Continue reading “സക്കറിയയുടെ ദൈവം”

" /> Continue reading “സക്കറിയയുടെ ദൈവം”

"> Continue reading “സക്കറിയയുടെ ദൈവം”

">

UPDATES

വായന/സംസ്കാരം

സക്കറിയയുടെ ദൈവം

                       
മലയാളത്തില്‍ ഏറ്റവും വൈവിധ്യം നിറഞ്ഞ കഥാലോകം സൃഷ്ടിച്ച എഴുത്തുകാരനാണ് സക്കറിയ. ഭാഷയും ശില്‍പവും നിരന്തരം നവീകരിച്ച് കഥയിലെ പല തലമുറയ്‌ക്കൊപ്പം സഞ്ചരിച്ച അദ്ദേഹം വായനക്കാരില്‍ വിരസത സൃഷ്ടിക്കാതെ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. നല്ലതും ചീത്തയുമായ നൂറോളം ചെറുകഥകള്‍, ഏതാനും നോവലെറ്റുകള്‍, സാമൂഹ്യവിഷയങ്ങളില്‍ ഇടപെട്ട് ആനുകാലികങ്ങളില്‍ എഴുതിയ കുറിപ്പുകള്‍, ഏതാനും യാത്രാവിവരണകൃതികള്‍ ചില തിരക്കഥകള്‍ ഇത്രയുമാണ് സക്കറിയയുടെ സാഹിത്യസംഭാവന. ഇവയില്‍ സക്കറിയയുടെ പ്രതിഭാശക്തി ഏറ്റവും തിളങ്ങി നില്‍ക്കുന്നത് അദ്ദേഹമെഴുതിയ മികച്ച ചില ചെറുകഥകളിലാണ്. മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥകളുടെ പട്ടിക സക്കറിയക്കഥകളെ ഉള്‍പ്പെടുത്താതെ പൂര്‍ണമാകില്ലെന്നുറപ്പാണ്.
 
‘കളിയൊഴിച്ച് കാര്യം പറയുകയാണെങ്കില്‍ സത്യമായും ലോകത്തില്‍ എന്തൊക്കെയോ ഉണ്ട്. നമ്മളറിയാത്ത എന്തൊക്കെയോ’ എന്ന് സഞ്ജയനെ ഉദ്ധരിച്ച് ‘ഒരിടത്ത്’ എന്ന കഥാസമാഹാരത്തിന്റെ ആമുഖത്തില്‍   സക്കറിയ കുറിക്കുന്നുണ്ട്. ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ചുളള ഈ ഒരു ബോധമാണ് സക്കറിയക്കഥകളിലെ ദര്‍ശനത്തെ നിര്‍ണയിക്കുന്നത്. കൗതുകത്തോടെയും സംശയബുദ്ധിയോടും  ജീവിതത്തെ നോക്കുന്ന കഥകള്‍ സക്കറിയ എഴുതുന്നത് അതുകൊണ്ടാണ്. മാറ്റമരുതാത്ത പ്രത്യയശാസ്ത്രങ്ങളും പാറ പോലെ ഉറച്ച ആത്മീയ ബോധ്യങ്ങളും അല്ല ഒരു കൊച്ചു കുട്ടിയുടെ അന്വേഷണപരീക്ഷണങ്ങളും കണ്ടെത്തലിന്റെ വിസ്മയങ്ങളുമാണ് സക്കറിയ പങ്കു വെയ്ക്കുന്നത്. 
 
 

