വിമാന യാത്രാ നിരക്കുകള്‍ ഉയരാന്‍ സാധ്യത. മാര്‍ച്ചില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് (ATF) 10 ശതമാനം വില ഉയര്‍ന്നതോടെയാണ് ഈ തിരുമാനം.ജനുവരി ഒന്നിന് എടിഎഫ് വില 14.7 ശതമാനം കുറച്ചിരുന്നു. 2018 ഡിസംബര്‍ ഒന്നിന് വില 10.9 ശതമാനം വെട്ടിക്കുറച്ചതിന് പിന്നാലെ അന്തരാഷ്ട്ര എണ്ണ വിലയിലുണ്ടായ കുറവാണ് ജനുവരിയിലെ റെക്കോര്‍ഡ് വിലയിടിവിന് പിന്നിലെ പ്രധാന കാരണം.
എന്നാല്‍ രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയായി ഈ വിലക്കയറ്റം. ‘മാര്‍ച്ച് തുടങ്ങുന്നതോടെ 10 ശതമാനം വിലക്കയറ്റമാണ് എടിഎഫിന്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട വ്യോമയാന മേഖലയ്ക്ക് ഇതൊരു നല്ലവാര്‍ത്തയല്ല,” എയര്‍ ഏഷ്യ സിഒഒ സഞ്ജയ് കുമാര്‍ ട്വീറ്റില്‍ പറഞ്ഞു.
ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എന്നിവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് ഇന്ത്യന്‍ ലിസ്റ്റഡ് എയര്‍ലൈന്‍ കമ്പനികള്‍-ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്- 2018 ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തില്‍ ദിവസേന 20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.പ്രവര്‍ത്തന ചെലവുകള്‍ അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ ജെറ്റിന്റെയും കിംഗ്ഫിഷറിന്റെയും അവസ്ഥ നേരിടേണ്ടി വരുമെന്ന ആശങ്കയാണ് പല എയര്‍ലൈന്‍ കമ്പനികളും പങ്കുവെക്കുന്നത്.അതുപേലെ തന്നെ ഉയരുന്ന യാത്രാ ചെലവുകള്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.