UPDATES

അംബേദ്കറെ കുറിച്ച് 10 കാര്യങ്ങള്‍: അറിയാന്‍ ഇടയുള്ളതും ഇല്ലാത്തതും

ഇന്ന് മഹാനായ അംബേദ്കറുടെ 133-ാം ജന്മദിനം

                       

133-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഇന്ത്യയിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ വിമോചന നായകനും വിപ്ലവകാരിയും ഭരണഘടനാശില്‍പ്പിയുമായ ഡോ.അംബേദ്കറെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തെ കുറിച്ച് നമുക്ക് അറിയാവുന്നതും അത്രയേറെ അറിയാന്‍ ഇടയില്ലാത്തതുമായ കാര്യങ്ങളുണ്ട്. അത്തരത്തില്‍ 10 കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. അംബേദ്കറുടെ ശരിയായ പേര് അംബവദേക്കര്‍

ഭീം റാവു റാംജി സക്പാലിന് അംബവദേക്കര്‍ എന്ന പേര് ഒപ്പം കിട്ടിയത് അദ്ദേഹത്തിന്റെ സ്വദേശത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്. മഹാരാഷ്ട്രയിലെ രത്ന ഗിരി ജില്ലയിലുള്ള അംബവഡെ ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വദേശം. ജനിച്ചത് അന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സ് അതായത് ഇന്നത്തെ മദ്ധ്യപ്രദേശിന്റെ ഭാഗമായ മഹോവിലായിരുന്നെങ്കിലും. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മഹാദേവ് അംബേദ്കര്‍ എന്ന അദ്ധ്യാപകനാണ് അംബവദേക്കറെ അംബേദ്കറാക്കിയത്.

2. വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍

വിദേശത്ത് പഠിച്ച് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് അംബേദ്കര്‍. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷത്തെ പഠനത്തിനിടെ സാമ്പത്തികശാസ്ത്രത്തില്‍ 29, ചരിത്രത്തില്‍ 11, സാമൂഹിക ശാസ്ത്രത്തില്‍ ആറ്, തത്വചിന്തയില്‍ ഏഴ്, നരവംശ ശാസ്ത്രത്തില്‍ നാല്, രാഷ്ട്രമീമാംസയില്‍ മൂന്ന്, ഫ്രഞ്ചിലും ജര്‍മ്മനിലും ഓരോന്ന് എന്നിങ്ങനെ വീതം അദ്ദേഹം കോഴ്സുകള്‍ പഠിച്ചു.

3. 1935ല്‍ റിസര്‍വ് ബാങ്ക് രൂപീകരണത്തില്‍ നിര്‍ണായക പങ്ക്

ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച ഹില്‍ട്ടണ്‍ യംഗ് കമ്മീഷന് മുന്നില്‍ കേന്ദ്ര ബാങ്കെന്ന ആശയം വരുന്നത് അംബേദ്കര്‍ മുന്നോട്ട് വച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്്ഥാനത്തിലാണ്. ‘ദ പ്രോബ്ലം ഓഫ് ദ റുപ്പി – ഇറ്റ്സ് ഒറിജിന്‍ ആന്‍ഡ് ഇറ്റ്സ് സൊലൂഷന്‍’ എന്ന പുസ്തകത്തിലാണ് അംബേദ്കര്‍ നിര്‍ദ്ദേശങ്ങള്‍ ആദ്യമായി മുന്നോട്ട് വച്ചത്. രൂപയുടെ പ്രശ്നം പണപ്പെരുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അംബേദ്കര്‍ ചൂണ്ടിക്കാട്ടി. ആളുകളുടെ വാങ്ങല്‍ ശേഷി സ്ഥിരപ്പെടാതെ രൂപ സ്ഥിരപ്പെടില്ലെന്ന് അംബേദ്കര്‍ പറഞ്ഞു.

4. മഹദ് സത്യഗ്രഹം അംബേദ്കറുടെ ആദ്യ ശ്രദ്ധേയ സമരം

ഡോ.അംബേദ്കറുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു ദളിതുകള്‍ക്ക് തടാകത്തില്‍ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള മഹദ് സത്യാഗ്രഹം. എംകെ ഗാന്ധി നടത്തിയ ഐതിഹാസികമായ ഉപ്പ് സത്യാഗ്രഹത്തിന് മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇത്. മഹാരാഷ്ട്രയിലെ ഒരു ചെറു പട്ടണമായ മഹദിലാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്. മഹദിലെ ചവാദര്‍ ടാങ്ക് എന്നറിയപ്പെട്ടിരുന്ന വലിയ ചിറയില്‍ നിന്ന് ദളിതുകള്‍ വെള്ളം കുടിക്കുന്നതും ശേഖരിക്കുന്നതും സവര്‍ണര്‍ വിലക്കിയിരുന്നു.

