UPDATES

വൈറല്‍

‘തളരരുത് ശോഭേ..’ ശോഭ സുരേന്ദ്രന്റെ ചീറ്റിപ്പോയ സമരത്തിന് ട്രോളുകളുടെ പെരുമഴ

മഹിജയുടെ സമരം ഇന്നലെ അവസാനിച്ചതോടെ ശോഭ സുരേന്ദ്രന്‍ ഇന്ന് പ്രഖ്യാപിച്ച ഉപവാസ സമരത്തിന് പ്രസക്തിയില്ലാതായി

                       

പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് പിന്തുണ അര്‍പ്പിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഇന്ന് മുതല്‍ പ്രഖ്യാപിച്ച ഉപവാസ സമരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ഇഷ്ടവിഷയം. മഹിജയുടെ സമരം ഇന്നലെ അവസാനിച്ചതോടെ ശോഭയുടെ ഉപവാസ സമരത്തിന് പ്രസക്തിയില്ലാതായതാണ് ട്രോളര്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്.

സമരം പ്രഖ്യാപിക്കുന്നതിന്റെ പേരില്‍ ഇതാദ്യമായല്ല ശോഭ സുരേന്ദ്രന്‍ നാണം കെടുന്നത്. നേരത്തെ ലോ അക്കാദമി സമരത്തിലും ശോഭ പ്രഖ്യാപിച്ച സമരം നടത്താന്‍ സാധിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രോളര്‍മാര്‍ ശോഭയെ കളിയാക്കുന്നത്. വിവിധ സിനിമ രംഗങ്ങള്‍ കോര്‍ത്തിയിണക്കിയാണ് പതിവുപോലെ ട്രാളുകളെല്ലാം. അതോടൊപ്പം ഇന്നത്തെ ഉപവാസ സമരം ആഹ്വാനം ചെയ്യുന്ന പോസ്റ്ററും ഉപയോഗിച്ചിട്ടുണ്ട്.

‘നീതി തേടിയുള്ള മഹിജയുടെ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം. അമ്മ മനസിനൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറി ഏപ്രില്‍ 10 തിങ്കളാഴ്ച രാവിലെ 10 മുതല്‍ 24 മണിക്കൂര്‍ ഉപവസിക്കുന്നു’ എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം സര്‍ക്കാരില്‍ നിന്നും ഉറപ്പുലഭിച്ചതോടെ ഇന്നലെ മഹിജയും ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നിരാഹാര സമരം അവസാനിപ്പിച്ചു. ഇതോടെ ശോഭയുടെ സമര പ്രഖ്യാപനം വെറുതെയാകുകയും ചെയ്തു.

കല്യാണ രാമന്‍ എന്ന ചിത്രത്തിലെ ‘തളരരുത് രാമന്‍ കുട്ടി..’ എന്ന ഡയലോഗ് ആണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ പ്രശസ്തമായ മറ്റ് ചിത്രങ്ങളിലെ രംഗങ്ങളും ഡയലോഗുകളും ട്രോളുകള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ സമൂഹമാധ്യമത്തില്‍ വാഗ്വാദം പതിവായിരിക്കുകയാണെങ്കിലും ട്രോളര്‍മാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ശോഭ സുരേന്ദ്രനെയാണ്.

Share on

മറ്റുവാര്‍ത്തകള്‍