UPDATES

സ്ത്രീ

ഖനനവും രൂപപ്പെടുത്തലും (ഭാഗം-2)

സ്വര്‍ണ്ണത്തിന്റേയും വജ്രത്തിന്റേയും ഖനനം മുതല്‍ ആഭരണങ്ങളായി രൂപപ്പെടുന്നതുവരെയുള്ള ഘട്ടങ്ങളില്‍ കലയും ശാസ്ത്രവും ഇടകലരുന്നു. അഴകിന് മിഴിവേകാന്‍ ഉടലോട് നാം ചേര്‍ത്ത് വെയ്ക്കുന്ന ആഭരണങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനു പിന്നില്‍ ദീര്‍ഘ സങ്കീര്‍ണങ്ങളായ പ്രക്രീയകള്‍ അടങ്ങിയിരിക്കുന്നുവെന്ന് ആരും ഓര്‍ക്കാനിടയില്ല.

                       

നഗര മധ്യത്തിലെ വലിയ ആഭരണശാലയില്‍ നിരനിരയായി ചില്ലലമാരികളില്‍ ആലക്തിക ദീപങ്ങളുടെ പ്രഭയാല്‍ തിളങ്ങിനില്‍ക്കുന്ന പലതരം ആഭരണശ്രേണികള്‍.സ്വര്‍ണ്ണവും വജ്രവും വെള്ളിയും മറ്റനേകം ലോഹങ്ങളും കൊണ്ട് നിര്‍മിച്ചവ. കൈയില്‍, കഴുത്തില്‍, കാലില്‍, വിരലുകളില്‍…അങ്ങനെ ശരീരത്തെ അലങ്കാര ദീപ്തമാക്കുന്ന ഇവയ്ക്ക് പറയാന്‍ അത്യന്ത ദീര്‍ഘങ്ങളായ കഥകളുണ്ട്. ജവഹര്‍ ലാല്‍ നെഹ്റു തന്റെ മകളായ ഇന്ദിര പ്രീയദര്‍ശിനിക്ക് ജയിലില്‍ നിന്ന അയച്ച കത്തുകളില്‍ പാറക്കല്ലുകളുടെ പരിണാമഗാഥകളിലൂടെ സംസ്‌കാരത്തിന്റെ ചരിത്രം പറഞ്ഞതിനു സമാനമായ തരത്തിലുള്ളത്. ക്രിസ്തുപൂര്‍വ കാലം മുതല്‍ ഇക്കാലം വരെ പല നാടുകളില്‍, പല അടരുകളായി അവ തിടം വച്ചു, വികസിച്ചു, പരിലസിച്ചു. തലമുറകളെ മോഹിപ്പിച്ചു. ഇപ്പോഴും മോഹിപ്പിച്ച് കൊണ്ടിരിക്കുന്നു.

സ്വര്‍ണ്ണത്തിന്റേയും വജ്രത്തിന്റേയും ഖനനം മുതല്‍ ആഭരണങ്ങളായി രൂപപ്പെടുന്നതുവരെയുള്ള ഘട്ടങ്ങളില്‍ കലയും ശാസ്ത്രവും ഇടകലരുന്നു. അഴകിന് മിഴിവേകാന്‍ ഉടലോട് നാം ചേര്‍ത്ത് വെയ്ക്കുന്ന ആഭരണങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനു പിന്നില്‍ ദീര്‍ഘ സങ്കീര്‍ണങ്ങളായ പ്രക്രീയകള്‍ അടങ്ങിയിരിക്കുന്നുവെന്ന് ആരും ഓര്‍ക്കാനിടയില്ല. മനുഷ്യബുദ്ധിയും ഭാവനയും സാങ്കേതിക പരിജ്ഞാനവും സമഞ്ജസമായി സമ്മേളിച്ചാണ് ചാരുതയേകുന്ന ആഭരണങ്ങളുടെ ശ്രേണി ഉടലെടുക്കുന്നത്. ഓരോ കാലത്തിന്റേയും കൈമുദ്ര അതില്‍ പതിഞ്ഞുകിടക്കുന്നുണ്ടാകും. പൗരാണികകാലം മുതല്‍ ഇതുവരെയുള്ള ആഭരണങ്ങളുടെ പരിണാമകഥ ഈ വാസ്തവം വിളിച്ചോതുന്നു.

