Continue reading “ബംഗാള്‍ കത്തുന്നു – പരിബൊര്‍ത്തന്‍ ഇല്ലാതെ”

" /> Continue reading “ബംഗാള്‍ കത്തുന്നു – പരിബൊര്‍ത്തന്‍ ഇല്ലാതെ”

"> Continue reading “ബംഗാള്‍ കത്തുന്നു – പരിബൊര്‍ത്തന്‍ ഇല്ലാതെ”

">

UPDATES

ഇന്ത്യ

ബംഗാള്‍ കത്തുന്നു – പരിബൊര്‍ത്തന്‍ ഇല്ലാതെ

                       
ടീം അഴിമുഖം
 
‘ബംഗാള്‍ ഇന്നു ചിന്തിക്കുന്നത്, ഇന്ത്യ നാളെ ചിന്തിക്കുന്നു’ – ബംഗാളികള്‍ സ്ഥിരമായി പറയുന്ന, പ്രശസ്തമായ ഒരു ഡയലോഗ്. ഭൂതകാലത്തിലും ഗൃഹാതൃരത്വത്തിലും ജീവിക്കുന്നവരുടെ നാട്. ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന സംസ്ഥാനം. എല്ലാക്കാലത്തും രക്തത്തിന്റെ മണമുള്ള രാഷ്ട്രീയവും ബംഗാളിന്റെ കൂടപ്പിറപ്പാണ്. 
 
1950-കളില്‍ ദേശീയ വരുമാനത്തിന്റെ 40 ശതമാനത്തോളം സംഭാവന ചെയ്തിരുന്ന സംസ്ഥാനമാണ് ബംഗാള്‍. തേയില, ചണം, കയര്‍, സ്റ്റീല്‍ പ്ലാന്റുകള്‍, ഖനനം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് പേരുകേട്ട നാടു കൂടിയായിരുന്നു ഈ സംസ്ഥാനം. കല്‍ക്കട്ട തുറമുഖമായിരുന്നു ഈ വ്യവസായങ്ങളുടെയെല്ലാം നാഡീകേന്ദ്രം. ഇതുകൊണ്ടൊക്കെ തന്നെ രാജ്യത്തെ മിക്ക വ്യവസായ സ്ഥാപനങ്ങളും അവയുടെ ഓഫീസുകളും കല്‍ക്കട്ട നഗരത്തിലുണ്ടായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം തന്നെയായിരുന്നു അന്ന് ബംഗാള്‍. 
 
 
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഒരു ദശാബ്ദത്തിനുള്ളില്‍ ബംഗാളിലെ സാമ്പത്തിക രംഗം വീണ്ടും ശക്തിപ്പെട്ടു. അസന്‍സോളിനും ബര്‍ദവാനും ഇടയിലുള്ള സാമ്പത്തിക മേഖല ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘പ്രത്യേക സാമ്പത്തിക മേഖല’ (സെസ്)യായി കണക്കാക്കാം. ദുര്‍ഗാപ്പൂര്‍ സ്റ്റീല്‍ പ്ലാന്റ്, അലോയ് സ്റ്റീല്‍ പ്ലാന്റ്, മൈനിംഗ് ആന്‍ഡ് അലൈഡ് മെഷീനറി കോപറേഷന്‍ തുടങ്ങി നിരവധി വ്യവസായ സംരംഭങ്ങള്‍ ബംഗാളില്‍ സ്ഥാപിക്കപ്പെട്ടു. എന്നാല്‍ 1961-ല്‍ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ബി.സി റോയിയുടെ മരണത്തോടെ കാര്യമായ മാറ്റം ഇവിടെ സംഭവിച്ചു. ബി.സി റോയിക്കു ശേഷം വന്ന പി.സി സെന്നിന് തന്റെ മുന്‍ഗാമിയുടെ ഭരണനൈപുണ്യം പിന്തുടരാന്‍ കഴിഞ്ഞില്ല. ബംഗാളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ‘ബുദ്ധിജീവികളെ’ കൂടെ നിര്‍ത്തുന്നതിലും സെന്‍ പരാജയപ്പെട്ടു. 
 
