സരിതയുടെ ചാരിത്ര്യശുദ്ധിയെക്കുറിച്ചുള്ള പോസ്റ്റുമാര്‍ട്ടം കഴിഞ്ഞെങ്കില്‍, അവരുടെ കിടപ്പറക്കഥകളുടെ ചര്‍ച്ചകള്‍ അവസാനിച്ചെങ്കില്‍, പ്രതിപക്ഷനേതാവിന്റെ അര്‍ത്ഥംവച്ചുള്ള കണ്ണിറുക്കങ്ങള്‍ കഴിഞ്ഞെങ്കില്‍, പി സി ജോര്‍ജ് അടക്കമുള്ളവരുടെ ചവിട്ടിത്തേയ്ക്കലുകള്‍ നിര്‍ത്തിയെങ്കില്‍, ഞങ്ങള്‍ ഒരു കാര്യം ചോദിച്ചോട്ടെ…
സരിത നമ്മുടെ കാലഘട്ടത്തില മഗ്ദലനമറിയം ആണോ?
രണ്ടായിരം ആണ്ടുകള്‍ക്കു മുമ്പ് ഒരു ജീര്‍ണിച്ച സാമ്രാജ്യത്തിനും അവിടുത്തെ അധാര്‍മികതയുടെ വ്യാപാരികളെയും അടിച്ചു തെളിക്കാന്‍ എത്തിയ ശേയുവിനെ, അവന്റെ പീഡാനുഭവകാലത്ത് ഒപ്പം ചേര്‍ന്നു നിന്ന്, ഭയലേശമില്ലാതെ ശുശ്രൂഷിച്ച, ഒടുവില്‍ പുനരുത്ഥാനത്തിന്റെ സാക്ഷിയായി മാറിയ മറിയത്തെ അക്കാലത്തെ ജനങ്ങള്‍ വിളിച്ചിരുന്നത് വേശ്യ എന്നായിരുന്നല്ലോ. സരിതയെ മറിയം എന്നു ഞങ്ങള്‍ വിശേഷിപ്പിക്കുന്നില്ല.
പക്ഷേ, സരിത എന്ന രണ്ടുകുട്ടികളുടെ അമ്മ നമുക്ക് നേര്‍ പിടിച്ചിരിക്കുന്ന കണ്ണാടിക്ക് അസാധാരണമായ തെളിമയുണ്ട്. ഈ കണ്ണാടിയില്‍ കാണുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ പുച്ഛിക്കുന്ന, കൊടുപ്പും വാങ്ങലും മാത്രം തൊഴിലാക്കിയ ഒരു കൂട്ടം ആഭാസര്‍ മാത്രമാണ്. നമ്മുടെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഏതെങ്കിലും ജനകീയവിപ്ലവമോ സാമൂഹികപരിണാമോ നയിക്കുന്ന നേതാക്കന്മാരല്ല. ഇവര്‍ പിച്ച ചട്ടയില്‍പോലും കൈയിട്ട് രണ്ടു രൂപ ഉണ്ടാക്കാനുള്ള മാര്‍ഗം അന്വേഷിച്ച് ഇറങ്ങുന്ന, എങ്ങനെയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ആര്‍ത്തിപണ്ടാരങ്ങളാണ്.
ഇത് സരിത പറഞ്ഞു തരുന്നതല്ല, കഴിഞ്ഞ ഏതാനും നാളുകളായി സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് നമ്മുടെ നേതാക്കളുടെ പെരുമാറ്റത്തില്‍ നിന്നു വ്യക്തമായ കാര്യങ്ങളാണ്. അല്ലെങ്കില്‍ മുഖ്യമന്ത്രി സരിതയോട് കോഴ വാങ്ങിയെന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ എത്തിയ പ്രതിപക്ഷനേതാവ് സരിതയെന്ന സ്ത്രീയെ അപമാനിച്ച് തന്റെ പത്രസമ്മേളനം അവസാനിപ്പിച്ചതില്‍ നിന്നു മറ്റെന്താണ് നമ്മള്‍ മനസിലാക്കേണ്ടത്. ആരു തുമ്മിയാലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന അച്യുതാനന്ദന്‍ താനും മുഖ്യധാര മാധ്യമങ്ങളെയും മറ്റു നേതാക്കളെയും പോലെ സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ഒരു സാധാരണ ആണ്‍മനോഭാവത്തിന്റെ ഉടമയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. പാതിയില്‍ നിര്‍ത്തിയ ആ വാചകത്തിന്റെ ധ്വനി നമ്മുടെ മാന്യനായ പ്രതിപക്ഷനേതാവിനെ വേട്ടയാടുമോ?