(കടപ്പാട് – കല്ല്യാണ്‍ ജ്വല്ലറിയുടെ ശേഖരത്തില്‍ നിന്ന്‌)

പ്രകൃതിയില്‍ അസംസ്‌കൃതമായി കിടക്കുന്ന സ്വര്‍ണ്ണവും വജ്രവും വേര്‍തിരിച്ചെടുത്ത് ആഭരണങ്ങളായി രൂപപ്പെടുത്തുന്ന പ്രക്രീയ അത്യന്തം സങ്കീര്‍ണമാണ്. പൗരാണിക കാലം മുതല്‍ സമകാലീക കാലം വരെ നീളുന്ന അതിദീര്‍ഘമായ ചരിത്രം തന്നെ അതിനുണ്ട്. ഖനനം ചെയ്തെടുത്ത ആദ്യത്തെ ലോഹം സ്വര്‍ണ്ണമാണ്. അതിനായി പലതരത്തിലുള്ള സബ്രദായങ്ങള്‍ ഉപയോഗിച്ച് വരുന്നു. സ്വര്‍ണ്ണം വേര്‍തിരിച്ച് എടുക്കുന്നതിനായി പാനിംഗ്(അരിപ്പയിലൂടെ സ്വര്‍ണ്ണത്തരികളും അയിരുകളും ഒരുമിച്ച് കടത്തിവിട്ട് വേര്‍തിരിക്കുന്ന സബ്രദായം), ഭൂഖനനം(ജാക് ലെഗ് ഡ്രില്‍ എന്ന യന്ത്രം ഉപയോഗിച്ച് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന പ്രക്രീയ), ഓപ്പണ്‍ പിറ്റ് മൈനിംഗ് അധവാ ഉപരിതല ഖനനം, അണ്ടര്‍ ഗ്രൗണ്ട് മൈനിംഗ് അധവാ ഭൂഖര്‍ഭ ഖനനം, പാറയില്‍ കഠിനമായി അടിഞ്ഞുകൂടിയിരിക്കുന്ന അയിരുകളില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കുന്ന ഹാര്‍ഡ് റോക്ക് മൈനിംഗ് എന്ന പ്രക്രീയ, ജലശേഖരങ്ങളില്‍ നിന്നും സ്വര്‍ണ്ണം അരിച്ചെടുക്കുന്ന ഡ്രെഡ്ജിംഗ്, പാറകളുടെ ഉപരിതലങ്ങളില്‍ നിന്നും ചേത്തിമാറ്റുന്ന വേളയില്‍ അവയില്‍ നിന്നും അയിരുകള്‍ വേര്‍തിരിക്കുന്ന കട്ട് ആന്‍ഡ് ഫില്‍ സബ്രദായം, സമ്മിശ്രീകരണം അധവാ അമാല്‍ഗമേഷന്‍, സ്വര്‍ണ്ണമടങ്ങിയ മിശ്രിതത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സയാനിഡേഷന്‍ തുടങ്ങി നിരവധി സബ്രദായങ്ങള്‍ പ്രാബല്യത്തിലുണ്ട്.
ഖനനം കഴിഞ്ഞാലും കുറച്ചുവസ്തുക്കള്‍ കൂടി അടിഞ്ഞിട്ടുണ്ടാകും. അത് ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രീയയാണ് സ്വര്‍ണ്ണ സംസ്‌കരണം. സംസ്‌കരിക്കേണ്ട ലോഹത്തിലേക്ക് ബൊറാക്സും സോഡിയം ആഷും ചേര്‍ത്തതിനുശേഷം ശുദ്ധമായതിനേയും അല്ലാത്തതിനേയും വേര്‍തിരിച്ച് എടുക്കും. ശുദ്ധീകരിച്ച സ്വര്‍ണ്ണത്തിന് 99.9 ശതമാനം ശുദ്ധത ഉണ്ടാകും. യഥാര്‍ഥ സ്വര്‍ണ്ണം മൃദുലമാണ്.

