UPDATES

വീഡിയോ

ഹോളീവുഡ് ചിത്രങ്ങളിലെപ്പോലെ ഭയം ജനിപ്പിക്കുന്ന ഷോട്ടുകളുമായി ‘വെഡിങ് ഗൗണ്‍’

ചിലപ്പോഴൊക്കെ മനസ്സ് ഒരു കൈവിട്ട പട്ടം പോലെ ശൂന്യതയുടെ ഇരുണ്ട ആകാശങ്ങളില്‍ പറന്ന് നടക്കും. അത്തരമൊരു യാത്രയാണ് പുതുമുഖ സംവിധായകന്‍ അഷ്ഫാക്ക് അസ്ലാമും കൂട്ടരും നമുക്ക് മുന്നില്‍ തുറന്ന് വെക്കുന്നത് ‘വെഡിങ് ഗൗണ്‍’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ

                       

നിങ്ങള്‍ എപ്പോഴെങ്കിലും ഭയം എന്ന വികാരത്തെ അടുത്തറിഞ്ഞിട്ടുണ്ടോ? ജീവിച്ചിരിക്കുന്നവരില്‍ ഇരുമുഖരെ കണ്ടിട്ടുണ്ടോ? അതെ, ചിലപ്പോഴൊക്കെ മനസ്സ് ഒരു കൈവിട്ട പട്ടം പോലെ ശൂന്യതയുടെ ഇരുണ്ട ആകാശങ്ങളില്‍ പറന്ന് നടക്കും. അത്തരമൊരു യാത്രയാണ് പുതുമുഖ സംവിധായകന്‍ അഷ്ഫാക്ക് അസ്ലാമും കൂട്ടരും നമുക്ക് മുന്നില്‍ തുറന്ന് വെക്കുന്നത് ‘വെഡിങ് ഗൗണ്‍’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ.

ഒരു തനി ക്രിസ്തീയ കുടുംബത്തില്‍ നടക്കുന്ന ഒരു അസാധാരണ സംഭവത്തിലൂടെയാണ് കഥ പോകുന്നത്. സിനിമയുടെ ആശയ വിനിമയത്തിനായി ഒരുപാട് നൂതന സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു വിവാഹ വസ്ത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ ഗതി പൂര്‍ണ്ണമായും നിര്‍ണ്ണയിക്കപ്പെടുന്ന അവസ്ഥയില്‍ ഒരു ചിത്രം എടുക്കുക എന്നത് ഈ നവാഗത സംവിധായകന്റെ അസാമാന്യ ക്രിയാത്മക ധൈര്യത്തെ എടുത്തു കാണിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ബെല്ലിയും സ്റ്റെല്ലയും കേവലം രണ്ടു പെണ്മക്കളല്ല; അതിലുപരി അവര്‍ ഒരേ ത്രാസിന്റെ രണ്ടു തട്ടുകളാണ്, ആധുനിക ജീവിതത്തിലെ സൗന്ദര്യത്തിന്റെയും, ധൈര്യത്തിന്റെയും, മാനസിക വളര്‍ച്ചയുടെയും, ശാരീരിക ത്രാണിയുടെയും, പക്വതയുടെയും അളവുകോലുകള്‍. നമുക്ക് ചുറ്റും പലപ്പോഴും രണ്ടു യാഥാര്‍ഥ്യങ്ങളുണ്ട്; ഒന്ന് നമ്മള്‍ അറിയുന്ന പ്രപഞ്ച സത്യം, രണ്ട് നമ്മുടെ മനസ്സ് ജന്മം കൊടുക്കുന്ന ഭീകരത മുറ്റിനില്‍ക്കുന്ന സത്യം. മനസ്സിന്റെ സഞ്ചാര പഥങ്ങള്‍ അതിന്റെ അനന്തകളിലേക്ക് പോകുമ്പോഴാണ് ആ രണ്ടാമത്തെ ഗണത്തില്‍ പെട്ട സത്യങ്ങള്‍ക്ക് നമ്മുടെ മനസ്സുകള്‍ അടിപ്പെടുന്നത്. ഇത്തരമൊരു അവസ്ഥയാണ് ഈ ചിത്രത്തിന്റെയും മുഖ്യ പ്രമേയം.

പെണ്മനസ്സിനെയും പെണ്ണുടലിനെയും തരം താണ താരതമ്യങ്ങള്‍ക്കും, വിലകുറക്കലുകള്‍ക്കും വിധേയമാക്കുന്ന സാമൂഹികാവസ്ഥയെ വളരെ വ്യക്തമായി ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. ഹോളീവുഡ് ചിത്രങ്ങളില്‍ ഭയം ജനിപ്പിക്കുന്നതില്‍ തുല്യതയില്ലാത്ത ഷോട്ടുകള്‍ ജനിപ്പിക്കുന്ന കലാകാരന്മാര്‍ നമ്മുക്കുള്ളപ്പോഴും മലയാള സിനിമയില്‍ അത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവര്‍ എണ്ണത്തില്‍ കുറവ് തന്നെയാണ് എന്ന ആരോപണത്തിന് അപവാദവുമായാണ് ഒരു തരത്തില്‍ ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ മൊത്തം മൂഡ് വൃത്തിയായി നിലനിര്‍ത്തുന്നതില്‍ ലൈറ്റിംഗിന്റെയും, പശ്ചാത്തല സംഗീതത്തിന്റെയും മികവുറ്റ സംഭാവനകള്‍ എടുത്ത് പറയേണ്ടതാണ്.

ഒരു ക്രിസ്തീയ കുടുംബത്തിന്റെ സാധ്യതയെ സംശയിപ്പിക്കുന്ന അമ്മാവന്‍,പെങ്ങള്‍ തുടങ്ങിയ ചില പ്രയോഗങ്ങളുടെ അനൗചിത്യമാണ് ചിത്രത്തിനെക്കുറിച്ച് വിമര്‍ശനാത്മകമായി പറയാനുള്ളത്.  ഒന്നുകൂടി സൂക്ഷ്മ നിരീക്ഷണത്തിന് പാത്രമാക്കുകയാണെങ്കില്‍, അവഗണനകളില്‍ നിന്നുള്ള വേദന ഒരു ശരീരത്തിനുള്ളില്‍ തന്നെ ജന്മം നല്‍കുന്ന മറ്റൊരു ‘ഞാന്‍’ ആണ് വെഡിങ് ഗൗണില്‍ വരച്ചു വെക്കുന്നതെന്ന് മനസ്സിലാവുന്നു.

സമകാലിക ഹ്രസ്വ ചിത്ര ലോകത്ത്, ഒരു ഫീച്ചര്‍ ഫിലിമിന്റെ സ്വഭാവമുള്ള കുഞ്ഞു ചിത്രമായിത്തന്നെ ഈ ചിത്രം ചേര്‍ത്തുവെക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. കയ്യടക്കമുള്ള ഒരു സംവിധായകനെയും, ക്രൂ മെമ്പര്‍മാരെയും സമീപ ഭാവിയില്‍ നമ്മുടെ അഭ്രപാളികള്‍ക്ക് സ്വന്തമാകുമെന്ന് തന്നെയാണ് ചിത്രം നല്‍കുന്ന ശുഭപ്രതീക്ഷ.

(അശ്വിന്‍ കെ വി വളാഞ്ചേരി മജിലീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ജേര്‍ണലിസം അധ്യാപകനാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Avatar

അശ്വിന്‍ കെ വി

വളാഞ്ചേരി മജിലീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ജേര്‍ണലിസം അധ്യാപകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