UPDATES

ഓഫ് ബീറ്റ്

നോം ഇറച്ചിയോ മീനോ കഴിക്കില്ല; അതോണ്ട് നിങ്ങളും കഴിക്കണ്ട!/അഴിമുഖം ക്ലാസിക്

ഉത്തരേന്ത്യന്‍ ബ്രാഹ്മണന്‍ കയ്യേറുന്ന അടുക്കളകള്‍

ബച്ചു മാഹി

ബച്ചു മാഹി

                       

(അഴിമുഖത്തില്‍ നേരത്തെ പ്രസിദ്ധീകരിക്കുകയും വായനക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പുതിയ വായനക്കാര്‍ക്ക് വേണ്ടി പുനഃപ്രസിദ്ധീകരിക്കുകയാണ് ‘അഴിമുഖം ക്ലാസ്സിക്കി’ല്‍)

ജനാധിപത്യത്തിൻറെ അടിവേരറുത്ത് കൊണ്ട് പൌരാവകാശങ്ങളിലേക്ക് ബ്രാഹ്മണ ഫാസിസം കടന്ന് കയറുമ്പോൾ വിഷയത്തിൻറെ ഗൗരവം ചോർത്തിക്കളയുകയോ നാം ഉദ്ദേശിക്കാത്ത തലത്തിൽ ഫാസിസ്റ്റ് സംജ്ഞകൾക്ക് പൊതുസ്വീകാര്യത കിട്ടാൻ സഹായകമാകുകയോ ചെയ്തേക്കാം മിക്കപ്പോഴും ഈ വിഷയങ്ങളിലെ അലസ, സർക്കാസ്റ്റിക് പ്രതികരണങ്ങള്‍. രണ്ട് സമീപകാല ഉദാഹരണങ്ങള്‍-

ഘര്‍വാപസി
രാജ്യത്തെ മുഴുക്കെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഹിംസാത്മകവും പ്രതിലോമപരവുമായ അജണ്ടയെ കുറിക്കുന്ന ഒരു പദം അസ്ഥാനത്തും തമാശയായുമൊക്കെ ഉപയോഗിച്ച് ഇന്നതിന് നമ്മുടെ അബോധതലത്തില്‍ സ്വീകാര്യത ലഭിക്കുന്ന തരത്തിലായിട്ടുണ്ട്.

ബീഫ് നിരോധനം
വെറുമൊരു തീറ്റക്കാര്യമായി, വയറന്മാരുടെ കാര്യമായി ചുരുക്കുന്ന തരത്തിലാണ് മിക്ക പ്രതികരണങ്ങളും. ചില ആശങ്കകള്‍ ആകട്ടെ, കേവലം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഒന്ന് എന്ന തരത്തിലും. ബീഫ് തീറ്റ ഏതെങ്കിലും ന്യൂനപക്ഷ മതാനുഷ്ഠാനമല്ല എന്നിരിക്കെ, അത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതരഹിതനുമായ മുഴുവന്‍ പൗരന്മാരുടെയും ‘ചോയിസ്’ / എന്ത് കഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എന്നതിലെക്കാണ് മഴു എയ്യുന്നത്. അതൊരു ഹിന്ദു അജണ്ട പോലുമല്ല; കൃത്യമായ ബ്രാഹ്മണ അധീശത്വ അജണ്ടയാണ്. പശുഭക്തി മുഖ്യമായും വടക്കന്‍ ബ്രാഹ്മണ വിശ്വാസമായിരുന്നു. കേരളീയ ഹിന്ദു ഇക്കാലമത്രയും പശുവിനെ അടിച്ചും തെളിച്ചും പാല്‍ കറന്ന് വിറ്റും കറവ വറ്റിയാല്‍ അറവുകാരന് വിറ്റും തന്റെ ഭക്തിയിലും വിശ്വാസത്തിലും തന്നെ ജീവിച്ച് പോന്നു.

സാക്ഷാല്‍ സംഘപരിവാറുകാരെ എടുത്താലും ഒരു എണ്‍പത് ശതമാനമെങ്കിലും (ചാകാനും കൊല്ലാനും നടക്കുന്ന ചാവേറുകള്‍ ഉള്‍പ്പെടെ) ഒന്നാന്തരം ബീഫ് തീനികള്‍ ആയിരിക്കും. കേവലം പൂണൂല്‍ധാരികളുടെ പശുഭക്തിയെ തൃപ്തിപ്പെടുത്താനായിരുന്നു ഗോഹത്യാ നിരോധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഇപ്പം കാളക്ക് പിതൃപദവി ഭവിച്ചത് കൊണ്ടാണോ എന്നറിയില്ല, അവയ്ക്കും സംരക്ഷണം കിട്ടുന്നത്. ഈ ന്യൂനാല്‍ ന്യൂനപക്ഷമായ ബ്രാഹ്മണ സംസ്‌ക്കാരികാധിനിവേശത്തിന് നിന്നുകൊടുക്കണോ, ഇഷ്ടഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെ വല്ലോന്റേം ആചാരരീതികള്‍ അടിച്ചേല്‍പ്പിക്കപ്പെടാന്‍ മാത്രമായി ബലികഴിക്കണോ എന്ന് സംഘപരിവാര്‍ ഭക്തര്‍ക്കു പോലും ചിന്തിക്കാവുന്നതാണ്!

