UPDATES

സിനിമ

വിനായകനും മെഹേര്‍ഷാല അലിയും മുത്തശ്ശി പത്രത്തിന്റെ വംശീയചിന്തയും

പൊതുവേദികളില്‍ നിന്നും അറിഞ്ഞുകൊണ്ട് മാറ്റിനിര്‍ത്തപ്പെടുന്നവന് കാലം ഒരുക്കിവയ്ക്കുന്ന വേദികളില്‍ ഒരേ മുഖഭാവം മാത്രമേ ഉണ്ടാകൂ.

                       

കറുത്ത മനുഷ്യര്‍ക്ക് ഇത്രയൊക്കെ ബഹുമാനം മതിയെന്ന് പറഞ്ഞ് ട്രംപ് വിളിച്ചുചേര്‍ത്ത യുഎസിലെ വിദ്യാഭ്യാസ പ്രതിനിധികളുടെ യോഗത്തില്‍ ലാഘവത്തോടെ സോഫയില്‍ അലക്ഷ്യമായിരുന്നു മൊബൈല്‍ നോക്കി രസിക്കുന്ന പ്രസിഡണ്ടിന്‍റെ ഉപദേശകയുടെ ചിത്രം ഇന്നലെയാണ് മാധ്യമങ്ങളില്‍ വന്നത്. ലോകം ഇപ്പോഴും തൊലിയഴകിന്‍റെ രാഷ്ട്രിയം ഉള്ളില്‍ കൊണ്ടുനടക്കുന്നുവെന്നതിന് ഇത് വലിയ തെളിവാകുന്നു.

അതേസമയം ചരിത്രത്തില്‍ ആദ്യമായി ഓസ്കാര്‍ പോലും തിരുത്തലിലൂടെ കടന്നു പോകുന്നു. ട്രംപിന്‍റെ വെളുമ്പന്‍ മനസിന്‌ മറുപടി കൊടുത്തുകൊണ്ട് അയാള്‍തന്നെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച ഒരു വര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയ്ക് നേരെ മൂണ്‍ലൈറ്റ് താരം മെഹേര്‍ഷാല അലിയ്ക് അതു വച്ച് നീട്ടി അക്കാദമി അല്പം പൊതുപക്ഷ രാഷ്ട്രീയം പറയുവാന്‍ ശ്രമിക്കുന്നു.

എന്നാല്‍ ചിലത് അവിടെ അവസാനിക്കുന്നില്ല. മെഹേര്‍ഷാല അലി പാകിസ്ഥാനില്‍ മുസ്ലിം അല്ലാതാകുകയും യുഎസില്‍ മുസ്ലിമായി പരിഗണിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗബോധത്തിന്‍റെ ഉടമയാണ്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ അലി പ്രതിനിധാനം ചെയ്യുന്ന അഹമ്മദി എന്ന വര്‍ഗ്ഗം പാക്കിസ്ഥാനില്‍ നിന്നും നിയമപരമായി ആട്ടിയകറ്റപ്പെട്ട മുസ്ലിം വിഭാഗമാണ്. അതുകൊണ്ടുതന്നെ മഹേലാ ലോധി എന്ന യുഎസിലെ പാകിസ്ഥാന്‍ അംബാസിഡര്‍ അലിയെ അനുമോദിച്ചുകൊണ്ട് ആദ്യം പുറത്തിറക്കിയ ട്വീറ്റ് പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തു.

ഇവിടെ നിന്ന് വേണം മനുഷ്യന്‍ എന്ന വര്‍ഗ്ഗത്തെ എത്ര ചെറുതായാണ്‌ ഭാഷയുടെയും രാജ്യത്തിന്‍റെയും വര്‍ണ്ണത്തിന്റെയും മതത്തിന്‍റെയും അളവുകോല്‍ വച്ച് തെറ്റായി മനസിലാക്കുന്നതെന്നറിയാന്‍.

