UPDATES

വായന/സംസ്കാരം

പെരുമാള്‍ മുരുകന്റെ കീഴാളന്‍: ജാതീയതയുടെ അവിശ്വസനീയമായ ആഴത്തെ വെളിവാക്കുന്ന നോവല്‍

ജൈവികതയുള്ള വായനയാണ് ഇപ്പോള്‍ മലയാളിയേക്കാള്‍ മലയാളിയായ പെരുമാള്‍ മുരുകന്റെ കൂലമാതരി/ കീഴാളന്‍ പകര്‍ന്നു നല്‍കുന്നത്.

                       

ചെറുപ്പത്തില്‍ കൃഷിപ്പണിക്ക് സഹായിക്കാനായി ഒരാള്‍ വരുമായിരുന്നു. വലിയൊരു തോര്‍ത്തുടുത്ത് രാവിലെ പറമ്പിലേക്കിറങ്ങുന്ന അയാള്‍ മൂന്ന് ചെറിയ ഇടവേളകളൊഴികെ മണ്ണിനോട് സ്ഥായിയായ മൗനഭാഷണം തുടര്‍ന്നു കൊണ്ടിരുന്നു. അയാളുടെ വരവില്‍ മണ്ണ് അധ്യാപകനോടുള്ള ഭയത്താലോ ബഹുമാനത്താലോ അച്ചടക്കപ്പെടുന്ന കുട്ടിയായി മാറിക്കൊണ്ടിരുന്നു.

ഒരിക്കല്‍ നാടു കാണാനിറങ്ങിയ ഞാന്‍ അയാള്‍ താമസിക്കുന്ന ഇടത്തെത്തി. സെറ്റില്‍മെന്റ് കോളനി എന്നാണ് ആ പ്രദേശത്തെ വിളിക്കുക. വീടിന് മേലെയുള്ള വഴിയില്‍ എന്നെ കണ്ട അയാള്‍ വീട്ടിലേക്ക് വിളിച്ചു. അതിന് മുന്‍പ് ആ വഴി പോയത് ഏതോ ഇലക്ഷന്‍ തലേന്ന് മുതിര്‍ന്നവര്‍ക്കൊപ്പം അവസാന വട്ടം വോട്ട് ഉറപ്പിക്കാനാണ്. വീട്ടില്‍ ചെന്നപ്പോള്‍ അവിടെ എല്ലാവര്‍ക്കും സന്തോഷം. അവര്‍ തന്ന പഴത്തിന്റെ മധുരമാണ് ഓര്‍മ്മയില്‍ ആ സന്ദര്‍ശനത്തിനുള്ളത്. പിന്നെ മരിച്ചിട്ടും അവരില്‍ ചിലര്‍ ബാക്കിയാക്കിയ സന്തോഷത്തിന്റെ പോസിറ്റീവ് എനര്‍ജി. കറക്കം കഴിഞ്ഞ് തിരികെയെത്തിയ വിശേഷം ചിലരോട് പങ്കു വെച്ചപ്പോഴാണ് ജാതീയത എങ്ങനെയാണ് അപമാനിക്കപ്പെടലുകളുടെ ഉപാധിയാവുന്നതെന്ന് തിരിച്ചറിഞ്ഞത്. അതു വരെയും അതിനു ശേഷം ഈ അടുത്ത കാലം വരെയും ജാതി ഒരു പ്രത്യേക ഘടകമല്ലാത്ത ഒരിടത്ത് ജീവിച്ചതിന്റെ നല്ല ഓര്‍മ്മകളാണ്. ഇപ്പോള്‍ മക്കള്‍ വരെ ജാതി പറയുന്നു. ഒപ്പം അതിന്റെ പൊള്ളത്തരത്തില്‍ ചിരിക്കുകയും ചെയ്യുന്നു.

