UPDATES

മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനവും ഫിലമെന്റ് ഡിറ്റണേറ്ററും; ചില സാമ്യതകള്‍

ബെംഗളൂരു കഫെ സ്‌ഫോടനം

                       

ബെംഗളൂരുവിലെ രാമേശ്വരം കഫെയില്‍ നടന്ന സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്നു സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തലയില്‍ തൊപ്പിയും മുഖത്ത് മാസ്‌കും കണ്ണടയും ധരിച്ചിരിക്കുന്ന ഇയാള്‍ സ്‌ഫോടനത്തിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് കഫെയില്‍ എത്തിയതായാണ് സംശയിക്കുന്നത്. ഇയാള്‍ കഫെയ്ക്കു മുന്നിലുള്ള റോഡിലൂടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് 12.56 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്. ഇയാളുടെ മുഖം ഭാഗികമായി മാത്രമാണ് കാമറയില്‍ പതിഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഇയാളെ തിരിച്ചറിയുക എന്നത് ശ്രമകരമായ കാര്യമാണെന്ന് പൊലീസ് വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്.

സംശയിക്കുന്ന വ്യക്തി കഫെയില്‍ വന്നശേഷം ഏതോ സ്‌നാക്‌സ് വാങ്ങി പോകുന്ന ദൃശ്യവും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഫെയിലെ ഹാന്‍ഡ് വാഷ് ഏരിയയില്‍ ഉപേക്ഷിച്ച ഒരു ബാഗിനുള്ളിലുണ്ടായിരുന്ന ടിഫിന്‍ ബോക്‌സിലായിരുന്നു സ്‌ഫോടനത്തിന് കാരണമായ ഐഇഡി സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

വലിയ ശബ്ദത്തോടെയായിരുന്നു സ്‌ഫോടനം എന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. വലിയതോതില്‍ തീയും പുകയും ഉയര്‍ന്നിരുന്നു. എന്നാല്‍ സ്‌ഫോടകവസ്തു നിറച്ച ബാഗ് ഇരുന്ന സ്ഥലത്ത് മാത്രമായിട്ടായിരുന്നു സ്‌ഫോടനത്തിന്റെ ആഘാതം ഉണ്ടായത്. ഒമ്പതുപേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു 45 കാരിയായ ഒരു സ്ത്രീക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബള്‍ബ് ഫിലമെന്റ് ആയിരുന്നു ഐഇഡിയില്‍ ഡിറ്റണേറ്ററാക്കി ഘടിപ്പിച്ചിരുന്നത്. ഫിലമെന്റ് ചൂടായി സ്‌ഫോടനം നടക്കുന്നവിധത്തിലായിരുന്നു ബോംബ് സെറ്റ് ചെയ്തിരുന്നത്. ഒരു ഡിജിറ്റല്‍ ടൈമറും ഘടിപ്പിച്ചിരുന്നു. സ്റ്റീല്‍ ടിഫിന്‍ ബോക്‌സിനുള്ളിലാക്കായിരുന്ന ഐഇഡി തീവ്രത കുറഞ്ഞ സ്‌ഫോടനം ലക്ഷ്യമാക്കിയായിരുന്നു നിര്‍മിച്ചിരുന്നതെന്നും പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും എളുപ്പത്തില്‍ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് നടന്നിരിക്കുന്നതെന്നാണ് അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് നല്‍കിയ സൂചന. ഐഎസ് ഭീകരവാദികള്‍ സാധാരണ ഫിലമെന്റ് ഡിറ്റണേറ്റര്‍ മാതൃകയിലുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2022 നവംബര്‍ 19 ന് മംഗളൂരുവില്‍ ഒരു ഓട്ടോയില്‍ ഇത്തരത്തിലുള്ള സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചിരുന്നു. മംഗളൂരു സ്‌ഫോടനവും ഇപ്പോള്‍ രാമേശ്വരം കഫെയില്‍ നടന്ന സ്‌ഫോടനവും തമ്മില്‍ ചില സാമ്യതകള്‍ ഉണ്ടെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന അനുമാനം. മംഗളൂരുവില്‍ ഐഎസ് പ്രവര്‍ത്തകനായ മുഹമ്മദ് ഷരീഖിന് പൊള്ളലേറ്റിരുന്നു. 24 കാരനായിരുന്ന ഷരീഖ് സ്വയം നിര്‍മിച്ചതെന്നു കരുതുന്ന സ്‌ഫോടക വസ്തു ഒരു ബാഗിലാക്കി തന്റെ മടിയില്‍ വച്ച് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടാകുന്നത്. സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഷരീഖിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഈ സംഭവം നിലവില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഷരീഖ് സ്വയം നിര്‍മിച്ച സ്‌ഫോടക വസ്തു ഓട്ടോയില്‍ വച്ച് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു കരുതുന്നു. കഫെ സ്‌ഫോടനത്തിലും മംഗളൂരു സ്‌ഫോടനത്തിലും ഡിറ്റണേറ്റര്‍ സമാനമാണെങ്കിലും ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടെന്നു കരുതുന്നതായി പൊലീസ് വൃത്തങ്ങള്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്. മംഗളൂരു സ്‌ഫോടനത്തില്‍ 500 ഗ്രാം വെടിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതില്‍ പ്രധാനമായും പൊട്ടാസ്യം നൈട്രേറ്റ് ആയിരുന്നു നിറച്ചിരുന്നത്. പൊട്ടാസ്യം നൈട്രേറ്റ് കമ്പോളത്തില്‍ നിന്നും സുലഭമായി ലഭിക്കുന്ന ഒരു രാസവസ്തുവാണ്.

