Continue reading “ബാംഗ്ലൂര്‍ ഡെയ്സിലെ ചെറു പുഞ്ചിരികള്‍”

" /> Continue reading “ബാംഗ്ലൂര്‍ ഡെയ്സിലെ ചെറു പുഞ്ചിരികള്‍”

"> Continue reading “ബാംഗ്ലൂര്‍ ഡെയ്സിലെ ചെറു പുഞ്ചിരികള്‍”

">

UPDATES

സിനിമ

ബാംഗ്ലൂര്‍ ഡെയ്സിലെ ചെറു പുഞ്ചിരികള്‍

Avatar

                       

സഫിയ

ജീവിതത്തെ നിങ്ങള്‍ക്ക് പല വിധത്തില്‍ സമീപിക്കാം. വളരെ ഗൌരവത്തോടെ. വലിഞ്ഞു മുറുകിയ മനസോടെ. അല്ലെങ്കില്‍ ചെറു പുഞ്ചിരിയോടെ. പക്ഷേ അതൊരു സാധാരണ ചിരിയായിരിക്കണമെന്നില്ല. കഠിനമായ പിരിമുറുക്കത്തിന്റെ നിമിഷത്തിലും, മാനത്ത് നിലാവ് കയറി വരുന്നതു പോലെ, പതിയെ പതിയെ മുഖത്ത് വിരിയുന്ന ചിരിയാണത്. അത്തരം ഒരു  ചിരി ബാംഗ്ലൂര്‍ ഡെയ്സില്‍ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍റെ (നിവിന്‍ പോളി) മുഖത്ത് വിരിയുന്നുണ്ട്. അപ്രതീക്ഷിതമായി നാടു വിട്ടുപോയ അച്ഛന്‍ ഗോവയില്‍ നിന്നയച്ച കത്തിന്‍റെ മണം മൂക്കിലടിച്ചപ്പോഴാണ് അത് പ്രത്യക്ഷപ്പെടുന്നത്. അച്ഛന്‍ എന്തിന് നാടു വിട്ടു എന്ന്‍ എത്ര ആലോചിച്ചിട്ടും കുട്ടന് പിടികിട്ടിയിരുന്നില്ല. ആ മണം ഗോവയില്‍ മാത്രം കിട്ടുന്ന ഒരു സാധനത്തിന്റെതാണ് എന്ന് അര്‍ജുന്‍ (ദുല്‍ക്കര്‍) പറഞ്ഞപ്പോള്‍ കുട്ടന്‍ അച്ഛന്‍റെ കത്തു വീണ്ടും വായിക്കുന്നു. അടക്കിപ്പിടിച്ച ഒരു ചിരിയോടെ. അച്ഛന്‍റെ ജീവിതത്തിന്‍റെ മറ്റൊരു മുഖമായിരുന്നു കുട്ടന്‍റെ മുന്‍പില്‍ ആ കത്ത് തുറന്നു വെച്ചത്. ജീവിതം എന്താണെന്ന തിരിച്ചറിവും.

കുട്ടന്‍റെ മുഖത്ത് വിരിഞ്ഞ ചിരി പോലെ ജീവിതത്തിന്‍റെ മിന്നലാട്ടം പിന്നെയും നിരവധിയുണ്ട് ബാംഗ്ലൂര് ഡെയ്സില്‍. ഫ്ലാറ്റിലെ ബാല്‍ക്കണിയിലേക്ക് തുറക്കുന്ന ഗ്ലാസില്‍ ചിത്രശലഭങ്ങളെ പെയിന്‍റ് ചെയ്തു വെച്ച ദിവ്യയെ (നസ്റിയ) ദാസ് (ഫഹദ്) വഴക്കു പറയുന്നുണ്ട്. ഗ്ലാസ് വൃത്തികേടാക്കിയതിന്. വഴക്കിട്ടതിന് ശേഷം അന്ന് ലിവിംഗ് റൂമിലെ സോഫയിലാണ് ദാസ് കിടന്നുറങ്ങിയത്. പുലര്‍ച്ചെ അതുവരെ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത പുലര്‍വെട്ടം ദാസിന്‍റെ മുഖത്ത് വന്നു വീഴുന്നു. ദിവ്യ വരച്ചുവെച്ച ചിത്രശലഭങ്ങളുടെ നിറങ്ങള്‍ക്കിടയിലൂടെ അകത്തേക്ക് ഒഴുകി വീണ സൂര്യ രശ്മികളായിരുന്നു അത്. ആ നിമിഷം ദാസിന്‍റെ മുഖത്ത് വിരിയുന്ന ചിരിക്കും ജീവിതത്തിന്‍റെ വല്ലാത്ത ആഴമുണ്ടായിരുന്നു. അപ്പോഴും ഉണര്‍ന്നിട്ടില്ലാത്ത ദിവ്യയുടെ അരികെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രഭാത നിറങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഒരു കുറിപ്പെഴുതി വെച്ചാണ് ദാസ് അന്ന് ഓഫീസിലേക്ക് പോകുന്നത്.