                                                                                                                   @Bob Orsillo
 
 
മീനും തവളകളും പൂച്ചയും കോഴിയും ദൈവവും സാത്താനുമൊക്കെ കഥാപാത്രങ്ങളായി വരുന്നുണ്ട് സക്കറിയയുടെ കഥകളില്‍. യേശുക്രിസ്തുവും ബാറുകളും കൂട്ടുകാരും കാമുകിമാരും കോഴികളും നായകളും കഥകള്‍ തന്നു എന്നാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ   ‘സക്കറിയയുടെ കഥകള്‍’  എന്ന സമാഹാരത്തിനു ആമുഖമായി അദ്ദേഹം എഴുതുന്നത്. ഇവയിലൂടൊക്കെയാണ് ജീവിതത്തില്‍ ഇനിയും പിടി കിട്ടിയിട്ടില്ലാത്ത എന്തൊക്കെയോ  കഥാകൃത്ത് തേടുന്നത്. കഥ ജീവിതത്തിന്റെ ദുരൂഹതയെ തേടിയിറങ്ങുമ്പോള്‍, നമ്മള്‍ അറിയാത്ത എന്തൊക്കെയോ ഉണ്ട് എന്ന് വിസ്മയം കൊളളുമ്പോള്‍ അനുവാചകന് ലഭിക്കുന്ന ഒരു ആത്മീയ അനുഭവമുണ്ട്. അതാണ് സക്കറിയക്കഥകളെ സവിശേഷമാക്കുന്ന ഒരു ഘടകം. ഇടുങ്ങിയ മതചിന്തകള്‍ക്കതീതമായി ഇത്തരമൊരു അനുഭവം പ്രദാനം ചെയ്യുന്ന ഒരു കഥയെക്കുറിച്ചാണ് ഈ കുറിപ്പില്‍ പറയുന്നത്.
 
സക്കറിയക്കഥകളെക്കുറിച്ചുളള ചര്‍ച്ചകളില്‍ ഏറെയൊന്നും പറഞ്ഞു കേട്ടിട്ടില്ലാത്ത കഥയാണ് ‘ഞാനുറങ്ങാന്‍ പോകും മുമ്പായ്’. നാല് പുറം മാത്രമുളള ഈ കൊച്ചു കഥ 1997ലാണ് പ്രസിദ്ധീകരിച്ചത്. സക്കറിയയുടെ പ്രഖ്യാത ക്രിസ്തുകഥയായ ‘കണ്ണാടികാണ്‍മോളവും’ പ്രസിദ്ധീകരിച്ച അതേ ആഴ്ചയില്‍ തന്നെയാണ് ‘ഞാനുറങ്ങാന്‍ പോകും മുമ്പായ്’ കലാകൗമുദിയില്‍ അച്ചടിച്ചു വന്നത്. ഒരു അപ്പനും മകനും പിന്നെ ദൈവവുമാണ് കഥയിലെ കഥാപാത്രങ്ങള്‍. ഒപ്പം മലയാളത്തിലെ ജനപ്രിയ ചലച്ചിത്ര ഗാനങ്ങളൊരുക്കുന്ന പശ്ചാത്തലസംഗീതവും. ഇവ ഉപയോഗിച്ച് ഏതാനും വാക്കുകളില്‍ വികാരങ്ങളുടെ ചില മിന്നലൊളികള്‍ വായനക്കാരുടെ മനസ്സിലേക്ക് പായിച്ച് കഥയും കഥാകാരനും വിടവാങ്ങുന്നു.
 
കഥ തുടങ്ങുന്നതിങ്ങനെയാണ്. 
ഇന്നലെ വൈകിട്ട് ഞാന്‍ ഞങ്ങളുടെ പറമ്പിന്റെ വടക്കെ വശത്തുകൂടി പോകുന്ന വഴിയിലൂടെ ബാറിലേക്കു പോകുമ്പോള്‍ ദൈവം എതിരെ വരുന്നു.
‘നിനക്കെന്നെ ഓര്‍മയുണ്ടോ?’ ദൈവം ചോദിച്ചു
ലൈന്‍മേന് എവിടെയോ നേരത്തെ പോകാനുണ്ടായിരുന്നിരിക്കണം. വഴിവിളക്കുകള്‍ പകലെ തെളിഞ്ഞു.
‘എന്റെ ദൈവമെ’ഞാന്‍ പറഞ്ഞു. എന്നിട്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
ദൈവം പുഞ്ചിരിച്ചു.
 
