Continue reading “ജാക്വലിന്‍ കെന്നഡി വിലപിച്ചതെങ്ങനെ?”

" /> Continue reading “ജാക്വലിന്‍ കെന്നഡി വിലപിച്ചതെങ്ങനെ?”

"> Continue reading “ജാക്വലിന്‍ കെന്നഡി വിലപിച്ചതെങ്ങനെ?”

">

UPDATES

വിദേശം

ജാക്വലിന്‍ കെന്നഡി വിലപിച്ചതെങ്ങനെ?

                       

മേഗന്‍ ഒ’റൂര്‍ക്കെ
(സ്ളേറ്റ്)

 

അമ്പതു വര്‍ഷം മുന്‍പ് ജാക്വലിന്‍ കെന്നഡിക്ക് താന്‍ പ്രതീക്ഷിക്കാത്ത ഒരു ദൌത്യം ലഭിച്ചു. അവര്‍ രാജ്യത്തിന്റെ ‘പ്രഥമ – വിലാപക’യായിത്തീര്‍ന്നു. 1963ല്‍ ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്തിന്റെ ഏറ്റവും സ്റൈലിഷായ പ്രഥമവനിത എന്ന സ്ഥാനത്തുനിന്നും അവര്‍ അമേരിക്കന്‍ ദുഖത്തിന്റെ ചിഹ്നമായി മാറി. ഏറ്റവും പരസ്യമായാണ് 1963 നവംബര്‍ 22ന് ജാക്കി വിധവയായത്. അവരുടെ രണ്ടാമത്തെ മകന്‍ പാട്രിക്ക് കെന്നഡി മാസം തികയാതെയുള്ള പ്രസവത്തില്‍ മരിച്ചുകഴിഞ്ഞ് നാലുമാസം ആയതേയുണ്ടായിരുന്നുള്ളൂ. മകന്റെ മരണം പ്രസിഡന്റിന്റെയും ഭാര്യയുടെയും ഇടയിലുള്ള അകലം കുറച്ചിരുന്നു. ഒരു എമര്‍ജന്‍സി സിസേറിയനുശേഷം ജാക്കി ആശുപത്രി വിട്ടപ്പോള്‍ പതിവില്ലാതെ കെന്നഡി അവരുടെ കൈ പിടിച്ചിരുന്നു. അതിനുശേഷം ഡാലാസിലെ പ്രചാരണയോഗത്തിനു ജാക്കി കെന്നഡിയെ അനുഗമിച്ചു- അവര്‍ ഒരിക്കലും അങ്ങനെ ചെയ്തിരുന്നില്ല. അവര്‍ അവിടെയെത്തിയ ദിവസം തന്നെ വണ്ടിയില്‍ വെച്ച് കെന്നഡിക്ക് വെടിയേറ്റു. പിങ്ക് സൂട്ടും തൊപ്പിയും ധരിച്ച ജാക്കി പിറകിലെ സീറ്റിനുമുകളിലൂടെ മുന്നോട്ടാഞ്ഞു, അവര്‍ക്ക് കൈയില്‍ കിട്ടിയത് ഭര്‍ത്താവിന്റെ തലയോടിന്റെ ഒരു കഷണമാണ്.

 

കെന്നഡിയുടെ മരണമാണ് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ടെലിവിഷനില്‍ കാണാന്‍ കഴിഞ്ഞ ദുരന്തം. ജാക്കിയുടെ വിലാപമാണ്‌ അമേരിക്കയെ പൊതുവേദിയില്‍ വിലപിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിച്ചത്. ദുരന്തങ്ങള്‍ക്ക് വികാരവിരേചനസ്വഭാവമുണ്ട് എന്നാണ് അരിസ്റ്റോട്ടില്‍ പറയുന്നത്. ദുരന്തങ്ങള്‍ നമ്മള്‍ അനുഷ്ഠിക്കേണ്ടതാണ്. തത്വശാസ്ത്ര സ്പര്‍ധകള്‍ നിമിത്തം അകന്നുനില്‍ക്കുന്ന രാജ്യത്തിനു കെന്നഡിയുടെ മരണം ഒരു വികാരശുദ്ധീകരണം നല്‍കുമെന്ന് ജാക്കി മനസിലാക്കി. ഒരേ സമയം നിസ്സഹായതയും ശക്തിയും ഒരുമിച്ചുചേര്‍ത്ത് നിന്ന ജാക്കിയോട് അമേരിക്കക്കാര്‍ താദാത്മ്യപ്പെട്ടു, ആശ്വസിച്ചു. കെന്നഡിയുടെ മരണശേഷം വൈറ്റ്ഹൌസിലേയ്ക്ക് ജാക്വലിന് 45,000-ത്തോളം കത്തുകളാണ് ആശ്വാസവാക്കുകളുമായി എത്തിയത്. 1964 ജനുവരിയില്‍ അവര്‍ അമേരിക്കക്കാരുടെ അനുകമ്പക്ക് നന്ദി പറഞ്ഞപ്പോള്‍ അവര്‍ക്ക് 80,000-ത്തോളം ടെലഗ്രാമുകളും കത്തുകളും കാര്‍ഡുകളും ലഭിച്ചിരുന്നു.