അംബേദ്കര്‍ ഒരു സംഘം അനുയായികളോടൊപ്പം ഇവിടെ എത്തി ചവാദര്‍ ടാങ്കില്‍ നിന്ന് വെള്ളം കുടിച്ചു. പൊതുജല സ്രോതസുകള്‍ ദളിതര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നനൊപ്പം ദളിത് ശാക്തീകരണത്തിനും ഈ സംഭവത്തിലൂടെ അംബേദ്കര്‍ കരുത്ത് പകര്‍ന്നു. നമ്മള്‍ ഇവിടെ വെറുതെ വെള്ളം കുടിക്കാന്‍ മാത്രം വന്നതല്ല. എല്ലാ മനുഷ്യരേയും പോലെയാണ് നമ്മളെന്ന് കാണിച്ച് കൊടുക്കാന്‍ വേണ്ടി തന്നെ വന്നതാണ് – അംബേദ്കര്‍ പറഞ്ഞു.

5. ഇന്ത്യയിലെ തൊഴില്‍ സമയം 12ല്‍ നിന്ന് എട്ട് മണിക്കൂറാക്കി ചുരുക്കിയതിന് പിന്നില്‍ അംബേദ്കര്‍

1942 മുതല്‍ 46 വരെ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയ് കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു ഡോ.അംബേദ്കര്‍. നിരവധി തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ക്ക് പിന്നില്‍ അംബേദ്കറുടെ സംഭാവനയുണ്ടായിരുന്നു. അതിലൊന്നാണ് ഇന്ത്യയിലെ തൊഴില്‍ സമയം 12ല്‍ നിന്ന് എട്ടാക്കി ചുരുക്കി. 1942 നവംബറില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലാണ് ഇത് അംഗീകരിക്കപ്പെട്ടത്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ലീവ്, തുല്യജോലിക്ക് തുല്യ വേതനം, മിനിമം വേതനം, അവധി ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം അംബേദ്കറുടെ ശ്രമഫലമായി ഉറപ്പ് വരുത്തപ്പെട്ടു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ചു. ട്രേഡ് യൂണിയനുകള്‍ ശക്തിപ്പെടുത്തി.

6. അംബേദ്കറുടെ ആത്മകഥ കൊളംബിയ സര്‍വകലാശാലയില്‍ പാഠപുസ്തകം

വെറും 20 പേജ് മാത്രമുള്ള ആത്മകഥാ സമാനമായ പുസ്തകം 1935-36 കാലത്ത് അംബേദ്കര്‍ തയ്യാറാക്കിയിരുന്നു. വെയ്റ്റിംഗ് ഫോര്‍ എ വിസ എന്ന പേരിലുള്ള അനുഭവക്കുറിപ്പുകള്‍ കുട്ടിക്കാലം മുതല്‍ താന്‍ നേരിട്ട കടുത്ത ജാതി വിവേചനത്തിന്റേയും പീഡനങ്ങളുടേയും അപമാനങ്ങളുടേയും വിവരണമായിരുന്നു. അംബേദ്കര്‍ പഠിച്ച കൊളംബിയ സര്‍വകലാശാല ഇത് പാഠ പുസ്തകമാക്കി.

7. ജമ്മുകാശ്മീരിന് പ്രത്യക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 അംബേദ്കര്‍ എതിര്‍ത്തു

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാവകാശങ്ങള്‍ നല്‍കുന്ന, ഭരണഘടനയിലെ ആര്‍ട്ടിക്കില്‍ 370നെ അംബേദകര്‍ ഡ്രാഫ്റ്റ് കമ്മിറ്റിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇത് ഡ്രാഫ്റ്റ് ചെയ്യാന്‍ അംബേദ്കര്‍ വിസമ്മതിച്ചു. ഇത് വിവേചനപരവും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരുമാണെന്ന നിലപാടായിരുന്നു അംബേദ്കറിന്റേത്. കാശ്മീര്‍ രാജാവ് ഹരിസിംഗിന്റെ ദിവാനായിരുന്ന ഡ്രാഫ്റ്റ് കമ്മിറ്റി അംഗം ഗോപാല സ്വാമി അയ്യങ്കാരാണ് ഇത് ഡ്രാഫ്്റ്റ് ചെയ്തത്.