ഒരു പ്രഷര്‍ കുക്കറ്റില്‍ സെറ്റ് ചെയ്ത ബോംബില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് പൊട്ടാസ്യം നൈട്രേറ്റോ വെടിമരുന്നോ ആയിരുന്നു. രണ്ട് 12 വാള്‍ട്ട് ബള്‍ബിന്റെ ഫിലമെന്റുകളായിരുന്നു ഡിറ്റണേറ്ററായി ഉപയോഗിച്ചത്. ഇത് ഒരു സര്‍ക്യൂട്ട് ബോര്‍ഡ് ടൈമറുമായി കണക്ട് ചെയ്തിരുന്നു. ഒമ്പത് വാള്‍ട്ടിന്റെ രണ്ട് ബാറ്ററികളും ഘടിപ്പിച്ചിരുന്നു എന്നാണ് മംഗളൂരു സ്‌ഫോടനത്തില്‍ അന്വേഷണ ഏജന്‍സികള്‍ സ്‌ഫോടകവസ്തുവുമായി ബന്ധപ്പെട്ട് കണ്ടെത്തിയിരുന്നത്. വെടിമരുന്നുമായി ബന്ധിപ്പിക്കുന്ന ഫിലമെന്റുകള്‍ ചൂടായാണ് പ്രഷര്‍ കുക്കറില്‍ വച്ചിരിക്കുന്ന ഐഇഡി സ്‌ഫോടനം സാധ്യമാകുന്നത്. സെറ്റ് ചെയ്തിരുന്ന സമയത്തേക്കാള്‍ മുമ്പേ സ്‌ഫോനം നടന്നതാണ് മംഗളൂരുവില്‍ സംഭവിച്ചത്. 2022 സെപ്തംബറില്‍ കര്‍ണാടകയിലെ ശിവമോഗയില്‍ രജിസ്റ്റര്‍ ചെയ്ത ഐഎസ്സുമായി ബന്ധപ്പെട്ട ഒരു തീവ്രവാദ കേസില്‍ മുഹമ്മദ് ഷാരിഖിനെ പൊലീസ് തിരയുന്നുണ്ടായിരുന്നു. ഈ കേസില്‍ ഇയാളുമായി ബന്ധമുണ്ടായിരുന്ന മാസ് അഹമ്മദ്, സയിദ് യാസിന്‍ എന്നീ രണ്ട് എഞ്ചിനീയര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു. ഷാരിഖിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വീഡിയോകള്‍ കണ്ടാണ് ഷാരിഖ് ബോംബ് നിര്‍മാണം പഠിച്ചതെന്നാണ് പിന്നീട് അന്വേഷണ ഏജന്‍സി പറഞ്ഞത്. ശിവമോഗ-മംഗളൂരൂ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ഭൂരിഭാഗം കുറ്റവാളികളെയും പിടികൂടിയിരുന്നതാണ്. ഇവിടെ പ്രവര്‍ത്തിച്ചിരുന്നുവെന്നു പറയുന്ന ഐഎസ് ഘടകത്തിന്റെ പ്രധാന സാമ്പത്തിക ഉറവിടമായിരുന്ന അറാഫത് അലിയെ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്നും തിരിച്ചയച്ചതിനു പിന്നാലെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

സ്‌ഫോടകവസ്തുക്കളുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യം ഇല്ലാത്തവര്‍ യൂട്യൂബ് വിഡോയകളും മറ്റും നോക്കി, കമ്പോളത്തില്‍ നിന്നും എളുപ്പത്തില്‍ ലഭ്യമാകുന്ന കെമിക്കല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഐഇഡികള്‍ നിര്‍മിക്കാറുണ്ടെന്ന നിഗമനം അനുസരിച്ചാണ് ഈ തീവ്രത കുറഞ്ഞ സ്‌ഫോടനത്തിനും പിന്നിലും സമാനരീതിയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അന്വേഷണ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

തീവ്രവാദി ആക്രമണമായി പരിഗണിച്ചാണ് കഫെ സ്‌ഫോടനം അന്വേഷിക്കുന്നത്. എന്‍ ഐ എ വെള്ളിയാഴ്ച്ച സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. കേന്ദ്ര ഏജന്‍സി ഈ കേസ് ഏറ്റെടുക്കുമെന്നാണ് വിവരം.

Share on

മറ്റുവാര്‍ത്തകള്‍