എ.എസ് സോജന്‍
ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപമുള്ള ഒന്നാംമൈല്‍ എന്ന കുഗ്രാമത്തില്‍ ആരാലും അറിയപ്പെടാതെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞവനായിരുന്നു ജൂലായ് 15 വരെ ഷെഫീക്ക്. എന്നാല്‍ ഒരു പിഞ്ചുബാലന്‍ ഏല്‍ക്കേണ്ടി വന്ന, മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച കഥകള്‍ പുറംലോകം അറിയാന്‍ തുടങ്ങിയതോടെ ഓരോ മലയാളിയും അവന്റെ അമ്മയും അച്ഛനും കൂടെപ്പിറപ്പുകളുമായി മാറുകയായിരുന്നു. അവന് വേണ്ടി ഓരോ അമ്മയും മിഴിനീര്‍ വാര്‍ത്തു, മെഴുകുതിരികള്‍ കത്തിച്ചു, ലക്ഷകണക്കിന് പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉയര്‍ന്നു. അവന്റെ മടങ്ങിവരവിന്റെ ഒരു നേര്‍ത്തലക്ഷണമെങ്കിലും അറിയാന്‍ ദൃശ്യമാധ്യമങ്ങളിലൂടെ സമൂഹത്തിലെ എല്ലാ തട്ടിലേയും ആളുകള്‍ ശ്രദ്ധാപൂര്‍വം കാത്തിരുന്നു. ഓരോ മലയാളിയുടെയും ഹൃദയത്തില്‍ നൊമ്പരമേല്‍പ്പിച്ച ആ അഞ്ചുവയസുകാരന്‍ ഇന്ന് ജീവിതത്തിലേയ്ക്ക് വീണ്ടും പിച്ചവയ്ക്കുകയാണ് ഇപ്പോള്‍. അങ്ങകലെ തമിഴനാട്ടിലെ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍.
കഴിഞ്ഞ ജൂലായ് 15 ന് ഉച്ച കഴിഞ്ഞ് മരണത്തിലേയ്ക്കുള്ള ഏതാനം നിമിഷങ്ങള്‍ക്ക് മുമ്പ് ഷെഫീക്ക് എന്ന അഞ്ചു വയസുകാരനെ തന്റെ മുന്നിലെത്തിക്കുമ്പോള്‍ ഈ കുട്ടി ജീവനോടെ ഉണ്ടാകുമോ എന്ന് ഉറപ്പിച്ച് പറയാന്‍ ഒരു വൈദ്യശാസ്ത്രത്തിന്റെ പിന്‍ബലത്തിലും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. നിഷാന്ത് പോളിന് ഉറപ്പു പോരായിരുന്നു. എങ്കിലും ഷെഫീക്കിനെ മരണത്തിലേയ്ക്ക് വിട്ടുകൊടുക്കാന്‍ അദ്ദേഹം തയാറല്ലായിരുന്നു. ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്‌തേക്കാന്‍ അച്ഛനും രണ്ടാനമ്മയും പറയുകയും ചെയ്തു. എന്നിട്ടും അദ്ദേഹം പറഞ്ഞു ‘അവശേഷിക്കുന്നത് ഒരു ശതമാനമെങ്കില്‍ അത്രയും; അവന്റെ ജീവന്‍ രക്ഷിക്കണം, വേഗം വെന്റിലേറ്ററിലേയ്ക്ക് കയറ്റിക്കോ”. വെന്റിലേറ്ററില്‍ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഉദ്വോഗപൂര്‍ണങ്ങളായ ദിവസങ്ങളായിരുന്നു പിന്നീട്. ആദ്യത്തെ 48 മണിക്കൂര്‍ ജീവനിലേയ്ക്കുള്ള ഷെഫീക്കിന്റെ നേര്‍ത്ത ചലനമെങ്കിലും പ്രതീക്ഷിച്ച് ഡോക്ടര്‍ വെന്റിലേറ്റര്‍ റൂമില്‍ ഉറങ്ങാതെ കാത്തിരുന്നു. പിന്നിടുള്ള ദിവസങ്ങളില്‍ 14 മുതല്‍ 18 വരെ മണിക്കൂറുകള്‍ ഷെഫീക്കിനായി മാറ്റി വച്ചു. വെന്റിലേറ്ററില്‍ നിന്നും മാറ്റിയശേഷമാണ് ഒ.പിയിലേയ്ക്ക് ശ്രദ്ധിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചമട്ടില്‍ ജീവന്റെയും മരണത്തിന്റെയും നൂല്‍പാലത്തിലൂടെ സഞ്ചരിച്ച ഷെഫീക്കിന്റെ ജീവിതത്തില്‍ പിന്നിടുള്ള ആഴ്ചകളില്‍ നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു. വിവിധ ഘട്ടങ്ങളിലായി ജീവിതത്തിലേയ്ക്ക് മടങ്ങിവന്ന് അപകടനില പൂര്‍ണമായ തരണം ചെയ്ത ഷെഫീക്കിന്റെ കാര്യത്തില്‍ ഡോ.