ആസ്ട്രേലിയയിലേക്ക് ഉന്നത പഠനത്തിന് പോകാന്‍ തയ്യാറെടുക്കുന്ന സൈറയെ (പാര്‍വതി) ഡിന്നറിന് കൂട്ടിക്കൊണ്ടു പോകുകയാണ് അര്‍ജുന്‍ (ദുല്‍ക്കര്‍). കൂട്ടന്റെയും ദിവ്യയുടെയും ഒപ്പം ഡിന്നര്‍ കഴിഞ്ഞ്  അവളെയും കൂട്ടി പോകുന്ന അര്‍ജുന്‍ ഒരു ഇരുള്‍ നിറഞ്ഞ സ്ഥലത്തു കാര്‍ നിര്‍ത്തുന്നു. പെട്ടെന്ന്  കാറിന്‍റെ  ഹെഡ് ലൈറ്റിന്‍റെ പ്രകാശത്തില്‍ ഇരുളില്‍ തെളിഞ്ഞ തന്‍റെ ചിരിക്കുന്ന മുഖത്തിന്‍റെ ഭീമന്‍ ഗ്രാഫിറ്റി കണ്ട് സൈറയുടെ മുഖത്ത് വിരിയുന്ന ആശ്ചര്യം നിറഞ്ഞ ചിരിയുണ്ട്. അത് ജീവിതം എന്തൊക്കെ അത്ഭുതങ്ങളാണ് ഒപ്പിച്ച് വെക്കുന്നത് എന്നോര്‍ത്തുള്ള ചിരിതന്നെയാണ്.

കഥാന്ത്യം എല്ലാം കലങ്ങിതെളിഞ്ഞ് ദിവ്യയും ദാസും പരസ്പരം തിരിച്ചറിയുന്ന നിമിഷം. വിവാഹം കഴിഞ്ഞ് അന്ന് ആദ്യമായാണ് ദിവ്യ ദാസിന്‍റെ ശരീരം കാണുന്നത്. തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മൂടി വെക്കുന്ന സ്വഭാവമായിരുന്നു ദാസിന്. അന്നാദ്യമായി ദാസിന്‍റെ പുറത്ത് വരച്ചുവെച്ച റ്റാറ്റു അവള്‍ കാണുന്നു. തികഞ്ഞ അച്ചടക്കകാരനായ ഒരു കോര്‍പ്പറേറ്റ് എക്സിക്യൂട്ടിവിന്‍റെ പൂര്‍വകാല ജീവിതം തന്നെയായിരുന്നു ആ റ്റാറ്റു. അത് കണ്ട് ഒരു നിമിഷം അത്ഭുതപ്പെടുന്ന ദിവ്യയുടെ മുഖത്തും നേരത്തെ കണ്ട കുട്ടന്റെയും സൈറയുടെയും ദാസിന്‍റെയും ചിരിയുടെ തുടര്‍ച്ച കാണാം.

ചുരുക്കത്തില്‍ ജീവിതം ഒളിപ്പിച്ചു വെച്ച ഇത്തരം ചെറു പുഞ്ചിരികളെ കണ്ടെത്തി പ്രേക്ഷകന്‍റെ മുന്‍പില്‍ വെളിവാക്കുകയാണ് അഞ്ജലി മേനോന്‍റെ ബാംഗ്ലൂര് ഡേയ്സ്. അതിനെ ഒളിപ്പിച്ചും വെളിപ്പെടുത്തിയും ഒരു കണ്ണുപൊത്തിക്കളിയിലെന്നപോലെ അവതരിപ്പിക്കുകയാണ് സംവിധായിക. ചിലപ്പോള്‍ ജീവിതത്തിന്‍റെ ഗ്യാലറികള്‍ ആര്‍ത്തലയ്ക്കും. മറ്റു ചിലപ്പോള്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയിലേക്ക് കൂപ്പുകുത്തും. ബാംഗ്ലൂര്‍ ഡെയ്സില്‍ തെളിയുന്ന ജീവിതക്കാഴ്ചകള്‍ ഇങ്ങനെയൊക്കെയാണ്. അഞ്ജലി മേനോന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞത് യുവത്വത്തിന്‍റെ ട്വന്‍റി-ട്വന്‍റി എന്നാണ്. യഥാര്‍ഥത്തില്‍ ഇത് ജീവിതത്തിന്‍റെ ട്വന്‍റി-ട്വന്‍റിയാണ്. നമ്മുടെയൊക്കെ ജീവിതത്തില്‍ തെളിയുകയും മറയുകയും ചെയ്യുന്ന വൈകാരിക മുഹൂര്‍ത്തങ്ങളുടെ ട്വന്‍റി-ട്വന്‍റി.