 

 

കെന്നഡിയുടെ മരണശേഷം ജാക്കി ലൈഫ് മാസികയോട് പറഞ്ഞു, “പലരും കരുതുന്നത് ലോകം നിങ്ങളുടെ ദുഃഖം പങ്കിടുമ്പോള്‍ അത് കുറയുമെന്നാണ്. എന്നാല്‍ അത് വളരുകയാണ്… ഇത് കഴിഞ്ഞാലുടന്‍ ഏറ്റവും വലിയ ഒരു റിട്ടയര്‍മെന്റിലേയ്ക്കാണ് ഞാന്‍ പോകുന്നത്.” എന്നാല്‍ ആ ആദ്യദിവസങ്ങളില്‍ കെന്നഡിയുടെ മരണത്തിന് ചേരുന്ന തരം ഒരു രംഗം ജാക്കി ഒരുക്കി. ദൃശ്യങ്ങളുടെ ശക്തിയെപ്പറ്റി അവര്‍ ബോധവതിയായിരുന്നു. ജാക്കി അണ്ടര്‍ മൈ സ്കിന്‍ എന്ന പുസ്തകത്തില്‍ വെയ്ന്‍ കൊസ്ട്ടന്‍ബോം പറയുന്നത് ഇങ്ങനെ: “അവരെ ആരും നോക്കണമെന്ന് അവര്‍ക്ക്  ആഗ്രഹമുണ്ടായിരുന്നില്ല, എങ്കിലും എല്ലാവരും നോക്കുന്ന ഒരു അവസ്ഥയിലായിരുന്നു അവര്‍. എല്ലാവരും നോക്കുമ്പോള്‍ അവര്‍ നന്നായിത്തന്നെ നിന്നിരുന്നു.” ജോണ്‍ എഫ് കെന്നഡിയുടെ മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം പലരും അവരോടു മുഖത്തും കൈകാലുകളിലും വീണ രക്തം തുടയ്ക്കാനും രക്തത്തില്‍ കുതിര്‍ന്ന ഇപ്പോള്‍, പ്രശസ്തമായിത്തീര്‍ന്ന അവരുടെ പിങ്ക് സൂട്ട് മാറ്റാനും ആവശ്യപ്പെട്ടു. അവര്‍ വിസമ്മതിച്ചു. “എല്ലാവരും എന്നോട് നനഞ്ഞ തുണികൊണ്ട് രക്തം തുടച്ചുമാറ്റാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ എന്താണ് ചെയ്തത് എന്ന് അവര്‍ കാണണം എന്നായിരുന്നു എനിക്ക്.” കെന്നഡിയുടെ മരണത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് പൊതുജനം അവരെ കണ്ടപ്പോഴും അവരുടെ ശരീരം മുഴുവന്‍ രക്തമുണ്ടായിരുന്നു. വിമാനത്തില്‍ നിന്ന് ബോബി കെന്നഡിയോടോപം അവര്‍ ഇറങ്ങിയപ്പോഴും രക്തത്തില്‍ കുതിര്‍ന്ന അതേ പിങ്ക് സൂട്ട് തന്നെയാണ് അവര്‍ ധരിച്ചിരുന്നത്. വളരെ വിചിത്രമാണ് അവരുടെ പ്രവര്‍ത്തി. വൃത്തി നിറഞ്ഞ അമേരിക്കന്‍ മരണറിപ്പോര്‍ട്ടുകളില്‍ ഇന്ന് നമുക്കത് കാണാനാകില്ല. എന്നാല്‍ ജാക്കിയുടെ ഉടുപ്പുകളിലെ ചോരയിലൂടെ മാത്രമായിരുന്നു അന്ന് അമേരിക്കക്കാര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് കാണാന്‍ കഴിഞ്ഞത്. കെന്നഡി മരിച്ചപ്പോള്‍ നെറ്റ്വര്‍ക്ക് ക്യാമറകള്‍ പ്രവര്‍ത്തിചിരുന്നില്ല. അബ്രഹാം സാപ്രൂദര്‍ ചിത്രീകരിച്ച അമച്വര്‍ വീഡിയോ ദൃശ്യം അപ്പോള്‍ പുറത്തുവന്നിരുന്നില്ല.

