“കാട്ര് വെളിയിടെ കണ്ണമ്മാ….നിന്‍ട്രെന്‍ കാതലൈ എണ്ണി കലിക്കിന്‍ട്രേന്‍”…
“ഈ കാറ്റില്‍ നമ്മുടെ പ്രണയമാണ് ഞാന്‍ അനുഭവിക്കുന്നത്, അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്”
സുബ്രഹ്മണ്യ ഭാരതിയുടെ പ്രശസ്തമായ വരികളില്‍ നിന്നാണ് മണിരത്നത്തിന്റെ പുതിയ ചിത്രത്തിന് പേര് കിട്ടിയിരിക്കുന്നത്. ‘കാട്ര് വെളിയിടൈ’. ‘ഒകെ കണ്‍മണി’ക്ക് ശേഷമുള്ള മണിരത്‌നം ചിത്രവും തീവ്രമായ പ്രണയത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. വരുണ്‍ എന്ന എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റും ലീല എബ്രഹാം എന്ന ഡോക്ടറും തമ്മിലുള്ള പ്രണയം. വരുണ്‍ അയാളുടെ ആഗ്രഹത്തിനനുസരിച്ച് തനിക്കിഷ്ടമുള്ളവര്‍ നില്‍ക്കണമെന്ന് വിചാരിക്കുന്ന, അല്‍പ്പം ഷോവനിസ്റ്റ് സ്വഭാവമൊക്കെയുള്ള വ്യക്തിയാണ്. അയാള്‍ ലീലയെ സ്‌നേഹിക്കുമ്പോളും അയാളെക്കുറിച്ച് തന്നെയാണ് ഏറ്റവുമധികം ആലോചിക്കുന്നത്. ലീലയാണെങ്കില്‍ തുല്യതയും പരസ്പര ബഹുമാനത്തോടെയുള്ള സ്നേഹം ഇഷ്ടപ്പെടുന്നയാളും. ഈ വൈരുദ്ധ്യം ഇവരുടെ ബന്ധത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. വരുണിന്റെ സ്വാഭാവവും പ്രകൃതവും പലപ്പോഴും അസഹനീയമാകുമ്പോള്‍ തന്നെ ലീല അയാളെ തീവ്രമായി സ്നേഹിക്കുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന വരുണിന്റ ഓര്‍മ്മകളിലൂടെയാണ് പറയുന്നത്.
വരുണിന്റെ ചടുലവും വന്യവുമായ സ്വഭാവ സവിശേഷതകള്‍ എടുത്ത് കാട്ടിയാണ് അയാളെ അവതരിപ്പിക്കുന്നത്. ഒരു യുദ്ധവിമാനത്തിന്റെ ആക്രമണോത്സുകതയാണ് അയാള്‍ ജീവിതത്തോട് പ്രകടിപ്പിക്കുന്നത്. ആക്രമിക്കുന്നതിന്‍റെയും കീഴടക്കുന്നതിന്റെയും തോല്‍പ്പിക്കുന്നതിന്റെയും ആഹ്ളാദം. പ്രായം ചെല്ലുന്തോറും കൂടുതല്‍ യുവാക്കളിലേയ്ക്കെത്തുന്ന ചലച്ചിത്രകാരനാണ് താനെന്ന് ഒകെ കണ്‍മണിയിലൂടെ മണിരത്നം തെളിയിച്ചിരുന്നു. തിരക്കഥയുടെ ഭദ്രതയില്‍ ഏറെ ദുര്‍ബലമായിരുന്ന ഒരു ചിത്രമായിരുന്നു അതെങ്കിലും. വ്യവസ്ഥകളോട് കലഹിച്ച് അവസാനം സമരസപ്പെടുന്നുണ്ടെങ്കിലും ചില പാരമ്പര്യേതര ബദല്‍ ജീവിത സാദ്ധ്യതകള്‍ ആ ചിത്രം അന്വേഷിച്ചിരുന്നു. എന്നാല്‍ കാട്ര് വെളിയിടൈ ബന്ധങ്ങളെ അത്ര പോലും പ്രശ്നവത്കരിക്കുന്നില്ല. സമൂഹത്തിനകത്ത് അവരുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുന്നില്ല. കഥാപാത്രങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങള്‍ ഫലപ്രദമായി അനുഭവിപ്പിക്കാന്‍ കഴിയുന്നുമില്ല. ലീലയായി അദിതി റാവു ഹൈദരി ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ വരുണ്‍ ആകുന്ന കാര്‍ത്തിയ്ക്ക് കഥാപാത്രത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടുള്ള പ്രകടനം അനുഭവിപ്പിക്കാന്‍ കഴിയുന്നില്ല. സ്വാഭാവിക സംഭാഷണങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും അപ്പുറം ഡയലോഗുകള്‍ കൊണ്ടുള്ള അധികപ്രസംഗമാണ് ഇത്തവണയും നടക്കുന്നത്.
