Continue reading “മീസാന്‍ കല്ലുകള്‍ക്കിടയിലെ നിത്യഹരിത സൌന്ദര്യം”

" /> Continue reading “മീസാന്‍ കല്ലുകള്‍ക്കിടയിലെ നിത്യഹരിത സൌന്ദര്യം”

"> Continue reading “മീസാന്‍ കല്ലുകള്‍ക്കിടയിലെ നിത്യഹരിത സൌന്ദര്യം”

">

UPDATES

സിനിമ

മീസാന്‍ കല്ലുകള്‍ക്കിടയിലെ നിത്യഹരിത സൌന്ദര്യം

                       
നസീര്‍ എന്ന, എക്കാലത്തെയും നിത്യഹരിത വിസ്മയം അന്തരിച്ചിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു. പല സര്‍ക്കാരുകളും പല കാലഘട്ടങ്ങളിലായി ഒട്ടേറെ വാഗ്ദ്ധാനങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ ഒരു അപേക്ഷ. ഇനിയെങ്കിലും നസീറിന്റെ ആരാധകര്‍ക്കായി ഒരു നിത്യഹരിത സ്മരാകം. ഇനിയും അത് വൈകാന്‍ പാടില്ല. നസീറിനോട് ചെയ്യുന്ന, അല്ലെങ്കില്‍ അദ്ദേഹത്തെ ആരാധിക്കുന്നവരോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ ഒരു അപരാധമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. 
 
ഉമ്മിണി
 
സംഭവം നടക്കുന്നത് രണ്ടു വര്‍ഷം മുന്‍പാണ്. എന്റെ പ്രിയ സുഹൃത്തിന്റെ വാപ്പച്ചിയുടെ മരണത്തിന് പോകേണ്ടിവന്നു. രാവിലെ പത്ത് മണിയോടെ മൃതദേഹം ചിറയന്‍കീഴ് കാട്ടുമുറായ്ക്കല്‍ പള്ളിയിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോയി. സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും മൃതദേഹത്തെ അനുഗമിച്ചു. അന്ത്യകര്‍മ്മങ്ങള്‍ക്ക് മുന്‍പായി എല്ലാവരും മയ്യത്ത് നിസ്‌കാരത്തിനായി പള്ളിക്കുള്ളിലേക്ക് കയറി. ഹിന്ദുവായ ഞാന്‍ പുറത്ത് തന്നെ, അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന വിടപറഞ്ഞുപോയ അത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, പള്ളിക്ക് മുന്‍പില്‍ ഒരു സ്‌കോര്‍പിയോ കാര്‍ വന്നു നിന്നു. ആദ്യം ശ്രദ്ധിച്ചില്ല. എങ്കിലും നാലു പേര്‍ അതില്‍ നിന്ന് ഇറങ്ങി പള്ളിക്കുള്ളിലേക്ക് കയറി വന്നപ്പോള്‍, അവര്‍ ഇങ്ങോട്ട് ചോദിക്കാതെ തന്നെ അങ്ങോട്ട് കയറി പറഞ്ഞു. അടക്കം കഴിഞ്ഞിട്ടില്ല. നിസ്‌കരിക്കുന്നതെയുള്ളുവെന്ന്. അവര്‍ തിരിച്ചു ഒന്നും പറഞ്ഞില്ല. പക്ഷേ എന്തോ ഒന്ന് പരതുന്നതായി തോന്നി സംസ്‌കാര ചടങ്ങിന് വന്നതായിരിക്കില്ല എന്നു മനസിലാക്കിയ ഞാന്‍ പിന്നെ അവരെ ഗൗനിച്ചില്ല.
 