 

ജാക്കിയുടെ പൊതുവിലാപം ഒരേസമയം ഭീകരമാം വിധം യഥാര്‍ത്ഥവും എന്നാല്‍ വളരെ കൃത്യതയോടെ അനുഷ്ഠിക്കപ്പെട്ടതുമാണ്. കെന്നഡിയുടെ ശവസംസ്കാരം വളരെ ഉദാത്തവും ഫലപ്രദവുമായ ഒരു അനുഷ്ഠാനമായിരുന്നു. ലിങ്കന്റെ ശവസംസ്കാരത്തിന്റെ അതേ രീതിയിലാണ് ജാക്കി കെന്നഡിയുടെ ശവസംസ്കാരം നടത്തിയത്. ലിങ്കനെ പോലെ കെന്നഡിയുടെ ശരീരവും ഈസ്റ്റ് റൂമില്‍ കിടന്നു. തൂക്കുവിളക്കുകള്‍ക്കുമേല്‍ കറുത്ത പട്ടുറിബണുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു, ലിങ്കന്റെ ശവസംസ്കാരത്തിലെതു പോലെ തന്നെ. ശരീരം കൊണ്ടുപോകാന്‍ അതേ പേടകമാണ് ഉപയോഗിച്ചത്. കുതിരക്കാരനില്ലാതെ ഒരു തവണ കൂടി ഒരു കുതിര ഈ യാത്രയുടെ ഭാഗമായി. ലേസ് കൊണ്ട് മുഖം മറച്ച വിധവയും അവരുടെ കയ്യിലെ രണ്ടു ചെറിയ കുട്ടികളും മൃതശരീരം കടന്നുപോകുന്നത് നോക്കി നിക്കുന്ന ദൃശ്യം രാജ്യത്തോട് പറഞ്ഞു: ഇത്രയും ചെറുപ്പമായ ഒരു കുടുംബത്തിനു അച്ഛനെ നഷ്ടപ്പെടാന്‍ പാടില്ലായിരുന്നു. അമേരിക്കയുടെ പ്രസിഡന്റ് ഇത്രയും നിസ്സഹായനായി ആക്രമിക്കപ്പെടാന്‍ പാടില്ലായിരുന്നു. അസഹനീയമാം വിധം ഉദാത്തമായ ചിത്രങ്ങളാണ് ഇവ. കുട്ടിയായ ജോണ്‍ അച്ഛനെ സലൂട്ട് ചെയ്യുന്നത്, കാരൊലിന്‍ അമ്മയുടെ കൈ പിടിച്ച് നില്‍ക്കുന്നത്.  ശാന്തയായി നിന്ന ജാക്കി പൊതുജനത്തിന്റെ ഹൃദയം തകര്‍ത്തു. അവര്‍ കരഞ്ഞുനിലവിളിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. ചടങ്ങിനിടയിലെല്ലാം അവര്‍ ആ ശാന്തതയും പ്രൌഡിയും പാലിച്ചു. ഒരിക്കല്‍ മാത്രമാണ് അവര്‍ കരഞ്ഞുപോയത്. അവര്‍ക്ക് ലഭിച്ച ഒരു കത്തിലെ വരികള്‍ ഇങ്ങനെയാണ്: “ലോകം മുഴുവന്‍ വിലപിക്കുകയാണ്, എന്നെപ്പോലെയുള്ള പെണ്‍കുട്ടികള്‍ ചടങ്ങിലുടനീളം അലറിക്കരഞ്ഞു. എന്നാല്‍ ഏറ്റവും വലിയ നഷ്ടം ഉണ്ടായ നിങ്ങള്‍ മാത്രം ശാന്തയായി നിലകൊണ്ടു. ഒരിക്കലും അതിനു മാറ്റമുണ്ടാകാതിരിക്കട്ടെ.”

