അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ ഞെട്ടിക്കുന്ന പ്രകടനം കോണ്‍ഗ്രസിനും ബി.ജെ.പിക്കും കടുത്ത തിരിച്ചടിയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. നഷ്ടം സംഭവിച്ചത് ഇരു പാര്‍ട്ടികള്‍ക്കുമാണ്. കെജ്‌രിവാളിനെ കാണിച്ച് കേരളത്തിലെ കുഞ്ഞന്‍ പാര്‍ട്ടികള്‍ പോലും കോണ്‍ഗ്രസിനെ വിരട്ടുകയാണ്. വകയിലൊരു കൊച്ചാപ്പയാണ് കെജ്‌രിവാള്‍ എന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടിയുടെ വിരട്ടല്‍. ചാട്ടത്തിന് വഴി നോക്കി നില്‍ക്കുന്ന മാണിയുടെ പറച്ചില്‍ കേട്ടാല്‍ അരവിന്ദനച്ചായന്‍ പണ്ടേ പാലാക്കാരനും സര്‍വ്വോപരി കേരള കോണ്‍ഗ്രസുകാരനാണെന്ന് തോന്നും.
ഇനി അധികാരം നിലനിര്‍ത്താനും പിടിക്കാനും നിലവിലെ നമ്പരുകള്‍ പോരാ ജനത്തിനു കൂടി ബോധ്യപ്പെടുന്ന പുത്തന്‍ നമ്പരുകള്‍ ഇറക്കിയേ മതിയാവൂയെന്ന് എന്തായാലും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അവര്‍ അതു കണ്ടെത്തുമെന്നതിലും അധികാരം എങ്ങനെയും ഉറപ്പാക്കുമെന്നതിലും സംശയം വേണ്ട. ഒരു കെജ്‌രിവാളല്ല ആയിരം കെജ്‌രിവുളുമായി ആപ്പുമായി വന്നാലും അതിനെ അതിജീവിക്കാനുളള ശേഷിയൊക്കെ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുണ്ട്. മതേതരത്വം മുതല്‍ ഹൈന്ദവ ദേശീയത വരെയുളള സൈദ്ധാന്തിക അടിത്തറയുളളതും ഇല്ലാത്തതുമായ നിരവധി വിഷയങ്ങളും കണ്ണില്‍ പൊടിയിടാനും ഇക്കിളി കൂട്ടാനും കരയിക്കാനും വികാരം ജ്വലിപ്പിക്കാനും ഒക്കെ കഴിയുന്ന നിരവധി വിഷയങ്ങളും അവര്‍ കണ്ടെത്തും. ആദര്‍ശ നമ്പരുകള്‍ മുതല്‍ തനിത്തറ നമ്പരുകള്‍ വരെ തരാതരം പോലെ ഇറക്കും. ഇറക്കേണ്ട കാര്‍ഡ് ഇറക്കേണ്ട സമയം നോക്കി ഇറക്കി വിജയിക്കുകയും ചെയ്യും. ഇതിന് ഇരു പാര്‍ട്ടികളുടെയും ആരും പഠിപ്പിക്കേണ്ടതില്ല. അതിനുളള കൈമെയ്‌വഴക്കം ഇരു പാര്‍ട്ടികള്‍ക്കും ആവോളമുണ്ട്. ഇടയ്ക്ക് ഒന്നു വീണു പോയാലും നാളെ എങ്ങനെ പൊങ്ങിവരണമെന്നും അധികാരം പിടിക്കണമെന്നും അവര്‍ക്കറിയാം.
പക്ഷെ ഇവരെ കുറിച്ചല്ല പഞ്ചവടിപ്പാലം ഇപ്പോള്‍ ചിന്തിക്കുന്നത്. അമ്മാവന്‍ വേണേ തല്ലിക്കോ പക്ഷേ ഞാന്‍ നന്നാവില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ചു പറയുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ചാണ്. കഴിഞ്ഞ അറുപതു വര്‍ഷം കൊണ്ട് ഇവര്‍ക്ക് കഴിയാത്തതാണ് കേവലം ഒമ്പതു മാസം കൊണ്ട് കെജ്‌രിവാളിന് കഴിഞ്ഞത്. കെജ്‌രിവാളിന് പല വിഷയങ്ങളിലും നിലപാടുകള്‍ ഇല്ലെന്നത് ശരി. പക്ഷെ ഇപ്പോള്‍ കെജ്‌രിവാളിനെ ജനപ്രീയനാക്കിയ നിലപാടുകള്‍ സി.പി.എം, സി.പി.ഐ നിലപാടുകള്‍ക്ക് എതിരല്ല. അഴിമതി തടയണം, വൈദ്യുതി നിരക്ക് കുറയ്ക്കണം തുടങ്ങി സാധാരണ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങള്‍ എടുത്താണ് കെജ്‌രിവാള്‍ സമരം നടത്തിയതും ജനവിശ്വാസം നേടിയതും ഇപ്പോള്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചതും.

