UPDATES

ബ്ലോഗ്

ഭാര്യ ഭർതൃവീട്ടില്‍ പൊരുത്തപ്പെട്ട് കാലാകാലം ജീവിക്കുന്നത് മേന്മയും ഭർത്താവ് ഭാര്യവീട്ടിൽ നാലുദിവസം താമസിക്കുന്നത് കുറച്ചിലുമായിത്തീരുന്ന വിരോധാഭാസമാണ് ദാമ്പത്യം

കെട്ടിച്ചു വിട്ട പെണ്മക്കളുടെ പേരുകൾ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും റേഷൻ കാർഡിൽ നിന്നും മാത്രമല്ല വെട്ടിപ്പോവുന്നത്, ആ വീടിന്റെ അകങ്ങളിൽ നിന്നു കൂടിയാണ്

റസീന കെ കെ

റസീന കെ കെ

                       

സ്വന്തം വീട്ടിൽ നിന്നും വിവാഹത്തോടെ ഭർതൃവീട്ടിലേക്ക് താമസം മാറേണ്ടി വരുന്ന സ്ത്രീകൾ ഒരർത്ഥത്തിൽ അഭയാർത്ഥികളാണ്. ചെന്നുകേറുന്ന വീട്‌ സ്വന്തം പോലെ കരുതണം എന്ന് ചെറുപ്പം മുതൽ കണ്ടിഷൻ ചെയ്യപ്പെടുന്നവരാണ് സ്ത്രീകൾ. പക്ഷെ പ്രായോഗികമായി എത്രമാത്രം സാധ്യമാണിത്?

ഒത്തൊരുമയോടെ അങ്ങ് കഴിഞ്ഞു പോയാൽ പോരെ എന്ന് കാരണവർ ചമയുന്നവരാണാധികവും. വീടെന്നാൽ ചാരുകസേരയും ചായക്കോപ്പയും ആണെന്ന് ധരിച്ചുവെച്ചവർക്ക് അങ്ങനെ പറയാം. സ്ത്രീകൾക്ക് വീട്‌ എന്നാൽ കുഞ്ഞുങ്ങളെ വളർത്തേണ്ട നേഴ്‌സറിയും, പഠിപ്പിക്കേണ്ട വിദ്യാലയവും, നേരാനേരം വെച്ചു വിളമ്പേണ്ട ഹോട്ടലും, രോഗം വന്നു കിടപ്പിലായവരെ പരിചരിക്കേണ്ട ആശുപത്രിയും, മാറാല തട്ടൽ മുതൽ കറിവെക്കൽ വരെയുള്ള ജോലികൾ ചെയ്യേണ്ട തൊഴിലിടവും ആണ്. അവിടെ ഈ പറയുന്ന ഒത്തൊരുമയ്ക്ക് ഒരുപാട് അർഥങ്ങൾ ഉണ്ട്, ബുദ്ധിമുട്ടുകളും.

ഈ ജോലികളിൽ പോലും വന്നുകേറിയ പെണ്ണിന്റെ സ്വയം നിർണയാവകാശത്തിന് എന്തുമാത്രം പ്രസക്തിയുണ്ട്? അരിയെത്ര ഇടണം എന്നും കറിക്ക്എന്ത്‌ അരിയണം എന്നും വീട്ടിലുള്ളവരോട് നേരാനേരം അന്വേഷിച്ചുകൊണ്ടേ ഇരിക്കണം. കുഞ്ഞുങ്ങളുടെ നാപ്പി മാറ്റുന്നതുമുതൽ അവരെ പഠിപ്പിക്കുന്നത് വരെ എല്ലാറ്റിലും ആ വീട്ടിൽ വന്നുപോവുന്നവരുടെ അടക്കം അഭിപ്രായങ്ങൾ കേൾക്കണം. ജോലിക്ക് പോണോ വേണ്ടയോ, പോണെങ്കിൽ തന്നെ എന്ത്‌ ജോലി എന്നിങ്ങിനെ എല്ലാറ്റിലും അവൾക്ക് മേൽ അഭിപ്രായങ്ങൾ, നിർദേശങ്ങൾ ഒക്കെ വന്നു ശ്വാസം മുട്ടിക്കും. എത്ര വട്ടം പ്രസവിക്കണം എന്നതിൽ പോലും വീട്ടിലുള്ളവർക്കെല്ലാം അഭിപ്രായം ഉണ്ടാവും.