കുശലപ്രശ്‌നവുമായി പുഞ്ചിരിയോടെ കടന്നു വരുന്ന ദൈവം അധികമാരും സ്വപ്നം കണ്ടിട്ടില്ലാത്ത ഒന്നാണ്. കോപിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് മനുഷ്യര്‍ക്ക് പരിചയം. അതു കൊണ്ടാണ് ദൈവത്തിനു മുന്നില്‍ മനുഷ്യര്‍ ഭീതിയോടെ നില്‍ക്കുന്നത്. കഥയിലെ അപ്പനും കുറ്റബോധത്തോടെയാണ് ദൈവത്തെ നേരിടുന്നത്. ദൈവം പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍  ശിക്ഷ കിട്ടുമെന്ന മതബോധനമായിരിക്കാം അപ്പനെ നയിക്കുന്നത. മനുഷ്യനെ ജീവിതകാലം മുഴുവന്‍ കുറ്റബോധത്തിന്റെ നിഴലില്‍ നര്‍ത്താനുളള മരുന്നുകള്‍ മതത്തിന്റെ കയ്യിലുണ്ടല്ലോ. ഈയൊരു മതാത്മക ആത്മീയതെയാണ് സക്കറിയ മറിച്ചിടുന്നത്.
 
ദൈവവും മതവുമെല്ലാം പ്രമേയമായി വരുന്ന ഒരു ഡസനിലേറെ കഥകളെങ്കിലും സക്കറിയ എഴുതിയിട്ടുണ്ടാകും. യേശുവും ക്രിസ്തുസഭയും പാതിരിമാരുമൊക്കെയാണ് പലതിലും കഥാപാത്രങ്ങള്‍. കണ്ണാടി കാണ്‍മോളവും, വിശുദ്ധതാക്കോല്‍ അഥവാ ആത്മാവ് സ്വര്‍ഗത്തില്‍ പോകുന്നതെങ്ങിനെ?, ബ്രദര്‍ ലൂക്കോസും പിശാചും, അന്നമ്മടീച്ചര്‍: ഒരു ഓര്‍മക്കുറിപ്പ്, ജോസഫ് നല്ലവന്റെ കുറ്റസമ്മതം, കുരിശുമലമുകളില്‍ തുടങ്ങിയവയാണ് ഈ കൂട്ടത്തിലെ മികച്ച കഥകള്‍.
 
 
 
 
സരസനും കാരുണ്യവാനും മനുഷ്യന്റെ വിഡ്ഢിത്തങ്ങളോട് സഹാനുഭൂതി പുലര്‍ത്തുന്നവനുമാണ് സക്കറിയയുടെ ദൈവം. മനുഷ്യന്റെ ഭീതിയെയും പാപചിന്തയെയും ചൂഷണം ചെയ്യാന്‍ വരുന്നയാളല്ല. മറിച്ച് നമ്മെ നോക്കി ഹൃദ്യമായി പുഞ്ചിരി തൂകി വിരുന്നു വരുന്നവനാണ് കഥകളില്‍ സക്കറിയ പരിചപ്പെടുത്തുന്ന ദൈവം. സംഘടിത മതങ്ങളിലെന്ന പോലെ മനുഷ്യനുമേല്‍  ഭാരമായി ദൈവം ഒരിക്കലും മാറുന്നില്ല. അപ്പന്റെ സാറാണെന്ന് പരിചയപ്പെടുത്തിയ ദൈവത്തെ സൈക്കിളില്‍ പുറകിലിരുത്തി യാത്ര ചെയ്യുന്നുണ്ട് കഥയിലെ  മകന്‍. ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ’, ‘ആറ്റിറമ്പിലെ കൊമ്പിലെ’ തുടങ്ങിയ പാട്ടുകള്‍ മൂളിക്കൊണ്ടാണ് അവരുടെ യാത്ര. അപ്പന്റെ സാറിന് കനമേയില്ലെന്നാണ് തിരിച്ചെത്തിയ ശേഷം മകന്‍ പറയുന്നത്. 
 
