തനിക്കെതിരെ ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ പ്രഖ്യാപിച്ച വിധിയില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആസ്തിയില്‍ കൃത്രിമത്വം കാണിച്ചുവെന്ന സിവില്‍ കേസില്‍ 355 മില്യണ്‍ ഡോളര്‍ പിഴ ഈടാക്കാന്‍ കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്ക് ശേഷം, മാര്‍-എ-ലാഗോ ക്ലബ്ബില്‍ വച്ച് നടത്തിയ തന്റെ ധനസമാഹരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.ഭീമാകാരമായ തുക പിഴ വിധിച്ച് ജഡ്ജ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും ജനങ്ങള്‍ ഈ വിധിയെ അന്യായമായി കണക്കാക്കി തന്നെ പിന്തുണക്കുമെന്നും ട്രംപ് പറഞ്ഞു.
ഡോണള്‍ഡ് ട്രംപ് ആസ്തിയില്‍ കൃത്രിമം കാണിക്കാന്‍ ഗൂഢാലോചന നടത്തിയതായി ന്യൂയോര്‍ക്ക് ജഡ്ജി കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രംപിനെ ‘മൂന്ന് വര്‍ഷത്തേക്ക് ന്യൂയോര്‍ക്ക് കോര്‍പ്പറേഷന്റെയോ ന്യൂയോര്‍ക്കിലെ മറ്റ് നിയമ സ്ഥാപനങ്ങളുടെയോ ഓഫീസറോ ഡയറക്ടറോ ആയി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ആണ് കേസ് അവതരിപ്പിച്ചത്. വിധിക്ക് മുമ്പുള്ള പലിശയും കൂടി കൂട്ടിയാണ് മൊത്തം 3734 കോടി രൂപയോളം നല്‍കേണ്ടത്. 2904 കോടി രൂപയാണ് പിഴത്തുക. ഈ തുക അടക്കാന്‍ വൈകുന്നതിനനുസരിച്ച് ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
ഡോണള്‍ഡ് ട്രംപിന്റെ സമ്പത്തിനെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നതും അദ്ദേഹത്തിന്റെ ബിസിനസ്സ് ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നതുമായ വിധി ട്രംപിനെ എത്രമാത്രം അസ്വസ്ഥതനാക്കുന്നുവെന്ന് ഈ പൊട്ടിത്തെറിയില്‍ നിന്ന് വ്യക്തമാണ്. തന്റെ ബിസിനസിലും രാഷ്ട്രീയ ജീവിതത്തിലും ധനികനാണെന്ന് കാണിച്ചു കൊണ്ട് നടത്തിയ തട്ടിപ്പുകളുടെ അവസാനം ട്രംപ് ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിയമ പോരാട്ടങ്ങള്‍ക്കായി മാത്രം വലിയൊരു തുക വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടല്‍.
സുപ്രിം കോടതി ജസ്റ്റിസ് ആര്‍തര്‍ എന്‍ഗോറോണ്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച പുറപ്പെടുവിച്ച അന്തിമ വിധി പ്രകാരം, ട്രംപ് നിലവില്‍ 454 മില്യണ്‍ ഡോളറിനടുത്ത് പിഴയിനത്തില്‍ അടക്കേണ്ടതുണ്ട്. 454 മില്യണ്‍ ഡോളറില്‍ 355 ഡോളര്‍ മില്യണ്‍ പിഴയും പലിശയും അടക്കണം. കൂടാതെ എഴുത്തുകാരി ഇ. ജീന്‍ കരോള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി ന്യൂയോര്‍ക്ക് സിറ്റി കോടതി വിധിച്ച 83.3 മില്യണ്‍ രൂപയും ട്രംപ് നല്‍കേണ്ടതായുണ്ട്. പിഴ അടക്കാന്‍ വൈകുന്ന ഓരോ ദിവസവും 112,000 ഡോളര്‍ വീതം വര്‍ദ്ധിക്കുകയും ചെയ്യും.
ഇരു കേസിലും അപ്പീല്‍ നല്‍കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും പിഴ ചുമത്തിയിരിക്കുന്ന വന്‍ തുകയെ സംബന്ധിച്ച് ഉടനടി തീരുമാനമാക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ ഒരു കേസിലെ അവസാന വിധി വന്ന് 30 ദിവസത്തിനുള്ളില്‍ തന്നെ പണമോ അല്ലെങ്കില്‍ തക്കതായ ബോണ്ടോ നല്‍കേണ്ടതാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ട്രംപിന്റെ സമ്പത്തില്‍ ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റിലാണുള്ളത്. പിഴയടക്കാനുള്ള മുഴുവന്‍ തുകയും ട്രംപിന്റെ പക്കല്‍ ഉണ്ടോ എന്നുള്ള കാര്യത്തില്‍ അദ്ദേഹം ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല, എന്ന് മാത്രമല്ല പണം എങ്ങനെ നിക്ഷേപിക്കുമെന്നും ട്രംപ് പറഞ്ഞിട്ടില്ല. വിഷയത്തിലിതുവരെ ട്രംപോ അദ്ദേഹത്തിന്റെ വക്താക്കളോ യാതൊരു വിധ പ്രതികരണങ്ങളും പുറത്ത് വിട്ടിട്ടില്ല.
