UPDATES

ബ്ലോഗ്

പശ്ചിമഘട്ടസംരക്ഷണം ചില്ലുകൂട്ടിലിരിക്കുന്ന ഒന്നോ രണ്ടോ പരിസ്ഥിതിപ്രവർത്തകരുടെ ആവശ്യമല്ല

ദുരിതാശ്വാസത്തിനായി ഒന്നിച്ച് നില്‍ക്കുന്നവര്‍ ദുരന്തങ്ങളെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയും ഒരുമിക്കണം

                       

ലോകം ഇന്ന് നേരിടുന്ന സവിശേഷമായ രാഷ്ട്രീയപ്രശ്നങ്ങളിൽ ഏറ്റവും സങ്കീർണമായ ഒന്നാണ് പരിസ്ഥിതിയെ സംരക്ഷിക്കുകയും അതേ സമയം മനുഷ്യർക്കിടയിലെ അസമത്വത്തെ കഴിയുന്നത്ര ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുക എന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുകയും പുരോഗതി നിലനിർത്തുകയും ചെയ്യണമെങ്കിൽ മനുഷ്യർക്കിടയിലെ അനീതികളും അസമത്വങ്ങളും കൂടെ ഇല്ലാതാവണമെന്ന് പൊതുവായി നാം ഇന്ന് മനസിലാക്കുന്നുണ്ട്. രണ്ട് രണ്ടര നൂറ്റാണ്ടുകളോളം നിലനിന്ന് പോന്ന കോളനിവൽക്കരണവും അന്തം വിട്ട വ്യവസായവൽക്കരണവുമാണ് കാര്യങ്ങളെ ഇത്രയ്ക്ക് സങ്കീർണമാക്കിയത്. ഒരേ സമയം അത് പരിസ്ഥിതിയെ മുച്ചൂടും നശിപ്പിച്ച് കളയുകയും അതേ സമയം ലോകത്തെ ഉള്ളവരുടെയും ഇല്ലാത്തവരുടെയും ലോകങ്ങളായി പകുക്കുകയും ചെയ്തു. നേരിട്ടല്ലാത്ത കോളനിവൽക്കരണത്തിലൂടെ ചൂഷണവും അനീതിയും ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.

ഉത്തരാർദ്ധലോകമെന്നൊക്കെ വിളിക്കപ്പെടുന്ന വികസിതരാജ്യങ്ങളാണ് പഴയ കോളനിവൽകരണത്തിന്റെയും നിലവിലെ പുതിയ ലോകശക്തിവ്യവസ്ഥയുടെയും ഗുണഭോക്താക്കൾ. ഏറ്റവും മികച്ച സൗകര്യങ്ങളും ശാസ്ത്രജ്ഞാനവും സാങ്കേതികവിദ്യകളും ഈ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. ആളോഹരി ഈർജ്ജോപഭോഗത്തിൽ ഈ രാജ്യങ്ങളിലെ ജനങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ മുകളിലാണ്. അതേസമയം ലോകത്തെ ജൈവവൈവിദ്ധ്യത്തിന്റെ 70-80 ശതമാനവുമുള്ളതാകട്ടെ ദക്ഷിണഭാഗത്തെ അവികിസിത വികസ്വരലോകത്താണ്. ഈ രാജ്യങ്ങളിലാണ് ലോകജനതയുടെ വലിയ ശതമാനം ജീവിക്കുന്നത്. ഈ രാജ്യങ്ങളിലാണ് ലോലവും അമൂല്യവുമായ പരിസ്ഥിതിപ്രദേശങ്ങൾ ഇരിക്കുന്നത്. ഈ പ്രദേശങ്ങളിലാണ് പല ആദിമനിവാസികളും ചരിത്രവും സംസ്കാരങ്ങളും നിലനിൽക്കുന്നത്. ഈ രാജ്യങ്ങളിലാണ് സാമ്പത്തികാവസ്ഥ ഞെങ്ങിയിരിക്കുന്നതും ജനങ്ങളിൽ ബഹുഭൂരിഭാഗവും മോശം സാഹചര്യങ്ങളിൽ ജീവിതം തള്ളിനിക്കൂന്നതും. പഴയ കോളനിഭരണത്തിൽ നിന്നും വിടുതൽ നേടിയ ശേഷം ഈ രാജ്യങ്ങളിൽ എല്ലാം വന്നുപോയ ഭരണവർഗം പലപ്പോഴും അഴിമതിയിൽ മുങ്ങിയതും തങ്ങളുടെ ജനതയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കഴിവോ താല്പര്യമോ ഇല്ലാത്തവരും ആയിരുന്നുവെന്നത് സ്ഥിതിഗതികളെ കൂടുതൽ മോശമാക്കുന്നു. പരോക്ഷമായി തുടരുന്ന കോളനിവത്കരണത്തിന്റെ ചൂഷണം വേറെയും.