നിഷാന്ത് പോളിനും ഇപ്പോള്‍ പറയാനുള്ളത് ‘തികച്ചും അവിശ്വസനീയം’ എന്നാണ്. ഷെഫീക്കിനെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരുന്നതിനായുള്ള സാദ്ധ്യമായ ശ്രമങ്ങളെല്ലാം നടത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രൊഫസര്‍ ഡോ. മഹാദേവന്‍ അടക്കമുള്ള വിദഗ്ധരുടെ ഉപദേശം തേടി. സിങ്കപ്പൂര്‍, യൂ.എസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും നെഫ്രോളജിസ്റ്റ് മഞ്ജുളയുടെയും ഉപദേശങ്ങളും നിര്‍ദേശങ്ങളും സഹായകമായതായി അദ്ദേഹം സ്മരിക്കുന്നു. ഷെഫീക്കിനെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാന്‍ കഴിഞ്ഞത് ഓരോരുത്തരുടെയും പ്രാര്‍ഥനകൊണ്ട് കൂടിയാണെന്ന് ഡോ.നിഷാന്ത് പോള്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് ഡോ. നിഷാന്ത് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. ആദ്യം പെരുമ്പാവൂരിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപതിയിലെത്തുന്നത്. ഒന്‍പത് വര്‍ഷമായി ചികിത്സാരംഗത്തുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള ആളുകളും ദേശീയ മാധ്യമങ്ങളും ഒക്കെ ഉറ്റുനോക്കിയ ഒരു സംഭവം, അണുവിട പാളിയാന്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍, ഏത് ഗുരുതര അവസ്ഥകളിലും മനസ് പതറാതെ ചികിത്സിക്കേണ്ട വൈദ്യശാസ്ത്ര മൂല്യങ്ങള്‍, അതിലപ്പുറം താനുമൊരു അച്ഛനാണെന്ന ബോധ്യം ഇങ്ങനെ ഒട്ടനവധി സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെ കടന്ന് ഷെഫീക്കിനെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടു വന്ന നിമിഷങ്ങളെ കുറിച്ച് ഡോ. നിഷാന്ത് പോള്‍ മനസ് തുറക്കുന്നു.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഷെഫീക്കിന്റെ അവസ്ഥ
ശ്വാസഗതി തീര്‍ത്തും മന്ദഗതിയിലായിരുന്നു. അബോധാവസ്ഥയിലായ ശരീരത്തില്‍ നേര്‍ത്ത ചലനം മാത്രമാണുണ്ടായിരുന്നത്. തലയിലും വലതു നെറ്റിയിലും ആഴത്തിലുള്ള മുറിവ്, ശരീരത്തില്‍ പലയിടത്തും നുള്ളിപ്പറിച്ച പാടുകള്‍. ഒരാഴ്ച മുമ്പ് കളിക്കുമ്പോള്‍ വീടിന് മുറ്റത്തെ നടയില്‍ വീണതാണെന്നാണ് മാതാപിതാക്കള്‍ പരിക്കിന് കാരണമായി പറഞ്ഞത്.
പരിക്കുകള്‍ സംശയം ജനിപ്പിക്കുന്നവ
ഷെഫീക്കിന്റെ ദേഹത്ത് കാണപ്പെട്ട പരിക്കുകള്‍ സ്വാഭാവിക വീഴ്ചയില്‍ ഉണ്ടായതല്ലന്ന് തുടക്കത്തിലെ വ്യക്തമായി. പരുക്കേറ്റിട്ടു ഇതുവരെയും ക്ഷീണം പ്രകടിപ്പിച്ചില്ലെന്ന അച്ഛന്റെയും രണ്ടാനമ്മയുടെയും വാദം പൊള്ളയാണെന്ന് മനസിലായി. കൂടുതല്‍ പരിശോധനയില്‍ ശരീരത്ത് പലയിടത്തും പൊള്ളലേല്‍പ്പിച്ച പാടുകളും നുള്ളിപ്പറിച്ച പാടുകളും കണ്ടതോടെ സംശയം ബലപ്പെട്ടു.