 

 

ഒരു സാധാരണക്കാരന്റെ മരണത്തില്‍ വിലപിക്കുന്നത് പോലെയല്ല ഒരു പ്രസിഡന്റിന്റെ മരണം. ജാക്കിക്ക് പോലും ഈ പൊതുകാഴ്ചയാണ് അവരുടെ സ്വകാര്യതയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. അവരുടെ സ്വകാര്യ അനുഭവം എങ്ങനെയായിരുന്നു എന്ന് നാം ഒരിക്കലും അറിയില്ല. ഭര്‍ത്താവിന്റെ ശരീരത്തോട് ചേര്‍ത്ത് വിവാഹമോതിരം വച്ചപ്പോള്‍ അവര്‍ക്ക് തോന്നിയത് എന്താണെന്ന് മറ്റാര്‍ക്കും അറിയില്ല. എങ്കിലും അവരുടെ വിലാപത്തിന്റെ പൊതുസ്വഭാവവും ടെലിവിഷന്‍ അതിനെ എങ്ങനെയൊക്കെ കൂടുതല്‍ ഉദാത്തമാക്കുമെന്നും അവര്‍ മനസിലാക്കിയിരുന്നു എന്നുവേണം കരുതാന്‍. ഒരു ചൈനീസ് പഴമൊഴി പറയുന്നത് ഇങ്ങനെയാണ്: “മറ്റുള്ളവരുടെ മരിച്ചടക്കുകളിലാണ് നമ്മള്‍ സ്വകാര്യദുഖങ്ങളിറക്കി വയ്ക്കുക.”ഒരു രാജ്യത്തിന്റെ ദുഃഖം പ്രതിഫലിപ്പിച്ച കണ്ണാടിയായി ജാക്കി മാറുകയായിരുന്നു.

 

ദു:ഖത്തിന്റെ അവസരത്തെ കൃത്യമായി ഉപയോഗിക്കുന്നതിലും ജാക്കി മടി കാണിച്ചില്ല: കെന്നഡിയുടെ മരണത്തിന് ഏഴുദിവസത്തിനുശേഷം വൈറ്റ്ഹൌസിലെ തന്റെ അവസാനരാത്രികളിലൊന്നില്‍ കെന്നഡി ഏറെ പ്രധാന്യത്തോടെ കരുതിയിരുന്ന സമാധാനനീക്കങ്ങളുമായി മുന്നോട്ടുപോകണമെന്ന് അവര്‍ ക്രൂഷ്ചേവിന് എഴുതി. ലൈഫ് മാഗസിന്റെ തിയഡോര്‍ വൈറ്റിനു അവര്‍ ഒരു പ്രത്യേക അഭിമുഖം നല്‍കി. കെന്നഡി എന്ന വീരപുരുഷനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു അവര്‍. ആ ഇന്റര്‍വ്യൂ നിറയെ ഭീകരമായ വര്‍ണ്ണനകളുണ്ട്. കെന്നഡിക്ക് വെടിയേറ്റപ്പോള്‍ തലച്ചോറിന്റെ ഒരു ഭാഗം തെറിച്ച് അവരുടെ മടിയില്‍ വീണതും അതിന്റെ നിറവും ഒക്കെ അവര്‍ വിവരിക്കുന്നുണ്ട്. ഇന്നത്തെ അവസ്ഥയില്‍ അത്തരമൊരു വിവരണം സങ്കല്‍പ്പിക്കാനാകില്ല.