ഈ വിഷയത്തിലെ ചര്‍ച്ചയില്‍ ഒരു ചാനല്‍ അവതാരകന്‍ ഒരു പ്രമുഖ നേതാവിനോട് ചോദിക്കുന്നതു കേട്ടു. ഈ വിഷയങ്ങള്‍ എടുത്തു സമരം ചെയ്യുന്നതിനോ ആളെ കൂട്ടുന്നതിനോ അല്ലെങ്കില്‍ നിങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനോ നിങ്ങളെ ആരെങ്കിലും തടഞ്ഞുരുന്നോയെന്ന്. ബ്രാഞ്ചില്‍ മുതല്‍ കേന്ദ്ര കമ്മിറ്റിയില്‍ വരെ സ്വയം വിമര്‍ശനം നടത്തുന്ന കമ്മ്യൂണിസ്റ്റു നേതാക്കള്‍ ഇനിയെങ്കിലും ഈ ചോദ്യം സ്വയം ചോദിക്കാന്‍ തയ്യാറാവണം.
കാരാട്ടും കെജ്‌രിവാളും
പ്രത്യയശാസ്ത്ര പിന്‍ബലം മുതല്‍ സംഘടനയും ആള്‍ബലവും പണശക്തിയും മാദ്ധ്യമ സ്വാധീനവുമുളള കാരാട്ടിന് കഴിയാത്ത കാര്യങ്ങള്‍ ഒമ്പതു മാസം കൊണ്ട് കെജ്‌രിവാളിനു കഴിഞ്ഞു. പക്ഷെ ഇതൊന്നും കണ്ട് കാരാട്ടും കൂട്ടരും പഠിക്കുമെന്ന് സ്വപ്‌നേപി ചിന്തിക്കരുത്. അവര്‍ ഇതിനെ വിലയിരുത്തി സൈദ്ധാന്തിക വിശദീകരണം നല്‍കി പഠിച്ചു വരുമ്പോഴേക്ക് പുഴ ഒരു പാട് ഒഴുകി പോയിരിക്കും. കെജ്‌രിവാള്‍ ഇപ്പോള്‍ സ്വന്തമാക്കിയ ഇടം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ ഇരിക്കാന്‍ യോഗ്യരായ ആരെയും കാണാത്തതു കൊണ്ടാണ് കെജ്‌രിവാള്‍ വന്നപ്പോള്‍ ഇരുകൈയ്യും നീട്ടി ജനം സ്വീകരിച്ചത്. അതിന് ഡല്‍ഹിയിലെ ജനങ്ങളുടെ മധ്യ വര്‍ഗ മനസിന്റെ മറ്റേ ചിന്തകള്‍ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇതു കേട്ടാല്‍ തോന്നും പാവങ്ങള്‍ ജീവിക്കുന്ന സ്ഥലങ്ങളിലെല്ലാം പാര്‍ട്ടി കടന്നു കയറി സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞെന്ന്.
സര്‍ക്കാര്‍ ഓഫീസില്‍ പോകും പോലെ രാവിലെ കേന്ദ്ര കമ്മറ്റി ഓഫീസില്‍ വരും, ഫയലുകള്‍ നോക്കും, ബുദ്ധിജീവികള്‍ മാത്രം വായിക്കുന്ന ഏതെങ്കിലും ഇംഗ്ളീഷ് പ്രസിദ്ധീകരണത്തില്‍ കനപ്പെട്ട ലേഖനങ്ങള്‍ എഴുതും, ഇടയ്ക്ക് കേരളം അടക്കമുളള ചില സംസ്ഥാന കമ്മറ്റിക്കാരുടെ കുശുമ്പും കുന്നായ്മയും കേള്‍ക്കും, സൂര്യന്‍ മറഞ്ഞാല്‍ നേരെ വീട്ടിലേക്ക്, ഇതാണ് കരാട്ടിന്റെ കമ്മ്യൂണിസ്റ്റു പ്രവര്‍ത്തനം. ദോഷം പറയരുത് നല്ല തങ്കപ്പെട്ട മനുഷ്യനാണ്. കേരള നേതാക്കളെ പോലെയുളള ഒരു അസ്‌കിതയും ഇല്ലാത്ത ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരന്‍. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല പാര്‍ട്ടി വളര്‍ത്തല്‍ ഇവരെ കൊണ്ട് നടക്കുന്ന പണിയല്ല.