ഈ രാഷ്ട്രീയ ശൂന്യതയിലാണ് ജ്യോതി ബസു, പ്രമോദ് ദാസ് ഗുപ്ത എന്നീ രണ്ട് പ്രഗത്ഭ കമ്യൂണിസ്റ്റ് നേതാക്കള്‍ കടന്നു വരുന്നത്. ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ച ‘ഭദ്രലോകാ’ (Bhadralok)യ ബസുവും ദാസ് ഗുപ്തയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെ സജീവമാക്കി. അന്നുവരെ ഒരുമയില്ലാതിരുന്ന വ്യാവസായിക, കാര്‍ഷിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചതു വഴി ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള അടിത്തറ ബംഗാളില്‍ ശക്തമാകുകയായിരുന്നു. ബൗദ്ധിക ബംഗാളിയുടെ ആത്മാഭിമാനത്തിന് ഉതകുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങളൂം പ്രചരണ രീതികളുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം മുതല്‍ കൈക്കൊണ്ടത്. സാമ്രാജ്യത്വത്തിനും അമേരിക്കക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ക്കൊപ്പം, വന്‍ വ്യവസായങ്ങളും വലിയ മുതലാളിമാരും ജനതാത്പര്യങ്ങള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും ഇതിനൊപ്പമുണ്ടായി. 
 
 
ഈ ശ്രമങ്ങള്‍ വിജയിച്ചതിന്റെ തെളിവായിരുന്നു സി.പി.ഐക്ക് 1962-ലെ തെരഞ്ഞെടുപ്പില്‍ 70 അസംബ്ളി സീറ്റുകള്‍ നേടിക്കൊടുത്തത്. വിജയം രുചിച്ച സി.പി.ഐ മേല്‍വിവരിച്ച രാഷ്ട്രീയ തന്ത്രം കൂടുതല്‍ ത്വരിതപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ പാര്‍ട്ടി പിളരുകയും സി.പി.എം കാലക്രമേണെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുകയും ചെയ്തു. അധികം വൈകാതെ ചാരു മജുംദാറിന്റെയും കനു സന്യാലിന്റെയും ജംഗള്‍ സന്താലിന്റെയുമൊക്കെ നേതൃത്വത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം ബംഗാളില്‍ ശക്തിപ്രാപിച്ചു. സി.പി.എമ്മിന്റെ ബദ്ധശത്രുക്കള്‍. അതിശക്തമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മുന്നേറ്റത്തെ അടിച്ചമര്‍ത്തിയത്. 
 
സൈനിക ഭാഷയില്‍ ‘ഏരിയ ഡോമിനേഷന്‍’ എന്നൊരു പ്രയോഗമുണ്ട്. പൊതുസ്ഥലത്ത് പൂര്‍ണ ആധിപത്യം സ്ഥാപിക്കുകയും മറ്റുള്ളവരെ അവിടെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുക. സി.പി.എം ഏറെക്കാലം പ്രയോഗിച്ച ആ പദ്ധതി അതിനു മുമ്പ് കോണ്‍ഗ്രസും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ബംഗാളിലെ യാഥാര്‍ഥ്യം. സി.പി.എം ഭരണകാലത്തും രാഷ്ട്രീയ അക്രമങ്ങള്‍ ബംഗാളില്‍ പതിവായിരുന്നു. പോലീസ് വെടിവയ്പിലും മറ്റ് രാഷ്ട്രീയ ഏറ്റുമുട്ടലുകളിലുമൊക്കെയായി നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. 
 