കാലാവസ്ഥാവ്യതിയാനം ഇന്നൊരു യാഥാർഥ്യമാണ്. അത് മനുഷ്യനിർമ്മിതമാണെന്ന് ഏറെക്കുറെ ഇന്ന് അംഗീകരിക്കപ്പെടുന്നും ഉണ്ട്. ഇതിൽ സങ്കടകരമായ കാര്യമെന്താണെന്നാൽ അസമത്വത്തിന്റെ പടുകുഴുയിൽ പെട്ടുകിടക്കുന്ന രാജ്യത്തെ ജനങ്ങളും പ്രകൃതിയും തന്നെയാവും കാലാവസ്ഥാവ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇരകൾ ആവുക എന്നതാണ്. അതിനാൽ പരിസ്ഥിതിസംരക്ഷണത്തിനായി ഏറ്റവും കൂടുതൽ മുൻകൈ എടുക്കേണ്ടി വരുന്നതും ഇതേ രാജ്യങ്ങളാവും. അമേരിക്ക പോലുള്ള രാജ്യങ്ങൾ കാർബൺ പുറത്തുവിടുന്നതിന്റെ അളവ് കുറക്കാൻ തയ്യാറെ അല്ല. ട്രംപിനെ പോലുള്ള ഭരണാധികാരികൾ പ്രശ്നം കൂടുതൽ വഷളാക്കുക മാത്രമേ ചെയ്യുകയുള്ളൂ.

ഇന്ത്യയെയും ബ്രസീലിനെയും പോലെ വികസനോത്മുഖർ ആയതും അതേ സമയം ലോകത്തിന്റെ ജൈവവൈവിധ്യത്തിന്റെ വലിയൊരു പങ്ക് ഉൾക്കൊള്ളുന്നതുമായ രാജ്യങ്ങൾക്ക് കാലാവസ്ഥാവ്യതിയാനങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല. എന്നാൽ ചുരുങ്ങിയ സാമ്പത്തികസ്ഥിതിയും വർദ്ധിച്ച് നിൽക്കുന്ന അസമത്വങ്ങളും മുകളിൽ നിന്നുള്ള ഏകപക്ഷീയമായ പരിസ്ഥിതിസംരക്ഷണ ഇടപെടലുകൾ അസാധ്യമാക്കുന്നുണ്ട്. ജനങ്ങളുടെ, പ്രത്യേകിച്ച് സാധാരണക്കാരുടെ, സഹകരണത്തോടെയും അവർക്ക് വേണ്ട തൊഴിലും ജീവിതസാഹചാര്യങ്ങളും ഉറപ്പാക്കിക്കൊണ്ടുമുള്ള പരിസ്ഥിതിസംരക്ഷണം മാത്രമേ സാധ്യമായുള്ളൂ. അങ്ങനെ ഉള്ള ഒരു വികസനോത്മുഖവും പരിസ്ഥിതിയെ സംരക്ഷിക്കുന്നതും വിഭവങ്ങളുടെ പരസ്പരം പങ്കുവെച്ചുകൊണ്ടുള്ളതുമായ ഒരു മോഡൽ മാത്രമെ നിലനിൽക്കുകയുള്ളൂ. വർഗീയത കഴിഞ്ഞാൽ നമ്മുടെ രാജ്യം നേരിടേണ്ട ഏറ്റവും വലിയ രണ്ടാമത്തെ പ്രശ്നമാണ് ഇത്തരമൊരു മോഡൽ നടപ്പിലാക്കുക എന്നത്.

സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോലുള്ള സാമ്പത്തികസ്ഥിതി ഭദ്രമായുള്ള ഉത്തരപക്ഷരാജ്യങ്ങൾ സ്വന്തം നിലനില്പിനായുള്ള വഴികൾ നേരത്തെ ആലോചിച്ച് തുടങ്ങി എന്ന് നാം മനസിലാക്കേണ്ടതുണ്ട്. ഇതരരാജ്യങ്ങളുടെ അവസ്ഥയെപ്പറ്റി അത്ര കാര്യമാക്കാത്ത അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങളും അവരുടെ അതിസമ്പന്നരും സ്വന്തം തുരുത്തുകളെ ഭദ്രമാക്കിക്കൊള്ളും.

പ്രളയം നമ്മെ പഠിപ്പിക്കുന്ന രണ്ട് മൂന്ന് പാഠങ്ങളുണ്ട്. ഒന്ന് നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കണം. രണ്ട് പ്രകൃതി മാറുകയാണ്. മൂന്ന് പശ്ചിമഘട്ടമായാലും തീരപ്രദേശമായാലും കേരളം ആകെ മൊത്തം ഒരു പരിസ്ഥിതിലോലപ്രദേശമാണ്. പശ്ചിമഘട്ടസംരക്ഷണം പ്രളയം വന്നപ്പോൾ നമ്മളെ പറ്റിക്കാനായി ആരെങ്കിലും കൊണ്ടു വന്ന അജണ്ടയല്ല. അത് നേരത്തെ നമുക്ക് മുന്നിൽ ചർച്ചയ്ക്കായി എത്തിയ വിഷയമാണ്. അത് ഗൗരവമായി ചർച്ച ചെയ്യാനോ എല്ലാ ജനങ്ങളെയും വിശ്വാസത്തിലെടുത്തും നഷ്ടമനുഭവിക്കേണ്ടി വരുന്നവർക്ക് അത് നികത്തിക്കൊണ്ട് ഒരു മോഡൽ തയ്യാറാക്കിയും യഥാസമയം നടപ്പിലാക്കാൻ നമുക്ക് സാധിച്ചില്ല. ഒരു സമൂഹം എന്ന നിലയിൽ നമ്മുടെയും പിന്നെ നമ്മുടെ സ്റ്റേറ്റിന്റെയും പരാജയമാണത്. അല്ലാതെ ദുരിതം അനുഭവിക്കുന്ന ജനതയെ പരിഹസിക്കാൻ ആയി കെട്ടിയിറക്കിയ വിഷയമല്ല.

ഇനിയും നമുക്ക് അത് സാധിക്കാവുന്നതേയുള്ളൂ. തീർച്ചയായും പരിസ്ഥിതിസംരക്ഷണത്തിന് ഒരു cost ഉണ്ട്. അത് കുറച്ച് മനുഷ്യരുടെ ചുമലിലേക്ക് തട്ടാതെ സമൂഹമെന്ന നിലയ്ക്ക് വിഭജിച്ചെടുക്കാൻ നമുക്ക് സാധിക്കണം. ദുരിതാശ്വാസത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും പരസ്പരം സഹായിക്കാനും ചിലവുകൾ പങ്ക് വെയ്ക്കാനും നമുക്ക് സാധിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു ജനതയ്ക്ക് ദുരിതങ്ങളെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയും ഒരുമിക്കാനും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനും എന്ത് കൊണ്ട് സാധിക്കയില്ല? തീർച്ചയായും സാധിക്കും. പശ്ചിമഘട്ടസംരക്ഷണം ചില്ലുകൂട്ടിലിരിക്കുന്ന ഒന്നോ രണ്ടോ പരിസ്ഥിതിപ്രവർത്തകരുടെ ആവശ്യമല്ല. അവരെ മറന്നേക്കൂ. പശ്ചിമഘട്ടസംരക്ഷണം കേരളത്തിലെ മൊത്തം ജനങ്ങളുടെയും ആവശ്യമാണ്. ഇന്നത്തെയും നാളത്തെയും തലമുറയുടെ നിലനിൽപ്പിനും നന്മയ്ക്കും അത് അത്യാവശ്യമാണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഊർജസ്വലമായി തുടരുമ്പോൾ തന്നെ തീർച്ചയായും ചർച്ച ചെയ്യുകയും മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യേണ്ട ഒന്നാണ് പശ്ചിമഘട്ടസംരക്ഷണം. അടിയന്തിരമായി കേരളം പരിഗണിക്കേണ്ട വിഷയം.

*ഫേസ്ബുക്ക് പോസ്റ്റ്

Share on

മറ്റുവാര്‍ത്തകള്‍