സ്വര്‍ണ്ണത്തോടൊപ്പം മറ്റേതെങ്കിലും ലോഹം കൂടി ചേരുന്നതിനാലാണ് അതിനെ ഒരു അലോയ് എന്ന് പറയുന്നത്. സാധാരണ ശാസ്ത്രത്തില്‍ ഈ സ്വര്‍ണ്ണത്തിന് കളര്‍ ചേര്‍ക്കാറുണ്ട്. അത്തരം സ്വര്‍ണ്ണം യെല്ലോ ഗോള്‍ഡ്(ഒരേ അനുപാതത്തില്‍ വെള്ളിയും കോപ്പറും കൂടി ചേര്‍ന്നത്), വൈറ്റ് ഗോള്‍ഡ്(നിക്കലും മാംഗനീസും കൂടി ചേര്‍ന്നത്), പിങ്ക് ഗോള്‍ഡ്, റോസ് ഗോള്‍ഡ്, റെഡ് ഗോള്‍ഡ്്(വ്യത്യസ്ത അനുപാതങ്ങളില്‍ കോപ്പറിന്റേയും വെള്ളിയുടെയും സാന്നിധ്യം), ഗ്രീന്‍ ഗോള്‍ഡ്(വെള്ളിയും കാഡ്മിയവും), ബ്ലൂ ഗോള്‍ഡ്( സ്വര്‍ണ്ണവും ഇരുമ്പും ചേര്‍ന്നത്), ബ്ലാക് ഗോള്‍ഡ്(കറുത്ത റേഡയവും റുഥീനിയവും അമോര്‍ഫസ് കാര്‍ബണും ക്രോമിയവും കോബോള്‍ട്ടും അടങ്ങിയവ ചേര്‍ന്നത്), ഇലക്ട്രം തുടങ്ങിയവയെല്ലാമായി മാറും.
നാഗരീകതയുടെ സവിശേഷ ഘട്ടങ്ങളില്‍ തന്നെ സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണ നാണയങ്ങളും നിലവില്‍ വന്നു തുടങ്ങിയതായി കാണാം. ഈജിപ്റ്റില്‍ 3000 ബിസി മുതല്‍ ആഭരണങ്ങള്‍ നിലവിലിരുന്നു. 2000 വര്‍ഷം മുന്‍പ് മുതല്‍ തന്നെ ഇന്ത്യയില്‍ സ്വര്‍ണ്ണനാണയം നിര്‍മിച്ച് തുടങ്ങിയിരുന്നു. ദക്ഷിണേന്ത്യയില്‍ കാഞ്ചീവരത്തും ഉത്തരേന്ത്യയില്‍ വാരണാസിയിലുമാണ് ഏററവും കൂടുതല്‍ ആഭരണ ശാലകള്‍ ഉള്ളത്. ഇന്ത്യയിലെ ആഭരണകലയില്‍ ഏറെ നവീനതകള്‍ മുഗള്‍ രാജാക്കന്മാരുടെ കാലത്ത് ഉണ്ടായി ,സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്തുന്നത് കാരറ്റിലാണ്, ശുദ്ധമായ സ്വര്‍ണ്ണം 24 കാരറ്റാണ്. തങ്കം എന്ന് ഇതിനെ പറയും. ശുദ്ധമായ സ്വര്‍ണ്ണം മൃദുവായതിനാല്‍ അതേ തരത്തില്‍ സ്വര്‍ണ്ണമാക്കിയാല്‍ ദുര്‍ബലമായിരിക്കും. സ്വര്‍ണ്ണത്തിനു ബലം കിട്ടാനായി ചെമ്പ്, പലേഡിയം, നിക്കല്‍, ഇരുമ്പ്, വെള്ളി, അലൂമിനിയം തുടങ്ങിയവ സ്വര്‍ണ്ണമൂല്യത്തിന് ഇടിവ് തട്ടാത്ത വിധത്തില്‍ വിവിധ അനുപാതത്തില്‍ ചേര്‍ക്കും. സാധാരണ വാങ്ങുന്ന സ്വര്‍ണ്ണം 22 കാരറ്റ്(916) ആണ്. കാരറ്റ് മീറ്റര്‍ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധനയില്‍ ഇത് മനസ്സിലാക്കാനാകും. ഇന്ത്യയില്‍ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ക്ക് ഹാള്‍ മാര്‍ക്കിംഗ് നല്‍കുന്നത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്(ബിഐഎസ്) ആണ്. ഔണ്‍സിനും ഗ്രാമിനും പവനുമാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്.

