UPDATES

പരിസ്ഥിതി/കാലാവസ്ഥ

ഭൂമിയെ ഭയപ്പെടുത്തി സൂര്യന്‍

സൂര്യന്റെ പ്രവര്‍ത്തന ചക്രം പ്രതീക്ഷിച്ചതിലും നേരത്തെ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നതായി കണ്ടെത്തി

                       

കുറച്ച് വര്‍ഷങ്ങളായി ശാസ്ത്രജ്ഞരും ഗവേഷകരും പ്രപഞ്ചത്തിലെ കൗതുകകരവും അപ്രതീക്ഷിതവുമായ ഒരു പ്രതിഭാസം നിരീക്ഷിച്ചുവരികയാണ്. സണ്‍ സ്‌പോട്ടുകള്‍, സൗര ജ്വാലകള്‍, മറ്റ് സൗര പ്രതിഭാസങ്ങള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് അളക്കുന്ന സൂര്യന്റെ പ്രവര്‍ത്തന ചക്രം, പ്രതീക്ഷിച്ചതിലും നേരത്തെ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നു എന്ന് ആ നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നു. ഏകദേശം 11 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഈ പ്രതിഭാസം, ബഹിരാകാശ കാലാവസ്ഥ, സാങ്കേതികവിദ്യ, സൂര്യന്റെ സ്വഭാവത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ എന്നിവയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നവയാണ്.

സൂര്യന്‍ യഥാര്‍ത്ഥത്തില്‍ സ്ഥിരവും ശാശ്വതവുമായ ഒരു നക്ഷത്രമാണ്. ഭൂമിയുടെ നിലനില്‍പ് തന്നെ സൂര്യനെ ആശ്രയിച്ചാണ്. എന്നാല്‍ അടുത്തിടെയായി സൂര്യനില്‍ വലിയ രീതിയിലുള്ള വ്യതിയാനങ്ങള്‍ കാണപെടുന്നതായുള്ള പഠനങ്ങളാണ് പുറത്ത് വരുന്നത്. ഫ്‌ളയേഴ്‌സ് എന്ന ഉഗ്രസ്‌ഫോടനങ്ങള്‍ പതിവായി ഉണ്ടാകുന്നത് മൂലം വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകുന്നു. ഇത്തരം പൊട്ടിത്തെറികളുടെ ഫലമായി പ്രവഹിക്കുന്ന റേഡിയേഷനുകളും സണ്‍ സ്‌പോട്ടുകള്‍ എന്നു വിളിക്കുന്ന ഇരുണ്ടതും തണുത്തതുമായ പ്രദേശങ്ങള്‍ ഉയര്‍ന്നു വരുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരം സണ്‍ സ്‌പോട്ടുകളുടെ എണ്ണം അധികരിക്കുന്നത് മൂലം സൂര്യന്റെ ചലനത്തിലും, ആകൃതിയിലും തുടര്‍ച്ചയായുള്ള വ്യതിയാനങ്ങള്‍ വരുന്നതായും പുതിയ കണ്ടെത്തലുകള്‍ വെളിവാക്കുന്നു.

കൂടാതെ സോളാര്‍ പാര്‍ട്ടിക്കിള്‍ ഇവന്റ്‌സും, സൗരജ്വാല പ്രതിഭാസവും മൂലം സൂര്യന്‍ പലതരത്തിലുള്ള മൂലകകങ്ങളെയും പ്രോട്ടോണുകളയേയും ബഹിരാകാശത്തേക്ക് പുറന്തള്ളുന്നുണ്ട് (സൂര്യന്റെ അന്തരീക്ഷത്തിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയും അതിനെ തുടര്‍ന്നുണ്ടാകുന്ന ഭീമമായ ഊര്‍ജ്ജ പ്രവാഹത്തെയുമാണ് പാര്‍ട്ടിക്കിള്‍ ഇവന്റ്‌സ്എന്ന് വിളിക്കുന്നത്. 6ഃ 1025 ജൂള്‍ ഊര്‍ജ്ജം വരെ ഇത്തരത്തില്‍ പ്രവഹിക്കപ്പെടുന്നു. സൗരാന്തരീക്ഷത്തിലും സൂര്യന്റെ കൊറോണയിലും-സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറം ഭാഗം- പ്ലാസ്മയുടെ ഊഷ്മാവ് ദശലക്ഷം കെല്‍വിനു മുകളിലായി ഉയരുകയും തുടര്‍ന്ന് ഇലക്ട്രോണുകള്‍, പ്രോട്ടോണുകള്‍, മൂലകങ്ങളുടെ അയോണുകള്‍ തുടങ്ങിയവ പ്രകാശത്തോടടുത്ത വേഗത്തില്‍ ശക്തമായി പ്രവഹിക്കുകയും ചെയ്യുന്നു).