ഒരു രാജ്യത്തിനും വര്‍ഗ്ഗപരമായി സ്വീകരിക്കാന്‍ സാധിക്കാത്ത ഈ മനുഷ്യന്‍റെ പ്രതിഭയെയാണ് ഇവിടെ ആദരിക്കപ്പെട്ടതെന്ന് സാധാരണ മനുഷ്യര്‍ക്ക്‌ മനസിലാകും. രാഷ്ട്രിയത്തിനുപരി മതവും വര്‍ഗ്ഗവും നിറവും മനസ്സില്‍ കൊണ്ട് നടക്കുന്ന രാഷ്ട്രപ്രതിനിധികള്‍ക്ക് ഇത് പെട്ടെന്ന് മനസിലാകില്ലെന്നു മാത്രം.

പ്രതിഭാധനനായ വില്‍സ്മിത്തും സംഘവും വാരിയെറിഞ്ഞ വിമര്‍ശനങ്ങള്‍ മനസിലാക്കാന്‍ അക്കാദമിക്ക് കഴിഞ്ഞു. എന്തായാലും മൂണ്‍ ലൈറ്റ് എന്ന സിനിമ ചരിത്രപരമായി ഇടം കണ്ടെത്തുന്നുവെങ്കില്‍ അത് അലി യുടെ തെരഞ്ഞെടപ്പ് കൊണ്ടുകൂടിയാകും.

പുരസ്കാരം പിടിച്ചുകൊണ്ടുള്ള അലിയുടെ നില്‍പ്പ് ഓര്‍മ്മപ്പെടുത്തിയത്‌ നമ്മുടെ സ്വന്തം വിനായകനെയാണ് മാന്ത്രികം മുതല്‍ കമ്മട്ടിപ്പാടം വരെ ക്രമമായി സ്ക്രീന്‍ സാന്നിധ്യം അറിയിച്ച വിനായകന്‍. കഴിഞ്ഞ നാള്‍ ലഭിച്ച നവമാധ്യമ കൂട്ടം നല്‍കിയ ഒരു പുരസ്‌കാരം നെഞ്ചോടു ചേര്‍ത്ത് നില്‍ക്കുന്ന വിനായകന്‍റെ രൂപത്തിന് അലിയുടെ നില്‍പ്പുമായി ഏറെ സാമ്യമുണ്ടായിരുന്നു. പൊതുവേദികളില്‍ നിന്നും അറിഞ്ഞുകൊണ്ട് മാറ്റിനിര്‍ത്തപ്പെടുന്നവന് കാലം ഒരുക്കിവയ്ക്കുന്ന വേദികളില്‍ ഒരേ മുഖഭാവം മാത്രമേ ഉണ്ടാകൂ.

അവാര്‍ഡുകള്‍ താരനിശകള്‍ക്കുള്ള വാണിജ്യ സാധ്യതയായി മാറിയ ലോകത്ത് വിനായകനെപ്പോലൊരാള്‍ക്ക് പിടിച്ചു നില്ക്കാന്‍ അഭിനയം മാത്രം പോരാ. കഴിഞ്ഞ തവണ ഇന്ദ്രന്‍സ് ഈ കാഴ്ചപ്പാടിന്‍റെ രക്തസാക്ഷിയായിരുന്നു.

കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം സിനിമയില്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് കാലത്തിനു ശേഷം കൂടുതല്‍ ശക്തമായി തീര്‍ന്നു. കാഴ്ചയുടെ ഭംഗി വെളുപ്പില്‍ മാത്രമാണെന്ന് പൊതുധാരാ സിനിമാക്കാര്‍ എവിടെയൊക്കെയോ എഴുതിവച്ചതിനു തെളിവാണ് വിനായകനും ഇന്ദ്രന്‍സും വില്‍സ്മിത്തും അലിയുമെല്ലാം മാറ്റിനിര്‍ത്തപ്പെട്ടതിലൂടെ ലഭ്യമാകുന്നത്.