ക്രൂരമായ പരുക്കുകള്‍
തലയ്ക്കും വലതു കണ്ണിന്റെ പുരികത്തിനും ഏറ്റ ക്ഷതങ്ങള്‍ ഏതോ ബലമുള്ള ഉപകരണം കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചതാണെന്ന് സൂചിപ്പിക്കുന്ന പരിക്കുകളായിരുന്നു. നെഞ്ചില്‍ ചവിട്ടി ക്ഷതമേല്‍പ്പിച്ചിരുന്നു. ശരീരത്ത് പലയിടത്തും പൊള്ളലേറ്റിട്ടുണ്ട്. കാലുകള്‍ രണ്ടായി ഒടിഞ്ഞിട്ടുണ്ട്. ഇത് പിന്നിട് ഇരുമ്പുകുഴലിന് അടിച്ചതാണെന്ന് വ്യക്തമായിരുന്നു. വീട്ടില്‍ കിടന്ന് മരിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നം ഒഴിവാക്കാന്‍ ആശുത്രിയിലെത്തിക്കുകയായിരുന്നു.
പൂര്‍ണമായും അവഗണിക്കപ്പെട്ട ബാല്യം
ആശുപത്രിയിലെത്തിക്കുമ്പോള്‍ ഭക്ഷണത്തിന്റെയും പോഷകാരോഗ്യത്തിന്റെയും കുറവ് മുലം ശരീരം ശോഷിച്ച് മുന്നു വയസുകാരന് സമാനമായിരുന്നു. തൂക്കം പത്തുകിലോ മാത്രമായിരുന്നു. തലയില്‍ നിറയെ പേനുകളുമായി ആരാലും വേണ്ടാതെ തീര്‍ത്തും അവഗണിക്കപ്പെട്ട ഒരു അഞ്ചുവയസുകാരന്‍.
ഡോ. നിഷാന്ത് പോള്‍
വെന്റിലേറ്റില്‍ നിന്നും മാറ്റാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നു
അതീവഗുരുതരാവസ്ഥയിലായി വെന്റിലേറ്ററില്‍ ഒരാഴ്ച പിന്നിടും മുമ്പെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ‘സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്, ഇനിയും ചികിത്സിക്കാന്‍ പണമില്ല, അതിനാല്‍ വെന്റിലേറ്ററില്‍ ഇനിയും തുടരാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ല’ എന്ന്. എന്നാല്‍ ഈ അവസ്ഥയില്‍ ജീവന്റെ ഒരു കണികയെങ്കിലും ഈ കുഞ്ഞിന്റെ ശരീരത്തില്‍ അവശേഷിക്കുന്നണ്ടങ്കില്‍ അവനെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ തനിക്ക് കഴിയില്ലന്ന നിലാപാടായിരുന്നു ഡോ.നിഷാന്ത് പോള്‍ സ്വീകരിച്ചത്. പിന്നിട് അദേഹത്തിന്റെ ഈ ആവശ്യത്തോട് ആശുപത്രി അധികൃതരും സര്‍ക്കാരും ഒപ്പം നില്‍ക്കുകയും ചെയ്തു.
അണയാത്ത പ്രതീക്ഷയോടെ ചികിത്സ തുടരുന്നു
പ്രതീക്ഷയില്ലങ്കില്‍ ചികിത്സയില്ല എന്ന നിലപാടിലായിരുന്നു പിന്നീടങ്ങോട്ടുള്ള ചികിത്സകള്‍. മെഡിക്കല്‍ സയന്‍സില്‍ താന്‍ പഠിച്ചതും അറിഞ്ഞതുമായ എല്ലാ കാര്യങ്ങളും മനനം ചെയ്തും കൂടുതല്‍ വിദഗധരോട് ചര്‍ച്ച ചെയ്തും മുന്നോട്ടു നീങ്ങി. വൈദ്യശാസ്ത്രത്തില്‍ തനിക്ക് നല്‍കാന്‍ കഴിയുന്നതെല്ലാം നല്‍കണമെന്ന വാശിയില്‍ പരിചരിച്ചു. അദേഹത്തിന്റെ ചികിത്സകളുടെയും ഓരോ മലയാളിയുടെയും പ്രാര്‍ഥനകളുടെയും ഫലമായി ഘട്ടംഘട്ടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.