സൗരപ്രവര്‍ത്തനങ്ങള്‍ കാലക്രമേണ വ്യത്യാസപ്പെട്ടിരിക്കുന്നതാണ്. ഓരോ 11 വര്‍ഷത്തിലും സൗരപ്രവര്‍ത്തങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നു. അടുത്ത ഉയര്‍ന്ന പോയിന്റ്(‘സോളാര്‍ മാക്‌സിമം’) 2025 ജൂലൈയിലാണ് പ്രവിച്ചിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത് പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്നാണ് കരുതുന്നത്. ഈ പുതിയ കണ്ടെത്തല്‍ സൂര്യനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് കൂടുതല്‍ ധാരണ നല്‍കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. സൗര പ്രവര്‍ത്തന ങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ഭൂമിയെയും നാം ഓരോരുത്തരും ആശ്രയിക്കുന്ന സാങ്കേതിക വിദ്യകളെയും പ്രതികൂലമായി ബാധിക്കുന്നതാണ്. സോളാര്‍ പാര്‍ട്ടിക്കിള്‍ ഇവന്റുകള്‍ സാറ്റ് ലൈറ്റുകളെ പ്രവര്‍ത്തനരഹിതമാക്കുകയും വൈദ്യുതി ഗ്രിഡുകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി തടസപ്പെടുത്തുകയും ചെയ്യും. ഭൂമിയെ ബാധിക്കുന്ന തരത്തിലുള്ള സൗര പ്രവര്‍ത്തനങ്ങളെ ‘ ബഹിരാകാശ കാലാവസ്ഥ’ എന്നാണ് അറിയപ്പെടുന്നത്.

സമയത്തിനുള്ള പ്രാധാന്യം

മുന്‍കൂട്ടി പ്രവചനങ്ങള്‍ നടത്താനും വരാന്‍ പോകുന്ന വിപത്തുകളെ നേരിടാന്‍ തയ്യാറായിരിക്കാനും വേണ്ടി ഒരു ശക്തമായ ശാസ്ത്രീയ മാതൃക ആവശ്യമാണ്. നാസയും യു എസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനും വര്‍ഷങ്ങളായി ഇത് തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ്.

സൗര പ്രവര്‍ത്തങ്ങളെ പ്രവചിക്കാന്‍ പല തരത്തിലുള്ള പഠനങ്ങള്‍ സമന്വയിപിച്ചുകൊണ്ടാണ് ശാസ്ത്ര ലോകം പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ‘സോളാര്‍ മാക്‌സിമം’ 2025 ജൂലൈയില്‍ ആയിരിക്കും എന്ന് കണ്ടെത്തിയത്. മുമ്പുണ്ടായത് പോലെ തന്നെ സോളാര്‍ മാക്‌സിമം അതിന്റെ പരമാവധിയിയിലെത്തിയ ശേഷം താരതമ്യേന ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷകള്‍. 2008 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ നീണ്ടുനിന്ന കഴിഞ്ഞ തവണത്തെ സോളാര്‍ മാക്‌സിമം 2014 ഏപ്രിലില്‍ ആണ് അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയത്.