എന്നാല്‍ കുറച്ച് സമയത്തിന് ശേഷം ഞാനും എന്റെ സുഹൃത്തുക്കളും ഇരിക്കുന്ന പള്ളിമുറ്റത്ത് തന്നെ അവര്‍ എത്തിച്ചേര്‍ന്നു. എവിടെയാണ് പ്രേം നസീറിനെ അടക്കിയിരിക്കുന്നതെന്ന് ചോദിച്ചു. ഞാന്‍ ഞെട്ടിപ്പോയി. ആദ്യം ഭ്രാന്താണെന്ന് കരുതി. പിന്നെയാണ് മനസിലായത്. അവര്‍ പറയുന്ന ആ സ്മാരകം അവിടെയെവിടെയോ ഒളിഞ്ഞുകിടപ്പുണ്ടെന്ന്. അന്വേഷണം പിന്നീട് ഒരുമിച്ചായി. അന്വേഷണത്തിനിടയില്‍ അവര്‍ മലബാറില്‍ നിന്നുള്ളവരാണെന്നും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ എന്തോ കാര്യത്തിന് വന്നതാണെന്നും മനസിലാക്കാന്‍ കഴിഞ്ഞു. ഒടുവില്‍ പള്ളിയുടെ കിഴക്ക് വശത്താണെന്ന് തോന്നുന്നു. ഏതായാലും പള്ളിക്ക് മുന്‍വശത്ത് ഞങ്ങള്‍ ഒരുമിച്ച് ആ നിധി കണ്ടെത്തി. കാട്ടുമുറായ്ക്കല്‍ പള്ളിയില്‍ കാടുപിടിച്ചു കിടക്കുന്ന ആത്മാക്കള്‍ക്കിടയില്‍ ഒരു ശക്തമായ സൗന്ദര്യ സാന്നിദ്ധ്യം. മാര്‍ബിളിലുള്ള രണ്ടു മീസാന്‍ കല്ലുകള്‍ക്കിടയില്‍ ആ നിത്യഹരിത സൗന്ദര്യം നീണ്ടു നിവര്‍ന്നു കിടക്കുന്നു. തല ഭാഗത്ത് ഇംഗ്‌ളീഷില്‍ Padmabhushan Prem Nasir എന്നും താഴെഭാഗത്ത് മലയാളത്തില്‍ പത്മഭൂഷന്‍ പ്രേം നസീറെന്നും കുറിച്ചിട്ടുണ്ട്. ജനിച്ചതിന്റെയും മരണപ്പെട്ടതിന്റെയും ദിവസവും വര്‍ഷവും കുറിച്ചിട്ടുണ്ട്. 
തന്റെ മനസിലെ എക്കാലത്തെയും നായകനെ കണ്ട മാത്രയില്‍, കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആളിന്റെ കണ്ണില്‍ നിന്ന് കണ്ണീരൊഴുകി. അത് കണ്ട് നിന്ന എനിക്കും കരയാതിരിക്കാനായില്ല. എനിക്ക് പ്രായം 27. എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ മണ്‍മറഞ്ഞുപോയ നിത്യഹരിതനായകനായ, സൗന്ദര്യത്തിന്റെ പ്രതീകമായ പ്രേം നസീറാണ് എന്റെ മുന്‍പില്‍ കുറച്ച്താഴെ നീണ്ടു നിവര്‍ന്നു കിടക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന്  23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിടപ്പറഞ്ഞ ഒരു സിനിമാ നടനെ കാണാന്‍ എവിടെ നിന്നോ, ഒരു ബന്ധവുമില്ലാത്ത അദ്ദേഹത്തെ സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള കുറച്ചു പേര്‍ വന്നിറങ്ങിയെങ്കില്‍ നസീറിന് മലയാളക്കരയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ സ്വാധീനം എത്രയാണെന്ന് ആലോചിക്കാവുന്നതേയുള്ളു.
 
