതികള്‍ പ്രദര്‍ശിപ്പിക്കുന്നത് സൈന്യത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതാണ്. ഏതാണ്ട് ഇതേ സമയത്ത് തന്നെ ജമ്മുകാശ്മീരില്‍ ഒരു കന്നുകാലി കച്ചവടക്കാരനെ കൊന്ന കേസിലെ അനന്തര നടപടികള്‍ക്കെതിരെ സര്‍വ്വീസിലുള്ള മറ്റൊരു സംഘം ഉദ്യോഗസ്ഥര്‍ ഒന്നിച്ച് സുപ്രീം കോടതിയെ സമീപിച്ചു.
നിലവിലുള്ളതിനേക്കാള്‍ മോശമായ സാഹചര്യത്തിലേയ്ക്ക് മണിപ്പൂര്‍ വീണുപോകുമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ഒരു അക്രമി സംഘത്തെ, ഛത്തീസ്ഗഢിലെ സല്‍വാലുമിന്റെ മാതൃകയില്‍, ഉയര്‍ത്തിക്കൊണ്ട് വരാനൊരു ശ്രമം ഒരു സമയത്ത് ഉണ്ടായിരുന്നതാണ്.