വേട്ടയാടാന്‍ പോയിട്ട് ഇതിനെക്കുറിച്ച് ഒരു ചര്‍ച്ചപോലും നടത്തില്ല നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍. കാരണം അവരുടെ കാമറ കണ്ണുകള്‍ എന്നുമൊരു പ്രത്യേക ആംഗിളില്‍ നിന്നുമാത്രാണ് സരിതയെ കാണുന്നത്. അല്ലാതെ സോളാര്‍ തട്ടിപ്പില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കുനേരെ നടത്തിയ സാമ്പത്തികാരോപണങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ വേണ്ടി അവരുടെ കൈയിലുള്ള നെറ്റ്‌വര്‍ക്കുകള്‍ ആരും തന്നെ ഉപയോഗിച്ചില്ല. ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനു പകരം അവര്‍ സരിതയെ തങ്ങളുടെ ചാനല്‍ പ്ലാറ്റ്‌ഫോമുകളില്‍ കൊണ്ടുവന്നു ആട്ടമാടിച്ചും കിന്നാരങ്ങള്‍ പറയിപ്പിച്ചും സ്ലോട്ടുകള്‍ വിറ്റു.
സരിത പിടിച്ച കണ്ണാടിയില്‍ കാണുന്ന കേരളത്തിന്റെ ചിത്രം വളരെ വികൃതമാണ്. രാഷ്ട്രീയക്കാരന്റെ ജോലി കൊടുക്കല്‍ വാങ്ങലുകളാണെന്നും സമൂഹത്തെ നന്നാക്കല്‍ അല്ലെന്നും അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ പട്ടിണിമരണം തൊട്ട് റോഡിലെ കുഴികള്‍ വരെ അവരുടെ ഉത്തരവാദിത്വം അല്ലെന്നുമാണ് അതില്‍ കാണുന്നത്. രാഷ്ട്രീയനേതാക്കന്മാരുടെ മാത്രമല്ല, സരിതയുടെ ക്ലിപ്പുകള്‍ കൂട്ടംകൂടിയിരുന്ന് കണ്ടാസ്വാദിച്ച പൊതുസമൂഹത്തിന്റെ വൈകൃതവും ആ കണ്ണാടിയില്‍ തെളിഞ്ഞു കാണുന്നുണ്ട്.
ക്രിസ്തീയവിശ്വാസത്തിന്റെ തുടക്കകാലം മഗ്ദലന മറിയം ഒരു അഭിസാരിക മാത്രയായിരുന്നു. ഇന്ന് അവര്‍ ക്രിസ്തുമതവിശ്വാസികളുടെ ആരാധ്യയാണ്. മറിയത്തിന് വേണ്ടി പെരുന്നാളുകള്‍ ആഘോഷിക്കുന്നു. സരിതയുടെ പേരില്‍ പള്ളികള്‍ പണിയണമെന്നല്ല ഞങ്ങള്‍ പറഞ്ഞുവരുന്നത്. പകരം ആ സ്ത്രീ ചൂണ്ടിക്കാട്ടുന്ന അഴിമതി ആരോപണങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുര്യോപയോഗങ്ങളെല്ലാം അന്വേഷിച്ച് അതിന്റെയെല്ലാം ഉത്തരവാദികളെ നിമപരമായി ശിക്ഷിക്കും എന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ടാണ് ഈ നാടകങ്ങളെല്ലാം നടക്കുമ്പോള്‍ മഗ്ദലേനിയത്തിലെ മറിയത്തെ ഞങ്ങള്‍ക്ക് ഓര്‍മ്മ വരുന്നത്.
ചിട്ടപ്പെടുത്തിയ നിയമങ്ങള്‍ക്കും അപ്പുറത്ത് ഒരു സമൂഹത്തെ നയിക്കേണ്ടത് പുസ്തകങ്ങളില്‍ എഴുതപ്പെടാത്ത, കോടതികളില്‍ വാദിക്കാത്ത ധാര്‍മികതയാണ്. തന്റെ രണ്ടാംഭാര്യയായ പോമ്പിയ നടത്തിയ സ്ത്രീകള്‍ക്കു മാത്രമുള്ള ചടങ്ങിലേക്ക് നുഴഞ്ഞു കയറിയ ചെറുപ്പക്കാരനെതിരെയുള്ള വിചാരണയില്‍ തെളിവുകളൊന്നും പൊങ്ങിവന്നില്ലെങ്കില്‍ പോലും തന്റെ ഭാര്യയുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പോമ്പിയയുമായുള്ള വിവാഹബന്ധം ഒഴിഞ്ഞുകൊണ്ട് സീസര്‍ പറഞ്ഞുവെന്നു പറയുന്ന ആ പ്രശസ്ത വാചകം ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ കേട്ടില്ലേ? അതില്‍ നിന്നെങ്കിലും നമ്മുടെ മുഖ്യമന്ത്രിയടക്കമുള്ള മാന്യന്മാര്‍ എന്തെങ്കിലും പാഠം ഉള്‍ക്കൊള്ളുമോ?