മഹാരാഷ്ട്രയില്‍ ആണെങ്കിലും, രാജ്യത്ത് എവിടെ ആയിരുന്നാലും ഭരണപരമായ പോളിസികള്‍ നിര്‍ണ്ണയിക്കുന്നതില്‍ നാല് ശതമാനം വരുന്ന ബ്രാഹ്മണര്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ചപ്പോഴും വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല; അവര്‍ ആയിരുന്നു ഗോവധനിരോധന ബില്‍ സംസ്ഥാനത്ത് ആദ്യം കൊണ്ടുവന്നത്. ഇപ്പോഴത്തെ ഹിന്ദുത്വസഖ്യം, കാള / വണ്ടിക്കാള തുടങ്ങിയ ഇനങ്ങളെക്കൂടി നിയമത്തിന്റെ പരിധിയിലേക്ക് ചേര്‍ക്കുകയാണ് ഉണ്ടായത്.

 

അജണ്ടകളാല്‍ പ്രേരിതമായി ഓരോ സ്‌റ്റേറ്റും തോന്നിയപടി ക്രിമിനല്‍ നിയമങ്ങള്‍ ചുട്ടെടുക്കുന്നത് എത്രമേല്‍ സംഗതമാണ്? നമ്മുടെത് സ്വയംഭരണാവകാശമുള്ള സ്‌റ്റേറ്റ്കളുടെ ലൂസ് കോണ്‍ഫെഡറേഷന്‍ ഒന്നുമല്ലല്ലോ. അതാത് സ്‌റ്റേറ്റുകളെ ബാധിക്കുന്ന ചില സവിശേഷ വിഷയങ്ങളില്‍ നിയമം ഡ്രാഫ്റ്റ് ചെയ്യാന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട് എന്ന പഴുതായിരുന്നു ഇവിടെ ദുരുപയോഗിക്കപ്പെട്ടത്. നാട്ടുകാര്‍ ബീഫ് കഴിക്കണോ വേണ്ടേ എന്നത് ഏതെങ്കിലും സംസ്ഥാനത്തെ ബാധിക്കുന്ന ഒന്നല്ല. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യവുമായി, ഭക്ഷണം എന്തെന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നാണത്. ലോകത്ത് മാട് ഇനങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന നമ്മുടെ രാജ്യത്ത് endangered species പോലുള്ള ന്യായം പറഞ്ഞാണ് ഈ നിരോധനം എന്നത് ഏറ്റവും വലിയ ഫലിതം. ഇതിനെ കോടതികളില്‍ ചോദ്യം ചെയ്താലും അവിടുത്തെ വല്യ കസേരകളിലും പശുഭക്തര്‍ കുറവല്ലാത്തോണ്ട് ഫലം കാണുമോ എന്നത് മറ്റൊരു വിഷയം.

ബീഫ് നിരോധനം ചര്‍ച്ചയാകുമ്പോള്‍ വാദത്തിന് ചിലര്‍ പോര്‍ക്കിനെ വലിച്ചിഴക്കാറുണ്ട്. ഇവിടെ വിഷയം സ്‌റ്റേറ്റ് നമ്മോട് എന്ത് കഴിക്കണം / കഴിക്കരുത് എന്ന് ആജ്ഞാപിക്കുന്നു എന്നതാണ്. ഒരു സംസ്ഥാനത്തും പോര്‍ക്ക് നിരോധിക്കാന്‍ നീക്കം ഇല്ലാത്തതിനാല്‍ ആ വിഷയത്തിലെ ചര്‍ച്ച തീര്‍ത്തും അസംഗതമാണ്; ഇപ്പോള്‍ അതെക്കുറിച്ച് സംസാരിക്കുന്നത്, ബീഫ് നിരോധനത്തിന് പിന്നിലെ ഫാസിസ്റ്റ് രാഷ്ട്രീയം ഒളിപ്പിച്ച് അതിനെ വിശ്വാസപരമായ സംഗതിയാക്കി ചുരുക്കാനുള്ള ‘ബാലന്‍സിംഗ്’ ട്രപ്പീസ് മാത്രവും. വിശ്വാസപരമോ ആചാരപരമോ ആയ കാര്യങ്ങളാല്‍, അല്ലെങ്കില്‍ ചോയിസ് എന്നതിനാല്‍ സസ്യഭുക്ക് ആയ ഒരാളെ മാംസം കഴിക്കാന്‍ ആരും നിര്‍ബന്ധിക്കാറില്ല. സസ്യാഹാരി ആയിക്കൊണ്ട് തന്നെ അയാള്‍ക്ക് മാംസനിരോധനത്തെ എതിര്‍ക്കാന്‍ കഴിയും എന്നത് പോലെ, പോര്‍ക്കോ ബീഫോ കഴിച്ചോ കഴിക്കാതെയോ ആര്‍ക്കും ബീഫ് നിരോധനത്തിനെതിരെ രംഗത്ത് വരാനുള്ള അവകാശമുണ്ട്. നാളെ നിയമം മൂലം പോര്‍ക്ക് നിരോധിക്കുന്നുവെങ്കില്‍, പോര്‍ക്ക് ഭക്ഷണമാകുന്നതിനെതിരെ സംഘബലം കൊണ്ട് ആരെങ്കിലും രംഗത്ത് വരുന്നുണ്ടെങ്കില്‍ അതിനെതിരെയും ശബ്ദിക്കണം എന്നത് നിസ്തര്‍ക്കം.

