Continue reading “ദി ഗ്രേറ്റ് ഗാറ്റ്സ്ബി – എ ഗ്രേറ്റ് ട്രാജഡി”

" /> Continue reading “ദി ഗ്രേറ്റ് ഗാറ്റ്സ്ബി – എ ഗ്രേറ്റ് ട്രാജഡി”

"> Continue reading “ദി ഗ്രേറ്റ് ഗാറ്റ്സ്ബി – എ ഗ്രേറ്റ് ട്രാജഡി”

">

UPDATES

സിനിമ

ദി ഗ്രേറ്റ് ഗാറ്റ്സ്ബി – എ ഗ്രേറ്റ് ട്രാജഡി

                       

ആന്‍ ഹൊനാഡെയ്

 

“അമ്യൂസ്മെന്റ് പാര്‍ക്കിനെ പോലെ.” സമ്പത്തും നിഗൂഢതയും വേണ്ടുവോളമുള്ള ടൈറ്റില്‍ കഥാപാത്രം നല്‍കുന്ന ഗംഭീരവിരുന്നുകളെ ‘ദ് ഗ്രേറ്റ് ഗാറ്റ്സ്ബി’യിലെ ആഖ്യാതാവ് നിക്ക് കാര്‍റവെ അദ്ഭുതപരതന്ത്രനായി വിശദീകരിക്കുന്നതിങ്ങനെ. ഒരു പക്ഷെ, ഒരൊറ്റ പൂവിനെയും പെണ്ണിനെയും വിട്ടുപോവാതെതെ ജാസ് യുഗത്തിന്റെ ജീര്‍ണതകളെ ത്രസിപ്പിക്കുന്ന ജീവിതമാക്കിയ എഫ്. സ്കോട്ട് ഫിറ്റ്സ്ജെറാള്‍ഡ്സിന്റെ നോവലിനെ അതിജീവിച്ചുള്ള, താന്‍ കഥാപാത്രമായ സിനിമയെക്കുറിച്ച് കൂടിയായിരിക്കാം കാര്‍റവെയുടെ ഈ അഭിപ്രായം. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കന്‍ സാഹിത്യത്തിലെ ഒരു പക്ഷെ ഏറ്റവും മികച്ച ഒരു കൃതിയെ സിനിമയ്ക്ക് പരിഗണിക്കാനും ആ സിനിമയ്ക്ക്  ത്രീഡിയാണ് വേണ്ടതെന്ന് തീരുമാനിക്കാനും കുറച്ചൊന്നും സാഹസികത പോരാ. ആ സാഹസികതയും കവിഞ്ഞ്, ഫിറ്റ്സ്ജെറാള്‍ഡ് പറയുന്ന ആത്മവഞ്ചനയുടെ കഥയില്‍ ജെ-സെഡിന്റെയും ജോര്‍ജ് ഗെര്‍ഷ്വിന്റെയും അതിനിടയിലെ സകല മള്‍ട്ടി-കള്‍ട്ടി സംഗീതവും ചേര്‍ത്ത്  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടിയുള്ള കാഴ്ചപ്പണ്ടാരമാക്കാനും മാത്രം ധൈര്യവാനാണ് ആസ്ട്രേലിയന്‍ സംവിധായകനായ ബാസ് ലുഹ്ര്‍മാന്‍.


