തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗികരോപണം അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തക കരിയര്‍ അവസാനിപ്പിക്കുക മാത്രമല്ല, ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ അദ്ദേഹം തുടങ്ങിവച്ച ഒളികാമറ പത്രപ്രവര്‍ത്തനത്തെ കുറിച്ചും ഒരു പുനര്‍വിചിന്തനം ആവശ്യമാക്കിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലേഖന (തെഹല്‍ക്ക: ഇന്ത്യന്‍ മാധ്യമ ലോകത്തെ പൊളിച്ചെഴുത്ത് എവിടെയെത്തും?) ത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു. തെഹല്‍ക്കയുടെ സ്ഥാപകരില്‍ ഒരാളും ഇന്ത്യയില്‍ ഒളി ക്യാമറ വഴിയുള്ള പുതിയ പത്രപ്രവര്‍ത്തന രീതിക്ക് തുടക്കമിട്ടവരില്‍ പ്രധാനിയുമായ മാത്യൂ സാമുവല്‍ സംസാരിക്കുന്നു
തരുണ്‍ തേജ്പാലിനൊന്നിച്ച് തെഹല്‍ക്കയുടെ ഫൗണ്ടിംഗ് ടീമിലുണ്ടായിരുന്ന ആളാണ് ഞാന്‍. ഒന്നിനോടും സന്ധിചെയ്യരുതെന്ന പത്രപ്രവര്‍ത്തന ശൈലിയാണ് തെഹല്‍ക്ക മുന്നോട്ടു വെച്ചത്. അതില്‍ ഹൈ ഡിഗ്രി ജേര്‍ണലിസം ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരിക്കുന്ന ഗവണ്മെന്റിനെതിരെ, അതിനെ നയിക്കുന്ന പാര്‍ട്ടിക്കെതിരെ ഒരു സംഭവം ആദ്യമായി ഉയര്‍ത്തിക്കൊണ്ടു വരുന്നത് തെഹല്‍ക്കയാണ്. നാല്‍പ്പത് വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനാണ് നമ്മളിവിടെ പയറ്റിയത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എനിക്ക് തരുണിനെ അറിയാം. ഇന്ത്യയിലെ ഏറ്റവും മികച്ച എഡിറ്റര്‍മാരില്‍ ഒരാളാണ് തരുണ്‍. കൂടാതെ മികച്ചൊരു ഫിക്ഷന്‍ റൈറ്ററും കൂടിയാണ്. അങ്ങനെയൊരു എഡിറ്റര്‍ തരുണ്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. യുവാക്കളെ ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കുന്നയാളായിരുന്നു അദ്ദേഹം. സ്റ്റോറി നല്ലതാണെങ്കില്‍ അതിനെ ഏതു രീതിയിലും പിന്തുണക്കാന്‍ തരുണ്‍ തയ്യാറായിരുന്നു. ഈ കാലത്തിനിടയില്‍ എന്തെങ്കിലും ആരോപണങ്ങള്‍ തരുണിനെതിരെ ഉയര്‍ന്നതായി താന്‍ കേട്ടിട്ടില്ല. എന്തായാലും ഇപ്പോഴിങ്ങനെ സംഭവിച്ചു. അതിലെനിക്ക് പരിപൂര്‍ണ്ണമായും ദു:ഖമുണ്ട്.

മാത്യൂ സാമുവല്‍
എന്തായാലും ചെയ്ത തെറ്റ് അയാള്‍ ഏറ്റു പറഞ്ഞു. തരുണ്‍ ക്ഷമ ചോദിച്ചതാണ് അയാള്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്ന് ഞാന്‍ പറയും. ഇത് അമേരിക്കയല്ല. മോണിക്ക ലെവന്‍സ്‌കിയുടെ പ്രശ്‌നത്തില്‍ ക്ലിന്റണ്‍ അത് ഏറ്റു പറഞ്ഞു. ഇന്ത്യയിലിത് നേരെ തിരിച്ചാണ്. ഉടന്‍ തന്നെ അയാളെ തൂക്കാന്‍ വിധിക്കണമെന്നാണ് നമ്മുടെ നിലപാട്. ഇന്ത്യക്കാരുടെ ഒരു മനോനിലയാണിത്.