സംഘപരിവാറിന് ജയ് വിളിക്കുന്ന കേരളീയ ഹിന്ദു മറന്ന് പോകുന്ന, അവരില്‍ കുത്തിവെക്കപ്പെട്ട ‘അപരവിദ്വേഷ’ത്തില്‍ അറിയാതെ പോകുന്ന സംഗതിയാണ്, തന്റെ വിശ്വാസത്തിലേക്ക്, ദിനചര്യകളിലെക്ക്, ആചാരരീതികളിലേക്ക്, അനുഷ്ഠാനങ്ങളിലേക്ക് നടന്ന് കയറുന്ന ഉത്തരേന്ത്യന്‍ ബ്രാഹ്മണ അധീശത്വം എന്നത്. ജനസംഖ്യയില്‍ വെറും നാല് ശതമാനം ഉള്ള അവര്‍ ആദ്യം ഹിന്ദുക്കളിലേക്ക് ചെന്ന് അവിടെ ആധിപത്യം ഉറപ്പിക്കുന്നു. പതിയെ തങ്ങളുടെ രീതികള്‍ ഹിന്ദു എന്ന് വിവക്ഷിക്കപ്പെടുന്ന സമൂഹത്തില്‍ പൊതുസ്വീകാര്യത വരുത്തുന്നു. അടുത്തപടി ആ ആചാരവിശ്വാസങ്ങള്‍ ഭൂരിപക്ഷവികാരം എന്ന കാര്‍ഡ് ഇറക്കി രാജ്യത്ത് ഒന്നാകെ ബാധകമാക്കുകയാണ്. ഇപ്പോള്‍ ആകട്ടെ, കൈയില്‍ വന്ന അധികാരം ഉപയോഗിച്ച്, ജനാധിപത്യമെന്ന സങ്കല്പത്തെത്തന്നെ പരിഹാസ്യമാക്കി പൊതുനിയമമാക്കുന്നു!

മഹാരാഷ്ട്ര മോഡൽ ബീഫ് ബാൻ രാജ്യമൊന്നാകെ കൊണ്ട് വരാൻ കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ സാദ്ധ്യതകൾ ആരായുകയാണ് എന്നാണ്. നാളെ മുഴുവന്‍ മാംസാഹാരവും രാജ്യമൊന്നാകെ നിരോധിക്കാനുള്ള ബ്രാഹ്മണ അജണ്ടയുടെ തുടക്കമിടീലും ആകാം ഈ നീക്കം. ‘നോം ഇറച്ചിയോ മീനോ കഴിക്കുന്നില്ല; അതോണ്ട് നിങ്ങളും കഴിക്കണ്ട!’ പശുവിൽ മാതാവിനെയോ ദേവിയെയോ കാണുന്ന, സസ്യഭുക്കായ ബ്രാഹ്മണൻറെ വായിൽ പശുവിറച്ചിയോ കാളയിറച്ചിയോ തിരുകുന്നത് പോലെ തന്നെയുള്ള ഹിംസയാണ്, അവൻ അങ്ങനെ കരുതുന്നു എന്നതിനാൽ അപ്പടി കരുതാത്ത ബഹുഭൂരിപക്ഷത്തിൻറെ മേൽ അത് നിയമമാക്കി അടിച്ചേൽപിക്കുന്നതും. ഈ നവ ബ്രാഹ്മണ അധിനിവേശത്തെ പ്രതിരോധിക്കേണ്ടത് ദളിതരുടെയും മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടെയും മാത്രം ബിസിനസല്ല; തങ്ങളുടെ തന്നെ സ്വത്വം അടിയറവ് വെക്കേണ്ടി വരുന്ന ഹിന്ദുക്കളുടെ കൂടിയാണ്. ബിജെപ്പിക്കാരാ, നിന്റെയും കൂടിയാണ്!

ബച്ചു മാഹി

ബച്ചു മാഹി

മാഹി സ്വദേശിയായ ബച്ചു വിദേശത്തു ജോലി ചെയ്യുന്നു; ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും മറ്റു പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്

More Posts

Share on

മറ്റുവാര്‍ത്തകള്‍