ഇടയ്ക്ക് ലാഹോര്‍ കരാറിനെ കുറിച്ചും യുദ്ധ സാദ്ധ്യതകളെ കുറിച്ചുമുള്ള സംഭാഷണങ്ങള്‍ വരുന്നു. കടന്നാക്രമണത്തിലൂടെ ഏകപക്ഷീയമായി തന്‍റേതായ നീതി നടപ്പാക്കണം എന്ന് കരുതുന്നയാളാണ് വരുണ്‍. അയാള്‍ ലീലയോട് കാണിക്കുന്ന ബലപ്രയോഗത്തിന് ന്യായീകരണമായി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതും അവളോടുള്ള സ്നേഹവും കരുതലുമാണ്. എന്നാല്‍ ഡോക്ടറായ ലീല മനുഷ്യരുടെ ജീവന്‍ രക്ഷിക്കേണ്ടതിനെ കുറിച്ചും ജീവന്‍ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതിനെ കുറിച്ചും മനുഷ്യത്വത്തോടെയും പക്വതയോടെയും ആലോചിക്കുന്നു. അധികാരബോധം പിടികൂടിയ വരുണിനെ ഇത്തരം സമാധാന വാദങ്ങള്‍ അസ്വസ്ഥനാക്കുന്നുണ്ട്.
മണിരത്നത്തിന്റെ കാശ്മീര്‍ സ്വാഭാവികമായും വിമതശബ്ദങ്ങളില്ലാത്ത ഒരു പാന്‍ ഇന്ത്യന്‍ പ്രദേശത്തിന്റെ ഭാഗമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മണിരത്‌നം സിനിമകളുടെ പൊതുസ്വഭാവമാണത്. ഇന്ത്യന്‍ ദേശീയതയുടെ കൊടിക്കീഴിലും ഭരണകൂടം ഒരുക്കുന്ന സുരക്ഷയ്ക്കും കീഴിലാണ് മനുഷ്യരുടെ എല്ലാ തരത്തിലുള്ള ആശയവിനിമയങ്ങളും പ്രണയവുമെല്ലാം സംഭവിക്കുന്നത്. പ്രാദേശികതകളെ ആഘോഷിക്കുക മണിരത്‌നത്തിന്റെ രീതിയേ അല്ല. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. അത് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞ പോലെ ഭൂമിയിലെ സ്വര്‍ഗമാണ്. പുറത്ത് നിന്നെത്തി അവിടെ സ്വാധീനം നേടിയവരാണ് പ്രധാനമായും ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. അന്നാട്ടുകാര്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല. അതിനിടയിലാണ് തീവ്രമായ പ്രണയം വരുണിനും ലീലയ്ക്കുമിടയില്‍ ഉടലെടുക്കുന്നത്. ഒരു കാല്‍പ്പനിക പ്രണയ ചിത്രത്തില്‍ പ്രദേശത്തിന്റെ രാഷ്ട്രീയ, സാമൂഹ്യാവസ്ഥതകളെയൊന്നും സത്യസന്ധമായി സമീപിക്കണമെന്നോ വിശദീകരിക്കണമെന്നോ നിര്‍ബന്ധവുമില്ല. എന്നാല്‍ കാര്‍ഗില്‍ യുദ്ധ കാലത്തെ കഥ പറയുമ്പോള്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒഴിച്ചാല്‍ ആ സാഹചര്യത്തോട് നീതി പുലര്‍ത്തുന്ന ഒന്നും ഇതില്‍ കാണാനില്ല. യുദ്ധവിമാനങ്ങള്‍ പോലും പ്രണയത്തിന്‍റെ ആവേശവും വൈകാരികതയും കൗതുകവും മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. ബാക്കിയെല്ലാം ക്ലീഷേകള്‍, പതിവ് കാഴ്ചകള്‍. നായകനെ തേടി പോകുന്ന നായികയും, നായികയെ തേടി പോകുന്ന നായകനും എല്ലാം.
