UPDATES

ഓഫ് ബീറ്റ്

‘ഇത്തരം വേഷങ്ങളും സിനിമകളുമൊന്നും വേണ്ട’

അനുപമ പരമേശ്വരന് സദാചാര ക്ലാസ്

                       

മലയാളത്തില്‍ തുടങ്ങി അന്യ ഭാഷ ചിത്രങ്ങളില്‍ തിളങ്ങുന്ന അഭിനേത്രികള്‍ അനവധിയാണ്. അത്തരത്തില്‍ ഇതരഭാഷകളിലും ചുവടുറപ്പിച്ച താരമാണ് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ പ്രേക്ഷകരിലൂടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരന്‍. അനുപമയുടെ ചുരുണ്ട മുടിക്കും നിഷ്‌കളങ്കത തുളുമ്പുന്ന മുഖത്തിനും ആരാധകരേറെയായിരുന്നു.

ആരാധകരുടെ പൊതു സ്വത്താണ് നടീനടന്‍മാര്‍ എന്ന തരത്തിലുള്ള പെരുമാറ്റവും സ്വകാര്യ ജീവിതത്തിലേക്കുള്ള അതിരുവിട്ട കൈകടത്തലുകളും പതിവാണ്. അത്തരം ഒരവസ്ഥയിലൂടെയാണ് ഇപ്പോള്‍ അനുപമ പരമേശ്വരനും കടന്നു പോകുന്നത്. അനുപമയും സിദ്ധു ജൊന്നലഗദ്ദയും ഒന്നിച്ചഭിനയിക്കുന്ന റൊമാന്റിക് ക്രൈം കോമഡിയായ ‘ടില്ലു സ്‌ക്വയര്‍’ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അനുപമ തന്റെ സമൂഹ മാധ്യമ അകൗണ്ടുകളില്‍ പങ്കു വയ്ക്കുന്ന പോസ്റ്റുകള്‍ക്ക് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. നായകനൊപ്പം അല്‍പ്പം റൊമാന്റിക് പോസുകളില്‍ എത്തുന്ന അനുപമയെ അംഗീകരിക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ല. പലരും കടുത്ത ഭാഷയിലാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നത്. കൂടുതല്‍ കമന്റുകളും വസ്ത്രത്തെ പറ്റിയുള്ളതാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്നും എന്തിന് ടില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തിലേതുപോലുളള കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നുവെന്നുമാണ് മിക്കവരുടെയും ചോദ്യം. ഇത്തരം വേഷങ്ങളില്‍ അനുപമയെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് ആരാധകരെന്നു പറയുന്നവര്‍ തീര്‍പ്പുകല്‍പ്പിക്കുന്നത്. ഏറ്റവും പുതിയതായി അനുപമ പോസ്റ്റ് ചെയ്ത, ബീച്ചില്‍ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രത്തിനെതിരേയും വലിയ രോഷ പ്രകടനമാണുണ്ടായത്. നേരെ മറിച്ച് താരം പരമ്പരാഗതമായ വേഷങ്ങളില്‍ എത്തുമ്പോള്‍ ആരാധകര്‍ പ്രശംസ കൊണ്ട് മൂടുകയും ചെയ്യുന്നുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ അഭിനേത്രികള്‍ക്കെതിരേ ഇത്തരത്തിലുള്ള സദാചാര പോലീസിംഗ് ഒരു പുതിയ കാര്യമല്ല. മുന്‍പ് അനശ്വര രാജന്‍ ഷോര്‍ട്‌സ് ഇട്ടുകൊണ്ട് നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കു വച്ചതിനു പിറകെ ആരാധകരില്‍ നിന്ന് സൈബര്‍ ആക്രമണം നേരിട്ടിരുന്നു. തുടര്‍ന്ന് അനശ്വരക്ക് പിന്തുണയുമായി മലയാള സിനിമ രംഗത്തെ നിരവധി വനിതാ താരങ്ങള്‍ #womenhavelegs എന്ന ഹാഷ്ടാഗ് കാമ്പെയ്നുമായി രംഗത്തെത്തുകയും ചെയ്തു. എങ്കിലും സ്ത്രീ ശരീരത്തിനുമേലുള്ള പുരുഷാധിപത്യം ഇന്നും നിര്‍ലോഭം തുടരുന്നുവെന്നതാണ് വാസ്തവം. അതൊരു സെലിബ്രിറ്റി കൂടിയാണെങ്കില്‍ പ്രത്യേകിച്ച് ഇത്തരം മോറല്‍ പോലീസിംഗിന്റെയും സദാചാര വാദത്തിന്റെയും കടുപ്പമേറിയ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുന്നുവെന്നത് ഞട്ടിക്കുന്ന വസ്തുതയാണ്, അവരുടെ സ്വാതന്ത്ര്യത്തെയോ സ്വകാര്യ ജീവിതത്തെയോ മാനിക്കാതെയുള്ള അധിക്ഷേപങ്ങളും ശകാര വര്‍ഷങ്ങളും ഇന്നും നിര്‍ലോഭം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങുന്നവര്‍ കരുതലിന്റെ ഭാഷയാണ് ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. കരുതലില്‍ ചാലിച്ച ഭീഷണികളും മുന്നറിയിപ്പുകളുമാണ് മിക്ക കമന്റുകളുടെയും അടിസ്ഥാനം. പക്ഷേ സ്ത്രീകളുടെ സ്ഥാനത്ത് ഏതെങ്കിലും പ്രമുഖ നടന്‍ ആണെങ്കിലോ, അവരുടെ യുവത്വത്തിന്റയും സൗന്ദര്യ ബോധത്തിന്റെയും പേരില്‍ കൊട്ടിഗ്‌ഘോഷിക്കപ്പെടുകയും സ്റ്റാറ്റസുകളിലും സ്റ്റോറികളിലും നിറയുകയും ചെയ്യുന്നു. അവരുടെ പോസ്റ്റുകള്‍ വാനോളം വാഴ്ത്തപ്പെടുകയും ശരീര പ്രദര്‍ശനം അനിയന്ത്രിതമായി പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യും. അതേസ്ഥാനത്ത് ഒരു അഭിനേത്രിയാണെങ്കില്‍ അവരുടെ ഡ്രസ്സിനു കുറച്ച് ഇറക്കം കുറഞ്ഞാലോ അല്‍പ്പം ശരീരം അനാവൃതമായാലോ അത് സദാചാരത്തിന്റെ ഇടുങ്ങിയ കണ്ണിലൂടെ മാത്രമാണ് വീക്ഷിക്കപ്പെടുന്നത്. സമൂഹത്തിന്റെ ചട്ടക്കൂടുകളില്‍ ഒതുങ്ങി കൂടുന്ന സ്ത്രീകളെ നിര്‍മലരും, മാലാഖമാരും, എളിമയുള്ളവരുമായി കാണുമ്പോള്‍ തന്റേതായ ഇടം കണ്ടെത്തുന്നവരെ ചീത്തയും സംസ്‌കാരത്തിന് യോജിക്കാത്തവളുമായി കണക്കാക്കുന്നത്. ഓണ്‍ സ്‌ക്രീനിലെ രീതിയില്‍ തന്നെ അഭിനേതാക്കള്‍ ഓഫ് സ്‌ക്രീനിലും തങ്ങളുടെ സ്വകാര്യ ജീവിതത്തിലും പെരുമാറണം എന്നത് അലിഖിത നിയമായി പാലിച്ചു വരികയാണ്.

