UPDATES

ജയിലിലടച്ചവര്‍ക്ക് ആകുമോ മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറക്കാന്‍?

നിയമം എന്താണ് പറയുന്നത്?

                       

മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി ജയിലില്‍ നിന്ന് തന്നെ ഭരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധത്തിലുമാണ്. ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹവും ശക്തമായി കൊണ്ടിരിക്കുകയാണ്.

ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രി അറസ്റ്റിലായി തടവില്‍ കഴിയുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടിരിക്കാം. തെരെഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റും അതിനോടനുബന്ധിച്ചുള്ള ഭരണ ചുമതലയടക്കം ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. സാധാരണ ഗതിയില്‍ ഭരണഘടനാ പ്രതിസന്ധി നേരിടുന്നുണ്ടെങ്കില്‍ രാഷ്ട്രപതിയോ ഗവര്‍ണറോ ആണ് നടപടിയെടുക്കുക. ഗവര്‍ണര്‍ വിഷയം പരിശോധിക്കുകയും, അത് പിന്നീട് രാഷ്ട്രപതിക്ക് കൈ മാറുകയുമാണ് ചെയ്യുക. കെജ്രിവാളിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിന് പദവിയില്‍ തുടരുന്നതിന് നിയമതടസ്സമില്ലെന്ന് ചൂണ്ടി കാണിച്ചിരുന്നു. എന്നാല്‍ ഇതില്‍ വിശദമായ തീരുമാനമെടുക്കേണ്ടത് എക്‌സിക്യൂട്ടീവ് വിഭാഗമാണെന്നും, ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടലിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മറ്റേതൊരു പൗരനെയും പോലെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയും നിയമത്തിന് വിധേയരായിരിക്കും. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താല്‍, നിയമപരമായി സ്ഥാനത്തു നിന്ന് മാറ്റാന്‍ കഴിയില്ലെന്നുമാണ് ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പറയുന്നത്. ”കേജരിവാള്‍ മുഖ്യമന്തിയായി തുടരുന്ന കാലത്തോളം അദ്ദേഹത്തിന് എവിടെ നിന്നും ഭരിക്കാവുന്നതാണ്. അക്കാര്യത്തില്‍ ഇടപെടാനോ, തടസങ്ങളില്ലെന്നോ കോടതി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ ചുമതല വഹിക്കനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കേണ്ടതും കോടതിയാണ്. മുഖ്യമന്ത്രി ജയിലില്‍ അടക്കുകയെന്നത് കേട്ടുകേള്‍വിയില്ലത്തതാണ്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ഇരിക്കെ തന്നെ ഭരണഘടനപരമായ ഒരു സ്ഥാനം വഹിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കും? എങ്ങനെയാണ് ഈ അത്യപൂര്‍വ സാഹചര്യത്തെ നേരിടുക തുടങ്ങി കുറെയധികം ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. സര്‍ക്കാരിന്റെ തലപ്പത്തുള്ള വ്യക്തിയുടെ അറസ്റ്റ് ജനജീവിതത്തെ നിസംശയം ബാധിക്കും. കൂടതെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഭരണഘടനപരമായി നിലനില്‍ക്കാനുള്ള അവകാശമുണ്ട്. അറസ്റ്റ് ചെയ്തതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത്. ഇഡി അറസ്റ്റ് ചെയ്തെന്ന കാരണം കൊണ്ട് കുറ്റം തെളിയാത്ത പക്ഷം രാജി വയ്ക്കണെമെന്ന് എങ്ങനെ ആവശ്യപ്പെടാനാകും. രാജി വയ്ക്കാത്തിടത്തോളം അദ്ദേഹത്തിന് ഔദ്യോഗിക ചുമതലകള്‍ വഹിക്കേണ്ടതായുണ്ട്. അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കണം. ഭരണത്തലവന് ഭരിക്കനുള്ള അവകാശം ഉണ്ട്. ആ പ്രശ്‌നം ഇവിടെ പരാമര്‍ശിക്കപ്പെടുന്നില്ല.” ആചാരി പറയുന്നു.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുകയോ താല്‍ക്കാലികമായി തടങ്കലില്‍ വയ്ക്കുകയോ ചെയ്താല്‍, സംസ്ഥാന ഗവണ്‍മെന്റിന്റെ തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കാന്‍ അവര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അവരുടെ പാര്‍ട്ടിയിലെയോ സര്‍ക്കാരിലെയോ മറ്റൊരു മുതിര്‍ന്ന അംഗത്തെ ഏല്‍പ്പിക്കാമെന്നതാണ് മറ്റൊരു സാധ്യത. കെജ്‌രിവാളിന്റെ ഭാര്യ സുനിത മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന ഊഹാപോഹങ്ങളുമുണ്ട്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതുപോലുള്ള ചില സാഹചര്യങ്ങളില്‍ ആരോപണങ്ങളുടെ തീവ്രതയും രാഷ്ട്രീയ വീഴ്ചയും അനുസരിച്ച്, ഒരു മുഖ്യമന്ത്രിക്ക് സ്വമേധയാ രാജിവെക്കാന്‍ തീരുമാനമെടുക്കാം. എന്നാല്‍ ഇ ഡി കെജ്‌രിവാളിന് മേല്‍ ആരോപിക്കുന്ന സാമ്പത്തിക തട്ടിപ്പു തെളിയാത്ത പക്ഷം അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തന്നെ തുടരാം. അതിനെയും മാറി കടന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതകളാണ് ഉറ്റുനോക്കപ്പെടുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