തരുണ്‍ തെഹല്‍ക്കയില്‍നിന്ന് പോകുന്നതോടെ ഒരു ഹാഡ് ഹിറ്റിംഗ് ജേര്‍ണലിസം കൂടിയാണ് പോകുന്നത്. ആര്‍ക്കെതിരെയും എന്തും പറയാനുള്ള ധൈര്യം ഇന്ത്യയിലെ പത്രക്കാര്‍ക്ക് നല്‍കിയത് തരുണാണ്. മാത്രമല്ല തികഞ്ഞൊരു മതേതരവാദിയുമാണ്. തെഹല്‍ക്ക ഏറ്റവുമധികം ആക്രമിച്ചത് ആര്‍എസ്എസിനെയും ബിജെപിയുമായിരുന്നു. നരേന്ദ്രമോഡിയുടെ സ്റ്റോറി ഉദാഹരണം. ബിജെപി ഇപ്പോള്‍ ഇതിന്റെ പിന്നാലെയാണ്. അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. കോണ്‍ഗ്രസിനെതിരെയും സുപ്രധാന വാര്‍ത്തകള്‍ തെഹല്‍ക്ക പുറത്തുകൊണ്ടു വന്നിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ തെഹല്‍ക്ക ഒരിക്കലും രാഷ്ട്രീയ പക്ഷപാതം കാണിച്ചിരുന്നില്ല.
അടിയന്തിരാവസ്ഥയ്ക്കുശേഷം പല മിടുക്കന്മാരായ പത്രക്കാരും ഇന്ത്യ വിട്ടുപോയി. ചിലര്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്ക് ചുവടുമാറി. അതിനുശേഷം ഇന്ത്യയില്‍ നിലനിന്നിരുന്ന ജേര്‍ണലിസം ഹാപ്പി ജേര്‍ണലിസമായിരുന്നു. നീ എന്റെ പുറം ചൊറിഞ്ഞാല്‍ ഞാന്‍ നിന്റെ പുറം ചൊറിയും എന്ന രീതി. എല്ലാ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പത്രക്കാരും ഇതിന്റെ ഗുണഭോക്താക്കളായിരുന്നു. ഡല്‍ഹിയിലെ പ്രമുഖരായ ചില മലയാള പത്രപ്രവര്‍ത്തകരെ നോക്കൂ. വി കെ മാധവന്‍കുട്ടി, ടി വി ആര്‍ ഷേണായ് അവരൊക്കെ ഏതെങ്കിലും നല്ല സ്റ്റോറി ചെയ്തിട്ടുണ്ടോ. റാം സ്റ്റോറി ചെയ്തു തുടങ്ങിയപ്പോള്‍ അത് അവരുടെ കുടുംബ പ്രശ്‌നമായി. തെഹല്‍ക്ക ഇത്തരമൊരു ജേര്‍ണലിസം കൊണ്ടുവരുന്നതുവരെ എന്തെങ്കിലും ചെയ്യാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു.
പിന്നെ ഒളിക്യാമറ ഓപ്പറേഷനെതിരെയുള്ള വിമര്‍ശനം – എന്ത് നല്ല കാര്യം ചെയ്യുമ്പോഴും അതിനൊരു ചീത്തവശം കൂടിയുണ്ടാകും. വെബ്‌സൈറ്റുകള്‍ നല്ലതാണ്. പക്ഷേ വെബ്ബിലൂടെയാണ് ഏറ്റവും കൂടുതല്‍ പോണ്‍ വരുന്നത്. അതുകൊണ്ട് വെബ്സൈറ്റുകള്‍ മോശമാണെന്ന് പറയാന്‍ പറ്റുമോ?
*views epressed are personal