8. ഹിന്ദു കോഡ് ബില്ലിനായി അംബേദ്കര്‍ പോരാടിയത് മൂന്ന് വര്‍ഷം

ഹിന്ദു സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് തുല്യനീതിയും അവകാശങ്ങളും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹിന്ദു കോഡ് ബില്ലിനായി അംബേദ്കര്‍ പോരാടിയത് മൂന്ന് വര്‍ഷം. ഹിന്ദു കോഡ് ബില്ലിലുള്ള അഭിപ്രായ ഭിന്നതകള്‍ മൂലം നിയമ മന്ത്രിയായിരുന്ന അംബേദ്കര്‍ 1951ല്‍ നെഹ്രു മന്ത്രിസഭയില്‍ നി്ന്ന് രാജി വച്ചു. രണ്ട് പ്രധാന കാര്യങ്ങളാണ് അദ്ദേഹം ബില്ലിലൂടെ ലക്ഷ്യം വച്ചത്. തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ ഹിന്ദുസ്ത്രീകളുടെ സാമൂഹ്യജീവിതത്തിലെ സ്ഥാനം ഉയര്‍ത്തുക. ലിംഗ, ജാതി വിവേചനങ്ങള്‍ തടയുക.

സ്വത്തില്‍ തുല്യ അവകാശം, വിവാഹമോചനത്തിന് അനുമതി, വിധവകളും വിവാഹമോചിതരുമായ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കല്‍, മിശ്രവിവാഹങ്ങള്‍ക്കും ഏത് ജാതിയിലോ സമുദായത്തിലോ പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുമുള്ള അവകാശങ്ങള്‍ തുടങ്ങിയവയെല്ലാം മുന്നോട്ട് വച്ചു. സ്ത്രീകളുടെ പുരോഗതി എത്രത്തോളമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ പുരോഗതി വിലയിരുത്തേണ്ടത് എന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടു.

9. മദ്ധ്യപ്രദേശിനേയും ബിഹാറിനേയും വിഭജിക്കണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചത് അംബേദ്കര്‍

മദ്ധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡും ബിഹാറിനെ വിഭജിച്ച് ഝാര്‍ഖണ്ഡും നിലവില്‍ വരുന്നത് 2000ത്തിലാണ്. എന്നാല്‍ 1955ല്‍ തന്നെ അംബേദ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ‘തോട്സ് ഓണ്‍ ലിംഗ്വിസ്റ്റിക് സ്റ്റേറ്റ്സ്’ എന്ന ഭാഷാ സംസ്ഥാനങ്ങളെ കുറിച്ചുള്ള പുസ്തകത്തിലാണ് (1995ലാണ് ഇത് പ്രസിദ്ധീകരിച്ചത്) അംബേദ്കര്‍ ഇത് സംബന്ധിച്ച് പറയുന്നത്. ഒരേ ഭാഷ സംസാരിക്കുന്ന ജനസമൂഹമുള്ള സംസ്ഥാനങ്ങളെ വിഭജിക്കുകയാണെങ്കില്‍ അത് ഭരണപരമായ ആവശ്യകതയും വിവിധ പ്രാദേശിക മേഖലകളുടെ വികാരങ്ങളും പരിഗണിച്ചായിരിക്കണം, ഭൂരിപക്ഷ – ന്യൂനപക്ഷ സമുദായങ്ങളുടെ അനുപാതം കണക്കാക്കണമെന്നും അംബേദ്കര്‍ പറഞ്ഞു.

10. ദേശീയ ജല, വൈദ്യുതി നയങ്ങളുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക്

ദാമോദര്‍ വാലി, ഭക്ര നംഗല്‍, സണ്‍ റിവര്‍ വാലി, ഹിരാക്കുഡ് തുടങ്ങിയ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതില്‍ പങ്ക് വഹിച്ചു. കേന്ദ്ര ജല കമ്മീഷന്‍ സെന്‍ട്രല്‍ ടെക്നിക്കല്‍ പവര്‍ ബോഡ്, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറ്റി എന്നിവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. ദേശീയ, സംസ്ഥാന തലങ്ങളില്‍ ജലസേചന, ജലവൈദ്യുത പദ്ധതികള്‍ക്കും താപനിലയങ്ങള്‍ക്കും തുടക്കം കുറിക്കുന്നതില്‍ സജീവ പങ്കാളിത്തം വഹിച്ചു. പവര്‍ഗ്രിഡ് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