‘ഒരാള്‍ പുറകിലിരിപ്പുണ്ടെന്നു പോലും തോന്നിയില്ല. നടുവത്താനിക്കുന്ന് വന്നപ്പോള്‍ ഞാന്‍ സാറിനെ ഇറക്കി സൈക്കിള്‍ തളളണമെന്നോര്‍ത്തതായിരുന്നു. പക്ഷെ അപ്പാ, സൈക്കിള് കാറ്റ് പോലെ കുന്ന് കയറിപ്പോയി. നല്ലരസമായിരുന്നു.
അതാണ് ദൈവത്തിന്റെ കളി ഞാന്‍ പറഞ്ഞു.
മകന്റെ സൈക്കിളിന്റെ പിറകിലിരുന്ന് ആറരയ്ക്കത്തെ ‘രക്ഷകന്‍’ ബസ് പിടിക്കാന്‍ യാത്ര ചെയ്തത് സാറല്ല ദൈവമായിരുന്നെന്ന് അപ്പന്‍ ഒടുവില്‍ മകനോട് പറയുന്നു. 
‘വെറുതെയല്ല കനമില്ലാതിരുന്നത്.’ അവന്‍ അതിശയത്തോടെ പറഞ്ഞു. ‘എനിക്കറിയാവുന്ന എല്ലാ പാട്ടുകളും അറിയാമായിരുന്നുതാനും! ഒരെണ്ണം മാത്രം അറിഞ്ഞു കൂടായിരുന്നു. 
ഏത്? ഞാന്‍ ചോദിച്ചു.
അവന്‍ എന്റെ അടുത്തേക്ക് കുറച്ചു കൂടി മാറി നിന്നുകൊണ്ട് പറഞ്ഞു.’അപ്പനോര്‍ക്കുന്നില്ലേ അപ്പന്‍ പറയുന്ന ബാബുക്കയുടെ പാട്ട്.? ഞാനുറങ്ങാന്‍ പോകും മുമ്പായ്’.
‘ഹോ ആ പാട്ട്’ ഞാന്‍ സന്തോഷത്തോടെ പറഞ്ഞു
‘അതേ അപ്പാ’ എന്റെ മകന്‍ പറഞ്ഞു
തുടര്‍ന്ന് മുറ്റത്തെ പ്ളാവിന്‍ചില്ലകള്‍ക്കുളളിലെ ഇരുണ്ട നിലാവിലിരുന്ന് ബാബുക്ക ദൈവത്തിന് ഞാനുറങ്ങാന്‍ പോകും മുമ്പായ് ചൊല്ലിക്കൊടുക്കുന്നത് അപ്പനും മകനും ഒന്നിച്ചു നിന്നു കേള്‍ക്കുന്നതോടെ കഥയവസാനിക്കുന്നു.
 
കഥയുടെ തലക്കെട്ട് സൂചിപ്പിക്കുന്ന ഞാനുറങ്ങാന്‍ പോകും മുമ്പായ് എന്ന ചലച്ചിത്രഗാനം മലയാളി ക്രിസ്ത്യാനികളുടെ മുഴുവന്‍ ഗൃഹാതുര ഓര്‍മയാണ്. 1965ല്‍ പുറത്തിറങ്ങിയ തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തിലെ ഗാനം ലളിതസുന്ദരമായ ഒരു പ്രാര്‍ത്ഥനാ ഗാനമാണ്. ഒരു പിതാവിനോടെന്നോണം അടുപ്പത്തോടെ ദൈവത്തോട് സംസാരിക്കുന്ന ഈ ഗാനത്തിന്റെ വരികളില്‍ കഥാകൃത്ത് പങ്കുവെക്കാനുദ്ദേശിക്കുന്നതെല്ലാം ഉളളടങ്ങിയിട്ടുണ്ട്.
 
കഥയിലെ അപ്പനും മകനും തമ്മിലുളള ഹൃദ്യമായ ബന്ധം ദൈവവും മനുഷ്യനും തമ്മിലുളള ബന്ധത്തിന്റെ പ്രതീകമാണ്. പിതാവും പുത്രനും ആത്മാവുമടങ്ങുന്ന ത്രിത്വസങ്കല്‍പമാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാന ദര്‍ശനം. അപ്പനും മകനും ഒന്നിച്ച് ആത്മാവുകളുടെ ഗാനം ശ്രവിക്കുന്ന കഥ ക്രിസ്തീയതയെ സൗന്ദര്യാത്മകമായി ആവിഷ്‌കരിക്കുന്നു. മതത്തിന്റെ ഇടുങ്ങിയ കണ്ണുകളാല്‍ മാത്രം കണ്ടിരുന്ന സങ്കല്‍പങ്ങളെ കലാകാരന്‍ നവീനമായ രീതിയില്‍ കാട്ടിത്തരുമ്പോള്‍ ആസ്വാദകന്‍ വിശ്വാസിയല്ലെങ്കില്‍ പോലും സവിശേഷമായ ആത്മീയ അനുഭൂതി കൈവരിക്കുന്നു.
 

Share on

മറ്റുവാര്‍ത്തകള്‍