ഒന്നുകൂടി പറയാതിരിക്കാന്‍ കഴിയുന്നില്ല. വിനായകന്‍റെയും പുതിയ നായകന്‍ വിഷ്ണുവിന്‍റെയും കറുപ്പ് ഒരു കുറവായി കണ്ട വനിതയുടെ മുഖചിത്രം വല്ലാത്തൊരു ഹാസ്യമായി മാറുന്നു. സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കുന്ന പ്രസിദ്ധികരണം ഇപ്പോഴും ആ വെളുത്ത ആണ്‍ ശരീരത്തില്‍ വല്ലാതെ ഭ്രമിച്ചിരിക്കുകയാണ്. മുത്തശിയുടെ പഴമനസല്ലേ.. ഇങ്ങനെയൊക്കെസംഭവിക്കൂ… കമ്മട്ടിപ്പാടം ഒരു തവണയെങ്കിലും വനിതയിലെ മേക്കപ്പ് ടീം കണ്ടിരുന്നെങ്കില്‍, അവരിലാരെങ്കിലും മനസിലാക്കി കണ്ടിരുന്നെങ്കില്‍ വിനായകന്‍റെ പെര്‍ഫോമന്‍സില്‍ അയാളുടെ ശരിരം നല്‍കിയ പിന്തുണ 90 ശതമാനത്തിലും അധികമായിരുന്നുവെന്ന് മനസിലാകുമായിരുന്നു. കട്ടപ്പനയിലെ ഹൃതിക്റോഷന്‍ കളിക്കാന്‍ വിഷ്ണുവിന് അത്ര മെച്ചമുള്ള അഴകൊന്നും വേണ്ടായിരുന്നുവെന്നും മനസിലാകുമായിരുന്നു. മുത്തശ്ശിയല്ലേ കാഴ്ചകള്‍ക്ക് തിമിരം കൂടിക്കൊണ്ടിരിക്കുന്നു. പുറത്ത് നടക്കുന്നതൊന്നും അകത്തറിയുന്നില്ല.

എന്നാലും അവാര്‍ഡുകളിലെ ചില മനസിലായ്കയില്ലായ്മയെപ്പറ്റിയും കൂടി ഒന്ന് പറഞ്ഞുകൊള്ളട്ടെ. (വിനായകനില്‍ എത്തിനില്‍ക്കുന്നതുകൊണ്ടും യുഎസുമായി ചിലത് ബന്ധിപ്പിച്ചതുകൊണ്ടും മാത്രം) നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് എന്നൊരു ഏര്‍പ്പാടുണ്ട്‌ (NAFA).അതുപോലെ ഫ്രിഡിയ എന്റര്‍റ്റൈന്‍മെന്‍റ് നല്‍കിയ ഒരവാര്‍ഡ് വിനയകനാണ്. കാര്യം നല്ലത് തന്നെ, കേള്‍ക്കാന്‍ സുഖവുമുണ്ട്, അവാര്‍ഡിന്റെ ഗണം Best Outstanding Performance. കേള്‍ക്കുമ്പോള്‍ ഇമ്പം തോന്നുന്നു. എന്നാല്‍ ഇതിനോടൊപ്പം മറ്റൊരാള്‍ക്ക്‌ ബെസ്റ്റ് ആക്റ്റര്‍ എന്നൊരവാര്‍ഡും അവര്‍ കൊടുക്കുന്നുണ്ട്. അത് മറ്റൊരു താരത്തിനാണ്. അപ്പോള്‍ എന്താണ് നല്ല നടനും മികച്ച നടനും തമ്മിലുള്ള വ്യത്യാസം? ചില പങ്കുകച്ചവടങ്ങള്‍ ഇങ്ങനെയും ഉണ്ട്. അല്ലെങ്കില്‍ ചില കാര്യങ്ങള്‍ ഇങ്ങനെയൊക്കെയേ നടത്താന്‍ കഴിയൂ.. അല്ലേ?

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