തമിഴ്നാട്ടില്‍ അവരുടെ സംസ്ഥാന ഗാനവും തമിഴ് ദേശീയ ഗീതവുമായ, മനോമണിയം സുന്ദരം പിള്ളയുടെ ‘തമിഴ് തായ് വാഴ്ത്തി’നൊപ്പം ദേശീയഗാനമായ ജനഗണമനയ്ക്കും പ്രാധാന്യം ലഭിച്ച് തുടങ്ങിയത് മണിരത്നത്തിന്റെ റോജ പുറത്തിറങ്ങിയതോടെയാണ് എന്നൊരു വിലയിരുത്തലുണ്ടായിരുന്നു. തമിഴ് ദേശീയതയെ എക്കാലവും ഇന്ത്യന്‍ ദേശീയതയ്ക്ക് കീഴ്പ്പെട്ട് നില്‍ക്കുന്ന ഒരു പ്രാദേശികത മാത്രമാക്കാനാണ് മണിരത്നം ശ്രമിച്ചിട്ടുള്ളത്. ദ്രാവിഡ രാഷ്ട്രീയത്തിനോട് താല്‍പര്യമില്ലാത്ത സവര്‍ണ ബ്രാഹ്മിണ്‍ നീതിബോധവും രാഷ്ട്രീയവും ശങ്കര്‍ സിനിമകളിലെ പോലെ അത്ര തീവ്രമായി അവതരിപ്പിക്കാറില്ലെങ്കിലും അത്തരം ബോധം തന്നെയാണ് ആദര്‍ശവത്കരിച്ച് മണിരത്നം കൊണ്ടുനടന്നിരുന്നത്. അതില്‍ വലിയ മാറ്റമൊന്നുമില്ല.
ഉത്തരേന്ത്യന്‍ സംസ്‌കാരവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന തമിഴ് അപ്പര്‍ ക്ലാസിനെ വളരെ അരോചകവും അവിശ്വസനീയവുമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. വ്യോമസേനാ താവളത്തിലും ആശുപത്രിയിലും വരുണിന്റെ വീട്ടിലുമെല്ലാം ഇതാണ് കാണുന്നത്. അപ്പര്‍ക്ലാസ് സൈനികരുടെ അഭിമാനബോധവും ഗര്‍വും മധ്യവര്‍ഗത്തിന്റെ അതിനോടുള്ള ആരാധനയും ആഘോഷിക്കുന്നു. പ്രത്യേകിച്ച് ഒന്നും പറയാനില്ലാതെ ഒരു സിനിമ എടുക്കണ്ടേ എന്ന് വിചാരിച്ച എടുത്ത പോലെ. സ്വന്തം ചിത്രങ്ങളുടെ തന്നെ ഒട്ടും ജീവസില്ലാത്ത അനുകരണം. മണിരത്‌നം ചിത്രങ്ങളിലെ നാടകീയത അതിഭാവുകത്വമായോ അനാവശ്യമായി ചേര്‍ത്ത് വച്ചതായോ ഉള്ള പ്രതീതി. ഭാരതീയാറുടേതടക്കമുള്ള വാക്യങ്ങള്‍ ഉള്‍പ്പെടുത്തി കാവ്യാത്മകമായ സംഭാഷണങ്ങളുള്ളപ്പോഴും അത് കഥാപാത്രങ്ങളുടെ വായില്‍ തിരുകി വച്ച പോലെയാണ് അനുഭവപ്പെടുന്നത്. ഭാരതിയെ ഇടയ്ക്കിടയ്ക്ക് ഉദ്ധരിച്ചാണ് തമിഴരാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ കഥാപാത്രങ്ങള്‍ കഷ്ടപ്പെടുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള വരുണിന്റെ രക്ഷപ്പെടലെല്ലാം തീര്‍ത്തും അവിശ്വസനീയവും പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതുമാണ്.
