UPDATES

സോമി സോളമന്‍

കാഴ്ചപ്പാട്

സോമി സോളമന്‍

വിദേശം

വിലയ്ക്ക് വാങ്ങുന്ന ഭൂഖണ്ഡവും വിലയില്ലാത്ത മനുഷ്യരും

                       

നീലക്കടലും തൂവെള്ളമണലും മനം കുളിര്‍പ്പിക്കുന്ന പച്ചപ്പും മാനും മുയലും കാട്ടുപന്നിയും പൂമ്പാറ്റകളും കിളികളും കൊരങ്ങന്‍മാരും ഇവരോടൊപ്പം മണ്ണില്‍ പൊന്നു വിളയിക്കുന്ന മനുഷ്യരും. കടലില്‍ നിന്നും മീനും പിടിച്ച് മുറ്റത്ത് വളരുന്ന ചീരയും കപ്പയും ചേനയും ചേമ്പും കഴിച്ച്, പശുവിനേയും ആടിനെയും കോഴിയേയുമൊക്കെ വളര്‍ത്തി, ഫുട്‌ബോളും കളിച്ച്, ഉച്ചത്തില്‍ പാട്ടും പാടി നൃത്തവും ചെയ്തു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന  മനുഷ്യരുള്ള ഈ നാട്ടില്‍ ദാരിദ്ര്യം ഏതു വഴിയാണ് കടന്നു വരുന്നത്? 

 

തെളിനീരൊഴുകുന്ന നീര്‍ച്ചാലുകളും ആമ്പല്‍കുളങ്ങളും തണ്ണീര്‍ത്തടങ്ങളും ഫലഭൂയിഷ്ടമായ മണ്ണും ഉള്ള  ഇവിടെ എവിടെയാണ് ദാരിദ്ര്യം ജനിക്കുന്നത്? അമാനിയില്‍ മാത്രമുള്ള കാഴ്ചയല്ല ഇത്. ലുഷൊട്ടയിലെ കാബേജ് തോട്ടങ്ങളും പൂക്കൃഷിയും കണ്ടു ഞാന്‍ അമ്പരന്നിട്ടുണ്ട്. സാന്‍സിബാറിലെ ഏലക്കയും ഗ്രംബുവും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ബെയയിലെ നെല്‍പ്പാടങ്ങളും ടാന്‍സാനിയക്ക് വേണ്ടതെല്ലാം നല്കുന്നുണ്ട്. ഈ മണ്ണില്‍ ജനിക്കുന്ന എല്ലാ ജീവജാലങ്ങളെയും പോറ്റാന്‍ ഈ മണ്ണിനു കഴിവുണ്ട്; പിന്നെ എവിടെയാണ് പിഴക്കുന്നത്? 

 

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയത് അമാനിയിലെ കമ്പിവേലികളാണ്.

 

 

അമാനിയിലെ തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലൂടെ നടന്നാല്‍ കമ്പിവേലികള്‍ കാണാം. അതിര്‍ത്തി തിരിച്ചിരിക്കുന്ന മുള്‍വേലികള്‍. ഈ മുള്‍വേലിക്കപ്പുറം ചൈനക്കാര്‍ വാങ്ങിയിരിക്കുന്നു. ആ മണ്ണിലുടെ ഒഴുകുന്ന നീര്‍ചാലുള്‍പ്പെടെ ചൈനക്കാരുടെ കയ്യിലാണ്. അവിടെ താമസിച്ചിരുന്ന ഗ്രാമീണരുടെ കയ്യില്‍ നിന്നും വളരെ തുച്ചമായ വിലയ്ക്ക് ഭുമി സ്വന്തമാക്കി. ആ ഗ്രാമവാസികള്‍ ആരുംതന്നെ ആ വഴി വരാതിരിക്കാന്‍ അവിടെ സെക്യൂരിറ്റി ചെക്ക് പോസ്റ്റും ഉണ്ടാക്കിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പച്ചപ്പ് ഇല്ലാതാകും. ഇവിടെ ഇവിടെ ഒരു Lake view township പൂര്‍ത്തിയാകും.