എണ്‍പതുകളില്‍ ഇപ്പോഴത്തെ കണ്ണൂരിനോളം പോന്ന രാഷ്ടീയ സംഘര്‍ഷങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട സമൂഹമാണ്. Cpm-RSS-Congrsse സംഘര്‍ഷം ഓരോ ദിവസവും സ്‌കോര്‍ കാര്‍ഡ് തിരുത്തിക്കൊണ്ടിരുന്നപ്പോഴും ജാതി / മതം ഒരു ഘടകമായിരുന്നില്ല. അന്നത്തെ രാഷ്ട്രീയ അനുഭാവികളില്‍ പലരും കടുത്ത ജാതി/മത അനുഭാവികളാവുന്ന ഒരിടത്ത് ഇരുന്ന് കീഴാളന്‍ വായിക്കുന്നു. അന്ന് ജാതിവാല്‍ പേരില്‍ നിന്ന് ഒഴിവാക്കിയിരുന്ന മാതാപിതാക്കളുടെ മക്കള്‍ അവരുടെ മക്കളുടെ പേരറ്റത്ത് എന്തോ കണ്ടെത്തല്‍ പോലെ ജാതിവാല്‍ തൂക്കുന്നു.

ജാതീയതയുടെ അവിശ്വസനീയമായ ആഴത്തെ വെളിവാക്കുന്ന ഒരു നോവലാണ് കീഴാളന്‍. പശ്ചാത്തലം. കൂലയ്യന്‍, മൊണ്ടി, വാവുറി, ശെവിടി, നെടുമ്പന്‍ തുടങ്ങിയ ഗൗണ്ടന്മാര്‍ക്ക് വീട്ടുവേല ചെയ്യാന്‍ വിധിക്കപ്പെട്ട ചക്കിലിയ വിഭാഗത്തില്‍ പെട്ട ബാലവേലക്കാരാണ് കഥാപാത്രങ്ങള്‍. അവര്‍ ഒരിമിച്ച് ആടുകളെ മേയ്ക്കാനെത്തുന്ന കൃഷിയിടം. അവരുടെ ചെറിയ ലോകം. പ്രായത്തേക്കാള്‍ വലുതായ ജീവിതം. ഒരിക്കലും അഴിച്ചെടുക്കാനാവാത്ത അടിമത്തത്തിന്റെ കുരുക്ക്. ഉള്ളില്‍ തിളയ്ക്കുന്ന പ്രതിഷേധം. പുറത്ത് കാണിക്കാനാവാതെ ഉള്ളില്‍ തിളയ്ക്കുന്ന വിക്ഷോഭങ്ങളുടെ ലാവ.

ഒരു പ്രത്യേക സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മ വിശദീകരണമാണ് നോവലിന്റെ പ്രത്യേകത. വിശദാംശങ്ങളാണ് ആ ജീവിതത്തെ വായനക്കാരനിലേക്ക് ആഴത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതിന് സാധ്യമായ കബനി സിവിക്കിന്റെ മൊഴിമാറ്റം. ഏറെ ക്ഷമ വേണ്ട ഒന്നായി തോന്നുന്നു ഈ പുസ്തകത്തിന്റെ മൊഴിമാറ്റം.

വൈവിധ്യതയുള്ള പ്രകൃതി, ക്രൂരവും പ്രാകൃതവുമെന്ന് തോന്നിപ്പിക്കുന്ന ആചാരങ്ങള്‍, ജാതി വെറിയുടെ അളവില്ലാത്ത ആഴം, മണ്ണില്‍ ഋതുവിന്റെ മാന്ത്രിക സ്പര്‍ശം. മനുഷ്യര്‍ക്ക് തമ്മിലെന്നെതിനേക്കാള്‍ മനുഷ്യനും മൃഗങ്ങളുമായുള്ള ബന്ധം. ഇത്തരത്തില്‍ ജൈവികതയുള്ള വായനയാണ് ഇപ്പോള്‍ മലയാളിയേക്കാള്‍ മലയാളിയായ പെരുമാള്‍ മുരുകന്റെ കൂലമാതരി/ കീഴാളന്‍ പകര്‍ന്നു നല്‍കുന്നത്.

‘സത്യസന്ധമായ മോഷണങ്ങള്‍’ ജീവിതത്തില്‍നിന്ന് അപഹരിച്ചെടുത്ത കവിതകള്‍

 

രാജേഷ് ചിത്തിര

രാജേഷ് ചിത്തിര

എഴുത്തുകാരൻ

More Posts

Share on

മറ്റുവാര്‍ത്തകള്‍