മഞ്ചാടിക്കുരുവായിരുന്നു അഞ്ജലിയുടെ ആദ്യ ചിത്രം. ഒരു കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള പരിണാമ ഘട്ടത്തിന്‍റെ അവസാന കാലമാണ് മഞ്ചാടിക്കുരുവില്‍ അവതരിപ്പിച്ചത്. പല നാടുകളിലായി പല ജീവിതങ്ങളായി ചിതറിപ്പോയ സഹോദരങ്ങളും അവരുടെ മക്കളും തറവാട്ടില്‍ ഒന്നിക്കുന്നു. അതിന്‍റെ ഓര്‍മ്മ പിന്നീട് അന്നത്തെ കുട്ടി തന്‍റെ യുവത്വത്തിന്‍റെ കാലത്ത് ഓര്‍മ്മിച്ചെടുക്കുന്ന രീതിയിലാണ് ചിത്രം. അതേ കുട്ടികളുടെ യുവത്വകാലത്തെ വീണ്ടും ആവിഷ്ക്കരിക്കുകയാണ് ബാംഗ്ലൂര്‍ ഡെയ്സില്‍ സംവിധായിക.

സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തങ്ങളുടെ മുന്‍ തലമുറയില്‍ നിന്നും വേറിട്ട കാഴ്ചപ്പാടാണ് ബാംഗ്ലൂര്‍ ഡെയ്സിലെ യുവാക്കള്‍ക്കുള്ളത്. യുവത്വം അടിച്ചു പൊളിച്ച് ആഘോഷിക്കുകയാണ് എന്ന ആരോപണമാണ് പൊതുവേ യുവാക്കള്‍ക്ക് നേരെ ഉന്നയിക്കപ്പെടാറുള്ളത്. പക്ഷേ ഈ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവിച്ച് അവര്‍ എത്തിച്ചേരുന്ന ജീവിതത്തെ കുറിച്ചുള്ള ചില തിരിച്ചറിവുകളുണ്ട്. അതൊട്ടും പഴയ തലമുറയുടെ ജീവിത ദര്‍ശനത്തിന് താഴെയല്ല എന്നു ഓര്‍മ്മിപ്പിക്കുക കൂടിയാണ് ഈ ചിത്രം. അത് രേഖീയമായി മാത്രം ചലിച്ചിരുന്ന നമ്മുടെ മുന്‍തലമുറയ്ക്ക് ചിലപ്പോള്‍ പിടികിട്ടണമെന്നില്ല. ബാംഗ്ലൂര് ഡേയ്സ് ആഘോഷിക്കുന്നത് യുവത്വത്തിന്‍റെ വര്‍ണ്ണങ്ങളെ മാത്രമല്ല അവരുടെ വേദനകളെയും വിഹ്വലതകളെയും സ്വപ്നങ്ങളെയുമാണ്. ഒരുതരത്തില്‍ യുവത്വത്തിന്‍റെ ജീവിത കാഴ്ചപ്പാട് നോണ്‍-ലീനിയര്‍ ആണെന്ന് പറയാം. ഇവിടെ ആഘോഷിച്ച എല്ലാ യൂത്ത് ചിത്രങ്ങളും യുവത്വത്തെ നേര്‍വഴിയില്‍ നയിക്കുന്ന  തല നരച്ചവരുടെ സദാചാര പാഠങ്ങളായിരുന്നു. ബാംഗ്ലൂര് ഡേയ്സ് പാഠങ്ങളല്ല. തിരിച്ചറിവുകളാണ്.

കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ച് പഠിച്ചു വളര്‍ന്ന മൂന്ന് കസിന്‍സിന്‍റെ ഉപാധികളില്ലാത്ത സ്നേഹത്തിന്‍റെയും പരസ്പരമുള്ള കരുതലിന്റെയും കഥയാണ് ബാംഗ്ലൂര് ഡേയ്സ്. ജീവിതത്തെ ഏറ്റവും പോസിറ്റീവായി കാണുന്നവരാണ് ഇവര്‍. യുവത്വത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ അവര്‍ പല വഴിക്കായി. അതില്‍ ഗ്രാജ്വേഷന്‍ ഒന്നാം റാങ്കുകാരിയായ ദിവ്യയുടെ കല്യാണം ജ്യോതിഷന്‍റെ നിര്‍ദ്ദേശ പ്രകാരം പെട്ടെന്ന് നടത്താന്‍ തീരുമാനിക്കുന്നതോടെയാണ് മൂവര്‍ സംഘം വീണ്ടും ഒന്നിക്കുന്നത്. നിഗൂഢമായ ഒരു ഭൂതകാലമുള്ള ദാസ് ദിവ്യയെ കല്യാണം കഴിക്കുന്നതോടെ കുഞ്ഞുനാളിലെ ആഗ്രഹം പോലെ മൂന്ന് കസിന്‍സും ബാംഗ്ലൂരില്‍ ഒന്നിക്കുന്നു.

ബാംഗ്ലൂര്‍ അവര്‍ക്ക് ജീവിതത്തെ തിരിച്ചറിയാനുള്ള കണ്ണാടിയായിമാറുകയാണ്. ഗ്രാഫിറ്റി ആര്‍ടിസ്റ്റും ബൈക് റേസറും കുടുംബത്തിലെ പുകഞ്ഞകൊള്ളിയുമായ അര്‍ജുന് വ്യവസ്ഥാപിത ജീവിതത്തോട് ഒരു പകയുണ്ട്. എന്നാല്‍ കുട്ടന് എന്നും പ്രിയം നാട്ടിന്‍ പുറവും തന്‍റെ വീടുമാണ്. ബാംഗ്ലൂരിലെ തിരക്കു പിടിച്ച ജോലിക്കിടയില്‍ അവന്‍ ആശ്വാസം കൊള്ളുന്നത് കമ്പ്യൂട്ടര്‍ സ്ക്രീനിലെ തന്‍റെ തറവാട് തൊടിയുടെ ചിത്രങ്ങള്‍ നോക്കിയാണ്. ദാസ് കൃത്യനിഷ്ഠക്കാരനായ സോഫ്ട്വെയര്‍ പ്രൊഫെഷണലാണ്. താന്‍ ബാംഗ്ലൂരില്‍ സ്വപ്നം കണ്ട ജീവിതമല്ല തനിക്ക് കിട്ടിയിരിക്കുന്നത് എന്ന് ദിവ്യ തിരിച്ചറിയുന്നു.

അടിച്ചു പോളി കളര്‍ഫുള്‍ എന്‍റര്‍ടെയിനര്‍ എന്നു തോന്നാമെങ്കിലും അഞ്ജലി മേനോന്‍ അഡ്രെസ്സ് ചെയ്യുന്നതും പറയാന്‍ ശ്രമിക്കുന്നതും കുടുംബത്തെക്കുറിച്ചാണ്. ചിലപ്പോള്‍ സ്വച്ഛമായി മറ്റു ചിലപ്പോള്‍ പ്രക്ഷുബ്ധമായി ഒഴുകുന്ന കുടുംബംതന്നെയാണ് ചിത്രത്തിന്റെ ആത്മാവ്. കുടുംബത്തിനുള്ളിലെ സ്നേഹവും പിണക്കവും അസ്വസ്ഥതകളും അസൂയയും വാത്സല്യവും വേദനയുമെല്ലാം പല അളവുകളില്‍ ഏറിയും കുറഞ്ഞും കടന്നു വരുന്നുണ്ട് ചിത്രത്തില്‍. പഴയതിന്‍റെ മൂല്യ വിചാരണയ്ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കുമപ്പുറം ജീവിതത്തെ മമതയോടെ കാണുകയാണ് സംവിധായിക. സൈറ പറയുന്നത് പോലെ ഓരോ ജനാലയില്‍ നിന്നുമുള്ള ജീവിതകാഴ്ചകള്‍ പോലെ വ്യത്യസ്ഥമാണ് ബാംഗ്ലൂര് ഡെയ്സിലെ കാഴ്ച്ചകളും.

Share on

മറ്റുവാര്‍ത്തകള്‍