Continue reading “ദളിതര്‍ കൊല്ലപ്പെട്ടാല്‍ കേസില്ലേ?”

" /> Continue reading “ദളിതര്‍ കൊല്ലപ്പെട്ടാല്‍ കേസില്ലേ?”

"> Continue reading “ദളിതര്‍ കൊല്ലപ്പെട്ടാല്‍ കേസില്ലേ?”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിതര്‍ കൊല്ലപ്പെട്ടാല്‍ കേസില്ലേ?

                       
ടീം അഴിമുഖം
 
2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം. ബിഹാറിലെ 40 സീറ്റുകള്‍ ലക്ഷ്യമിട്ട് മൂന്ന് മുന്നണികള്‍ രംഗത്തുണ്ട്. ജാതി രാഷ്ട്രീയത്തിന് നിര്‍ണായക സ്വാധീനമുള്ള ബിഹാറില്‍, പക്ഷേ യു.പിയില്‍ നിന്നു വ്യത്യസ്തമായി 22 ശതമാനം വരുന്ന ദളിത് ജനതയോട് ഒരു രാഷ്ട്രീയ സഖ്യത്തിനും വലിയ പ്രതിപത്തിയില്ല. 1997 ഡിസംബര്‍ ഒന്നിന് നാലു ദളിത് കുടുംബങ്ങളിലെ 58 പേരെ കൂട്ടക്കൊല ചെയ്ത രണ്‍വീര്‍ സേനാംഗങ്ങളെ വെറുതെ വിട്ട പറ്റ്‌ന ഹൈക്കോടതി വിധിയോടുള്ള ബിഹാറിലെ രാഷ്ട്രീയ പ്രമുഖരുടെ തണുത്ത പ്രതികരണം തന്നെ ഇതിന് തെളിവാണ്. 
 
ജാതി ബിഹാര്‍ രാഷ്ട്രീയത്തിന്റെ അസ്ഥികളെ വരെ മുറുകെ പുണര്‍ന്നതിന്റെ മറ്റൊരു ഉദാഹരണം മാത്രമാണിത്. അന്ന് ജീവന്‍ നഷ്ടപ്പെട്ടത് ആറു ശതമാനത്തോളം വരുന്ന പസ്വാന്‍ സമുദായത്തിലെ 27 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടെയുള്ള 58 പേരായിരുന്നു. ബിഹാറിലെ ദളിതരില്‍ താരതമ്യേനെ മെച്ചപ്പെട്ട സമുദായമാണ് പസ്വാന്‍. ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പസ്വാന്റെ പ്രതികരണം പോലും ഏറെ ഇളക്കമൊന്നും ബിഹാര്‍ രാഷ്ട്രീയത്തിലുണ്ടാക്കിയില്ല. ഒരു പുതിയ രാഷ്ട്രീയ സമവാക്യത്തിന് തയാറെടുക്കുയാണ് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ജെ.ഡിയു – ബി.ജെ.പി സഖ്യം അവസാനിച്ചതു കൊണ്ട് കുറച്ചെങ്കിലും മുന്നോക്ക സമുദായ വോട്ടുകള്‍ തനിക്ക് കിട്ടുമോ എന്നാണ് ലാലു നോക്കുന്നത്. എല്‍.ജെ.പി എന്തായാലും സ്വന്തം സഖ്യകക്ഷിയാണ് എന്നതിനാല്‍ പസ്വാന്റെ പ്രതികരണം മാത്രം മതി എന്ന നിലപാടാണ് ലാലുവും സ്വീകരിച്ചത്. 
 
 
ബിഹാറിലെ മേല്‍ജാതിക്കാര്‍ 10 ശതമാനത്തോളം വരുന്ന ബ്രാഹ്മണര്‍, അഞ്ചു ശതമാനത്തോളം വരുന്ന ഭൂമിഹാറുകള്‍, ഒരു ശതമാനം വരുന്ന കായസ്ഥര്‍ എന്നിവരാണ്. ദയാനന്ദ സരസ്വതിയുടെ പരിഷ്‌കരണ നടപടികള്‍ക്കു ശേഷം ബ്രാഹ്മണ – ഭൂമിഹാര്‍ ജാതിക്കാര്‍ പലപ്പോഴും വേര്‍തിരിക്കാന്‍ സാധിക്കാത്ത രീതിയില്‍ ഒറ്റ സമുദായമായി കണക്കാക്കപ്പെടുന്നവരാണ്. ഈ 16 ശതമാനം ബിഹാറിലെ രാഷ്ട്രീയത്തിലെ നിര്‍ണായക സ്വാധീനമായി തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നതു തന്നെയാണ് ഈ വിധിക്കു പുറകിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതും. രണ്‍വീര്‍ സേനയെ ഒന്നു തണുപ്പിക്കുന്നതില്‍ നിതീഷ് കുമാര്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടാകാം. പക്ഷേ രണ്‍വീര്‍ സേന സൃഷ്ടിച്ച മുറിവുകള്‍ ഉണക്കാനോ ഇത്തരം കൂട്ടക്കൊലകളില്‍ സ്വതന്ത്ര അന്വേഷണം നടത്താനോ അദ്ദേഹവും തയാറായിട്ടില്ല. 
 
ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു പോലും ചട്ടക്കൂടുകള്‍ക്കു പുറത്തു നിന്നു കൊണ്ട് ബിഹാറിലെ ദളിതര്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കോടതി വിധിയെ നിയമപരമായി ചോദ്യം ചെയ്യണമെന്നാണ് ബിഹാറില്‍ കുറെയെങ്കിലും സ്വാധീനമുള്ള എം.എല്‍ കക്ഷികളുടെ നിലപാട്. പക്ഷേ, ഈ അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചകളെ യഥാസമയം തുറന്നു കാട്ടാന്‍ അവര്‍ക്കും കഴിഞ്ഞില്ല. കീഴ്‌ക്കോടതി 38 പ്രതികളില്‍ പലര്‍ക്കും വധശിക്ഷ അടക്കമുള്ള ശിക്ഷ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ എല്ലാവരേയും വെറുതെ വിടുകയാണ് ചെയ്തത്. 
 
 
കൂട്ടക്കൊല നടന്ന സമയത്ത് തന്നെ ഉയര്‍ന്ന ആരോപണങ്ങളിലൊന്ന് യഥാര്‍ഥ പ്രതികളല്ല അറസ്റ്റിലായത് എന്നാണ്. രണ്‍വീര്‍ സേന വളരെ ആസൂത്രിതമായി വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള രണ്‍വീര്‍ സേനാ ഗുണ്ടകളെ ലക്ഷ്മണ്‍പൂര്‍ – ബാതേ ഗ്രാമത്തില്‍ എത്തിച്ച് ആ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരെ മുന്‍ നിര്‍ത്തി നടത്തിയ കൂട്ടക്കൊലയായിരുന്നു അന്നു നടന്നത്. കീഴ്‌ക്കോടതി പ്രധാനമായും പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങള്‍ മാത്രമായിരുന്നു പരിഗണിച്ചത്. മറിച്ച് കേസ് ഹൈക്കോടതിയില്‍ എത്തിയതോടെ തെളിവുകളുടെ ശാസ്ത്രീയത പരിശോധിക്കപ്പെടുകയും സ്വാഭാവികമായും പ്രതികള്‍ രക്ഷപെടുകയും ചെയ്തു. ഇവിടെയാണ് ഉന്നതജാതി, ഫ്യൂഡല്‍ വ്യവസ്ഥിതിയോടുള്ള ബിഹാര്‍ രാഷ്ട്രീയക്കാരുടെ ഇപ്പോഴും മാറാത്ത പ്രതിപത്തി വെളിവാകുന്നത്. 
 
58 പേര്‍ കൊല ചെയ്യപ്പെട്ടാലും അന്വേഷണം ശരിക്കു നടന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ആര്‍.ജെ.ഡി, ജെ.ഡി-യു സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞു. ബിഹാര്‍ അധികാര കേന്ദ്രങ്ങളില്‍ എന്നും നിര്‍ണായക സ്വാധീനമാകാനുള്ള ഭൂമിഹാറുകളുടേയും ബ്രാഹ്മണരുടേയും കൗശലത്തിന് തടയിടാന്‍ പിന്നോക്ക രാഷ്ട്രീയക്കാരായ ലാലുവിനും നിതീഷിനും ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഈ വിഷയം സുപ്രീം കോടതിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. വേണ്ടത് ഒരു പുനരന്വേഷണമാണ്. ബിഹാറിലെ ജാതിക്കൊലകളെ സമഗ്രമായി മനസിലാക്കാന്‍ സാധിക്കുന്ന ഒരു പുനരന്വേഷണം. അതിന് ഒരു കേന്ദ്ര ഏജന്‍സിയോ ജുഡീഷ്യറിയോ തന്നെ വേണ്ടി വരും.
 
 

Share on

മറ്റുവാര്‍ത്തകള്‍