തനിക്ക് യാതൊരു മുൻപരിചയവും ഇല്ലാത്ത, ഭർതൃസഹോദരങ്ങൾക്കും, അവരുടെ കുടുംബത്തിനും ബന്ധുക്കൾക്കും (തന്നോട് സഹകരിക്കാൻ തയ്യാറല്ലാത്തവരാണെങ്കിൽ പോലും) ഇടയിൽ സഹിഷ്ണുതയോടെ കുടുംബജീവിതം കെട്ടിപ്പടുക്കുന്നവരാണ് മിക്ക സ്ത്രീകളും.

അതേസമയം ഇതേ വിവാഹ ഉടമ്പടിയിൽ ഏർപ്പെട്ട ഭർത്താവിന് കുറെകൂടി കേമനായി സ്വന്തം കുടുംബത്തിൽ വിലസുകയും ചെയ്യാം. വിവാഹത്തോടെ പുരുഷന് അവന്റെ കുടുംബത്തിൽ അഭിപ്രായങ്ങൾ പറയാനും തീരുമാനങ്ങൾ എടുക്കാനും മറ്റും കൂടുതൽ അധികാരങ്ങൾ കൈവരുമ്പോൾ, സ്ത്രീ വിവാഹത്തോടെ സ്വന്തം വീട്ടിൽ പാടേ അന്യയായിപ്പോവും. അതുവരെ ജീവിച്ചുപോന്ന സ്വന്തം വീട്ടിൽ വിവാഹത്തോടെ വിരുന്നുകാരിയാവുക!വല്ലപ്പോഴും ചെല്ലുമ്പോൾ കാണുന്നവരൊക്കെ എപ്പോ വന്നു, എന്ന് പോവും എന്നൊക്കെ കുശലം ചോദിക്കുക! അത്ര എളുപ്പമല്ല ആ അനുഭവം. സ്വന്തം കുടുംബത്തിലെ അടുത്ത ബന്ധുക്കളുടെ വിവാഹങ്ങൾ പോലും ക്ഷണിക്കപ്പെടാതെ പോയേക്കും. വിവാഹത്തോടെ താനത്രകാലം ജീവിച്ച വീട്ടിൽ ഒരു കാര്യത്തിലും പ്രത്യേകിച്ചഭിപ്രായം ഒന്നും പറയേണ്ടതില്ല എന്നാവും. കെട്ടിച്ചു വിട്ട പെണ്മക്കളുടെ പേരുകൾ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും റേഷൻ കാർഡിൽ നിന്നും മാത്രമല്ല വെട്ടിപ്പോവുന്നത്. ആ വീടിന്റെ അകങ്ങളിൽ നിന്നു കൂടിയാണ്. അതേ സമയം അവൾ ഭർതൃ വീട്ടിൽ വാതുറക്കേണ്ടതേ ഇല്ലതാനും ! വന്നുകയറിയവൾ എന്നത് എറിയും കുറഞ്ഞും അനുഭവപ്പെടും. ഏറും കുത്തും തല്ലും സഹിച്ചും നിന്നു പറ്റാൻ അവൾ നിർബന്ധിതയാവും. ഭാര്യ ഭർതൃവീട്ടിനോട് പൊരുത്തപ്പെട്ട് കാലാകാലം ജീവിക്കുന്നത് മേന്മയും, ഭർത്താവ് ഭാര്യ വീട്ടിൽ നാലുനാളിലധികം താമസിക്കുന്നത് കുറച്ചിലും ആയിത്തീരുന്ന വിരോധാഭാസമാണ് ദാമ്പത്യം.

ഭർതൃവീട്ടിലും സ്വന്തം വീട്ടിലും അനുഭവിക്കുന്ന ഈ അന്യതാ ബോധമാണ് വിവാഹിതരായ സ്ത്രീകളെ സ്വന്തമായൊരു വീട്‌ എന്ന സ്വപ്നത്തിലേക്ക് എത്തിക്കുക. പുരുഷനെ സംബന്ധിച്ച് അത്‌ ഒരു ആവശ്യം ആവണമെന്നില്ല. തന്റെ മാതാപിതാക്കൾ തനിച്ചാവും എന്നോ മാറിത്താമസിക്കുന്നത് അവരെ വേദനിപ്പിച്ചേക്കും എന്നോ ഒക്കെയുള്ള ന്യായങ്ങൾ ആവും ഭർത്താവ് ഉന്നയിക്കുക. ന്യായങ്ങൾ ഒക്കെ തികച്ചും ന്യായമാണ്! പക്ഷെ ഇതൊക്കെ വർഷങ്ങൾക്ക് മുമ്പ്, വിവാഹദിനത്തിൽ തന്നെ അനുഭവിച്ച ഭാര്യമാർ അത്‌ ഉൾക്കൊള്ളണം എന്ന് വാശിപിടിക്കരുത്!