 
എത്രയോ മഹാരഥന്മാരായ സംവിധായകരുടെ കീഴില്‍, കഴിവിന്റെ അങ്ങേയറ്റത്തെ പ്രതിഭ തെളിയിച്ച നടന്മാര്‍ അഭിനയിച്ച സിനിമകള്‍ കണ്ടിരിക്കുന്നു. ഇവിടെ നസീറിന്റെ സിനിമകളെ വിലയിരുത്താനോളം ഞാന്‍ ആളല്ല. നസീറിന്റെ സിനിമകളില്‍ അത്ര മാത്രം വിലയിരുത്താനുണ്ടെന്ന് എനിക്കു തോന്നുന്നുമില്ല. എങ്കിലും അറിയാതെ ഞാന്‍ പലതും ആലോചിച്ചു. നസീറിന്റെ എത്രയോ സിനിമകള്‍ ഞാന്‍ കണ്ടിരിക്കുന്നു. എന്റെ അമ്മയുടെ 42 വയസിലെ മകനായത് കൊണ്ട് തന്നെ നസീര്‍ പാടി അഭിനയിച്ച പല പാട്ടുകളും കേട്ടാണ് ഞാന്‍ ഉറങ്ങിയിട്ടുള്ളത്. യേശുദാസിന്റെ പാട്ടാണെന്നതിനപ്പുറം നസീറിന്റെ മുഖമാണ് പലപ്പോഴും ആ പാട്ടുകള്‍ ഓര്‍ക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് കടന്നുവരുന്നത്. കാരണം പാട്ടുകള്‍ പാടി അഭിനയിക്കാന്‍ സിദ്ധിയുണ്ടായിരുന്ന നടന്മാരില്‍ ഏറ്റവും ശോഭിച്ച നടനായിരുന്നു നസീര്‍. കന്നടയിലെ രാജ്കുമാറായിരുന്നു ആ തലമുറയില്‍ ഏറ്റവും ഒടുവില്‍ വിടവാങ്ങിയത്. അക്കൂട്ടത്തില്‍ മോഹന്‍ലാല്‍ ജീവിച്ചിരിക്കുന്ന ഏക നടനും. 
 
 
ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സ്ഥാനമെവിടെയാണോ, അവിടെയാണ് സിനിമാലോകത്ത് നസീറിന്റെ സ്ഥാനം. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കാഡുകള്‍. എഴുന്നൂറോളം സിനിമകളില്‍ അഭിനയിക്കുകയും അതില്‍ അറുനൂറോളം സിനിമകളില്‍ നായകനാവുകയും എണ്‍പതോളം നായികകമാരോടൊപ്പം അഭിനയിക്കുകയും ഒരേ നായികയോടൊപ്പം നൂറിലേറെ സിനിമകളില്‍ വേഷമിടകയും ചെയ്ത നസീറിന്റെ ഈ റെക്കാഡുകള്‍ കാലാകാലത്തോളം അവിടെ ഒന്നാം സ്ഥാനത്ത് പൊന്‍തിളക്കമായി നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാത്തിനുമപ്പുറം എന്ത് പറഞ്ഞാലും മലയാള വാണീജ്യ സിനിമയുടെ ‘തമ്പുരാന്‍’ തന്നെയാണ് നസീര്‍ എന്ന കാര്യത്തില്‍ സംശയമില്ല.
 
 
ഇന്ന് നസീര്‍ എന്ന, എക്കാലത്തെയും നിത്യഹരിത വിസ്മയം അന്തരിച്ചിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു. പല സര്‍ക്കാരുകളും പല കാലഘട്ടങ്ങളിലായി ഒട്ടേറെ വാഗ്ദ്ധാനങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ ഒരു അപേക്ഷ. ഇനിയെങ്കിലും നസീറിന്റെ ആരാധകര്‍ക്കായി ഒരു നിത്യഹരിത സ്മരാകം. ഇനിയും അത് വൈകാന്‍ പാടില്ല. നസീറിനോട് ചെയ്യുന്ന, അല്ലെങ്കില്‍ അദ്ദേഹത്തെ ആരാധിക്കുന്നവരോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ ഒരു അപരാധമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. 
 
ഒപ്പം ദൈവം പടച്ചുവിട്ട ഏറ്റവും സുന്ദരനായ മനുഷ്യനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കടന്നു ചെല്ലാം… കാട്ടുമുറായ്ക്കല്‍ പള്ളിയിലെ ഖബറടത്തിലേക്ക്… 
 

Share on

മറ്റുവാര്‍ത്തകള്‍