 
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധിപത്യം സ്ഥാപിച്ചതോടെ ഇക്കാര്യങ്ങള്‍ വളരെ കൂടിയിട്ടുള്ളതായി കാണാം. മമതാ ബാനര്‍ജി അധികാരത്തില്‍ വന്നതോടെ ബംഗാളില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും വര്‍ധിച്ചു. മമത അധികാരത്തിലെത്തി ആദ്യ അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിദ്യാര്‍ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് 642 കേസുകള്‍ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 27 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 926 രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും 128 വിദ്യാര്‍ഥികള്‍ക്കും പരിക്കു പറ്റുകയും ചെയ്തു. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഓരോ മാസവും കുറഞ്ഞത് 100 ഏറ്റുമുട്ടലുകളെങ്കിലും ബംഗാളില്‍ നടക്കുന്നുണ്ടെന്നാണ്. 2011 മെയ് 13 മുതല്‍ ഒക്‌ടോബര്‍ 31 വരെയുള്ള സമയത്ത് ബംഗാളില്‍ നടന്നിട്ടുള്ള രക്തരൂക്ഷിത ഏറ്റുമുട്ടലുകളെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച സിംഗൂര്‍ സ്വദേശി ശ്യാമള്‍ മിത്രയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ കണക്കുള്ളത്. 
 
ഇപ്പോഴത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളില്‍ 25 പേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. ഒരിക്കല്‍ ഇടതു കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ബര്‍ദവാനിലെ 800 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ തൃണമൂലിന് എതിരാളികള്‍ പോലുമില്ല. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായ അനില്‍ ബസു 5.92 ലക്ഷം വോട്ടിന് വിജയിച്ച ഹൂഗ്ലിയിലെ 1207 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ മത്സരം പോലുമില്ലാതെയാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ദക്ഷിണ ബംഗാളിലെ 31,063 സീറ്റുകളില്‍ അഞ്ചു വര്‍ഷം മുമ്പ് ഇടതു സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചത് 2362 സീറ്റുകളിലാണെങ്കില്‍ ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ അത്തരത്തില്‍ വിജയം കണ്ടത് 5,098 സീറ്റുകളിലാണ്. ജില്ലാ പഞ്ചായത്തിലേക്ക് 2008-ല്‍ എട്ടു സീറ്റുകളിലാണ് ഇടതുപക്ഷം എതിരില്ലാതെ വിജയം കണ്ടതെങ്കില്‍ ആകെയുള്ള 748 സീറ്റുകളില്‍ 15 സീറ്റുകളിലും തൃണമൂല്‍ എതിരില്ലാതെ വിജയിച്ചു. 
 
 
‘പരിബര്‍ത്തന്‍’ (മാറ്റം) ആഹ്വാനം ചെയ്തു കൊണ്ടാണ് 2011-ല്‍ മമതാ ബാനര്‍ജി അധികാരത്തില്‍ വന്നത്. എന്നാല്‍, മമതയുടെ വരവോടെ ഗുണ്ടകളും മാഫിയാ സംഘങ്ങളുമൊക്കെ തൃണമൂലിലേക്ക് കളംമാറ്റിച്ചവിട്ടി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പലപ്പോഴും പറയാറ്. ഗ്രാമീണ ബംഗാള്‍ എല്ലായ്‌പ്പോഴും ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ ഏകാധിപത്യത്തിനു കീഴിലായിരുന്നുവെന്നു കാണാം. 1990-കളുടെ അവസാനം മുതല്‍ ഇത് സ്പഷ്ടവുമാണ്. വെസ്റ്റ് മിഡ്‌നാപ്പൂരിലെ കേശ്പൂര്‍, ഗര്‍ബേട്ട, ഹൂഗ്ലിയിലെ അരംബാഗ്, ബര്‍ദവാനിലെ മംഗോള്‍കോട്ട്, ജമൂരിയയിലെ ചില ഭാഗങ്ങള്‍, ബാങ്കുരയിലെ ബര്‍ജോറ, ബിര്‍ഭൂമിലെ സച്ച്പൂര്‍, നാനൂര്‍ തുടങ്ങിയ മേഖലകള്‍ തന്നെ ഇതിന്റെ സാക്ഷ്യം. 
 
