December 13, 2024 |
Share on

കണ്ണൂര്‍ കലോത്സവത്തിലും അമൃതനാട്യമില്ല; രമേശന്‍ മാഷ് നിരാശനാണ്

മാനുവലില്‍ ഉള്‍പ്പെട്ടിട്ടും കോടതി ഉത്തരവുണ്ടായിട്ടും ഈ കലോത്സവത്തിലും അമൃതനാട്യം ഇല്ല

തെയ്യാട്ടത്തിന്റെ നാട് കലയിലലിഞ്ഞ് കിടക്കുകയാണ്. നൂപുര ധ്വനികളാലും, താള, രാഗ, വര്‍ണ്ണ വിസ്മയത്താലും ഉത്സവ ലഹരിയില്‍ വിഹരിക്കുന്ന കണ്ണൂരില്‍ രമേശന്‍ മാഷ്(കലാമണ്ഡലം രമേശ്) സങ്കടത്തില്‍ തന്നെയാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്നേ നടത്തിയ സപര്യയുടെ ഫലമായി ചിട്ടപ്പെടുത്തിയെടുത്ത അമൃത നാട്യം എന്ന പുത്തന്‍ നൃത്ത രൂപത്തെ സ്വന്തം നാട്ടിലെത്തിയ കലോത്സവ വേദിയിലും അവതരിപ്പിക്കാന്‍ സാധിക്കാത്തതു മാഷിനു നിരാശയാണ് നല്‍കിയത്.

മലബാറിന്റെ സിരകളിലലിഞ്ഞുചേര്‍ന്ന തെയ്യക്കോലങ്ങളില്‍നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് ചടുലമായ ചുവടുകളോടെ ശാസ്ത്രീയമായരീതിയില്‍ ചിട്ടപ്പെടുത്തിയ അമൃതനാട്യം എന്ന കലാരൂപം 2015-16 വര്‍ഷത്തെ കലോത്സവത്തില്‍ ഇനം ചേര്‍ത്തുകൊണ്ടുള്ള മാനുല്‍ പുറത്തിറങ്ങിയിരുന്നെങ്കിലും ഒരുവര്‍ഷം കൂടി കാത്തിരിക്കണമെന്നും, 2016-17 കലോത്സവത്തില്‍ മത്സര ഇനമാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഈ കലാകാരനും കലാ സ്‌നേഹികളും. എന്നാല്‍, അമൃതനാട്യത്തെ സ്‌നേഹിക്കുന്ന കലാസ്‌നേഹികള്‍ക്കും 57 -മത് സംസ്ഥാന കലോത്സവത്തിലും അമൃതനാട്യമില്ലെന്ന വാര്‍ത്ത വേദനയായി.

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, വിദ്യാഭ്യാസ മന്ത്രിയും ഏറെ താത്പര്യത്തോടെ അമൃത നാട്യത്തെ അടുത്ത കലോത്സവത്തില്‍ ഉള്‍പ്പെടുത്താന്‍ ഡി.പി.ഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ടു തവണ കലാരൂപത്തെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കേടതി വിധിയും വന്നിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല. പതിനാല് വര്‍ഷം മുന്‍പ് അമൃതനാട്യത്തെ കലോത്സവത്തില്‍ ഇനം ചേര്‍ക്കാന്‍ അന്‍പതിനായിരം രൂപ ചോദിച്ച ഡി.പി.ഐ ഉദ്യോഗസ്ഥനെക്കുറിച്ചും രമേശ് പറഞ്ഞു.

                                  കലാമണ്ഡലം രമേശ്

അമൃതനാട്യം 1997ല്‍ കണ്ണൂര്‍ സേ്‌ററഡിയം ഗ്രൗണ്ടിലാണ് രമേശ് ആദ്യമായി അവതരിപ്പിച്ചത്. ഒറ്റ നോട്ടത്തില്‍ തെയ്യത്തെ ഓര്‍മ്മിപ്പിക്കുന്ന ചുവപ്പും കറുപ്പും വെളുപ്പും നിറഞ്ഞ വേഷമാണിത്. കിരീടമായി രക്ത ചാമുണ്ഡിയുടെ ആഭരണവും അഴിഞ്ഞുകിടക്കുന്ന മുടിയും. അതേ സമയം മോഹിനിയാട്ടത്തിന്റെ ഉടുത്തുകെട്ടും മുഖത്തെഴുത്തുമെല്ലാം ഇതിന്റെ കൂടെയുണ്ട്. മോഹിനിയാട്ടത്തിന്റെ ലാസ്യതയും ഉലച്ചിലിന്റെ മെയ്‌വഴക്കവും ഓര്‍മപ്പെടുത്തുന്ന അമൃതനാട്യം ഉറഞ്ഞു തുള്ളി വരുന്ന തെയ്യത്തിന്റെ രൗദ്രതയെ ശാന്ത മനസ്സോടെ കാഴ്ചക്കാരന് ആസ്വദിക്കാന്‍ വക നല്‍കുന്നുണ്ടെന്ന് ഈ കലാരൂപത്തിന്റെ പിതാവായ രമേശ് അവകാശപ്പെടുന്നു. ചെണ്ട, മൃദംഗം, കുറുകുഴല്‍, ഇടക്ക, നാട്ടുവങ്കം ഇവയാണ് അമൃതനാട്യത്തിന്റെ പക്കവാദ്യങ്ങള്‍. ഓരോ തെയ്യക്കഥകള്‍ക്കും പ്രത്യേകം എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് പശ്ചാത്തലത്തില്‍ ആലപിക്കുന്നത്. സരളമായ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള അമൃതനാട്യത്തിന്റെ സംഗീതം തോറ്റത്തെക്കാള്‍ എളുപ്പം കാഴ്ചക്കാരനുമായി സംവദിക്കും.