ജനത്തിന് എന്താണ് വേണ്ടതെന്നോ സാധാരണ ജനത്തിന്റെ മനസും വികാരവും എങ്ങനെയാണെന്നോ തിരിച്ചറിയാന്‍ ഇവര്‍ക്ക് അറിയില്ല. ആണവകരാര്‍ അല്ല അരി പ്രശ്നം പറഞ്ഞാലേ വോട്ടു കിട്ടൂ എന്ന് തിരിച്ചറിയാനുളള ബുദ്ധി വേണം. ദിവസവും അക്കാഡമിക് ബുദ്ധിജീവികളുമായി സൈദ്ധാന്തിക ചര്‍ച്ച നടത്തുന്നതിന് പകരം ആഫീസിന് തൊട്ടു മുന്നിലെ ഗോള്‍മാര്‍ക്കറ്റിലേക്കിറങ്ങി അവിടെ ചായ കച്ചവടം ചെയ്യുന്നവനോടും കപ്പലണ്ടി വില്‍ക്കുന്നവനോടും സംസാരിക്കണം. അവരുടെ മനസും ചിന്തയും അറിയണം. അതിനനുസരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം ചിട്ടപ്പെടുത്തണം. അവര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ സംസാരിക്കണം. അപ്പോഴേ ജനത്തിന് തോന്നൂ നിങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന്.
വോട്ടു ചെയ്യുന്നതും ആരെ ജയിക്കണമെന്ന് തീരുമാനിക്കുന്നതും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളാണ്. ദാരിദ്ര്യത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനും അതിനു പരിഹാരം കാണാനും കഴിയുന്ന ഒരു പ്രത്യയശാസ്ത്രം നിങ്ങള്‍ക്ക് മുന്നിലുണ്ട്. അതില്‍ നിങ്ങള്‍ക്കുളള അഗാധമായ ജ്ഞാനത്തില്‍ ആര്‍ക്കും സംശയവുമില്ല. പക്ഷെ ഈ പ്രത്യയശാസ്ത്രം ജനങ്ങള്‍ക്കു വേണ്ടി അവക്കു കൂടി ബോധ്യപ്പെടുന്ന തരത്തില്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും അംഗീകരിക്കണം. അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ ഈ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ തുറന്നു പറയണം, തങ്ങള്‍ തികഞ്ഞ പരാജയം ആയിരുന്നെന്ന്. തങ്ങളെ പോലെയുളളവരല്ല ജനങ്ങളെ തിരിച്ചറിയുന്ന നേതാക്കളാവണം പാര്‍ട്ടിയേ നയിക്കേണ്ടതെന്ന്.
പിന്നില്‍ക്കുത്ത്
രാജസ്ഥാനില്‍ വിജയിച്ചിരുന്ന മൂന്നു സീറ്റിലും ഇക്കുറി സി.പി.എം തോറ്റു. കൃഷിക്കുളള വെളള പ്രശ്‌നവും വൈദ്യുതി പ്രശ്‌നവും ഒക്കെ എടുത്ത് നിരന്തരം സമരം നടത്തിയാണ് ആമ്രാരാമും കൂട്ടരും കുറച്ചു നാളായി ജയിച്ചു പോന്നത്. തനി നാടനായ ടിയാനെ എസ്.ആര്‍.പിയുടെ കീഴില്‍ പരിശീലനം നല്‍കി കിസാന്‍ സഭാ ദേശീയ അദ്ധ്യക്ഷനാക്കി. ഇതിന്റെ സ്വാധീനം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പോലും ഉണ്ടായി. പ്രാദേശിക വിഷയങ്ങള്‍ക്ക് വിട്ട് ആഗോളവത്കരണത്തിന്റെ അപകടവും സാമ്പത്തിക നയത്തിന്റെ ദൂഷ്യഫലങ്ങളും ഒക്കെ ചൂണ്ടിക്കാട്ടി ദേശീയ നേതാവിനൊത്ത ഭാഷയില്‍ സംസാരിക്കാന്‍ അദ്ദേഹം പഠിച്ചു. അതിന്റെ ഫലവും കിട്ടി. ഇപ്പോ വീട്ടിലിരിക്കുന്നു!