‘വജ്രം എന്നെന്നേക്കമുള്ളതാണ്’

വജ്രം എന്നെന്നേക്കമുള്ളതാണ്. വളരെ പ്രസിദ്ധമായ പരസ്യവാചകമാണിത്. വജ്രത്തിന്റെ അനശ്വരത്തെ മാത്രമല്ല, അതിന്റെ ഏറുന്ന ധനമൂല്യത്തെ കൂടി സൂചിപ്പിക്കുന്നു ഈ പരസ്യവാചകം. ലോകത്തിനു വജ്രത്തെ പരിചയപ്പെടുത്തിയതും ഖനനം തുടങ്ങിയതും ഭാരതീയരാണ്. 4000 വര്‍ഷത്തോളമായി അത് നമ്മുടെ കൂടെയുണ്ട്. 16-ാം നൂറ്റാണ്ടുവരെ ഇന്ത്യയുടെ കുത്തകയായിരുന്നു.

(കടപ്പാട് – കല്ല്യാണ്‍ ജ്വല്ലറിയുടെ ശേഖരത്തില്‍ നിന്ന്‌)

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വജ്രം കണ്ടാല്‍ സ്ഫടികച്ചീളുകളാണെന്നേ തോന്നു. പക്ഷെ അവയെ മുറിച്ച് മുഖങ്ങള്‍ നല്‍കിയാല്‍ അതിമനോഹരങ്ങളായ രത്നങ്ങളായി തീരും. മുന്‍കാലങ്ങളില്‍ ഈ പരലുകള്‍ അതേപടി ആഭരണങ്ങളില്‍ പതിക്കുകയായിരുന്നു. ജേം കട്ടിംഗ് അധവാ കല്ലൊരപ്പ് നേരത്തെ കുടില്‍ വ്യവസായമായിരുന്നുവെങ്കില്‍ ഇന്നത് വലിയൊരു വ്യവസായമാണ്. ഓരോ ഇനം രത്നത്തിനും തനതായ കട്ടുകള്‍ നിലവിലുണ്ട്. വജ്രത്തെ സംബന്ധിച്ചിടത്തോളം റൗണ്ട് ബ്രില്യന്റ് കട്ടാണ് ഏറ്റവും മനോഹരം. സ്റ്റെപ് കട്ട്, ട്രാപ് കട്ട്, എമറാള്‍ഡ് കട്ട്, പ്രിന്‍സസ് കട്ട്, മിക്സഡ് കട്ട്, റേഡിയന്റ് കട്ട്, ട്രില്യന്റ് കട്ട് തുടങ്ങിയവയും പ്രസിദ്ധമാണ്. ഇവ കൂടാതെ, ഓവല്‍, മാര്‍ക്വേസ്, പെയര്‍, ഹൃദയം തുടങ്ങിയ രൂപങ്ങളിലും ഇക്കാലത്ത് വജ്രം ചെത്തിമിനുക്കാറുണ്ട്. കുഷന്‍ കട്ട്, റോസ് കട്ട് തുടങ്ങിയ പേരുകളിലാണ് ആദ്യ കാലത്തെ കട്ടുകള്‍ അറിയപ്പെട്ടിരുന്നത്.
വജ്രത്തിന്റെ ഏറ്റവും വ്യാസമേറിയ ഭാഗമാണ് ഗര്‍ഡില്‍. ഇവിടെ വച്ചാണ് രത്നം ആഭരണങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നത്. ഗര്‍ഡിലിന്റെ മുകള്‍ഭാഗത്തെ ക്രൗണ്‍ എന്നും താഴ്ഭാഗത്തെ പവലയിന്‍ എന്നും വിളിക്കുന്നു. ഏറ്റവും മുകള്‍ ഭാഗത്തെ വിസ്തൃത മുഖമാണ് ടേബിള്‍ ഫേസറ്റ്. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന കല്ലുകളില്‍ രത്നനിര്‍മാണത്തിന് യോജ്യമായത് കണ്ടെത്തി അതിന് ഒക്റ്റാഹെഡ്രല്‍ രൂപം നല്‍കുന്നതൊടെയാണ് ജേം കട്ടിംഗിനു തുടക്കമാവുക. എന്നിട്ട് വജ്രപ്പൊടി ചേര്‍ത്ത് തയാറാക്കിയ വാള്‍ ഉപയോഗിച്ച് അതിന്റെ മുനമ്പ്- പിരമിഡ്- മുറിക്കുന്നു. അങ്ങനയയുണ്ടാകുന്നതാണ് ടേബില്‍ ഫേസറ്റ്. പിന്നീട് ‘കോണിക്ക’ലിലൂടെ സിലണ്ട്രിക്കല്‍ ആകൃതി നല്‍കുന്നു. ഈ പ്രക്രീയയെ ബ്രൂട്ടിംഗ് എന്നാണ് വിളിക്കുക. തുടര്‍ന്ന് ചാണയില്‍ വജ്രപ്പൊടിയും ഒലിവെണ്ണയും കുഴച്ചുണ്ടാക്കിയ മാവുകൊണ്ട് ഡ്രസ് ചെയ്തശേഷം മറ്റു മുഖങ്ങള്‍ ഒന്നൊന്നായി ഉരച്ചുണ്ടാക്കും. ആദ്യം നാലു പ്രധാന ഫേസറ്റുകള്‍. വജ്രപ്പൊടി ഉപയോഗിച്ചുള്ള മിനുക്കലും ഒപ്പം നടക്കും.