എന്നിരുന്നാലും നാസ ശാസ്ത്രജ്ഞനായ റോബര്‍ട്ട് ലീമോണിന്റെയും യുഎസ് നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ചിലെ (എന്‍സിഎആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കോട്ട് മക്കിന്റോഷിന്റെയും നേതൃത്വത്തിലുള്ള സംഘം ഒരു ബദല്‍ പ്രവചനം നടത്തിയിരുന്നു. അതില്‍ മുന്‍പ് പ്രവചിച്ചിരുന്നതിനേക്കാള്‍ സൂര്യ ചംക്രമണം അതിന്റെ കൊടുമുടിയില്‍ 2024-ന്റെ മധ്യത്തില്‍ സംഭവിക്കുമെന്നു പറയുന്നു. സണ്‍ സ്‌പോട്ടിന്റെ എണ്ണം പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടിയായിരിക്കുമെന്നും പറയുന്നു. നിലവിലുള്ള സൗര പ്രവര്‍ത്തങ്ങള്‍ ഈ പ്രവചനത്തെ പിന്തുണക്കുന്ന രീതിയിലുള്ളതാണ്. രസകരമായ വസ്തുത എന്തെന്നാല്‍, ഭൂരിഭാഗം പ്രവചന രീതികളും സൗര പ്രവര്‍ത്തനത്തിന്റെ ഏറ്റവും കുറഞ്ഞ പോയിന്റിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുന്നതാണ്. എന്നാല്‍ റോബര്‍ട്ട് ലിമോണും സ്‌കോട്ട് മക്കിന്റോഷും യഥാര്‍ത്ഥ സണ്‍ സ്‌പോട്ടുകളെയും അവയുടെ കാന്തിക ഗുണങ്ങളെയും കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും, ഓരോ സൗര ചക്രങ്ങളും അവസാനിക്കുമ്പോള്‍ അത് തല്‍ക്ഷണമായി ഉണ്ടാകുന്നതല്ല എന്നാല്‍ സൂര്യന്റ പഴയ ചക്രവുമായി ബന്ധപ്പെട്ടുണ്ടായ പഴയ സണ്‍ സ്‌പോട്ടുകളുമായി കൂടി ചേര്‍ന്ന് കാന്തിക ഗുണ വിശേഷണങ്ങളുള്ള പുതിയവ രൂപപ്പെടുകയും ചെയ്യുന്ന മൃദുവായ പരിവര്‍ത്തന രീതിയാണ് എന്നും കണ്ടെത്തി.

പ്രത്യാഘാതങ്ങള്‍

എന്നാല്‍ സൗര ചക്രം അതിന്റ ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ ഉയര്‍ന്ന സൗര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു. സൂര്യന്‍ ഉയര്‍ന്ന അളവില്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്നത് മൂലം, ഭൂമി അഗ്‌നി രേഖയില്‍ ആണെങ്കില്‍ സൂര്യനില്‍ നിന്ന് പുറന്തള്ളപ്പെടുന്ന എന്തെങ്കിലും വസ്തു ഭൂമിയിലേക്ക് പതിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഭൂമിക്ക് സ്വയം സംരക്ഷിക്കാവുന്ന കാന്തിക കവചമുള്ളതിനാലാണ് അവ ഇവിടെ പതിക്കാതെ പോകുന്നത്. സൂര്യനില്‍ നിന്ന് പ്രവഹിക്കുന്ന കണികകളും കാന്തിക ശക്തിയുള്ളവയും ഭൂമിയുടെ കാന്തിക കവചവുമായി കലരുകയും അത് അവയെ ഒരു പരിധി വരെ ഭൂമിയുടെ ഉപരിതലത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയുന്നു.

എന്നിരുന്നാല്‍ പോലും ഭൂമിയുടെ കാന്തിക കവചത്തിന് ഒരു പരിധി വരെ മാത്രമേ സംരക്ഷണം നല്‍കാന്‍ കഴിയു. അപ്പോഴും സൗര പ്രവര്‍ത്തനങ്ങള്‍ നമ്മെ ബാധിക്കുന്നുണ്ട്. ഇതിന്റെ ഉദാഹരങ്ങളാണ് നോര്‍ത്തേണ്‍ ലൈറ്റുകള്‍ അല്ലെങ്കില്‍ അറോറ എന്നറിയപ്പെടുന്ന പ്രതിഭാസം(സൗരവാതം മൂലമുണ്ടാകുന്ന കാന്തികമണ്ഡലത്തിലെ അസ്വസ്ഥതയുടെ ഫലമാണ് അറോറകള്‍). സാധാരണയായി ചുവപ്പ്, പച്ച, നീല നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കൂടാതെ ഉയര്‍ന്ന സൗര പ്രവര്‍ത്തങ്ങള്‍ വൈദ്യുത ബന്ധം വിച്ഛേദിക്കുന്നതിനും കാരണമാകും. കാനഡയിലെ ക്യൂബെക്കില്‍ 1989-ല്‍ ഉണ്ടായ വൈദ്യുതി തടസം ഇതിന്റെ ഒരു ഉദാഹരണമാണ്.