കഥാപാത്രങ്ങളുടെ വൈകാരികത എടുത്ത് കാട്ടുന്ന ക്ലോസപ്പ് ഷോട്ടുകളുടെ പഴയ മണിരത്നം ടച്ച്, മണിരത്നം അദ്ദേഹത്തെ തന്നെ കോപ്പിയടിക്കുന്ന പോലെ മാത്രമേ ഈ സിനിമയില്‍ തോന്നിക്കുന്നുള്ളൂ. വെളുത്ത ശരീരങ്ങളുടെ സൗന്ദര്യാഘോഷം മാത്രം. ഭൂപ്രകൃതിയുടെ ചിത്രീകരണവും ഏറെക്കുറെ നിരാശപ്പെടുത്തുന്നതാണ്. ‘റോജ’യ്ക്ക് വേണ്ടി ഇടുക്കിയിലെ ഭൂപ്രദേശങ്ങളില്‍ ഉപ്പ് വിതറിയാണ് മഞ്ഞുമൂടിയ കാശ്മീര്‍ ഉണ്ടാക്കിയത് എന്ന് കേട്ടിട്ടുണ്ട്. ഈ ചിത്രത്തിന് വേണ്ടി എന്താണ് ചെയ്തത് എന്നറിയില്ല. ഏതായാലും രവിവര്‍മ്മന്റെ സിനിമാട്ടോഗ്രഫിയില്‍ ഇതിന് ഒട്ടും സ്വാഭാവികത തോന്നുന്നില്ല. മഞ്ഞുമൂടിയ പ്രദേശങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പ്രേക്ഷകനെ തണുപ്പ് അനുഭവിപ്പിക്കാന്‍ പോലും കഴിയുന്ന ഫ്രെയ്മുകളൊന്നും ഇവിടെ കാണാന്‍ കഴിയില്ല. എആര്‍ റഹ്മാന്‍റെയും മണിരത്നത്തിന്റെയും നിഴലുകള്‍ മാത്രമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. റഹ്മാന്‍ മണിരത്നത്തെ പോലെ നിരാശപ്പെടുത്തുന്നില്ല എന്ന് മാത്രം. പ്രകൃതിയുമായി വ്യത്യസ്ത സാഹചര്യങ്ങളിലെ മനുഷ്യവികാരങ്ങളെയും മാനസികാവസ്ഥകളേയും ബന്ധിപ്പിക്കുന്നതിന് ഇവിടെയും കുറവില്ല… മഞ്ഞായും മണലായും ഒക്കെ അത് അവതരിപ്പിക്കപ്പെടുന്നു.
മണിരത്നം ഒരു സത്യന്‍ അന്തിക്കാടായി മാറുകയാണോ എന്ന് ചിലപ്പോള്‍ സംശയം തോന്നുന്നു. കാരണം തന്റെ തന്നെ മുന്‍ ചിത്രങ്ങളുടെ വികലമായ അനുകരണമാണ് സത്യന്‍ അന്തിക്കാട് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരേ ബസിലുള്ള യാത്ര എന്നാണ് വിമര്‍ശകര്‍ സത്യന്‍ ചിത്രങ്ങളെ പരിഹസിക്കുന്നത്. സേഫായ റൂട്ടില്‍ വണ്ടിയോടിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് സത്യന്‍ അന്തിക്കാടിന്റെ ഇതിനുള്ള മറുപടി. സാമ്പത്തികവിജയം നേടുമ്പോഴും മടുപ്പിക്കുന്നതും ഏച്ചുകെട്ടിയതുമായ തിരക്കഥയും സംഭാഷണശകലങ്ങളും പൊള്ളയായ പാത്ര, പശ്ചാത്തല അവതരണങ്ങളുമാണ് സത്യന്‍ അന്തിക്കാട് കുറച്ചുകാലമായി പിന്തുടരുന്നത്. മണിരത്നം ശൈലിയേയും ഈ ആശയദാരിദ്ര്യ ദുരന്തം ബാധിച്ച് കഴിഞ്ഞു. സ്റ്റോക്ക് തീര്‍ന്നു പോയ പ്രതീതി. ആയുത എഴുത്ത്, ഗുരു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ പ്രശ്നം എല്ലാ മണിരത്നം ചിത്രങ്ങളിലും കാണാം. രാവണനും കടലിനും ഓകെ കണ്‍മണിക്കുമെല്ലാം സംഭവിച്ചത് ഇതാണ്. രാവണനന് ധാരാളം പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും മികച്ചൊരു ദൃശ്യാനുഭവമായിരുന്നു അത്. സന്തോഷ് ശിവന്‍ ഒരുക്കിയ ഫ്രെയ്മുകളാണ് ആ സിനിമയുടെ മികവമായി എടുത്ത് കാട്ടാനുണ്ടായിരുന്നത്. കാട്ര് വെളിയിടൈ അതുപോലും സാദ്ധ്യമാക്കുന്നില്ല എന്ന് പറയേണ്ടി വരും.