കേരള കലാമണ്ഡലത്തില്‍ നിന്നും മൃദംഗത്തില്‍ ബിരുദാന്തരബിരുദം നേടിയശേഷം നാട്ടിലെത്തിയ രമേശിന് തന്റെ ആരാധനാ മൂര്‍ത്തികളായ തെയ്യങ്ങളെ പ്രചരണങ്ങളുടേയും ഘോഷയാത്രകളുടേയും ഭാഗമായി തെരുവിലിറക്കുന്നതില്‍ രോഷമുണ്ടായിരുന്നു. ശാസ്ത്രീയതകളേറെയുള്ള തെയ്യം എന്ന കലാരൂപത്തെ നാടന്‍ കലാവിഭാഗത്തില്‍ ഉള്‍പെടുത്തിയതിലും കലാകാരന് അതൃപ്തി തോന്നിയിരുന്നു. തലമുറകളുടെ മാറിവരുന്ന ആസ്വാദന ക്ഷമതയ്ക്കനുസൃതമായി കലകള്‍ പരിവര്‍ത്തനം ചെയ്യപ്പെടേണ്ടത് കാഘട്ടത്തിന് അനിവാര്യമാണെന്ന തിരിച്ചറിവാണ് അമൃതനാട്യം എന്ന കലാരൂപത്തിന്റെ സാക്ഷാത്കാരത്തിന് കാരണമായത്, രമേശ് പറയുന്നു.

ദേവീസങ്കല്‍പത്തില്‍ അമ്മ എന്ന പദത്തിനു പര്യായമായ ‘അമൃത’ കടം കൊണ്ടപ്പോള്‍ അമൃതനാട്യം എന്ന പേരന്വര്‍ത്ഥമായി. നാട്യശാസ്ത്ര മുദ്രകള്‍ക്കുപകരം ഷോഡശ മുദ്രകളാണ് അമൃതനാട്യത്തില്‍ ഉയോഗിച്ചിരിക്കുന്നത്. തെയ്യങ്ങള്‍ക്കൊഴിച്ചുകൂടാനാവത്ത കുരുത്തോലയെ അമൃതനാട്യത്തില്‍ നിന്നൊഴിച്ചുനിര്‍ത്തിയത് കുരുത്തോലയുടെ ഉപയോഗം നൃത്തത്തിന്റെ സ്വഭാവത്തെതന്നെ ബാധിക്കുന്നതു കൊണ്ടാണ്.

അന്യസംസ്ഥാനങ്ങളുടെ നൃത്ത രൂപങ്ങളടക്കിവാഴുന്ന നമ്മുടെ കേരളത്തില്‍ മലയാളത്തനിമയില്‍ ചിട്ടപ്പെടുത്തിയ അമൃതനാട്ട്യത്തിന് അതിന്റേതായ സ്ഥാനമുണ്ട്. ജാതി മത ഭേതമന്യേ ഏവര്‍ക്കും അഭ്യസിക്കാവുന്ന കലയായി രൂപം നല്‍കിയ അമൃതനാട്ട്യത്തിന് ഇന്ന് പഠിതാക്കള്‍ അന്‍പതില്‍ താഴെയാണ്. എന്നാല്‍ ഭാവിയില്‍ കൂടുതല്‍ പേര്‍ ഈ കല അഭ്യസിക്കാനെത്തുമെന്ന ആത്മ വിശ്വാസത്തിലാണ് കലാമണ്ഡലം രമേശ്. കണ്ണൂരിലെ പൊടിക്കുണ്ടിലും കക്കാട് റോഡിലും കൂടാതെ കാട്ടാക്കടയിലും അമൃതനാട്യം അക്കാദമി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും പെട്ടെന്ന് തന്നെ ബാലുശ്ശേരിയിലും അമൃതനാട്യം അക്കാദമി തുറക്കാനുള്ള തയ്യാറെടുപ്പിലാണ് രമേശ്.

ഇതിനകം തന്നെ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികള്‍ പിന്നിട്ട അമൃതനാട്യത്തിനെ അവഗണിച്ച് മാജിക്ക് പോലുള്ള കലകളെ കലോത്സവങ്ങളില്‍ ഇനം ചേര്‍ക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളോട് കലാമണ്ഡലം രമേശിന് പറയാനുള്ളത് കലറിയാതെ കലാശം വെച്ചാല്‍ അത് ഒന്നിനും കൊള്ളില്ലെന്ന് മാത്രമാണ്. അവഗണനകള്‍ നേരിടുമ്പോഴും മലബാറിലെ കൂടുതല്‍ തെയ്യങ്ങളുടെ അമൃതനാട്യരൂപം ചിട്ടപ്പെടുത്തുന്നതിലുള്ള തയ്യാറെടുപ്പുകളിലാണ് ഈ കലാകാരന്‍.

(മാധ്യമപ്രവര്‍ത്തകയാണു ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

×