UPDATES

ഉത്തരകാലം

കൗതുകമാണ് കോട്ടയത്തെ കാര്യങ്ങള്‍

മണ്ഡല പര്യടനം

                       

കോട്ടയം ജില്ല റബ്ബര്‍ വ്യവസായത്തിന് പേരുകേട്ട നാടാണ്. ഉമ്മന്‍ ചാണ്ടിയുടേയും കെ.എം മാണിയുടേയും ഓര്‍മ്മകള്‍ തളം കെട്ടി നില്‍ക്കുന്ന മണ്ഡലം കൂടിയാണ് കോട്ടയം. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് രൂപം കൊണ്ട കേരള കോണ്‍ഗ്രസിന് കോട്ടയത്ത് ശക്തമായ അണികളുണ്ട്. കേരള കോണ്‍ഗ്രസ് രൂപം കൊണ്ടതിനു ശേഷം പലകുറി വിഭജിച്ച് ഒട്ടേറെ കേരള കോണ്‍ഗ്രസുകള്‍ രൂപം കൊള്ളുകയുണ്ടായി. വളരും തോറും പിളരുകയും, പിളരും തോറും വളരുകയം ചെയ്യുന്ന പാര്‍ട്ടി എന്ന വിശേഷണവും സ്വന്തമായി ഉണ്ട്. കേരള കോണ്‍ഗ്രസ് യുഡിഎഫിനോടൊപ്പം ചേര്‍ന്നപ്പോള്‍ മറ്റുചില കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്നു. ഇപ്പോള്‍ കോട്ടയത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് രണ്ട് കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ തന്നെയാണ്. യുഡിഎഫിനോടൊപ്പം ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് വേണ്ടിയാണ് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതിനിധിയായി എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്നത് തോമസ് ചാഴിക്കാടനും. എന്‍ഡിഎ മുന്നണിക്ക് വേണ്ടി തുഷാര്‍ വെള്ളാപ്പള്ളിയും മത്സരിക്കുന്നു.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് മാത്രമല്ല വിജയിച്ചിരിക്കുന്നത് എന്ന് മുന്‍കാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. അവിടെ സിപിഎമ്മും, കോണ്‍ഗ്രസും പലതവണ വിജയം കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സമ്മിശ്ര പ്രതികരണമാണ് കോട്ടയത്തെ വോട്ടര്‍മാര്‍ക്ക് എന്ന് പറയാം. തിരുവിതാംകൂര്‍ കൊച്ചി ആയിരുന്ന സമയത്ത് നടന്ന 1952ലെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സി. പി. മാത്യുവായിരുന്നു കോട്ടയത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തിയത്. 1957 ലും, 1962 ലും മാത്യു മണിയാടന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി പോയപ്പോള്‍, നാലാമത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 1967 ല്‍ കെ എം എബ്രഹാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി. 1971 ലെ അഞ്ചാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വര്‍ക്കി ജോര്‍ജും 1977 ല്‍ സക്കറിയ തോമസും കോട്ടയത്തെ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 1984 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സുരേഷ് കുറിപ്പ് ജയിച്ചപ്പോള്‍ തുടര്‍ന്ന് നടന്ന 1989, 1991, 1996 തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രമേശ് ചെന്നിത്തലയായിരുന്നു ജയിച്ചു കയറിയത്. 1998 ലും 1999ലും 2004ലും സുരേഷ് കുറിപ്പ് തന്നെയാണ് കോട്ടയത്തിന്റെ പ്രതിനിധിയായത്. 2009 2014 കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ജോസ് കെ മാണി യുഡിഎഫിന്റെ ഒപ്പം നിന്നാണ് പാര്‍ലമെന്റില്‍ എത്തിയത്. ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എല്‍ഡിഎഫിന്റെ ഭാഗമായി. 2019 ല്‍ എല്‍ഡിഎഫിനൊപ്പം നിന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തോമസ് ചാഴിക്കാടന്‍ പാര്‍ലമെന്റ് അംഗമായി.

2019 ല്‍ യുഡിഎഫിനൊപ്പം മത്സരിച്ച തോമസ് ചാഴിക്കാടന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഇടതു നേതാവ് വി എന്‍ വാസവനെ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു അന്ന് തോറ്റ വാസവനും അന്ന് ജയിച്ച ചാഴിക്കാടനും ഇപ്പോള്‍ ഒന്നിച്ച് നില്‍ക്കുന്നു. മുന്‍പ് ഇടതുപക്ഷത്തോടൊപ്പം മത്സരിച്ച് കോട്ടയത്തുനിന്ന് പാര്‍ലമെന്റില്‍ എത്തിയ വ്യക്തിയാണ് ഫ്രാന്‍സിസ് ജോര്‍ജ്. അദ്ദേഹം ഇന്ന് യുഡിഎഫിന്റെ ഭാഗമായി നിന്ന് മത്സരിക്കുന്നു എന്നുള്ളതും കൗതുകകരമാണ്.

Share on

മറ്റുവാര്‍ത്തകള്‍