അന്തരീക്ഷത്തിലെ ഉയര്‍ന്ന കണിക സാന്ദ്രതയിലെ മാറ്റവും ഇത്തരത്തില്‍ സൗര പ്രവര്‍ത്തനങ്ങള്‍ ഉയരുന്നതിന്റെ പ്രത്യാഘാതമാണ്. കൂടാതെ ജി പി എസ് ഉപകരണങ്ങള്‍ തകരാറിലാകാനും കാരണമാകുന്നു. ഇത് അന്തരീക്ഷത്തിന്റെ കനം വര്‍ദ്ധിപ്പിക്കുന്നു അത് ഭൂമിയുടെ ഭ്രമണപഥത്തോട് അടുത്ത് നില്‍ക്കുന്ന സാറ്റ്‌ലൈറ്റുകളെ പ്രതികൂലമായി ബാധിക്കാനും ഇടയാകുന്നു. അവ ചിലപ്പോള്‍ ഭൂമിയിലേക്ക് താഴ്ന്ന് വരാനും ചിപ്പോള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ 2022 ഫെബ്രുവരിയില്‍ സ്പേസ് എക്സ് (അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്‌പേസ് എക്‌സ്). കമ്പനി വിക്ഷേപിച്ച സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുടെ ഒരു ബാച്ച് കത്തി നശിച്ചിരുന്നു. അന്ന് പക്ഷെ ഇപ്പോള്‍ നടക്കുന്ന സൗര പ്രവര്‍ത്തനങ്ങളുടെ പകുതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൗര പ്രവര്‍ത്തനം ശക്തമാകുമ്പോള്‍, സംഭവിക്കാനിടയുള്ള മറ്റൊന്നാണ് സോളാര്‍ കൊടുങ്കാറ്റ്. ഇതും ഇത്തരം സാറ്റ് ലൈറ്റുകള്‍ക്ക് വലിയ കേടുപാടുകള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്.

ലോകം പുരോഗതിയിലേക്ക് അടുക്കുന്തോറും മനുഷ്യര്‍ക്ക് കൂടുതലായി ഇലക്ട്രിക്കല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചറുകളെ ആശ്രയിക്കേണ്ടായതായി വരുന്നു. ബഹിരാകാശ കാലാവസ്ഥയെയും അതിന്റെ ഉറവിടമായ സൂര്യനെയും നിരീക്ഷിച്ചില്ലെങ്കില്‍ അപകട സാധ്യതകളേറും. വരാന്‍പോകുന്നത് എന്താണെന്ന് നേരത്തെ അറിഞ്ഞാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാം. എന്നാല്‍ ഇതിനായി സൂര്യനെ കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘങ്ങള്‍ മുന്‍കാല നിരീക്ഷങ്ങളുടെയും മറ്റുമുള്ള വിശദമായ വിവരങ്ങള്‍ ശേഖരിക്കുകയും സാറ്റ്‌ലൈറ്റ് വഴി നിരന്തരമായി സൂര്യനെയും ബഹിരാകാശ കാലാവസ്ഥയെയും നിരീക്ഷിക്കുന്നതിനുള്ള വഴികള്‍ നിരന്തരമായി വിപുലീകരിച്ച് കൊണ്ടിരിക്കുകയും ചെയുന്നുണ്ട്. സൗര പ്രവര്‍ത്തനങ്ങള്‍ പ്രവചിക്കാന്‍ കെല്‍പ്പുള്ള ശാസ്ത്ര മാതൃകകള്‍ പുരോഗതിയുടെ വഴിയിലാണ്, ഇപ്പോഴത്തെ കണ്ടെത്തലുകള്‍ അതിനെ കൂടുതല്‍ മെച്ച പെടുത്താന്‍ സഹായിക്കുന്ന തരത്തിലാണ്.

സൂര്യനെക്കുറിച്ച് ആഴത്തിലുള്ള ധാരണ ആവശ്യമാണ്. വിദഗ്ധര്‍ ഇതിനകം തന്നെ മുന്‍കാല നിരീക്ഷണങ്ങളുടെ വിശദമായ ലോഗ് സൂക്ഷിക്കുകയും ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് സൂര്യനെയും ബഹിരാകാശ കാലാവസ്ഥയെയും നിരീക്ഷിക്കുന്നതിനുള്ള വഴികള്‍ നിരന്തരം വിപുലീകരിക്കുകയും ചെയ്യുന്നു. സൗരപ്രവര്‍ത്തനം പ്രവചിക്കാന്‍ അനുവദിക്കുന്ന ശാസ്ത്രീയ മാതൃകകളും മെച്ചപ്പെടുത്തുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