ട്രംപിന്റെ അഭിഭാഷകര്‍ അദ്ദേഹത്തിന്റെ കേസില്‍ ഭീമമായ തുക കെട്ടിവെക്കാത്ത രീതിയില്‍ ഒരു ബോണ്ട് ഡീല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ്് നിയമ വിദഗ്ധര്‍ പറയുന്നത്. ന്യൂയോര്‍ക്ക് കോടതിയുടെ വിധിയില്‍ പറഞ്ഞിരിക്കുന്ന പിഴ തുക വളരെ വലുതാണ്, ട്രംപിന്റെ ടീം വ്യത്യസ്ത കമ്പനികളുമായി തുകയ്ക്ക് സമാനമായി ബോണ്ട് പങ്കിടാന്‍ കഴിയുമോ എന്നതിനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ നീക്കം അപകടസാധ്യതയുടെ ആക്കം കൂട്ടുന്നതാണെന്നും നിയമവിദഗ്ദ്ധര്‍ക്ക് അഭിപ്രായമുണ്ട്.
ബോണ്ട് നല്‍കുന്ന കമ്പനിയും കോടതിയും തമ്മിലുള്ള വാഗ്ദാനമാണ് ബോണ്ടിന്റെ അടിസ്ഥാനം. ബോണ്ട് സമര്‍പ്പിക്കുന്ന വ്യക്തിക്ക് അപ്പീല്‍ നഷ്ടപ്പെടുകയും പണമടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍, ബോണ്ടില്‍ പറഞ്ഞിരിക്കുന്ന തുക കമ്പനി പകരം കോടതിയില്‍ നല്‍കേണ്ടതായി വരും. പിന്നീട് കമ്പനി തങ്ങളുടെ ഇടപാടുകാരില്‍ നിന്ന് പണം തിരികെ വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യും. പകരമായി, ബോണ്ടുകള്‍ നല്‍കുന്ന കമ്പനികള്‍ സാധാരണയായി അവരുടെ ഇടപാടുകാരോട് പണമോ മറ്റ് ആസ്തികളോ പോലുള്ള മൂല്യവത്തായ എന്തെങ്കിലും ഗ്യാരണ്ടിയായി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് പതിവ്. എന്നാല്‍ ട്രംപിന്റെ മുന്‍കാല ചരിത്രത്തെ കുറിച്ച് അറിയാവുന്ന ഒരു കമ്പനിയും അത്ര പെട്ടന്ന് അദ്ദേഹത്തിന് ബോണ്ട് ഇഷ്യു ചെയ്ത് നല്‍കില്ല എന്നാണ് വളരെ കലമായി ന്യൂയോര്‍ക്ക് ബോണ്ട് ഇഷ്യൂവിംഗ് ഏജന്‍സി നടത്തുന്ന നീല്‍ പെഡേഴ്‌സണ്‍ പറയുന്നത്.
2024 ലിന്റെ അവസാനത്തോടെ ട്രംപിന് തന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ ട്രൂത്ത് സോഷ്യലില്‍ നിന്ന് വലിയ തുക ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒപ്പം ട്രംപിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ട്രൂത്ത് സോഷ്യലില്‍ ലയിക്കാന്‍ ഡിജിറ്റല്‍ വേള്‍ഡ് അക്വിസിഷന് അനുമതിയും ലഭിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിനെ ഏകദേശം 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരി ഉടമയാക്കുകയും ചെയ്യും. എങ്കിലും ഓഹരികള്‍ വില്‍ക്കാന്‍ ട്രംപിന് ആറുമാസം കാത്തിരിക്കേണ്ടി വരുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും, ട്രംപ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ മൂലം ഈ പദ്ധതികളെല്ലാം സങ്കീര്‍ണ്ണമാക്കി തീര്‍ക്കുന്നതാണ്. കോടതി വിധി ട്രംപിന് വന്‍ സാമ്പത്തിക പിഴ ചുമത്തുക മാത്രമല്ല, മൂന്ന് വര്‍ഷത്തേക്ക് കമ്പനി നടത്തുന്നതില്‍ നിന്നും വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട്.
ട്രംപിനെതിരെ കേസ് നല്‍കിയ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ്, 355 മില്യണ്‍ ഡോളര്‍ പിഴ നല്‍കേണ്ട കേസില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ തങ്ങള്‍ വിജയിക്കുമെന്നും പണം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍, 355 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയത് അന്യായമാണെന്നാണ് ട്രംപിന്റെ വാദം.