പ്രതീക്ഷയുടെ നേരിയ തിളക്കം
ഷെഫീക്കിന്റെ ജീവന്‍ ഓരോ ശതമാനമായി മടങ്ങി വരുന്നതാണ് പിന്നീട് കണ്ടത്. ആദ്യം വെന്റിലേറ്ററിന്റെ തോത് കുറച്ചുകൊണ്ടുവന്ന് പൂര്‍ണമായും വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഐ.സിയുവിലാക്കി. പിന്നിട് കണ്ണുകള്‍ തുറന്നു, കൈകാലുകള്‍ ചലിപ്പിച്ചു, തലച്ചോറിലെ അണുബാധ പൂര്‍ണമായി മാറി. നേരിയ ശബ്ധങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി.
അത്യന്തം സമ്മര്‍ദ്ദം നിറഞ്ഞ ചികിത്സാ കാലഘട്ടം
ഇതിലും ഗുരുതരമായ പരുക്കുകള്‍ പറ്റിയ ആളുകളെ പരിചരിച്ചിട്ടുണ്ടങ്കിലും സ്വന്തം പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഇത്രയും ക്രുരമായി പീഡിപ്പിച്ച സംഭവം വൈദ്യശാസ്ത്ര ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കുമെന്നാണ് ഡോ. നിഷാന്ത് വിലയിരുത്തുന്നത്. ഇത്രയും മാധ്യമശ്രദ്ധയും പൊതുജന ശ്രദ്ധയും ഉണ്ടായിരുന്ന ഒരു വിഷയം നേരിടുമ്പോള്‍ സമ്മര്‍ദ്ദമില്ലായിരുന്നെന്ന് പറഞ്ഞാല്‍ അത് കള്ളത്തരമാകും.
ഞാനുമൊരു അച്ഛനാണ്: ഡോ. നിഷാന്ത്
എനിക്കുമുണ്ടൊരു കുഞ്ഞ്, ഞാനുമൊരു അച്ഛനാണ്, കിടക്കുന്നതിന് മുമ്പ് പലരാത്രികളും ഷെഫീക്കിനെ കുറിച്ചുള്ള ഓര്‍മകള്‍ വേദനിപ്പിചിരുന്നു. ഷെഫീക്കിനെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വന്ന ഡോ. നിഷാന്ത് പറയുന്നു. ഒരു ഡോക്ടറെന്ന നിലയില്‍ പതറാതെ ചികിത്സ തുടര്‍ന്നെങ്കിലും ഒരു മനുഷ്യനെന്ന നിലയില്‍ ഷെഫീക്കിന്റെ അവസ്ഥ തന്നെ ഏറെ വേദനിപ്പിരുന്നു.
കുടുംബ വിശേഷം
കോതമംഗലം സ്വദേശിയായ ഡോ.നിഷാന്ത് അഞ്ചുവര്‍ഷമായി കട്ടപ്പനയില്‍ ന്യൂറോ സര്‍ജനായി സേവനം ആരംഭിച്ചിട്ട്. ഇതേ ആശുപത്രിയില്‍ തന്നെ സൈക്കോളജിസ്റ്റായി ജോലി ചെയുന്ന മരിയയാണ് ഭാര്യ. അഞ്ചാം ക്ളാസില്‍ പഠിക്കുന്ന ഗോകുല്‍ ഏകമകനാണ്.
ഷെഫീക്കിന്റെ തിരിച്ചുവരവില്‍ അഭിമാനവും സന്തോഷവും
ജീവിക്കുമെന്ന് 10 ശതമാനം പോലും ഉറപ്പില്ലായിരുന്ന ഷെഫീക്ക് പൂര്‍ണമായും അപകടനില തരണം ചെയ്യാന്‍ പങ്ക് വഹിച്ചതില്‍ തനിക്ക് ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. തലച്ചോറിന് 40 ശതമാനം ക്ഷതം ഉണ്ടെങ്കിലും കുട്ടിയായതിനാല്‍ ഇനിയും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഓരോരുത്തര്‍ക്കും കുട്ടികള്‍ ആഗ്രഹിച്ച് മാത്രം ഉണ്ടാകട്ടെ. എങ്കില്‍ മാത്രമെ അവരെ ദൈവത്തിന്റെ വരദാനമായി വളര്‍ത്താന്‍ കഴിയു. ഇനിയുമിനിയും ഇത്തരം ഷെഫീക്കുമാര്‍ ഉണ്ടാകാതിരിക്കട്ടെ.