വജ്രത്തിന്റെ വ്യാപാരത്തെ പ്രധാനമായും മൂന്നായി തിരിക്കാം. പ്രകൃതിയില്‍ നിന്നും കണ്ടെത്തി മാലിന്യങ്ങള്‍ നീക്കം ചെയ്ത് വിപണിയില്‍ എത്തിക്കുന്നതാണ് ആദ്യത്തേത്. റഫ് ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് എന്നിങ്ങനെയാണിവ അറിയപ്പെടുന്നത്. ഈ കല്ലുകള്‍ വാങ്ങി കട്ട് ചെയ്ത് മിനുക്കി ഫേസറ്റുകള്‍ നല്‍കി വില്‍ക്കുന്നതാണ് രണ്ടാമത്തെ വ്യവസായം. ഇങ്ങനെ കട്ട് ചെയ്യുന്ന വജ്രങ്ങള്‍ വാങ്ങി ആഭരണങ്ങളില്‍ പതിച്ചുനില്‍കി വില്‍ക്കുന്നതാണ് മൂന്നാമത്തെ വ്യവസായം. അതത് ഷോറൂമുകളുടെ ഉടമകള്‍ വജ്രം വാങ്ങി പതിച്ചുവില്‍ക്കുന്നതായിരുന്നു മുന്‍പ് നടന്നിരുന്നത്. ഇന്ന് അതോടൊപ്പം, ബ്രാന്റഡ് വജ്രാഭരണങ്ങളും ഇടംപിടിച്ചിരിക്കുന്നു.

(കടപ്പാട് – കല്ല്യാണ്‍ ജ്വല്ലറിയുടെ ശേഖരത്തില്‍ നിന്ന്‌)

ഖനനം ചെയ്തെടുക്കുന്ന വജ്രത്തിന്റെ സിംഹഭാഗവും വ്യാവസായികാവശ്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിക്കുന്നത്. സ്വര്‍ണ്ണത്തപ്പോലെ ഔണ്‍സിനും പവനും ഗ്രാമിനും വില നിശ്ചയിച്ച് വ്യാപാരം നടത്തുന്ന രീതി വജ്രത്തിന്റെ കാര്യത്തില്‍ സാധ്യമല്ല. വജ്രത്തിന്റെ ശുദ്ധി, നിറം, സൗന്ദര്യം, വലുപ്പം തുടങ്ങിയവയെല്ലാം വിലയെ വലിയ തോതില്‍ സ്വാധീനിക്കുന്നു. വജ്രങ്ങള്‍ക്ക് നാലു ഗുണങ്ങള്‍ ആവശ്യമാണെന്നാണ് പ്രമാണം. ‘4 സി’ എന്നാണിവ അറിയപ്പെടുന്നത്. കളര്‍, ക്ലാരിറ്റി, കട്ട്, കാരറ്റ് എന്നിവയാണത്.

