UPDATES

സിനിമ

ഒടിയന്‍ അവസാനത്തെ വമ്പന്‍ റിലീസ് ആകുമോ?

ജനുവരി മുതല്‍ റിലീസിംഗ്‌ സെന്ററുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

                       

വമ്പന്‍ റിലീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് റിലീസ് സെന്ററുകള്‍ നിയന്ത്രിക്കാന്‍ തീരുമാനം ഉണ്ടായത്. തീരുമാനം നടപ്പില്‍വരുത്തകയാണെങ്കില്‍ 200 തിയേറ്റുകള്‍ക്ക് മുകളില്‍ ഒരു ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കില്ല. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും മാത്രമേ നിലവില്‍ നിയന്ത്രണം ബാധകമാവുകയൊള്ളൂ .കോര്‍പ്പറേഷന്‍ പരിധികളില്‍ നിയന്ത്രണം ഉണ്ടായിരിക്കില്ല. ഈ തീരുമാനം മാറ്റുന്ന സാഹചര്യം ഉണ്ടാകുന്നില്ലെങ്കില്‍ കേരളത്തിലെ അവസാനത്തെ വമ്പന്‍ റിലീസ് ഒടിയന്‍ ആയിരിക്കും.

ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ തിയേറ്റര്‍ റിലീസ് സെന്ററുകളില്‍ വന്‍ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. നൂറ് സെന്ററുകളില്‍ നിന്ന് 200 ഉം 300 സെന്ററുകളില്‍ ആണ് ഇന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. ഒരു പ്രദേശത്തു തന്നെ രണ്ടും മൂന്നും തീയേറ്ററുകളില്‍ ഒരു ചിത്രം തന്നെ റിലീസ് ചെയ്യുന്നുണ്ട്. വമ്പന്‍ റിലീസുകള്‍ ആണെങ്കില്‍ അത് നാലും അഞ്ചുമായി ഉയരും. വിജയ് യുടെ ‘സര്‍ക്കാര്‍’ രജനികാന്തിന്റെ 2.0 എന്നീ ചിത്രങ്ങള്‍ 400 ല്‍ അധികം തിയേറ്ററുകളില്‍ ആണ് റിലീസ് ആയത്. വന്‍ റിലീസുകള്‍ കാരണം തിയേറ്റര്‍ നിറഞ്ഞോടുന്ന കൊച്ചു ചിത്രങ്ങള്‍ ഒഴിവാക്കപെടുന്ന അവസ്ഥയാണ്.

റിലീസ് സെന്ററുകള്‍ നിയയന്ത്രിക്കുകയാണെങ്കില്‍ മാസ് മസാല പടങ്ങളുടെ കളക്ഷനെ വളരെയധികം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വലിയ പബ്ലിസിറ്റിയില്‍ വന്നു മൂന്നോ നാലോ ദിനം കൊണ്ട് പരമാവധി കളക്ഷന്‍ ഉണ്ടാക്കുകയാണ് ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യം. 100 ദിവസം തികയ്ക്കാന്‍ പ്രധാന ജില്ലാ കേന്ദ്രങ്ങളില്‍ പണം നല്‍കി തിയേറ്ററില്‍ സിനിമ ഹോള്‍ഡ് ചെയ്യുന്നതും പതിവാണ്. സിനിമ നല്ലതാണെങ്കില്‍ ലോംഗ് റണ്‍ വഴി മാത്രമേ വിജയിക്കാന്‍ ആകു എന്ന അവസ്ഥയും ഉണ്ടാകും. സൂപ്പര്‍ താര തമിഴ് ചിത്രങ്ങളെ ആണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഈ ചിത്രങ്ങളുടെ സിംഹഭാഗം കളക്ഷനും ആദ്യ വാരം കൊണ്ടായിരിക്കും. സിനിമയുടെ ആദ്യ ദിന കളക്ഷന്‍ ആയിരിക്കും വിതരണക്കാരന്റെ പ്രധാന വരുമാനം. ഇത്തരം വരുമാനത്തിലുണ്ടാകുന്ന നഷ്ടം ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ റിലീസിംഗ് സെന്ററുകള്‍ ചുരുക്കുന്നതിനെതിരേ സിനിമ മേഖലയില്‍ നിന്നും എതിര്‍പ്പ് ഉണ്ടാകുമെന്ന് ഉറപ്പ്.

മികച്ച ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ ആഴ്ചകളോളം ടിക്കറ്റിനായി കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായേക്കാമെങ്കിലും മികച്ച നിലവാരത്തില്‍ എത്തുന്ന കൊച്ചു ചിത്രങ്ങള്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. ഈ തീരുമാനത്തില്‍ ഒരു അഴിച്ചു പണി ഉണ്ടായില്ലെങ്കില്‍ കേരളത്തില്‍ വമ്പന്‍ റിലീസായി എത്തുന്ന അവസാന ചിത്രമായിരിക്കും ഒടിയന്‍.ഈ വിഷയത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളുംവീണ്ടും യോഗംചേരുമെന്നും അറിയിച്ചിട്ടുണ്ട്

Share on

മറ്റുവാര്‍ത്തകള്‍