 

 

ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ഈ ദുരന്തത്തിനുശേഷം അമ്പതു വര്‍ഷം കഴിയുമ്പോള്‍ ലൈവ് ഫുട്ടെജുകള്‍ കണ്ടാല്‍ പോലും നമുക്ക് വിശ്വാസ്യത തോന്നാതായിരിക്കുന്നു. കേബിള്‍ വാര്‍ത്തകള്‍ കെന്നഡിയുടെ മരണത്തിനുസമാനമായ സംഭവങ്ങളില്‍ നിന്ന് അവസാനതുള്ളി വികാരവും ഊറ്റിയെടുക്കും, ദൃശ്യങ്ങള്‍ പല തവണ പ്രദര്‍ശിപ്പിക്കും. എന്നാല്‍ അതെ സമയം ഇന്നത്തെ മാധ്യമങ്ങള്‍ ഒരു ദുരന്തത്തിന്റെ ഭീകരത ചിത്രീകരിക്കാന്‍ മടിക്കും. നമ്മള്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന പരസ്യവിലാപങ്ങളും ജാക്കിയുടെ വിലാപവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. 9/11  ആക്രമണത്തിനുശേഷം പത്രങ്ങള്‍ മൃതശരീരങ്ങളുടെ ചിത്രം അച്ചടിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. അത് വളരെ അലോസരപ്പെടുത്തുന്നു എന്നോ മറ്റോ ആണ് വാദം. ലൈവ് കവറേജ് നടത്തിയപ്പോള്‍ സി എന്‍ എന്‍ ദൃശ്യങ്ങള്‍ അവ്യക്തമാക്കി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. 1991ല്‍ ആദ്യ ബുഷ്‌ ഗവന്മേന്റ്റ്, തിരിച്ചെത്തുന്ന പട്ടാളക്കാരുടെ മൃതശരീരങ്ങളുടെ  ചിത്രങ്ങള്‍ അച്ചടിക്കുന്നത് നിരോധിച്ചു. 2009ല്‍ ഒബാമ ഗവന്മേന്റാണ് ഈ നിരോധനം എടുത്തുമാറ്റിയത്. എങ്കിലും മരിക്കുകയോ ആപത്കരമായി മുരിവേല്‍ക്കുകയോ ചെയ്ത അമേരിക്കന്‍ പട്ടാളക്കാരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കുന്ന രീതി ഇന്നും തുടരുന്നു. പട്ടാളവിലക്കുകളും കുടുംബത്തോടുള്ള പരിഗണനകളുമോക്കെയാണ് കാരണമായി ചൂണ്ടിക്കാണിക്കാനാവുക.

 

രക്തത്തോടടുത്ത കാര്യങ്ങളാണ് ജാക്കിയുടെ വിലാപത്തില്‍ ഏറ്റവും പ്രധാനഘടകമായി എനിക്ക് തോന്നുന്നത്. അവരുടെ ശരീരത്തോട് ചേര്‍ന്നുകിടന്ന പ്രസിഡന്റിന്റെ ശരീരം ഒട്ടും വൃത്തിയും വെടിപ്പുമുള്ള രീതിയിലായിരുന്നില്ല, ഒട്ടും സഭ്യമായ ഒരു ദൃശ്യമായിരുന്നില്ല അത്. നമ്മള്‍ ഓര്‍മ്മിക്കുന്ന രീതിയില്‍ കെന്നഡിയുടെ മരണം അവതരിപ്പിച്ചതില്‍ മാത്രമല്ല ജാക്കിക്ക് പങ്കുള്ളത്. മരണം എന്നതിനെ ഒരു യാഥാര്‍ഥ്യമായറിയേണ്ടതിന്റെ ആവശ്യത്തെ അവര്‍ പഠിപ്പിക്കുക കൂടിയാണ് ചെയ്തത്. ഒരാള്‍ ഒരു മൃതദേഹമായി മാറുക എന്നാല്‍ എന്താണ് എന്നാണ് അവര്‍ നമുക്ക് മനസിലാക്കിത്തന്നത്. നമ്മള്‍ മറന്നുപോയ ഒരു കാര്യമാണ് ഇത്. പൊതുസദസ്സില്‍ ഏറ്റവും കുലീനമായ വേഷത്തിലും പെരുമാറ്റത്തിലും മാത്രം പ്രത്യക്ഷപ്പെട്ട ജാക്കി വിലപിച്ചത് ഇങ്ങനെയാണ്. എന്നാല്‍ നമ്മളാവട്ടെ ഒരു മൃതദേഹവും അതിന്റെ അഭംഗികളുമായി ഇടപെടുന്നത് സംസ്കാരശൂന്യമായി കരുതുന്നു. 

 

(Meghan O’Rourke is Slate’s culture critic and an advisory editor. She was previously an editor at The New Yorker.)

Share on

മറ്റുവാര്‍ത്തകള്‍