സ്വന്തം മാതാപിതാക്കൾ വയ്യാതെ കിടപ്പാവുകയോ അവർക്ക് എന്തെങ്കിലും അത്യാവശ്യങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ പോലും സ്വന്തം വീട്ടിൽ പോയി താമസിക്കാൻ, അവരെ പരിചരിക്കുവാൻ, അവിടെ വരെ ഒന്ന് പോവാൻ പോലും ഭർത്താവിന്റെയും അവന്റെ വീട്ടുകാരുടെയും മൊത്തം സമ്മതവും സ്വകര്യവും നോക്കേണ്ട സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ. കുഞ്ഞുങ്ങളുടെ പഠനം, അവരുടെ സ്കൂൾ, രോഗബാധിതരായ ഭർതൃ രക്ഷിതാക്കൾ ഇതൊക്കെ സ്വന്തം രക്ഷിതാക്കൾക്കൊപ്പം പോയി ഒരാഴ്ച താമസിക്കാനുള്ള തടസ്സങ്ങളാണ് ഓരോ സ്ത്രീകൾക്കും. വിവാഹം, കുടുംബസങ്കൽപ്പങ്ങൾ, മാതാപിതാക്കളുടെ സംരക്ഷണം എന്നിവയൊക്കെ ഇത്രമാത്രം സ്ത്രീവിരുദ്ധമായാണ് നമ്മുടെ സമൂഹത്തിൽ ചമച്ചു വെച്ചിരിക്കുന്നത്.

ഇനി സ്വന്തം വീട്‌ ഉണ്ടാക്കി എന്ന് തന്നെ വെക്കുക, ഭർത്താവിനൊപ്പം എത്ര സ്ത്രീകൾക്ക് വീടിന്റെ ഉടമസ്ഥാവകാശം ലഭിക്കാറുണ്ട്? ആധാരപ്രകാരം അവകാശം ഉണ്ടങ്കിൽ തന്നെ അതിനെ പ്രായോഗികവത്കരിക്കാൻ എത്രവട്ടം പുരുഷബോധങ്ങളോട് മല്ലിടേണ്ടി വരും. സ്വന്തം മാതാപിതാക്കൾക്ക് ആ വീട്ടിൽ അഭയം നൽകാൻ ഒരു സ്ത്രീക്ക് സാധിക്കുമോ?

പാർപ്പിടം എന്ന അടിസ്ഥാന ആവശ്യത്തെ ഇങ്ങിനെയൊക്കെ തികച്ചും സ്ത്രീവിരുദ്ധമായാണ് കുടുംബവ്യവസ്ഥക്കകത്ത് സമൂഹം നിർമിച്ചു വെച്ചിരിക്കുന്നത്. സ്ത്രീകൾക്ക് മുകളിൽ മേൽക്കൂര നൽകാത്ത എല്ലാ വീടുകളും പുതുക്കിപ്പണിയേണ്ടതുണ്ട്. കുടുംബ വ്യവസ്ഥിതി സ്ത്രീ സൗഹൃദപരമായി നവീകരിക്കപ്പെടാതെ കുഞ്ഞുങ്ങളും പ്രായമായവരും സന്തോഷത്തോടെ ഇരിക്കുന്നതെങ്ങനെ?

(ചിത്രം കടപ്പാട്: ഹിന്ദു ബിസിനസ് ലൈന്‍. ഇതില്‍ നേരത്തെ ഉപയോഗിച്ചിരുന്ന ചിത്രം Jessilyn Parker-ഉടെ Colours of Hope എന്ന ഇല്ലസ്ട്രെഷന്‍ ആണ്. എന്നാല്‍ വിഷയത്തില്‍ നിന്ന് മാറി ചര്‍ച്ചകള്‍ ആ ചിത്രത്തെ കുറിച്ച് ആയ സാഹചര്യത്തില്‍ ആ ചിത്രം മാറ്റിയിട്ടുണ്ട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റസീന കെ കെ

റസീന കെ കെ

മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യ അധ്യാപിക

More Posts

Share on

മറ്റുവാര്‍ത്തകള്‍