വന്‍കിട ഖനിയുടമകള്‍ നല്‍കുന്ന വജ്രങ്ങള്‍ അടങ്ങുന്ന പെട്ടി അവര്‍ പറയുന്ന വിലയ്ക്കു വാങ്ങുന്ന രീതിയാണ് മൊത്തവ്യാപാരത്തില്‍ പൊതുവെ കണ്ടുവരുന്നത്. വജ്രഖനികള്‍ നടത്തുന്ന കമ്പനികള്‍ ശേഖരിക്കുന്ന വജ്രം മൊത്തവ്യാപാരികള്‍ക്ക് വില്‍ക്കുന്നു. അതവര്‍ ഡയമണ്ട് കട്ടിംഗ് വ്യാപാരികള്‍ക്ക് വില്‍ക്കുന്നു. കട്ടുചെയ്ത് രതനമാക്കിയ വജ്രം വീണ്ടും മൊത്തവ്യാപാരികള്‍ വാങ്ങുന്നു. അവരത് റീട്ടയില്‍ കച്ചവടക്കാര്‍ക്ക് നല്‍കുന്നു. അവരില്‍ നിന്നും ജ്വല്ലറിക്കാര്‍ വാങ്ങുന്നു. അവിടെ നിന്നും ഉപഭോക്താക്കളിലേക്ക് എത്തുന്നു.

(കടപ്പാട് – കല്ല്യാണ്‍ ജ്വല്ലറിയുടെ ശേഖരത്തില്‍ നിന്ന്‌)

വജ്രഖനനം വളരെ ചെലവേറിയതാണ്. വളരെ വൈദഗ്ദ്ധ്യം വേണ്ടതും. വജ്രഖനികളില്‍ ഭൂരിപക്ഷവും മാനുഷിക പ്രയത്നത്തെ ആശ്രയിച്ച് പ്രവര്‍ത്തിയ്ക്കുന്നവയാണ്. ഓപ്പണ്‍ മൈനിംഗ്, ഡീപ് മൈനിംഗ്, കടല്‍മണ്ണ് ശേഖരിച്ച് അരിച്ചെടുക്കല്‍ തുടങ്ങിയ മേഖലകളില്‍ വന്‍കിട യന്ത്രങ്ങളെ പ്രയോജനപ്പെടുത്തുന്നു. കട്ടിംഗ് പോളിഷിഗ് രംഗത്ത് ഭാഗീകമായ യന്ത്രവല്‍ക്കരണത്തിനേ സാധ്യതയുള്ളു. തൊഴിലാളികള്‍ പണിശാലകളിലെ കട്ടിംഗ് ടേബിളുകള്‍ക്ക് മുന്നിലിരുന്ന് ശ്രദ്ധാപൂര്‍വം ഓരോ കല്ലും കട്ട് ചെയ്ത് ഫേസറ്റുകള്‍ നല്‍കി മനോഹരങ്ങളായ രത്നങ്ങളാക്കി മാറ്റുന്നു. ന്യൂയോര്‍ക്ക്, ആന്റ്വേര്‍പ്പ്, ആംസ്റ്റര്‍ഡാം, ടെല്‍ അവീവ് തുടങ്ങിയ ഇടങ്ങളിലും ഇന്ത്യയിലെ സൂറത്ത്, മുംബൈ,തൃശൂര്‍ തുടങ്ങിയ ഇടങ്ങളിലും കട്ടിംഗ് വ്യവസായം തഴച്ചു വളര്‍ന്നിട്ടുണ്ട്. ലോകത്തിലെ 10ല്‍ 9 കല്ലും ഇന്ത്യയിലാണ് കട്ട് ചെയ്യുന്നതെന്നാണ് കണക്ക്. ലോകത്ത് ഏറ്റവും അധികം റഫ് ഡയമണ്ട് ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ. ഇന്ത്യയില്‍ ഭൂരിപക്ഷം പേരും വജ്രം മാത്രമായി വാങ്ങുന്നവരല്ല. ആഭരണങ്ങളില്‍ ചാര്‍ത്തിയ വജ്രത്തോടാണ് അവര്‍ക്ക് പ്രീയം.

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