2011നു ശേഷം മമതയുടെ അണികള്‍ വന്‍തോതില്‍ തന്നെ തിരിച്ചടിച്ചു തുടങ്ങി. തൃണമൂല്‍ ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്ന് ബര്‍ദവാനിലേയും ഹൂഗ്ലിയിലേയും പല സീറ്റുകളില്‍ നിന്നും ഇടതുപക്ഷം പിന്‍വലിയുകയായിരുന്നു. സി.പി.എം ബര്‍ദവാന്‍ ജില്ലാ സെക്രട്ടറി അമല്‍ ഹല്‍ദാര്‍ പറയുന്നത്: ‘ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ പറ്റുന്നുണ്ട്. ലോക്‌സഭാ, അസംബ്ളി തെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ക്ക് തൃണമൂലുമായി ഏറ്റുമുട്ടാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. തൃണമൂലിന്റെ ഭീകരത ജനങ്ങള്‍ മനസിലാക്കട്ടെ’ എന്നാണ്. 800 സീറ്റുകളില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പറ്റിയില്ലെന്നത് അംഗീകരിക്കാന്‍ ഹല്‍ദാര്‍ തയാറായില്ല. ‘ജനങ്ങളുടെ പിന്തുണ കുറഞ്ഞിട്ടുണ്ടെന്നത് അംഗീകരിക്കുന്നു. എന്നാല്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ശരിയല്ല. തൃണമൂല്‍ ഞങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ് ശരി. ആയുധ നിയമം അടക്കമുള്ളവയുടെ അടിസ്ഥാനത്തില്‍ വ്യാജ കുറ്റങ്ങള്‍ ചുമത്തി ഞങ്ങളുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നു. ബര്‍ദവാനിലാണ് ഇത് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്’ – അദ്ദേഹം പറഞ്ഞു. 
 
 
ബംഗാളില്‍ മൂന്നു ദശകം മുമ്പ് നിലവില്‍ വന്ന ‘ബൈക്ക് ബ്രിഗേഡ്‌സ്’ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. അന്തരിച്ച മുന്‍ സി.പി.എം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവര്‍ത്തി 1980-കളില്‍ രൂപം കൊടുത്തതാണ് ബൈക്ക് ബ്രിഗേഡ്. തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമെങ്കിലും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ പ്രധാന ജോലിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.എം തളര്‍ന്നതോടെ ബൈക്ക് ബ്രിഗേഡ് തൃണമൂല്‍  ഏറ്റെടുക്കുകകയായിരുന്നു. 70-100 അംഗങ്ങള്‍ വീതമുള്ള ബൈക്ക് ബ്രിഗേഡാണ് തൃണമൂലിന് ഓരോ ബ്ലോക്കിലുമുള്ളതെന്നാണ് പോലീസിന്റെ കണക്ക്. ഈ മാസമാദ്യം കല്‍ക്കട്ട ഹൈക്കോര്‍ട്ട് ബൈക്ക് ബ്രിഗേഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ബംഗാളിലെ ഗ്രാമങ്ങള്‍ ഇപ്പോഴും ഭരിക്കുന്നത് തൃണമൂലിന്റെ ഇത്തരം സംഘങ്ങളാണ്. നാമനിര്‍ദേശ പത്രിക കൊടുക്കാന്‍ അനുവദിക്കാതിരിക്കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുക തുടങ്ങി സി.പി.എം അനുവര്‍ത്തിച്ചിരുന്ന കാര്യങ്ങള്‍ അധികാരത്തില്‍ വന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ തൃണമൂല്‍ അതേ പടി ഏറ്റെടുത്തു എന്നതാണ് ഇപ്പോഴത്തെ ബംഗാളിന്റെ ചിത്രം. സമ്മര്‍ദ്ദവും ഭീഷണിയും താങ്ങാനാവതെ 3,500-ഓളം സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയത് എന്നാണ് വിവിധ കണക്കുകള്‍.
 

Share on

മറ്റുവാര്‍ത്തകള്‍