അധ്വാനിച്ച് പൂര്‍ണത വരുതിയ കഥാപുസ്തകത്തിലെ വരകള്‍ പോലെ, അടിമുടി ക്രമീകരിക്കപ്പെട്ട കഥാപാത്രങ്ങളാണ് സിനിമയിലാകെ. ലുഹ്ര്‍മാന്റെ എല്ലാ വമ്പത്തരങ്ങള്‍ക്കുമപ്പുറം, ദ് ഗ്രേറ്റ് ഗാറ്റ്സ്ബിയുടെ മിനിയേച്ചര്‍ കാണുന്നതിന് തുല്യമാണ് മൊത്തം ഫലം. വിഡ്ഢികള്‍ക്കുവേണ്ടിയാണ് ലുഹ്ര്‍മാന്‍ പടമെടുത്തിരിക്കുന്നതെന്ന് പറയുന്നത് അര്‍ഥശൂന്യമാണ്. ചിലപ്പോള്‍ മയമുള്ള ഭക്ഷണവും ചിത്രകഥകളും കൂടുതല്‍ ഇഷ്ടപ്പെടുന്ന കൊച്ചുകുട്ടികള്‍ക്ക് വേണ്ടിയാവാം അദ്ദേഹം പടമെടുത്തിരിക്കുന്നത്. 

എല്ലാ നിലക്കും ദ് ഗ്രേറ്റ് ഗാറ്റ്സ്ബി ഒരു ദുരന്തമാണ് എന്നല്ല പറയുന്നത്. ഏറ്റവും ആഴക്കുറവില്‍ പോലും സിനിമ ജേ ഗാറ്റ്സ്ബിയെ സഹാനുഭൂതിയും കാല്‍പനികതയുമുള്ള ഒരാളായിട്ടാണ് കാട്ടുന്നത്. എന്നാല്‍ അതിന്റെയൊരാവശ്യവുമുണ്ടായിരുന്നില്ല. ഫിറ്റ്സ്ജെറാള്‍ഡിന്റെ എഴുത്താണ് ഗാറ്റ്സ്ബിയെ എക്കാലവും മഹത്തരമാക്കിയതെന്ന് ലുഹ്ര്‍മാന്റെ ബാലിശമായ ഈ പരീക്ഷണം തെളിയിക്കുന്നു. നോവലില്‍ നിന്നുള്ള പരിചിതവാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ ലുഹ്ര്‍മാനും ഈ വസ്തുത അംഗീകരിക്കുന്നുണ്ട്. ആ വാക്കുകള്‍ സ്ക്രീനിലെ നിര്‍ണായകനിമിഷങ്ങളില്‍ ചിറകടിക്കുകയും നീന്തുകയും ചിതറുകയും ചെയ്യുന്നത് കാണാം. പക്ഷെ ലുഹ്ര്‍മാന്റെ മറ്റെല്ലാ ആലങ്കാരികതകളെയും പോലെ ആദരാഞ്ജലിയായിട്ടല്ല, ഒരു എഫക്ട് സൃഷ്ടിക്കാനാണ് അവ വിന്യസിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് മാത്രം. 

ആര്‍ഭാടജീവിതത്തിന്റെ ആന്ത്യന്തികഫലങ്ങളെക്കുറിച്ചള്ള ഈ  ആര്‍ഭാട സിനിമയിലെ കഥാപാത്രങ്ങള്‍ക്ക്– നിഗൂഢതയുള്ള ടൈറ്റില്‍ കഥാപാത്രത്തിനും അയാളുടെ പുത്തന്‍പണക്കാരായ കൂട്ടുകാര്‍ക്കും അയാള്‍ കീഴടക്കാനുദ്ദേശിക്കുന്ന പാരമ്പര്യധനികരുടെ എന്‍ക്ളേവിനും മോഹിക്കുന്ന പെണ്ണിനുമൊക്കെ നാടകത്തിലുപയോഗിക്കുന്ന നിര്‍ജീവവസ്തുക്കളേക്കാളുടെ സ്ഥാനമേയുള്ളൂ.