സമൂഹ മാധ്യമങ്ങളിലെ ലിംഗവിവേചനത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും ഉദ്ദാഹരണങ്ങള്‍ അനവധിയാണെങ്കിലും ഒരു വരിയിലോ നെടുനീളന്‍ കുറിപ്പിലോ പ്രതിഷേധങ്ങള്‍ ഒതുങ്ങി പോവുന്നതാണ് പതിവ് കാഴ്ച്ച. ഇത്തരം അവകാശ ലംഘനങ്ങളിലൂടെ സാധാരണ ജീവിതത്തില്‍ നിരവധി സ്ത്രീകള്‍ കടന്നു പോകുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ ലിംഗപരമായ അസമത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ പ്രതിരോധമായി സ്‌നേഹത്തിന്റെയും കരുതലിന്റെയും ഭാഷയില്‍ ചാലിച്ച പിന്തിരിപ്പന്‍ മനോഭാവമാണ് വലിയൊരു ശതമാനം പുരുഷന്മാരും പുറത്തെടുക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ് സമൂഹ മാധ്യമം. ഇന്റര്‍നെറ്റിലൂടെയുള്ള ഇത്തരം അതിക്രമങ്ങളെ അവഗണിക്കുന്നത് ഒരു പരിഹാരമല്ല. ഉറച്ച നിലപാടുകളിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കാണാനാകൂ.

കടപ്പാട്: സൗമ്യ രാജേന്ദ്രന്‍, The News Minute

Share on

മറ്റുവാര്‍ത്തകള്‍