 

ഇവിടെ താമസിച്ചിരുന്ന ഗ്രാമീണര്‍ക്ക് അവരുടെ മണ്ണ് നഷ്ടപ്പെട്ടു. വീട് നഷ്ടപെട്ടു. കൃഷിയിടങ്ങള്‍ നഷ്ടപെട്ടു. ഇതുപോലെ നഷ്ടപ്പെടലുകളുടെ കണക്കുപോലും കയ്യില്‍ ഇല്ലാത്ത എണ്ണിയാല്‍ തീരാത്ത ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ആഫ്രിക്ക എന്ന ഭൂഖണ്ഡം. 

 

2014-ല്‍ യു.കെയില്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് ടെവേലെപ്‌മെന്റ്‌റ് മൂവ്മെന്‍റ് റിപ്പോര്‍ട്ട് പ്രകാരം ആഫ്രിക്കയിലെ കൃഷിയോഗ്യമായ എല്ലാ പ്രദേശങ്ങളും മോണ്‍സാന്റയും യൂണിലിവറും അടക്കമുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തി കഴിഞ്ഞു. ടാന്‍സാനിയ, എത്യോപ്യ, ഘാന, ഐവറി കോസ്റ്റ്, മലാവി, മൊസാംബിക്, നൈജീരിയ, സെനഗല്‍ എന്നീ രാജ്യങ്ങളെല്ലാം തന്നെ ഉടമ്പടിയില്‍ ഒപ്പിട്ടു കഴിഞ്ഞു. ആഫ്രിക്കന്‍ ബയോ സേഫ്റ്റി സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം യഥാര്‍ത്ഥ കര്‍ഷകരെ അവരുടെ കൃഷി ഭൂമിയില്‍ നിന്ന് വന്‍തോതില്‍ കുടിയൊഴിപ്പിച്ചിട്ടുണ്ട്. യുറോപ്പിലെ മാര്‍ക്കറ്റുകള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുവാന്‍ വേണ്ടി മാത്രമായി വന്‍കിട കുത്തകകള്‍ മണ്ണ് കീഴടക്കി കഴിഞ്ഞു .

 

ഭക്ഷ്യയോഗ്യമായ കാര്‍ഷികവിളകള്‍ ഉത്പാദിപ്പിച്ചു കൊണ്ടിരുന്ന മണ്ണില്‍, മണ്ണിന്റെ സ്വാഭാവിക ഗുണങ്ങള്‍ എല്ലാം നശിപ്പിച്ചു കൊണ്ടുള്ള വ്യാവസായിക വിളകള്‍ ആണ് ഇപ്പോള്‍  കൃഷി ചെയ്യപ്പെടുന്നത്. ഉഗാണ്ടയിലെ മബിറ മഴക്കാടുകള്‍ കയ്യേറിയുള്ള എത്തനോള്‍ പ്ലാന്റെഷന്‍സ്, ഘാനയിലെ ഒരു മില്യണ്‍ ഏക്കറിലെ ഏക വിളയായ ജട്രോഫാ കൃഷി ഇവയൊക്കെ ഇതിനുദാഹരണങ്ങളാണ്.

 

 

ചൈന കോംഗോയില്‍ ഏഴു മില്യണ്‍ എക്കറിലും സാംബിയയില്‍ അഞ്ചു മില്യണ്‍ ഏക്കറിലുമാണ് ബയോ ഫ്യുവല്‍ ഉണ്ടാക്കുന്നത്. മൊസാംബികില്‍ 800 മില്യണ്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുമ്പോള്‍ ടാന്‍സാനിയയില്‍ 745 ഏക്കറാണ് അരിയുത്പ്പാദനത്തിനു വേണ്ടി എറ്റെടുത്തിരിക്കുന്നത്.

 

സുഡാനില്‍ ഒരു മില്യണ്‍ ഏക്കര്‍ കൃഷിഭുമിയാണ് അമേരിക്കയുടെ കൈവശമുള്ളത്. സുഡാനിലെ 6000 ഏക്കര്‍ കൃഷി ഭുമി ജോര്‍ദാന്‍റെ കയ്യിലും ഒരു ലക്ഷം ഏക്കര്‍ യു.എ.ഇയുടെ കയ്യിലും ഉണ്ട്. എത്യോപ്യയിലെ 3200 ഏക്കര്‍ ഭൂമി ബയോ ഫ്യൂവല്‍ ഉണ്ടാക്കാന്‍ ജര്‍മ്മനി ഉപയോഗിക്കുന്നു.