 


ഡെയ്സി ബുക്കാനന്‍ ആയി വേഷമിടുന്ന കാരെ മുല്ലിഗന്റെ ഭാവം മോഹിനിയുടേതിനേക്കാള്‍ ഒരു വിഷണ്ണയുടേതാണ്. പേരിന് നന്നായി വളര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും നിര്‍ദയനും നന്നേ പരുക്കനുമായ ഡെയ്സിയുടെ ഭര്‍ത്താവ് ടോമായി ജോയല്‍ എഡ്ജര്‍ടണ്‍ ശരിക്കും ഭീഷണിയുടെ ആള്‍രൂപം തന്നെ. സാനറ്റോറിയം തെറാപ്പി സെഷനെന്ന പൂര്‍ണമായും കാര്യകാരണബന്ധമില്ലാത്ത ഒരു ഫ്രെയ്മിംഗ് ഡിവൈസ് സംവിധായകന്‍ ചുമപ്പിക്കുന്ന ടോബി മാഗ്വെയര്‍ ,താന്‍ വിശദീകരിക്കുന്ന സംഭവങ്ങളിലെ ഊര്‍ജസ്വലനായ പങ്കാളിയും  ശ്രദ്ധാലുവായ സാക്ഷിയും എന്ന നിലക്ക് നേരിയ സാന്നിധ്യം പോലുമാകുന്നില്ല. 

സിനിമ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും രംഗത്ത് പ്രത്യക്ഷപ്പെടാത്ത ഗാറ്റ്സ്ബി ഒടുക്കം തന്റെ നാടകീയമായ അരങ്ങേറ്റം നടത്തുന്നത് ‘റാപ്സോഡി ഇന്‍ ബ്ളൂ’  ഗാനത്തിനൊപ്പിച്ചുള്ള കരിമരുന്ന് പ്രയോഗങ്ങളുടെ പശ്ചാത്തലത്തിലാണെന്നുള്ളത് ഉചിതം തന്നെ. കൌമാരസഹജമായ ഊര്‍ജ്വസ്വലതയോടെ ലിയോനാര്‍ഡോ ഡികാപ്രിയോ ജേ ഗാറ്റ്സ്ബിയെ അവതരിപ്പിച്ചിരിക്കുന്നതില്‍ ഓര്‍സണ്‍ വെല്‍സിന്റെ ചാള്‍സ് ഫോസ്റ്റര്‍ കെയ്നിന്റെ നിഴലുകള്‍ കാണം. പണിപ്പെട്ടുള്ള സംസാരരീതി ഒരു പുത്തന്‍പണക്കാരന്റെ ആവിര്‍ഭാകാലത്ത് സാധാരണമായിരിക്കാം. പക്ഷെ മുതിര്‍ന്ന ഒരു കഥാപാത്രത്തെ ഇനിയും അഭിനയിച്ചു ബോധ്യപ്പെടുത്തിയിട്ടില്ലാത്ത ഡികാപ്രിയോയുടെ കാര്യത്തില്‍ അത് അത് ശരിക്കും ബുദ്ധിപരമെന്ന് തോന്നുന്നില്ല.

എങ്കിലും ഈ കാര്യമില്ലാബഹളത്തില്‍ വെറുതെ വരിനിന്ന, എന്നാല്‍ ആ ജീവിതത്തില്‍ മുഴുവനായി പാര്‍ക്കാനാകാത്ത വിസ്മരണീയരായ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് മനുഷ്യഹൃദയമിടിപ്പുകളെ വശത്താക്കാനും കൊണ്ടുപോകാനും ഡികാപ്രിയോക്ക് ആവുന്നുണ്ട്. 


