UPDATES

വിദേശം

ട്രംപ്- കിം കൂടിക്കാഴ്ച മൂന്നോ നാലോ ആഴ്ചകള്‍ക്കകം

കൂടിക്കാഴ്ച സംബന്ധിച്ച തിയ്യതിയോ വേദിയോ ഇതു വരെ തീരുമാനമായില്ലെന്നാണ് വിവരം

                       

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച ഉടന്‍ നടക്കുമെന്ന് സൂചനകള്‍. മൂന്നോ നാലോ ആഴ്ചകള്‍ക്കകം ഇത് സംഭവിക്കുമെന്ന് ശനിയാഴ്ച വാഷിങ്ങ്ടണിലും മിഷിഗണിലും നടന്ന പൊതു റാലികള്‍ക്കിടെയാണ് ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്.

കൊറിയന്‍ മേഖലയെ അണ്വായുധ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സുപ്രധാനമായ കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മുന്നോ നാലോ ആഴ്ചയ്ക്കകം ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എന്തായിരിക്കും ഫലമെന്ന് പറയാനാവില്ല. താന്‍ ചര്‍ച്ചകള്‍ക്കായി പോവും എന്നാല്‍ ലക്ഷ്യത്തിലേക്കെത്താനായില്ലെങ്കില്‍ മടങ്ങിപ്പോരുമെന്നും ട്രംപ പറഞ്ഞു.

എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച തിയ്യതിയോ വേദിയോ ഇതു വരെ തീരുമാനമായില്ലെന്നാണ് വിവരം. സിങ്കപ്പുര്‍, മംഗോളിയ, ദക്ഷിണ കൊറിയ എന്നിവയിലേതെങ്കിലുമായിരിക്കും വേദിയാവാന്‍ സാധ്യതയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും കൂടിക്കാഴ്ചകള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി പ്രതികരിച്ചു. അടുത്തിടെ കിം ജോങ്ങ് ഉന്നുമായി പോംപി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇരു രാഷ്ട്രനേതാക്കളുടേയും കൂടിക്കാഴ്ച സംബന്ധിച്ച തയ്യാറെടുപ്പുകളെ കുറിച്ചുള്ള പോംപിയുടെ പരാമര്‍ശം വ്യക്തമാക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