 

ഇന്ത്യന്‍ കുത്തകകള്‍ നാലു ബില്ല്യണ്‍ ഡോളര്‍ ആണ് പൂകൃഷിക്കും പഴവര്‍ഗ കൃഷിക്കുമായി  എത്യോപ്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്.

 

സിംബാബ്വേയിലെ ഭൂമി കയ്യേറ്റത്തിനു തടയിടാന്‍ നിയമനിര്‍മാണം നടത്തിയ മുഗാബയെ ലോകത്തിന്റെ മുന്‍പില്‍ പാശ്ചാത്യമാധ്യമങ്ങള്‍ എങ്ങനെയാണു ചിത്രീകരിച്ചത് എന്ന് നമുക്ക് വ്യക്തമായി അറിയാം .

 

ആധുനിക കോളണിവല്ക്കരണത്തിന് ആഫ്രിക്കയുടെ പുനരുദ്ധാനത്തിന്റെ മുഖമാണ് ചൈനയും ഇന്ത്യയും ഉള്‍പ്പെടുന്ന അധിനിവേശശക്തികള്‍ നല്കിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ഈ നാട് ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരറിയാതെ അവരുടെ ശ്വസിക്കാനുള്ള വായുപോലും പുത്തന്‍ കോളനിവര്‍ഗം കീഴടക്കിക്കൊണ്ടിരിക്കുന്നു.

 

ജി-8 രാഷ്ട്രങ്ങളുടെ ‘New Alliance for Food Security and Nutrition in Africa and the Alliance for a Green Revolution in Africa (AGRA) വിളിച്ചു പറയുന്നത് വേറൊന്നുമല്ല. 

 

ഈ  നാടിന് ഇനിയും ബാക്കിയുള്ള കാര്‍ഷിക വ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കുക. ജനിതകമാറ്റം വരുത്തിയ കാര്‍ഷികവിളകള്‍ ഉള്‍പ്പെടെ ഈ മണ്ണില്‍ വളര്‍ത്തി മണ്ണില്‍ മാരകരോഗങ്ങളും മരണവും നല്കുക. സ്വന്തം മണ്ണില്‍ ജീവിക്കാനും അധ്വാനിക്കാനുമുള്ള അവകാശം പോലും ഇവിടുത്തെ മനുഷ്യര്‍ക്ക് നിഷേധിക്കുക. ഒരു ഭൂഖണ്ഡത്തെ വ്യക്തമായ പദ്ധതികളോട് കൂടി ദരിദ്രരാക്കി തീര്‍ക്കുക. വ്യക്തമായ തിരക്കഥകളോടെ യുദ്ധങ്ങളും വംശീയഹത്യകളും സൃഷ്ടിക്കുക. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭരണസംവിധാനങ്ങളുടെ അസ്ഥിരത കാരണം ആ മണ്ണിനടിയില്‍ ഇനിയും ഖനനം ചെയ്യപ്പെടാതെ കിടക്കുന്ന പ്രകൃതിവിഭവങ്ങളോടുള്ള  വികസിത, വികസ്വര രാജ്യങ്ങളുടെ ആര്‍ത്തിയാണ് ഇതിനൊക്കെ പിന്നിലെന്ന് നമുക്കാരും പറഞ്ഞു തരേണ്ടതില്ല. ഇതിന്റെയൊക്കെ ചെറുപതിപ്പുകളാണ് ഇന്ത്യയുടേയും പല ഭാഗങ്ങളില്‍ നടക്കുന്ന ‘വികസന’ കുടിയൊഴിപ്പിക്കലുകള്‍. 

 

 

അന്താരാഷ്ട്ര ഭൂമാഫിയക്കെതിരെ 2014 ഒക്ടോബര്‍ 23-30 വരെ പാന്‍ അന്താരാഷ്ട്ര ആഫ്രിക്കന്‍ പാര്‍ലമെന്റ് ദക്ഷിണാഫ്രിക്കയില്‍ ഒത്തുചേരുന്നുണ്ട്. പല രാജ്യങ്ങളിലായി ഉയര്‍ന്നു വന്ന ജനപക്ഷ സമരങ്ങള്‍, മണ്ണിനു വേണ്ടിയുള്ള നിലവിളികള്‍ ഈ സമ്മേളനത്തില്‍ ഉയര്‍ന്നു കേള്‍ക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