ലുഹ്ര്‍മാന്‍ ത്രീഡിയെ ഉപയോഗിക്കുന്നത് ഡെപ്ത് ഓഫ് ഫീല്‍ഡിനായല്ല, മറിച്ച്  ഒരു സ്റ്റണ്ട് എന്ന നിലക്കാണ്. (ഗാറ്റ്സ്ബിയോട് ഏറ്റവും സമാനതയുള്ള സിറ്റിസണ്‍ കെയ്നില്‍ ആദ്യമായി ക്യാമറയും വെളിച്ചവും ഉപയോഗിച്ച് ഇത് പരീക്ഷിക്കുന്നുണ്ട്). അതേ പോലെ പുതുമയോടും സാങ്കേതികതയോടും മാറിക്കൊണ്ടിരിക്കുന്ന സൗന്ദര്യശാസ്ത്രപ്രതീക്ഷയോടുമുള്ള ഒരു പ്രതികരണമെന്ന നിലക്കും സൈദ്ധാന്തികമായി ഇതിനെയൊക്കെ ന്യായീകരിക്കാമായിരിക്കാം. പക്ഷെ ആഴത്തില്‍ മുഴുകിപ്പിക്കാത്ത, പ്രകടനപരമായ ഒരു സിനിമയില്‍  പ്രേക്ഷകരെ ഒരു സ്വപ്നം പോലെയുള്ള ഒരു വൈകാരികവിദൂരതയിലേക്ക് എത്തിക്കുന്നതിലേക്കാണ് അത് നയിക്കുന്നത്. നിക്കിനെപ്പോലെ തന്നെ നാമും അയാള്‍ എഴുതുന്ന ആഢംബരപൂര്‍ണവും ധാര്‍മികമായി രാജിയായതുമായ ആ ലോകത്തിന്റെ അകത്തോ പുറത്തോ പൂര്‍ണമായും അല്ല.

ഗാറ്റ്സ്ബിയുടെ ഗോഥിക് ഹര്‍മ്യത്തിന്റെ തൊട്ടടുത്തുള്ള നിക്കിന്റെ മുന്തിരിവള്ളിയാല്‍ ചുറ്റപ്പെട്ട കോട്ടേജ്, ജേയും ഡെയ്സിയും പരുങ്ങലോടെ പുനസ്സംഗമിക്കുന്ന ടീപാര്‍ട്ടി, ഗാറ്റ്സ്ബിയുടെ നീലപ്പുല്‍ത്തകിടിയിലെ തിളക്കമാര്‍ന്ന അഴിഞ്ഞാട്ടങ്ങള്‍ തുടങ്ങി ഒരുപാട് രസനീയതകള്‍ ദ് ഗ്രേറ്റ് ഗാറ്റ്സ്ബിയില്‍ ഉണ്ട്. മേല്‍പ്പരപ്പിലെ മിന്നിപ്പിനായുള്ള ആത്മാര്‍പ്പണമുണ്ടായിട്ടുപോലും വിശദമായ ഒരു സചിത്ര പുനരാഖ്യാനം എന്നതില്‍ക്കവിഞ്ഞ് ഒരു പുതുമയാവാന്‍ ലുഹ്ര്‍മാന്റെ ഗാറ്റ്സ്ബിക്കാവുന്നില്ല. തീര്‍ത്തും സൗന്ദര്യമില്ലാത്ത ഒരു സിനിമയുണ്ടായി എന്നതാണ് ഇതിന്റെ ഫലം. 

കഥയിലെ സൂക്ഷ്മമസങ്കീര്‍ണമായ ധാര്‍മികപാഠത്തേക്കാളും താല്‍പര്യജനകമായിട്ടുള്ളത് ഉപഭോഗവും അര്‍മാദവുമാണെന്ന് മൗനമായി ധ്വനിപ്പിക്കുന്നുവെന്നോണം, ഉന്മാദം വിധിവാദത്തിന് വഴിമാറുമ്പോള്‍ സിനിമക്കും കാറ്റുപോവുന്നു. കാലികപ്രസക്തി നഷ്ടപ്പെടാത്ത ശാശ്വതസത്യങ്ങളും ലുഹ്ര്‍മാന്റെ ആത്മാര്‍ഥമായ പരിശ്രമങ്ങളുമുണ്ടായിട്ടുപോലും ദ് ഗ്രേറ്റ്ഗാറ്റ്സ്ബി പൊളിയുന്നു. സംവിധായകന് – നമുക്കും – അതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

 

(വിവര്‍ത്തനം: മുഹമ്മദ് അഫ്സല്‍)

 

(വാഷിംഗ്ടണ്‍ പോസ്റ്റ്)

Share on

മറ്റുവാര്‍ത്തകള്‍